Image

റവ.ഡോ. പോള്‍ മറ്റെക്കാട്ട് ഡിഫു രൂപത മെത്രാന്‍

Published on 26 July, 2013
റവ.ഡോ. പോള്‍ മറ്റെക്കാട്ട് ഡിഫു രൂപത മെത്രാന്‍
കൊച്ചി: ആസാമിലെ ഡിഫു രൂപതയുടെ മെത്രാനായി റവ.ഡോ. പോള്‍ മറ്റെക്കാട്ടിനെ നിയമിച്ചു.എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ് റവ.ഡോ. പോള്‍ മറ്റെക്കാട്ട്. ന്യൂഡല്‍ഹിയിലെ അപ്പസ്‌തോലിക് നണ്‍ഷ്യേച്ചറിലും ഡിഫു ബിഷപ്‌സ് ഹൗസിലും നിയമന ഉത്തരവ് വായിച്ചു. ഇതേസമയം വത്തിക്കാനിലും നിയമനവാര്‍ത്ത പ്രസിദ്ധപ്പെടുത്തി. 

അങ്കമാലിയ്ക്കടുത്തു തുറവൂര്‍ ഇടവകയില്‍ പരേതരായ മറ്റെക്കാട്ട് പാപ്പുവിന്റെയും അന്നത്തിന്റെയും ഇളയമകനാണ് പോള്‍ മറ്റെക്കാട്ട്. ഡിഫു രൂപതയിലെ ഇപ്പോഴത്തെ മെത്രാന്‍ ഡോ. ജോണ്‍ മൂലച്ചിറയെ ഗോഹട്ടി ആര്‍ച്ച്ബിഷപ്പായി നിയമിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് റവ.ഡോ. പോള്‍ മറ്റെക്കാട്ടിന്റെ നിയമനം. ഇപ്പോള്‍ ഡിഫു രൂപതയിലെ ജാപ്രജാം ഇടവകയില്‍ വികാരിയാണ് അദ്ദേഹം. സ്ഥാനാരോഹണം പിന്നീടു രൂപത ആസ്ഥാനത്തു നടക്കും. പൗരോഹിത്യ സ്വീകരണത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തിലാണ് റവ.ഡോ. മറ്റെക്കാട്ട് മെത്രാനായി നിയമിക്കപ്പെടുന്നത്. 

1961 ജൂണ്‍ ഒന്നിനാണ് റവ.ഡോ. മറ്റെക്കാട്ടിന്റെ ജനനം. നാട്ടില്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ശേഷം ഷില്ലോംഗ് മിഷന്‍ അതിരൂപതയുടെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ഷില്ലോംഗ് സെന്റ് ആന്റണീസ് കോളജില്‍ പ്രീഡിഗ്രി പഠനം. ഷില്ലോംഗ് ക്രൈസ്റ്റ് കിംഗ് കോളജില്‍ നിന്നു തത്വശാസ്ത്രത്തിലും പൂനെ പേപ്പല്‍ സെമിനാരിയില്‍നിന്നു ദൈവശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടി. 1988 ഡിസംബര്‍ 31നു ഡിഫു രൂപതയുടെ പ്രഥമ മെത്രാന്‍ ഡോ. മത്തായി കൊച്ചുപറമ്പിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. 1999ല്‍ റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കാനന്‍നിയമത്തില്‍ ഡോക്ടറേറ്റ് നേടി. ഡിഫു രൂപത സെക്രട്ടറി, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍, ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 

ഷില്ലോംഗ് അതിരൂപത വിഭജിച്ചു 1884ല്‍ രൂപീകൃതമായ ഡിഫു രൂപതയില്‍ വിവിധ ഗോത്രവര്‍ഗവിഭാഗങ്ങളാണ് കൂടുതലുള്ളത്. 75 വൈദികരും 140 സന്യാസിനികളും രൂപതയില്‍ സേവനം ചെയ്യുന്നുണ്ട്. ഡിഫു രൂപതയുടെ നാലാമത്തെ മെത്രാനാണ് റവ.ഡോ. പോള്‍ മറ്റെക്കാട്ട്. നാലു പേരും മലയാളികളാണ്. കര്‍ബി ആംഗ്ലോംഗ് ജില്ലയിലെ ഡിഫുവിലാണ് രൂപതയുടെ ആസ്ഥാനം. 

നിയമനവാര്‍ത്തയറിയുമ്പോള്‍ സ്വദേശമായ തുറവൂരിലായിരുന്ന നിയുക്തമെത്രാനു ഇടവക പള്ളിയില്‍ സ്വീകരണം നല്‍കി. റോസി, അമ്മിണി, ചാക്കു, മേരി, ആന്റണി, പരേതനായ ജോസ് എന്നിവരാണ് സഹോദരങ്ങള്‍.

റവ.ഡോ. പോള്‍ മറ്റെക്കാട്ട് ഡിഫു രൂപത മെത്രാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക