Image

പണ്ടാരത്തി- (ചെറുകഥ: ജോസഫ് നമ്പിമഠം )

ജോസഫ് നമ്പിമഠം Published on 26 July, 2013
പണ്ടാരത്തി- (ചെറുകഥ: ജോസഫ് നമ്പിമഠം )
പണ്ടാരത്തിയെ കാണ്മാനില്ല. ഗ്രാമത്തിലാകെ വാര്‍ത്ത പരന്നു. കേട്ടവര്‍ കേട്ടവര്‍ അമ്പരന്നു. ചിലര്‍ മൂക്കത്തു കൈവച്ചു. ചിലര്‍ ഞെട്ടി. ചിലര്‍ നിസ്സംഗരായി കേട്ടു നിന്നു. എല്ലാവരിലും ഒരു സംശയം ബാക്കി നിന്നു. ഇനി ആര് ഗ്രാമത്തിനുവേണ്ട പപ്പടമുണ്ടാക്കും?

പണ്ടാരത്തിയെ അറിയാത്തവര്‍ ഗ്രാമത്തിലില്ല. പക്ഷേ പേര് അറിയാവുന്നവര്‍ എത്ര പേരുണ്ട്? അന്വേഷിക്കാന്‍ വന്ന പോലീസ് പലരോടും തിരക്കി. എല്ലാവരും കൈമലര്‍ത്തി. കാരണം അവര്‍ എപ്പോഴും പണ്ടാരത്തി മാത്രമായിരുന്നു. “പണ്ടാരത്തീ, ഭര്‍ത്താവ് വരാറുണ്ടോ?” "പണ്ടാരത്തി, രണ്ടു കെട്ടു പപ്പടം" ഇങ്ങനെയായിരുന്നു ഗ്രാമീണരുടെ സംബോധനാരീതി.

"പണ്ടാരത്തി എങ്ങോട്ടുപോകുന്നു?" എന്ന് ആരും അവരോടു ചോദിക്കാറില്ല. ചാണകം മെഴുകി ഉണക്കിയ പപ്പടക്കുട്ടയും തലയിലേറ്റി അവര്‍ പോകുന്നത് പപ്പടം വില്‍ക്കാനാണ്. വീടുവീടാന്തരം കയറി ഇറങ്ങി പപ്പടം വിറ്റ കാശുകൊണ്ട് വാങ്ങിയ അരിയും സാമാനങ്ങളുമായി തിരികെ പോകുന്നത് വീട്ടിലേയ്ക്കും.

മുഷിഞ്ഞ മുണ്ടും ജമ്പറുമിട്ട്, പ്രായം ബാധിച്ച മുഖത്ത് ഉറക്കക്ഷീണവുമായി, ഒരിക്കലും പ്രസാദിക്കാത്ത മുഖവുമായി തലയില്‍ പപ്പടക്കുട്ടയും പേറി ഗ്രാമത്തിലെ ഇടുങ്ങിയവഴികളിലൂടെ പണ്ടാരത്തി നടന്നു.

പണ്ടാരത്തിക്ക് ഒരു ദുസ്വഭാവമുണ്ടായിരുന്നു. ആണുങ്ങളെപ്പോലെ നിന്നുകൊണ്ടേ മൂത്രമൊഴിക്കൂ. ഗ്രാമത്തിലെ കുടിപ്പള്ളിക്കൂടത്തിന്റെ തെക്കേ വഴി ഇടുങ്ങിയതും ആള്‍ സഞ്ചാരം കുറഞ്ഞതുമാണ്. അവിടെ എത്തുമ്പോള്‍ പണ്ടാരത്തിക്ക് പ്രലോഭനമുണ്ടാകും. പപ്പടക്കുട്ട തലയില്‍ വച്ച് ദിക്കും പൊക്കും നോക്കിയശേഷം കാര്യമങ്ങു പാസ്സാക്കും. കുസൃതികളായ സ്‌ക്കൂള്‍കുട്ടികള്‍ ചിലപ്പോള്‍ കൂകി വിളിക്കും. ഒന്നും കൂട്ടാക്കാതെ പണ്ടാരത്തി യാത്ര തുടരും. ശല്യം സഹിക്കാതെ വരുമ്പോള്‍ സാറന്മാരേയും കുട്ടികളെയും പുളിച്ച തെറി പറയും.

ഒരു ദിവസം കളികാര്യമായി. ചിലര്‍ കല്ലുപെറുക്കി എറിഞ്ഞു. പണ്ടാരത്തി ഒട്ടും മടിച്ചില്ല. സ്‌ക്കൂളിന്റെ മുന്നില്‍ എല്ലാവരും നോക്കിനില്‍ക്കെ പണിപറ്റിച്ചു. അതില്‍ പിന്നീട് കുട്ടികള്‍ അവരെ ശല്യം ചെയ്തിട്ടില്ല.

സ്‌ക്കൂളിനോടു ബഹുമാനമില്ലാഞ്ഞിട്ടോ വിദ്യയോടുള്ള വെറുപ്പുകൊണ്ടോ എന്തോ പണ്ടാരത്തി തന്റെ ഏക മകനെ സ്‌ക്കൂളില്‍ വിട്ടിട്ടില്ല.

ഇരുട്ടിക്കഴിയുമ്പോള്‍ ചൂട്ട് കത്തിച്ച് വീട്ടിലെത്തുന്ന പണ്ടാരത്തി കഞ്ഞിയും അത്യാവശ്യം വല്ല ചമ്മന്തിയുമുണ്ടാക്കി കഴിച്ച് അടുത്ത ദിവസത്തേയ്ക്ക് പപ്പടമുണ്ടാക്കുന്ന ജോലിയില്‍ മുഴുകും. പാതിര കഴിഞ്ഞാലും പുറമ്പോക്കിലുള്ള ആ ഓലപ്പുരയുടെ സുഷിരങ്ങളിലൂടെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാണാം. മാവ് മരഉരലില്‍ ഇട്ട് ഇടിക്കുന്നതിന്റേയും ഇടിച്ചു കുഴയ്ക്കുന്നതിന്റേയും ശബ്ദം കേള്‍ക്കാം. കുഴച്ചമാവ് റൂള്‍ത്തടി പോലെ ഉരുട്ടിവയ്ക്കും. പിന്നെ നുറുക്കുകളാക്കി അരിഞ്ഞു വയ്ക്കും. പൊടിയിട്ട് പാകം വരുത്തി ഉരുളന്‍ തടിവെച്ച് പരത്തും. പിറ്റേന്ന് പകല്‍ തഴപ്പായില്‍ നിരത്തി ഉണക്കി എടുക്കും. എല്ലാം അവര്‍ തനിയെ.

പണ്ടാരത്തിക്ക് ആകെയുള്ളത് മകനും ഭര്‍ത്താവും മാത്രം. അവര്‍ ഒരിക്കലും വീട്ടിലുണ്ടാവില്ല. ഭര്‍ത്താവ് ആള്‍ സുമുഖനാണ്. കലാകാരനാണ്, അല്പം വിദ്യാഭ്യാസവുമുണ്ട്. കരിവീട്ടിയില്‍ കടഞ്ഞെടുത്തപോലെയുള്ള ശരീരം. ഗോപുരങ്ങളും താഴികക്കുടങ്ങളുമൊക്കെ ഡിസൈന് ചെയ്യാന്‍ പ്രത്യേക കഴിവുണ്ട് അയാള്‍ക്ക്. ഗ്രാമത്തിലെ അമ്പലത്തിനു വേണ്ടി നാലും കൂടിയ കവലയില്‍ അയാള്‍ ഡിസൈന്‍ ചെയ്തു പണിയിച്ച കാണിക്ക മണ്ഡപം ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊണ്ടു. മുകളിലെ തട്ടില്‍ ആനത്തോലുമുടുത്ത് ജഡയില്‍ ചന്ദ്രക്കലയും, കൈയില്‍ ത്രിശൂലവുമായ നില്‍ക്കുന്ന പരമശിവന്‍. താഴത്തെ തട്ടില്‍ അമ്പലത്തിലെ പ്രതിഷ്ഠയായ ധര്‍മ്മശാസ്താവ്. മണ്ഡപത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ ഗ്രാമവാസികള്‍ അയാളെ വാനോളം പുകഴ്ത്തി. സില്‍ക്ക് ജുബ്ബയണിഞ്ഞ്, പത്തുവിരലിലും മോതിരമിട്ട് കരിവീട്ടിയില്‍ കടഞ്ഞെടുത്ത മറ്റൊരു ശില്പം പോലെ നിന്ന അയാളെ അന്നാണ് ഗ്രാമീണരില്‍ പലരും കാണുന്നത് തന്നെ. ചെറുപ്പക്കാരായ പെണ്ണുങ്ങള്‍ തമ്മില്‍ കുശുകുശുത്തു. കണ്ടാല്‍ കാലന്‍ പോലും കരയുന്ന പണ്ടാരത്തിയുടെ ഭര്‍ത്താവ് തന്നെയോ ഇത്? അവര്‍ മൂക്കത്തു വിരല്‍ വച്ചു.

അയാള്‍ ഗ്രാമത്തില്‍ തങ്ങാറില്ല. വീട്ടില്‍ പോകാറുമില്ല. വല്ലകാലത്തും വന്നെങ്കിലായി. തമിഴ്‌നാട്ടിലാണത്രെ! അവിടെ ധാരാളം ജോലികിട്ടും. അവര്‍ തമ്മില്‍ എങ്ങനെ വിവാഹിതരായി? പണ്ടാരത്തി ചെറുപ്പത്തില്‍ സുന്ദരിയായിരുന്നോ? കണ്ടിട്ടുതോന്നുന്നില്ല.

അയാള്‍ അമ്പലങ്ങള്‍ പണിയുന്നു… ഗോപുരങ്ങള്‍ പണിയുന്നു…വിഗ്രഹങ്ങളുണ്ടാക്കുന്നു. ഇന്നൊരിടത്ത്, നാളെ മറ്റൊരിടത്ത്. പണ്ടാരത്തി പപ്പടമുണ്ടാക്കുന്നു… വീട്ടുപണിചെയ്യുന്നു. ആ കൊച്ചു ഗ്രാമത്തില്‍ മാത്രം സഞ്ചരിക്കുന്നു.

അയാള്‍ക്ക് പണ്ടാരത്തിയെ വേണ്ട. പണ്ടാരത്തിക്ക് അയാളെയും. പക്ഷെ ഗ്രാമവാസികള്‍ക്ക് കൂടുതല്‍ ആവശ്യം പണ്ടാരത്തിയെ ആയിരുന്നതുകൊണ്ട് ഒരു ദിവസം അവര്‍ എത്തിയില്ലെങ്കില്‍ അവര്‍ വീട്ടില്‍ തിരക്കിയെത്തും. അതുകൊണ്ട് പണ്ടാരത്തി വിശ്രമില്ലാതെ പണിയെടുത്തു. അസുഖങ്ങളോട് വിടപറഞ്ഞ്… ജീവിത സുഖങ്ങളോട് വിടപറഞ്ഞ്.. ദാമ്പത്യ ജീവിതത്തോടു വിടപറഞ്ഞ്…

പണ്ടാരത്തിയുടെ മകന്‍ ഒരിക്കലും വീട്ടില്‍ വരാറില്ല. കാരണം അവന് അപ്പനെയും അമ്മയേയും വേണ്ട. അപ്പന്റേതുപോലെ കരിവീട്ടിയില്‍ കടഞ്ഞെടുത്ത ശരീരത്തില്‍ അമ്മയുടെ മുഖവും ചേര്‍ത്തുവച്ചാല്‍ അവന്റെ രൂപമായി. ചീട്ടുകളിച്ചും, ചുമടെടുത്തും, സിനിമാകണ്ടും, അല്പം ചില്ലറ മോഷണങ്ങളുമായി റെയില്‍വേസ്റ്റേഷനിലോ, കടത്തിണ്ണകളിലോ, അന്തിയുറങ്ങും, അപ്പനെപ്പറ്റി ചിന്തിക്കാറില്ല. അമ്മയെപ്പറ്റി അന്വേഷിക്കാറില്ല. പണ്ടാരത്തിയുടെ ഭര്‍ത്താവ് മകനെ തന്റെ തൊഴില്‍ പഠിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ടെന്ന് പറയുന്നു. കുട്ടിക്കാലത്ത് പപ്പടമുണ്ടാക്കാന്‍ അമ്മയെ സഹായിക്കുമായിരുന്നു. പക്ഷേ കഴുത്തില്‍ തലവന്നപ്പോള്‍ അത് നിര്‍ത്തി. അവന്റെ വഴി വേറെ ആയി. അങ്ങനെ പണ്ടാരത്തി തനിച്ചായി.

അവര്‍ തന്നിലേയ്ക്ക് തന്നെ ചുരുണ്ടു കൂടി. നിലനില്‍പിനുവേണ്ടി… ഗ്രാമവാസികള്‍ക്ക് വേണ്ടി, ജീവിക്കാന്‍ വേണ്ടി… ആകെ അറിയാവുന്ന തൊഴില്‍ ജീവിതവ്രതമാക്കി… ആരാധനയാക്കി…

പണ്ടാരത്തി എവിടെപ്പോയി അവര്‍ക്ക് എത്ര വയസ്സുണ്ടായിരുന്നു? അതൊക്കെ കണ്ടു പിടിക്കുന്ന ജോലി പോലീസിന്റേതായതുകൊണ്ട് അവര്‍ വന്നു. വീടുമുഴുവന്‍ പരിശോധിച്ചു. ആരെങ്കിലും പണ്ടാരത്തിയെ കൊന്നതാണോ? അങ്ങനെ സംശയിക്കാനും കാരണമുണ്ടായിരുന്നു പണ്ടാരത്തിയുടെ വരുമാനമെല്ലാം എവിടെ? അവര്‍ക്ക് പണം ചെലവാക്കാന്‍ സമയമുണ്ടായിരുന്നില്ലല്ലോ.  പോലീസിന് ഒരു തുമ്പും കിട്ടിയില്ല.  അവര്‍ കിട്ടിയ അറിവുകള്‍ വെച്ച് എഴുതിക്കുത്തി സ്ഥലം വിട്ടു.

ചാണകം മെഴുകിയ തിണ്ണയില്‍ മാവുനൂറുക്കുകളും മാവും ചിതറിക്കിടക്കുന്നു. ആരോ  വാരി എറിഞ്ഞതുപോലെ. കഞ്ഞിക്കലവും ചട്ടികളും ഉടഞ്ഞു കിടന്നു. മുറ്റത്ത് തഴപ്പായില്‍ ഉണങ്ങാനിട്ടിരുന്ന പപ്പടം വെയിലുകൊണ്ട് കരിഞ്ഞുകിടന്നു.

ഇരുട്ടായി. ഗ്രാമത്തില്‍ കാറ്റടിച്ചു, പപ്പടങ്ങള്‍ ഗ്രാമാന്തരങ്ങളിലൂടെ പറന്നുനടന്നു: പണ്ടാരത്തിയുടെ ആത്മാവുപോലെ.

മഴപെയ്തു, അവ നനഞ്ഞു കുതിര്‍ന്ന് മണ്ണടിഞ്ഞു. ഗ്രാമത്തിന്റെ നാലും കൂടിയ കവലയില്‍ പണ്ടാരത്തിയുടെ ഭര്‍ത്താവ് പണിചെയ്ത മണ്ഡപത്തില്‍- പണ്ടാരത്തി ഒരിക്കല്‍ പോലും കാണിക്കയിട്ടിട്ടില്ലാത്ത കാണിക്ക മണ്ഡപത്തില്‍ അപ്പോഴും ദീപങ്ങള്‍ തിളങ്ങി.

ദിവസങ്ങല്‍ നീങ്ങി. ഗ്രാമവാസികള്‍ പപ്പടം കിട്ടാതെ വിഷമിച്ചു. ഒരു സുപ്രഭാതത്തില്‍ ഗ്രാമവാസികള്‍ പുറമ്പോക്കിലെ ഓലമേഞ്ഞ മണ്‍കുടിലിന്റെ മുറ്റത്ത് തഴപ്പായില്‍ പുതിയ പപ്പടങ്ങള്‍ നിരത്തിയിരിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. പണ്ടാരത്തിയുടെ മകന്‍ അമ്മയുടെ പണി ഏറ്റെടുത്തിരിക്കുന്നു.!!

പണ്ടാരത്തിക്ക് എന്തുപറ്റി? ഗ്രാമീണര്‍ വീണ്ടും തിരക്കി. മകന്‍ തന്നെ ഉത്തരം നല്‍കി. കാഷാവസ്ത്രം ധരിച്ച് മുണ്ഡനം ചെയ്ത തലയുമായി പണ്ടാരത്തി വണ്ടി കയറിയത്രേ. സമ്പാദ്യം മുഴുവന്‍ അവര്‍ മകനെ ഏല്‍പിച്ചുവത്രെ!

പണ്ടാരത്തി എങ്ങോട്ടാണ് പോയത്? രാമശ്വരത്തേക്കോ? പളനിയിലേക്കോ?


പണ്ടാരത്തി- (ചെറുകഥ: ജോസഫ് നമ്പിമഠം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക