image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

വിഷാദപ്പക്ഷികള്‍ - (കഥ: കൃഷ്ണ)

SAHITHYAM 25-Jul-2013 കൃഷ്ണ
SAHITHYAM 25-Jul-2013
കൃഷ്ണ
Share
image
എന്നും നാലരയാകുമ്പോഴേക്കും ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്താറുള്ളതാണ്. ഇന്നെന്തുപറ്റി? അരിശമാണ് സുമിത്രയ്ക്കു തോന്നിയത്. ഓഫീസില്‍ യാതൊരു പണിയും ഇല്ലെന്നാണ് മിക്കപ്പോഴും പറയാറ്. വല്ലവിധവും നാലുമണിവരെ കുത്തിയിരുന്നിട്ട് തിരിച്ചുപോരികയാണത്രേ പതിവ്. മോന്‍റെ സ്കൂള്‍ ബസ്സ്‌ വരുന്നതിനു മുന്‍പുതന്നെ ഭര്‍ത്താവ് എത്താറുണ്ട്. ചായ തയാറാകുമ്പോഴേക്കും മകനും എത്തിച്ചേരും. ചായ കഴിഞ്ഞു മകന്‍ കുളിക്കാന്‍ പോകുമ്പോഴാണ് അദ്ദേഹത്തിന്‍റെ പത്രം വായനയും മറ്റും. സുമിത്രയും തന്‍റെ ജോലികള്‍ അതോടൊപ്പം തീര്‍ക്കും. അതിനുശേഷം, മകന്‍റെ പഠിത്തത്തിലൂടെ, അദ്ദേഹത്തിന്‍റെ ഓഫീസ് വിശേഷങ്ങളിലൂടെ, അയല്‍പക്കത്തുള്ളവരുടെ വിവരങ്ങളിലൂടെ പതുക്കെപ്പതുക്കെ രാത്രിയുടെ നിശ്ശബ്ദത ചുറ്റും പടരുമ്പോള്‍ അത്താഴം. ഒരിക്കലും ബോറടിക്കാത്ത സായാഹ്നങ്ങള്‍.

പക്ഷെ ഇന്ന് ഒന്നും ശരിയായി സുമിത്രയ്ക്കു തോന്നിയില്ല. മണിയാണെങ്കില്‍ അഞ്ചാകുന്നു. അദ്ദേഹത്തെക്കാത്ത് മകനും ചായ കുടിയ്ക്കാതിരിക്കുകയാണ്. തലവേദന മാറാന്‍ ചായ കുടിയ്ക്കുന്നത് നല്ലതാണെന്ന് പറഞ്ഞിട്ടും അവന്‍ കൂട്ടാക്കുന്നില്ല. അല്ലാതെതന്നെ തലവേദന മാറിക്കൊള്ളും എന്നാണവന്‍ പറയുന്നത്. ഏതായാലും ഇന്നുതന്നെ അവനെ ഡോക്ടറെ കാണിക്കണം. വന്നാലുടന്‍ തന്നെ അവനെ കൊണ്ടുപോകാന്‍ പറയണം. രണ്ടുമൂന്നുദിവസമായി ഉച്ചയ്ക്കുശേഷം തലവേദന വരുന്നു എന്ന് മോന്‍ പറഞ്ഞപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആധിയാണ് സുമിത്രയ്ക്ക്. തങ്ങളുടെ കൊച്ചുകുടുംബത്തിന്‍റെ ദുഖലേശമില്ലാത്ത ദിനങ്ങള്‍ അവസാനിക്കാറായോ എന്ന ഭയം.

അവന് കാര്യമായ അസുഖം ഒന്നും കാണുകയില്ലായിരിക്കും. സുമിത്ര സമാധാനിക്കാന്‍ ശ്രമിച്ചു.

സ്കൂട്ടറിന്‍റെ ശബ്ദം അവളെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി. എന്നത്തേയുംപോലെ ഹെല്‍മെറ്റും കയ്യില്‍ തൂക്കിയെത്തിയ ദിവാകരനെ കണ്ടപ്പോള്‍ തന്‍റെ അര്‍ത്ഥഹീനമായ ഭയത്തെപ്പറ്റി അവള്‍ക്കു തന്നെ ലജ്ജ തോന്നി. എല്ലാം അതുപോലെതന്നെ.

"നീയെന്താ പതിവില്ലാതെ വളരെ സീരിയസ് ആയിട്ട്?" അടുത്തെത്തി അയാള്‍ ചോദിച്ചു.  "മോന്‍ വന്നില്ലേ?" അയാളുടെ സ്വരത്തില്‍ ലേശം പരിഭ്രമം കലര്‍ന്നിരുന്നു.

"അവന്‍ സമയത്തുതന്നെയെത്തി." ഒരു കുത്തുവാക്കെന്നപോലെ അവള്‍ പറഞ്ഞു. പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കതിനു കഴിഞ്ഞില്ല.

"അപ്പോള്‍ ഞാന്‍ പത്തു മിന്നിട്ട് താമസിച്ചതിനാണ് ഈ കോലാഹലമെല്ലാം, അല്ലെ?" ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു. "ഇന്നൊരല്‍പം ജോലിയുണ്ടായിരുന്നു. വല്ലപ്പോഴുമല്ലേ എന്തെങ്കിലും ജോലിചെയ്യാന്‍ കിട്ടുന്നത്? ആട്ടെ, മോനെവിടെ?"  

"അവന്‍ അകത്തുണ്ട്. ചായപോലും കുടിക്കാതെ കാത്തിരിക്കുന്നു, പാവം."

അപ്പോഴേക്കും കുട്ടി പുറത്തെത്തിക്കഴിഞ്ഞിരുന്നു. അവന്‍ അച്ഛന്‍റെ കയ്യില്‍ കയറിപ്പിടിച്ചു. കുട്ടിയുടെ ശിരസ്സില്‍ തലോടിക്കൊണ്ട് ഭാര്യയോടൊപ്പം അയാള്‍ അകത്തേക്ക് നടന്നു.

ഭര്‍ത്താവിനും മകനും ചായ കൊടുത്തുകഴിഞ്ഞിട്ട് അവള്‍ പറഞ്ഞു.
"കുഞ്ഞിനെ ഒന്ന് ഡോക്ടറെ കാണിക്കണം."

"ങേ, അവനെന്തുപറ്റി?" പരിഭ്രമത്തോടെ അയാള്‍ കുട്ടിയുടെ നേരെ നോക്കി, "എന്തുപറ്റി മോനെ?"

മറുപടി പറഞ്ഞത് സുമിത്രയാണ്.

"ഭയപ്പെടാനൊന്നും കാണുകയില്ല. എന്നാലും നോക്കിയാല്‍ വിഷമിക്കേണ്ടല്ലോ?"

"നീ കാര്യം പറ സുമിത്രേ."

"മൂന്നുനാലുദിവസമായി അവന് ഉച്ചയ്ക്കുശേഷം തലവേദന വരാറുണ്ടെന്ന് പറയുന്നു."

"എന്നിട്ടെന്താ ഇതുവരെ ആ കാര്യം പറയാഞ്ഞത്?"

"ഇപ്പോള്‍ തലവേദന പോയി അച്ചാ." കുട്ടി മറുപടി പറഞ്ഞു

"എത്ര ദിവസമായി തുടങ്ങിയിട്ട്?"

"രണ്ടുമൂന്നു ദിവസം. ഉച്ചകഴിയുമ്പം തൊടങ്ങും. കുറെക്കഴിഞ്ഞു മാറും."

"നീയെന്താ സുമിത്രേ, എന്നോടു പറയാതിരുന്നത്?"

"അവന്‍ എന്നോട് പറഞ്ഞത് ഇന്നാണ്. പറയാതെ ഞാന്‍ എങ്ങനെ അറിയും?"

"ഏതായാലും ഡോക്ടറെ ഒന്ന് കാണിച്ചേക്കാം." അയാള്‍ തുടര്‍ന്നു."ചിലപ്പോള്‍ കണ്ണാടി വെക്കാന്‍ പറയുമായിരിക്കും. കൂടിയാല്‍ ഒരു കൊല്ലം." അയാള്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

കുട്ടി ഇതിനകം ചായകുടികഴിഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. പക്ഷെ കണ്ണാടിയുടെ കാര്യം കേട്ടപ്പോള്‍ അവന്‍ നിന്നു.

"നല്ല സ്വര്‍ണ്ണനിറമുള്ള കണ്ണാടി വേണം എനിക്ക്." അവന്‍ പറഞ്ഞു.

"ശരി ശരി. വേണമെന്നുണ്ടെങ്കിലല്ലേ? അപ്പോള്‍ നോക്കാം." വീണ്ടും പുറത്തേക്കിറങ്ങിയ കുട്ടിയെ തടഞ്ഞുകൊണ്ട് അയാള്‍ തുടര്‍ന്നു. "മോന്‍ പോകാന്‍ തയാറാക്. ഞാന്‍ ഒന്ന് കുളിച്ചിട്ട് ഉടനെ വരാം."

മകനെയും സ്കൂട്ടറില്‍ കയറ്റി യാത്രതിരിച്ചപ്പോഴാണ് ഏതു ഡോക്ടറെ കാണിക്കണമെന്ന് അയാള്‍ ആലോചിച്ചത്. എല്ലാത്തിനും സ്പെഷ്യലിസ്റ്റുകളുണ്ട്. അതില്‍ ഏതു സ്പെഷ്യലിസ്റ്റിനെ കാണണം?

തീരുമാനിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.

"ഡോക്ടര്‍ ഭട്ടിനെത്തന്നെ കണ്ടുകളയാം." ഒടുവില്‍ അയാള്‍ തീര്‍ച്ചയാക്കി. ടൌണില്‍ ഏറ്റവും കൂടുതല്‍ കണ്‍സള്‍ട്ടിംഗ് ഫീസ്‌ ഈടാക്കുന്ന ഡോക്ടര്‍. സുമിത്രയ്ക്കും അദ്ദേഹം പറഞ്ഞെന്നറിയുമ്പോള്‍ സമാധാനമാകും.

തിരക്കിലൂടെ വളരെ പതുക്കെമാത്രമേ സ്കൂട്ടര്‍ ഓടിക്കാന്‍ കഴിഞ്ഞുള്ളു. ഒരു വലിയ സ്റ്റേഷനറിക്കടയുടെ മുന്‍പിലെത്തിയപ്പോള്‍ മകന്‍ പതുക്കെ മുഖം തിരിച്ച് അച്ഛനെ നോക്കി. സ്കൂട്ടര്‍ നിര്‍ത്തിയിട്ട് ദിവാകരന്‍ മകനോട്‌ ചോദിച്ചു.

"ഉം, എന്താ?"

മടിച്ചുമടിച്ചാണ്‌ കുട്ടി മറുപടി പറഞ്ഞത്. "എനിക്കൊരു പേനാ വേണം."

"നിന്‍റെ പേന എവിടെ?"

"അവന്‍ ഒന്നും പറഞ്ഞില്ല. കടയുടെ മുന്‍പില്‍ വന്നപ്പോള്‍ പെട്ടെന്ന് തോന്നിയ ആഗ്രഹമാണ്.

"ഞാന്‍ മുന്‍പും പറഞ്ഞിട്ടില്ലേ, കടയുടെ മുന്‍പിലെത്തുമ്പോള്‍ എന്തെങ്കിലും വേണമെന്ന് പറയുന്ന സ്വഭാവം മാറ്റണമെന്ന്." അല്പം ദേഷ്യത്തില്‍ പറഞ്ഞിട്ട് അയാള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു. മകന്‍ പിന്നീടൊന്നും പറഞ്ഞില്ല.

                        ***********

ഡോക്ടര്‍ ഭട്ടിന്‍റെ മുറിയുടെ മുന്‍പിലെ തിരക്ക് കണ്ടപ്പോള്‍ മറ്റെവിടെയെങ്കിലും പോയാലോ എന്ന് ഒരുനിമിഷം അയാള്‍ ചിന്തിച്ചു. പക്ഷെ മകനെ ഏറ്റവും നല്ല ഡോക്ടറെ കാണിക്കാനുള്ള ആഗ്രഹത്തിനുമുന്‍പില്‍ അസൌകര്യങ്ങളെല്ലാം അയാള്‍ മറന്നു.

ഒടുവില്‍ അവര്‍ ഡോക്ടറുടെ മുന്‍പിലെത്തി. 'മകന് മൂന്നുനാലുദിവസമായി ഉച്ചകഴിയുമ്പോള്‍ ഒരു തലവേദന' എന്നതില്‍ കൂടുതലായി അയാള്‍ക്ക് ഒന്നും പറയാനില്ലായിരുന്നു.

ഡോക്ടര്‍ കുട്ടിയെപ്പട്ടിയുള്ള എല്ലാ വിവരവും ചോദിച്ചുമനസ്സിലാക്കി. അതിനുശേഷം അവനെ വിശദമായി പരിശോധിക്കാന്‍ തുടങ്ങി. ഏകദേശം അരമണിക്കൂര്‍ നീണ്ടുനിന്ന ആ പരിശോധനക്കിടയില്‍ അദ്ദേഹം കുട്ടിയോട് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. അവസാനം പരിശോധനയെല്ലാം കഴിഞ്ഞ് അദ്ദേഹം ഇരിപ്പിടത്തിലെത്തി.

"കുട്ടിയ്ക്ക് പ്രത്യേകിച്ച് അസുഖമൊന്നും കാണുന്നില്ല. ഏതായാലും ഞാന്‍ ഒരു മരുന്നുതരാം. അത് ഒരാഴ്ചകൊണ്ട് കൊടുക്കാനുള്ളതാണ്."

"ഡോക്ടര്‍ മരുന്നിന്‍റെ പേരെഴുതിയത് വാങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ സന്തോഷമായിരുന്നു. എന്‍റെ മകന് അസുഖമൊന്നുമില്ലല്ലോ. ആശ്വാസം.

യാത്രപറയാനൊരുങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു.

"ഒരു നിമിഷം ഒന്നിരിക്കൂ." അദ്ദേഹം കുട്ടിയുടെ നേരെ തിരിഞ്ഞു. "വേണമെങ്കില്‍ കുട്ടി പുറത്തുപൊയ്ക്കോളൂ"

മകന്‍ അയാളുടെ നേരെ നോക്കി. എന്നിട്ട് പുറത്തു കടന്നു.

ആരോ മുഖത്തു ചൂടുവെള്ളം കോരിയെറിഞ്ഞ അനുഭവമായിരുന്നു ദിവാകരന്. എന്താണ് ഇദ്ദേഹം പറയാന്‍ പോകുന്നത്?

ഡോക്ടര്‍ ഒരു മിനിട്ട് ദിവാകരന്‍റെ നേരേനോക്കി നിശ്ശബ്ദനായിരുന്നു. ദുഖകരമായതെന്തോ മകനോട് പറയാന്‍ പോകുന്ന ഒരച്ഛന്‍റെ മുഖഭാവം.

"പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല ഞാന്‍ ഇരിക്കാന്‍ പറഞ്ഞത്. കുട്ടിക്ക് യാതൊരസുഖവുമില്ല. എന്നാലും...."

"എന്താണ് ഡോക്ടര്‍? പ്ലീസ്."

"മൂന്നുനാല് ദിവസമായി തലവേദനയെന്നു പറഞ്ഞില്ലേ? നമുക്ക് ഒന്നുകൂടി പരിശോധിച്ച് ഉറപ്പ് വരുത്തിയാലോ?"

"എവിടെ?"

"ഞാന്‍ ഒരെഴുത്ത് തരാം. ഡോക്ടര്‍ മൂര്‍ത്തിക്ക്."

"ഡോക്ടര്‍ മൂര്‍ത്തി?"

"യെസ്. ഡോക്ടര്‍ മൂര്‍ത്തി. ടി.ആര്‍.സി. ആന്‍ഡ്‌ ഹോസ്പിറ്റല്‍."

"അത്.....അത്...ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററല്ലേ? അവിടെ എന്തിനു കൊണ്ടുപോകണം അവനെ? പ്ലീസ് ഡോക്ടര്‍, എന്താണവന്"
 
"ഞാന്‍ പറഞ്ഞില്ലേ, അവന് അസുഖമൊന്നുമില്ലെന്ന്. പിന്നെ അവിടെ ക്യാന്‍സര്‍ റിസര്‍ച്ച് മാത്രമല്ല, എല്ലാ രോഗത്തിന്‍റെയും ചികിത്സയുണ്ട്. ഡോക്ടര്‍ മൂര്‍ത്തി പലതിന്‍റെയും സ്പെഷ്യലിസ്റ്റ് ആണ്."

പക്ഷെ ദിവാകരന് ഒരു കാര്യം അറിയാമായിരുന്നു. ടി.ആര്‍.സി.യില്‍ ട്യുമര്‍ റിസര്‍ച്ചും അതോടു ബന്ധപ്പെട്ട ചികിത്സകളും മാത്രമാണുള്ളത്.

അപ്പോള്‍ എന്‍റെ പൊന്നുമോന് എന്താണസുഖം?

"പ്ലീസ് ഡോക്ടര്‍. എന്‍റെ മോന് എന്താണസുഖം?" അയാള്‍ പൊട്ടിക്കരച്ചിലിന്‍റെ വക്കിലായി.   

"എന്നെ നിങ്ങള്‍ വിശ്വസിക്കുന്നോ?" ഡോക്ടറുടെ ചോദ്യം.

"തീര്‍ച്ചയായും. പ്ലീസ് ഡോക്ടര്‍."

"അവനസുഖമൊന്നുമില്ല. പിന്നെ പതിനായിരത്തില്‍ ഒന്ന് ഒരുപക്ഷേ ട്യുമറിന്‍റെ ആരംഭമാകാം. അതും ആരംഭം മാത്രം. ആരംഭത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ അത് ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു."

"പക്ഷെ ഡോക്ടര്‍, അവന്......"

"വെറുതെ ഒന്നുപോയി സംശയം തീര്‍ത്തിട്ടു വരൂ. അടുത്ത തിങ്കളാഴ്ച അദ്ദേഹം കാണും."

ഡോക്ടര്‍ പെട്ടെന്നുതന്നെ ഒരെഴുത്തെഴുതി ദിവാകരനുനേരേ നീട്ടി. വിറയ്ക്കുന്ന കരങ്ങള്‍ അത് ഏറ്റുവാങ്ങി. യാന്ത്രികമായി അയാള്‍ പറഞ്ഞു:

"താങ്ക്യു ഡോക്ടര്‍."

"ഇറ്റ്‌ ഈസ്‌ ഒ.കെ. ഡോണ്ട് വറി."

പുറത്തിറങ്ങിയ ദിവാകരന്‍ കണ്ടത് തുമ്പികളോടൊപ്പം ഓടിക്കളിക്കുന്ന മകനെയാണ്. 'എന്‍റെ പൊന്നുമോന്‍'‍' അയാള്‍ പിറുപിറുത്തു.

"മോനേ" അയാള്‍ ഉറക്കെ വിളിച്ചു. വിളി കേട്ടതും കുട്ടി അടുത്തെത്തി.

"എന്തുചെയ്യുകയായിരുന്നു മോന്‍?" അയാള്‍ ചോദിച്ചു.

"അവിടെയെല്ലാം നിറയെ തുമ്പികള്‍. രണ്ടെണ്ണത്തിനെ ഞാന്‍ പിടിച്ചു. പിന്നെ വിട്ടു. നല്ല രസം. കുരുന്നുതുമ്പിക്കുഞ്ഞുങ്ങള്‍."

"മോന്‍ അതിനെ ഉപദ്രവിച്ചില്ലല്ലോ. പാവങ്ങള്‍. വരൂ, പോകാം."

സ്കൂട്ടറില്‍ മകനെ കയറ്റി അയാള്‍ തിരിച്ചു. 'എന്‍റെ മോനേ, നിനക്ക് അസുഖം ഒന്നും കാണുകയില്ല.' അയാള്‍ സ്വയം പറഞ്ഞു.

"അച്ചന്‍ വല്ലതും പറഞ്ഞോ?"

"ഇല്ലല്ലോ. മോന്‍ മുന്നോട്ട് നോക്കിക്കോ."

ഒരു നല്ല സ്റ്റേഷനറിക്കട കണ്ടപ്പോള്‍ അയാള്‍ വണ്ടി നിറുത്തി.

"മോന്‍ ഇറങ്ങ്."

കാര്യമറിയാത്ത മുഖഭാവത്തോടെനിന്ന മകനെയും കൂട്ടി അയാള്‍ കടയിലേക്ക് കയറി.

"ഒരു നല്ല പേന വേണം."

കുട്ടിയ്ക്ക് അതോടെ കാര്യം മനസ്സിലായി. അവിടെയിരുന്ന ഒരു പേനയുടെ നേരെ അവന്‍ വിരല്‍ ചൂണ്ടി. പക്ഷെ ദിവാകരന്‍ അതു കണ്ടില്ല.

"നല്ല പേന വേണം." പറഞ്ഞിട്ട് അയാള്‍ ചുറ്റും നോക്കി. "ങാ, അതിങ്ങെടുക്കൂ." സുന്ദരമായ ഒരു ചെറിയ പെട്ടിയില്‍ കണ്ട പേന അയാള്‍ ചൂണ്ടിക്കാണിച്ചു.

"അതെല്ലാം കൂടിയതാണ്." കടക്കാരന്‍ രണ്ടു ചെറിയ പെട്ടികള്‍ ദിവാകരന്‍റെനേരേ നീട്ടി. "ഇത് മുപ്പത്താറു രൂപ. ഇതു നാല്‍പ്പതു രൂപ."

കുട്ടിയും അങ്ങോട്ടുതന്നെ ശ്രദ്ധിക്കുകയായിരുന്നു.

"എനിക്ക് ഇത് മതിയച്ചാ." ഒരു വിലകുറഞ്ഞ പേന കാണിച്ചുകൊണ്ട് സമാധാനിപ്പിക്കുന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു.

"സാരമില്ല മോനേ. ഈ പ്രാവശ്യം ഒരു നല്ല പേന വാങ്ങിക്കാം."

കുട്ടി ഒരുനിമിഷം ആലോചിച്ചു. എന്നിട്ടു പറഞ്ഞു.

"എന്നാല്‍ ആ പേന അച്ചന്‍ വാങ്ങിക്ക്. അച്ചനല്ലേ ഓപ്പീസില്‍ പോകണ്ടത്?"

ദിവാകരന്‍റെ കണ്ണുകള്‍ നിറഞ്ഞു. അത് ആരും കാണാതിരിക്കാന്‍ അയാള്‍ മുഖം തിരിച്ചു.

രണ്ടുപേനയും അയാള്‍ വാങ്ങി. സ്കൂട്ടറില്‍ കയറിയിട്ട് മകനോട് പറഞ്ഞു.

"ഇത് രണ്ടും മോനാണ്."

കുട്ടി ഒന്നും മിണ്ടിയില്ല. എന്തോ അവന് മനസ്സിലാകാത്തതുപോലെ. അച്ചന്‍ എന്തിന് വിഷമിക്കുന്നു? വലിയ വിലകൊടുത്ത് വാങ്ങിച്ചതുകൊണ്ടാണോ? പാവം അച്ചന്‍. ഒരു പേന അച്ചനുകൊടുക്കണം.

വീട്ടിലെത്തുവോളം അവര്‍ ഒന്നും സംസാരിച്ചില്ല.

സുമിത്ര അവരെയും കാത്ത് ഗേറ്റില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.

"എന്തു പറഞ്ഞു ഡോക്ടര്‍?"

"ഒന്നുമില്ലെന്ന് പറഞ്ഞു." ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ കുട്ടിയുടെ തലയില്‍ തടവി. "കള്ളന്‍. വെറുതെ ഭയപ്പെടുത്തി."

"ഇതെന്താ നിന്‍റെ കയ്യില്‍?"

"പേനാ. അച്ചന്‍ വാങ്ങിച്ചുതന്നതാ."

സുമിത്ര കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. ഏതായാലും മോന് അസുഖമൊന്നുമില്ലല്ലോ.  

'ഇനി ഇതെങ്ങനെ സുമിത്രയോടു പറയും?' ദിവാകരന്‍റെ ഭയം അതായിരുന്നു.

അയാള്‍ ഡ്രസ്സ്‌ മാറിയിട്ട് പോയിക്കിടന്നു. തല്‍ക്കാലം അവള്‍ ഒന്ന് സമാധാനിക്കട്ടെ. കാര്യം പിന്നെപ്പറയാം.

പക്ഷെ അയാള്‍ക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല.

കുട്ടിയുടെ കയ്യില്‍ വിലകൂടിയ പേന കണ്ടതും സുമിത്ര ശബ്ദമുയര്‍ത്തി.

"എന്തിനാണ് നിനക്കിത്ര വിലകൂടിയ പേന?" ചോദിച്ചുകൊണ്ട് അവള്‍ ബെഡ്റൂമിലേക്ക്‌ കടന്നു. "എന്തിനാ അവനിത്ര കൂടിയ പേന?"

ദിവാകരന്‍ മിണ്ടിയില്ല.

"എന്താ മിണ്ടാത്തത്? എത്ര രൂപയാ അതിന്?"

അയാള്‍ എന്നിട്ടും ഒന്നും പറയാതിരുന്നപ്പോഴാണ് അവള്‍ അയാളെ ശ്രദ്ധിച്ചത്.

"എന്താ കിടക്കുന്നേ? എന്തുപറ്റി?"

"ഒന്നുമില്ല. ഒരു ചെറിയ തലവേദന."

"മകന്‍റെ തലവേദന പകര്‍ന്നതായിരിക്കും." ചിരിച്ചുകൊണ്ട് സുമിത്ര പറഞ്ഞു. "സാരമില്ല, ഞാന്‍ മരുന്നു കൊണ്ടുവരാം."

"വേണ്ടാ. നീ ഇവിടെയിരിക്ക്. ഒരുകാര്യം പറയാം."

"ശരി. പറയൂ." സുമിത്രയുടെ സ്വരത്തില്‍ വെറും തമാശ മാത്രമായിരുന്നു.

"മോന് അസുഖമൊന്നുമില്ല.? അയാള്‍ പറഞ്ഞു.

"അത് നേരത്തെ പറഞ്ഞില്ലേ? പിന്നെ....?"

അയാള്‍ ഒന്നും മറുപടി പറയാതിരുന്നപ്പോള്‍ എന്തോ കുഴപ്പം ഉണ്ടെന്ന് അവള്‍ക്ക് സംശയമായി.

"എന്നോടു പറയാനുള്ളതെന്താണെന്നു വച്ചാല്‍ പറയൂ. എന്താണെങ്കിലും എളുപ്പം പറയൂ." ഉല്‍ക്കണ്ഠ നിറഞ്ഞുനിന്നു അവളുടെ സ്വരത്തില്‍.

"അവനെ ഏതായാലും ഡോക്ടര്‍ മൂര്‍ത്തിയെ ഒന്ന് കാണിക്കണം."

"എന്തിന്? ആരാണ് ഡോക്ടര്‍ മൂര്‍ത്തി?"

"ഒരു ചെറിയ ടെസ്റ്റ്‌. അത്രമാത്രം. അവന് അസുഖമൊന്നുമില്ലെന്ന് ഒരുറപ്പിനുവേണ്ടി. അത്രമാത്രം."

"സത്യം പറയൂ. എന്താണവന്" അയാളെ പിടിച്ചുലച്ചുകൊണ്ട് സുമിത്ര ചോദിച്ചു. ആയിരം മിന്നാമിനുങ്ങുകള്‍ അവളുടെ തലച്ചോറില്‍ നിന്ന്‍ പറന്നുയര്‍ന്നു.

"നീ ഒന്ന് സമാധാനിക്ക്. ഞാന്‍ പറയാം. ഡോക്ടര്‍ ഭട്ടാണ് പറഞ്ഞത്, കുഴപ്പമൊന്നുമില്ലെന്ന്. പിന്നെ...." അയാള്‍ നിര്‍ത്തി.

"പിന്നെ എന്തുണ്ടായി?"

"ഡോക്ടര്‍ മൂര്‍ത്തിയെക്കൂടി ഒന്ന് കാണിക്കാന്‍ പറഞ്ഞു."

"എവിടെ? എവിടെയാണയാള്‍‍? എന്തിനാണ് അയാളെ കാണിക്കുന്നത്? ഒന്ന് വേഗം പറയൂ."

"അയാള്‍ നിശ്ശബ്ദനായി സുമിത്രയെ നോക്കിയിരുന്നു. ഇവളോടെങ്ങനെ പറയും? എങ്ങിനെ സമാധാനിപ്പിക്കും? പാവം. എന്‍റെ സുമിത്ര. ഹൃദയം തൊണ്ടയിലെങ്ങോ തടഞ്ഞിരിക്കുന്നതുപോലെ.

ഒടുവില്‍ അയാള്‍ പറഞ്ഞു. "ടി.ആര്‍.സി. ആന്‍ഡ്‌ ഹോസ്പിറ്റലില്‍."

"എന്തിനാണ്?"

"അത് ട്യുമര്‍ റിസര്‍ച്ച് ഹോസ്പിറ്റലാണ്."

"അതായത് കുഞ്ഞിനെ...അവിടെ...എന്‍റെ ദൈവമേ...എന്‍റെ...എന്‍റെ...എന്‍റെ...പൊന്നുമോനേ..." ഗദ്ഗദം വാക്കുകളെ അമര്‍ത്തി.

ചിന്താശക്തി നശിച്ച്, കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട് അവള്‍ അയാളുടെ നേരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

കുറെ സമയത്തിനുശേഷം അയാള്‍ സ്വയം പറയുന്നതുപോലെ പറഞ്ഞു.

"കുഞ്ഞിനൊന്നുമില്ല. നീ ഒന്ന് സമാധാനിക്ക്."

ഏതോ ഷോക്കേറ്റതുപോലെ സുമിത്ര ഞെട്ടിയുണര്‍ന്നു. അയാള്‍ അവളെ ചേര്‍ത്തിരുത്തി.

"നീ കാര്യം മുഴുവന്‍ കേള്‍ക്കാതെ വിഷമിച്ചാലെങ്ങനെയാണ്? "പതുക്കെ അയാള്‍ തുടങ്ങി. "ഇന്ത്യയിലെതന്നെ എണ്ണപ്പെട്ട ഒരു ഡോക്ടറാണ് ഡോക്ടര്‍ ഭട്ട്. അദ്ദേഹമാണ് അവന് അസുഖമൊന്നുമില്ലെന്നു പറഞ്ഞത്.

"പിന്നെ എന്തിനാണിനി മൂര്‍ത്തിയെ കാണിക്കുന്നത്?"

"പൂര്‍ണ്ണമായി ഉറപ്പു വരുത്താന്‍."

"അതായത് സംശയം ഇപ്പോഴും ബാക്കി."

"ഇല്ല, സംശയമൊന്നുമില്ല." ഇനി എന്തുപറയണമെന്നറിയാതെ അയാള്‍ അവളെത്തന്നെ നോക്കിയിരുന്നു. ആശ്വാസം നല്‍കുന്ന ഒരു വാക്കു പ്രതീക്ഷിച്ചുകൊണ്ട് സുമിത്ര അയാളുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

"ചിലപ്പോള്‍ തലച്ചോറിലെ ചില പ്രത്യേക ചലനങ്ങളില്‍ നിന്നും തലവേദനയുണ്ടാകും." ഒരു ശാസ്ത്രജ്ഞന്‍റെ കുപ്പായമാണ് ഈ അവസരത്തില്‍ ഏറ്റവും യോജിച്ചതെന്നു അയാള്‍ക്ക് തോന്നി. "അതിന് ട്യുമറുമായി ബന്ധമൊന്നുമില്ലെങ്കിലും ചികിത്സ ആ വകുപ്പിലാണ്. അതുകൊണ്ടാണ് ഡോക്ടര്‍ മൂര്‍ത്തിയെ കാണിക്കുന്നത്."

പക്ഷെ അവളുടെ മുഖഭാവം ഒന്നു വ്യക്തമാക്കി. അവള്‍ അയാള്‍ പറഞ്ഞത് തരിമ്പും വിശ്വസിച്ചിട്ടില്ലെന്ന്. പക്ഷെ പിന്നീടൊന്നും പറയാന്‍ ദിവാകരന് കഴിഞ്ഞില്ല.
പിന്നെ രാത്രിയുടെ ഏതോ നിമിഷങ്ങളില്‍ ക്ഷീണം അവരെ തഴുകിയുറക്കി.
                  
                    *********

രാവിലെ ഞെട്ടിയുണര്‍ന്ന സുമിത്ര കണ്ടത് മുരുകന്‍റെ വിഗ്രഹത്തിനുമുന്‍പില്‍ തൊഴുകയ്യുമായി നില്‍ക്കുന്ന ഭര്‍ത്താവിനെയാണ്. എന്നും വിളിച്ചുണര്‍ത്തേണ്ടിവരുന്ന ആള്‍ ഇന്നിതാ തന്നെക്കാള്‍ മുന്‍പേ ഉണര്‍ന്നിരിക്കുന്നു!

പതുക്കെ, ഒരു ദുസ്വപ്നം പോലെ കഴിഞ്ഞ രാത്രി അവളിലേക്ക് കടന്നുവന്നു. മോന്‍ അടുത്തുതന്നെ കിടക്കുന്നു. പൂണ്ട ഉറക്കത്തിലാണവന്‍. എന്‍റെ മോന് ഒന്നും വരുത്തല്ലേ. അവന് അസുഖമൊന്നും കാണരുതേ. മകന്‍റെ കാലില്‍ തടവിയിട്ട് സുമിത്ര അടുക്കളയിലേക്ക് കടന്നു.   

ചായയുണ്ടാക്കി ദിവാകരന് കൊടുക്കുമ്പോള്‍ അവളുടെ കൈകള്‍ വിറയ്ക്കുകയായിരുന്നു.

"ഇന്ന് മോനെ സ്കൂളില്‍ വിടണ്ടാ." അയാള്‍ പറഞ്ഞു.

"അതെന്താ?"

"അത്...അത്...ഒന്നുമില്ല. അവന്‍റെ തലവേദന രണ്ടുദിവസത്തെ വിശ്രമം കൊണ്ട് മാറുമായിരിക്കും."

സുമിത്ര അയാളെത്തന്നെ നോക്കിനിന്നു. ഇന്നലെവരെ കണ്ട ആളല്ല. ആകെ ക്ഷീണിച്ചതുപോലെ.

എനിക്ക് എല്ലാം എല്ലാം നഷ്ടപ്പെടുകയാണോ?

"ഏതായാലും ഒന്നും സാരമില്ലെന്നു ഡോക്ടര്‍ ഭട്ട് പറഞ്ഞതല്ലേ?" അയാളെ സമാധാനിപ്പിക്കാന്‍ അവള്‍ ശ്രമിച്ചു.

"പക്ഷെ തെറ്റ് ആര്‍ക്കും പറ്റാം, അല്ലെ?"

പിന്നീട് കുറച്ചുസമയം അവര്‍ ഒന്നും സംസാരിച്ചില്ല. നിശ്ശബ്ദത അവരെ സമാധാനിപ്പിച്ചു. അതോടൊപ്പം വീര്‍പ്പുമുട്ടിക്കുകയും ചെയ്തു.

"കുഞ്ഞിന് ഒന്നും വരില്ല. നമ്മള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ലല്ലോ?"

ഒടുവില്‍ ദിവാകരന്‍ പറഞ്ഞു. "ങാ, സമയം ഒരുപാടായി. എനിക്ക് പോകണമല്ലോ."

അയാളെ അവള്‍ ഒരുവിധം കൃത്യസമയത്ത് യാത്രയാക്കി. ഇനി ഒരു നീണ്ട പകല്‍. തനിയെ.

സ്കൂളില്‍ ഇന്ന് പോകേണ്ടെന്നു പറഞ്ഞപ്പോള്‍ മകന്‍ ആദ്യം ഒന്നതിശയിച്ചുനിന്നു. ഇതെന്തു കഥ! പക്ഷെ പെട്ടെന്നുതന്നെ ഉത്സാഹത്തോടെ അവന്‍ കളിക്കാനിറങ്ങി.

അമ്മയുടെ മുഖം അപ്പോഴാണവന്‍ ശ്രദ്ധിച്ചത്. അമ്മ കരയുന്നു!

"അമ്മ എന്തിനാ കരേന്നത്?"

"ഒന്നുമില്ല. മോന്‍ പോയി കളിച്ചോ. വെയിലുകൊള്ളരുത്."

"ഇല്ലമ്മേ. പിന്നെ എന്‍റെ തലവേദനയെല്ലാം പോയി."

"എന്‍റെ പൊന്നുമോനെ." സുമിത്ര മകനെ കെട്ടിപ്പിടിച്ചു.

ഇഴഞ്ഞുനീങ്ങുന്ന പകല്‍. ഭ്രാന്ത്‌ പിടിക്കും ഇങ്ങനെ പോയാല്‍. ആ തിങ്കളാഴ്ച ഒന്നു വന്നെങ്കില്‍.

പിറ്റേദിവസം ഓഫീസില്‍ പോകാനിറങ്ങിയ ദിവാകരനോട് സുമിത്ര ചോദിച്ചു:

"ഇന്നും മോനെ സ്കൂളില്‍ വിടാതിരുന്നാലോ?

"അവന്‍ ഇന്നലെ എന്തു പറഞ്ഞു?"

"തലവേദനയെല്ലാം പോയെന്ന്. പാവം. അവനെന്തെല്ലാമോ മനസ്സിലായിട്ടുണ്ട്."

"എന്ത്?"

"അങ്ങനെയൊന്നുമില്ല. അവനെച്ചൊല്ലി നമുക്കെന്തോ വിഷമമുണ്ടെന്ന് കുഞ്ഞിനു മനസ്സിലായിട്ടുണ്ട്. പോട്ടെ, അതൊന്നും സാരമില്ല." അയാളെ അവള്‍ സമാധാനിപ്പിച്ചു യാത്രയാക്കി.  

അയല്‍ക്കാരുമായി വലിയ അടുപ്പമൊന്നുമില്ലാത്തതിന്‍റെ വിഷമം അവള്‍ക്കു ഇപ്പോഴാണ് തോന്നിയത്. ഒന്നു സംസാരിച്ചിരിക്കാന്‍ പോലും ആരുമില്ല. വായിക്കാനോ ടി.വി. കാണാനോ ഒന്നും തോന്നുന്നില്ല.

ഇനി അഞ്ചുദിവസം കൂടി കാത്തിരിക്കണം.

എതായാലും മകന്‍ ഉന്മേഷത്തോടെ സ്കൂളില്‍ പോകുന്നതുകണ്ടപ്പോള്‍ സുമിത്രക്ക് അല്‍പ്പം സമാധാനം തോന്നി. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അവന്‍റെ മുഖത്ത് ഇത്ര തെളിച്ചം കാണുമോ?

പക്ഷെ ആ സമാധാനം അല്‍പ്പസമയമേ നിലനിന്നുള്ളൂ. വീണ്ടും മനസ്സില്‍ ഭയം നിറഞ്ഞു.

പിറ്റേദിവസം ഉണര്‍ന്നെണീറ്റപ്പോള്‍ ദിവാകരനോട് അവള്‍ ചോദിച്ചു:

"ഇന്ന് അവധി എടുക്കാമോ?"

അയാള്‍ അവളെ സൂക്ഷിച്ചുനോക്കി. ക്ഷീണിച്ച കണ്ണുകള്‍. ആകെത്തകര്‍ന്ന മട്ട്.

"നീ ഇന്നലെ ഒട്ടും ഉറങ്ങിയില്ലേ?"

അവള്‍ മറുപടി ഒന്നും പറയാതെ അയാളുടെ അടുത്തിരുന്നു.

"നമുക്കൊന്ന് ഗുരുവായൂര്‍ പോകാം."

"അയാള്‍ ആലോചിച്ചിരുന്നപ്പോള്‍ അവള്‍ തുടര്‍ന്നു.

"അവന് ചോറുകൊടുത്തത് ഗുരുവായൂരാണല്ലോ? അവിടെ അവനെ അവിടെ ഒന്ന് തൊഴീക്കാം."

വീണ്ടും നിശ്ശബ്ദത.

അല്‍പ്പസമയത്തിനുശേഷം സുമിത്ര പറഞ്ഞു.

"അല്ലെങ്കില്‍ ഞായറാഴ്ച പോകാം. അവധിയെടുക്കേണ്ട. പിന്നെ...കുഞ്ഞിനെ തിങ്കളാഴ്ച ഡോക്ടര്‍ മൂര്‍ത്തിയേയും കാണിക്കാം."

അയാള്‍ എന്നിട്ടും ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ തുടര്‍ന്നു.

"എന്തിനാ വിഷമിക്കുന്നേ? നമുക്ക് ഗുരുവായൂരപ്പനുണ്ടല്ലോ?"

പറഞ്ഞുതീര്‍ന്നതും പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ അയാളുടെ മടിയിലേക്ക്‌ വീണു.

"നീ പറഞ്ഞതുതന്നെ ശരി. നമുക്ക് ഗുരുവായൂരപ്പനുണ്ട്. പിന്നെന്തിനു നമ്മള്‍ വിഷമിക്കുന്നു." അയാള്‍ തുടര്‍ന്നു. "നീ കേട്ടിട്ടുണ്ടോ ഒരു കാര്യം?"

"എന്ത്?"

"ദൈവം വരുത്തുന്നതെല്ലാം നല്ലതിനാണ്. ഇപ്പോള്‍തന്നെ കണ്ടില്ലേ? നമ്മള്‍ വീണ്ടും അടുക്കുന്നു. മോന്‍റെ തലവേദനയുടെ പേരുപോലും കേള്‍ക്കാനില്ല."

"പക്ഷെ ഇന്നലെ തലവേദന വന്നെന്ന്‍ അവന്‍ പറഞ്ഞു. പെട്ടെന്നുതന്നെ മാറിയെന്നും പറഞ്ഞു."

"അത് അവന്‍റെ തോന്നലാകാം. സാരമില്ല. പരിഹാരമില്ലാത്തതൊന്നുമില്ല ഈ ഭൂമിയില്‍."

കുറച്ചുസമയത്തിനുശേഷം അവള്‍ ചോദിച്ചു:

"പോകാറായില്ലേ?"

"ആയി."

"അപ്പോള്‍ ഞായറാഴ്ച ഗുരുവായൂര്‍ പോകാം. അതുമതി. അവധി എടുക്കേണ്ടാ."


ഇനിയും ഉണ്ട് രണ്ടുദിവസം. വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ അതാണ്‌ സുമിത്രയുടെ മനസ്സില്‍ തെളിഞ്ഞ ചിന്ത. ഞായറാഴ്ച ഏതായാലും ഗുരുവായൂര്‍ പോകാം. രാത്രി തിരിച്ചുവരാം. പിന്നെ ആ രാത്രികൂടി.
ഓരോ ദിവസവും മകന്‍ സ്കൂളില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ സുമിത്ര ചോദിക്കും.

"ഇന്ന് തലവേദന വന്നോ മോനെ?"

കളിക്കാന്‍ പോകുന്ന തിരക്കിലായിരിക്കും കുട്ടി. "ഇല്ലമ്മേ. അതെല്ലാം പോയി." അതാണവന്‍റെ മറുപടി.

അവള്‍ സമാധാനിക്കും. പക്ഷെ കുട്ടി കളിക്കാന്‍ പോയിക്കഴിയുമ്പോള്‍ അവളുടെ ഭീതി വീണ്ടും ഉണരും. എന്‍റെ വിഷമം കാണാതിരിക്കാന്‍ അവന്‍ വെറുതെ പറഞ്ഞതാണോ?

അവസാനം ഞായറാഴ്ചയും എത്തി. ദിവാകരന്‍ ആറരമണിക്കുതന്നെ തയാറായി. അയാള്‍തന്നെ മോനേയും കുളിപ്പിച്ച് തയാറാക്കി. ഗുരുവായൂരപ്പന്‍. ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ, തലേരാത്രി മുതല്‍ അയാളുടെ ചിന്തയില്‍.

സുമിത്രയും തയാര്‍.

ഏതോ അജ്ഞാതശക്തിയുടെ നിയന്ത്രണത്തിലായി പിന്നീടവരെല്ലാം.

യാത്രയില്‍ വളരെക്കുറച്ചു മാത്രമേ അവര്‍ സംസാരിച്ചുള്ളു. ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാതായപ്പോള്‍ കുട്ടിയും വഴിയിലെ കാഴ്ചകളില്‍ മനസ്സിനെ ഉടക്കിനിര്‍ത്തി.

പിന്നെ ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍. തങ്ങളുടെ ദുഖങ്ങള്‍ക്ക് ഒരത്താണി ആ മൂര്‍ത്തിയില്‍ അവര്‍ കാണാന്‍ ശ്രമിച്ചു. അടഞ്ഞ നയനങ്ങള്‍ക്ക് മുന്‍പില്‍ പൂപ്പുഞ്ചിരി തെളിഞ്ഞതുപോലെ. കാലവും ദു:ഖവും എല്ലാം ഒരൊറ്റ ബിന്ദുവില്‍ ഉടക്കിക്കിടക്കുന്നു.

അടുത്തുനില്‍ക്കുന്നവരെയൊന്നും സുമിത്ര കണ്ടില്ല. എന്‍റെ കുഞ്ഞിന് ഒന്നും വരുത്തല്ലേ ഭഗവാനേ.

പതുക്കെപ്പതുക്കെ ഈറനാകുന്ന നയനങ്ങള്‍‍.

കുട്ടിയുടെ പേരില്‍ വഴിപാടൊക്കെ കഴിച്ചിട്ട് മടങ്ങിയപ്പോഴും അവര്‍ നിശ്ശബ്ദരായിരുന്നു.

നാളെയാണ് തിങ്കളാഴ്ച.

വിധിദിനം.

സന്ധ്യയ്ക്കുമുന്‍പ് വീട്ടിലെത്തി. കുറെ സമയം ഗൃഹജോലികള്‍. അവയ്ക്കിടയില്‍ കടന്നുവരുന്ന അശുഭചിന്തകള്‍. ഗുരുവായൂരപ്പന്‍റെ രൂപം മനസ്സില്‍ കാണാന്‍ അവള്‍ ശ്രമിച്ചു. ഭര്‍ത്താവ് മകന്‍റെ നോട്ടുബുക്കുകള്‍ മറിച്ചുനോക്കുന്നു. മകനും അടുത്തുണ്ട്. തങ്ങളുടെ മനസ്സിന്‍റെ നനവ് അവനെയും ബാധിച്ചതുപോലെ. പാവം.

ഒന്നും ചെയ്യാനില്ലാതെ കുറേസമയം അവര്‍ ഇരുന്നു. കുട്ടി ആഹാരം കഴിച്ചതും ഉറക്കമായി. യാത്രാക്ഷീണം കാണും  അവന്. ഒന്നും വായിക്കാനും തോന്നുന്നില്ല. ആകെ ഒരു മരവിപ്പ്. മനസ്സ് കാടുകയറുന്നു.

"നാളെ എപ്പോഴാ പോകുന്നത്?"

"എട്ടുമണിയോടെ അവിടെയെത്തണം. ഭയങ്കര തിരക്കാണവിടെ എപ്പോഴും."

"എത്രയും നേരത്തേ പോകണം. കഴിവതും നേരത്തേ തിരിച്ചുവരാമല്ലോ?"

'കഴിവതും നേരത്തേ ഈ കാത്തിരിപ്പ് അവസാനിക്കുമല്ലോ?' അയാള്‍ മനസ്സില്‍ കരുതി.
 
വീണ്ടും നിശ്ശബ്ദത. അയാള്‍ സുമിത്രയെത്തന്നെ  നോക്കിയിരുന്നു. അവള്‍ ഈ ലോകത്തെങ്ങും അല്ലെന്നു തോന്നുന്നു. വിളറിയ മുഖം. ഒരാഴ്ചകൊണ്ട് ആകെ കോലംകെട്ടു. ഇവള്‍ ഒന്നും കഴിക്കാറില്ലേ? അന്വേഷിക്കാഞ്ഞത് തെറ്റായി എന്ന് അയാള്‍ക്ക് തോന്നി.

"സുമിത്രേ"

അവള്‍ ഞെട്ടിയുണര്‍ന്നു.

"വരൂ. നമുക്കുറങ്ങാം."

അവള്‍ പതുക്കെ നടന്നു. സ്വപ്നാടനത്തിലെന്നോണം. അയാള്‍ അനുഗമിച്ചു.

പിന്നീട് ശ്രദ്ധിച്ചപ്പോള്‍ അയാള്‍ കണ്ടു.  മുകളിലേക്ക് നോക്കിക്കിടക്കുന്ന സുമിത്ര, അവള്‍ ഉറങ്ങാന്‍ ശ്രമിക്കുന്നുപോലുമില്ല. ചുണ്ടുകള്‍ ചലിക്കുന്നുണ്ടെന്നു തോന്നുന്നു.

അയാള്‍ അവളുടെനേരെ തിരിഞ്ഞുകിടന്നു. ഭുജത്തില്‍ തടവിയപ്പോള്‍ അവള്‍ ഞെട്ടിത്തിരിഞ്ഞ് അയാളെ നോക്കി. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.

"ആശുപത്രിയില്‍ ഞാനും വരട്ടെ?"

"എന്തിന്?"

"എന്‍റെ സമാധാനത്തിന്. ഇവിടെ ഒറ്റക്കിരുന്നാല്‍ എനിക്ക് ഭ്രാന്തുപിടിക്കും."

അയാള്‍ ആലോചിച്ചു. ഇവളെ കൊണ്ടുപോയാല്‍ ശരിയാകുമോ?

"വേണ്ട മോളെ." അയാള്‍ പതിയെ പറഞ്ഞു. "നീ കാത്തിരിക്കുന്നുണ്ടെന്നതാണ് എനിക്ക് ധൈര്യം. മോന് ഒരു കുഴപ്പവും ഇല്ലെന്നുള്ള വിവരവുമായി ഞങ്ങള്‍ പെട്ടെന്നെത്തും."
 
അവള്‍ അയാളെ കെട്ടിപ്പുണര്‍ന്നു. നനഞ്ഞ കണ്ണുകള്‍ ഒത്തുചേര്‍ന്നു. ആ കിടപ്പില്‍ അവര്‍ ഉറങ്ങിപ്പോയി. ശാന്തമായ ഉറക്കം.

                              *****                   

"ഇന്നറിയാം രണ്ടിലൊന്ന്." ഉണര്‍ന്നപാടെ അയാളുടെ ചുണ്ടില്‍ നിന്നുതിര്‍ന്ന വാക്കുകള്‍.

"അങ്ങനെയൊന്നും ആലോചിക്കണ്ടാ." സുമിത്ര അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. "കുഞ്ഞിന് ഒന്നുമില്ലെന്നേ."

"പരീക്ഷാഫലം അറിയുന്ന ദിവസം ശരിക്കെഴുതാത്ത കുട്ടിക്ക് തോന്നുന്ന ഭയമാണെനിക്കിപ്പോള്‍." അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.

"ഒന്നും ഭയപ്പെടേണ്ട. അവന്‍റെ തലയില്‍ നല്ലതേ എഴുതിയിട്ടുള്ളൂ. ഇന്നെന്തുകൊണ്ടോ എനിക്ക് യാതൊരു പരിഭ്രമവും തോന്നുന്നില്ല."

"നിന്‍റെ ആശ്വാസം കാണുമ്പോള്‍ എനിക്കും സമാധാനം തോന്നുന്നു. ങാ, നീ പോയി അവനെ ഉണര്‍ത്തി തയാറാക്ക്. കഴിവതും നേരത്തെ പോകണം."

സുമിത്ര എഴുന്നേറ്റു.

യാത്രപോകുന്ന കാര്യം പറഞ്ഞ് ഉണര്‍ത്തിയപ്പോള്‍ മകന് ഉത്സാഹമായി.

"എവിടെ പോകാനാണമ്മേ?"

"ആശുപത്രിയില്‍."

"ആരെക്കാണാനാ?"

"നീയും അച്ഛനും മാത്രമേ പോകുന്നുള്ളൂ." അവന്‍റെ ചോദ്യത്തിന് ഉത്തരം പറയാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.  

"പറയമ്മേ. ആരെക്കാണാനാ ഞങ്ങള്‍ പോകുന്നത്?"

"ആരെയും കാണാനല്ല."

"പിന്നെന്തിനാ പോകുന്നത്?"

ഇനി പറയാതെ വയ്യ. "മോന്‍റെ തലവേദന മാറിയോ എന്ന് നോക്കാന്‍."

അതിന് തലവേദന ഇല്ലല്ലോ എനിക്ക്."

"അന്ന് നിങ്ങള്‍ ഒരു ഡോക്ടറെ കണ്ടില്ലേ? അദ്ദേഹം പറഞ്ഞു ഒരാളിനെകൂടി കാണിക്കാന്‍."

കുട്ടി നിശ്ശബ്ദനായി. അവന്‍റെ ഉന്മേഷം വാര്‍ന്നുപോയതുപോലെ.

"മോന് അസുഖമൊന്നും ഉണ്ടായിട്ടല്ല. ക്ഷീണം കൊണ്ടാണ് തലവേദന വരുന്നതെങ്കില്‍ അതിനുള്ള മരുന്നിന്. പിന്നെ...." ഒരുനിമിഷം ആലോചിച്ചിട്ട് സുമിത്ര തുടര്‍ന്നു. "ചിലപ്പോള്‍ കണ്ണാടി വയ്ക്കാന്‍ പറഞ്ഞേക്കും."

"സ്വര്‍ണ്ണനിറമുള്ള കണ്ണാടി വേണം എനിക്ക്."

"ശരി. സ്വര്‍ണ്ണക്കണ്ണാടി തന്നെ എന്‍റെ മോന്. എളുപ്പം തയാറാക്."

                            **********

ഒടുവില്‍ ഡോക്ടര്‍ മൂര്‍ത്തിയുടെ മുന്‍പില്‍. ഒരാഴ്ചയായി ഭയപ്പെട്ടിരുന്ന ആ നിമിഷം അടുത്തെത്തിയപ്പോള്‍ ചുറ്റും നടക്കുന്നത് മനസ്സിലാക്കാനുള്ള ശക്തിപോലും തന്നില്‍നിന്ന് വാര്‍ന്നുപോയതുപോലെ ദിവാകരന് തോന്നി. അകത്തു ഡോക്ടര്‍ മകനെ പരിശോധിക്കുന്നു. എന്താണദ്ദേഹം ഇത്രയേറെ സമയം എടുക്കുന്നത്? ഭഗവാനേ. എന്‍റെ സുമിത്രേ, നീ ഒന്നും ഭയപ്പെടേണ്ടാ. കുഞ്ഞിന് യാതൊരസുഖവും ഇല്ല. നമുക്ക് ഗുരുവായൂരപ്പനുണ്ടെന്നു നീ പറഞ്ഞില്ലേ? നമ്മള്‍ ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ലല്ലോ?

വീട്ടില്‍ ഒറ്റയ്ക്കിരുന്ന സുമിത്രയ്ക്ക് ഓരോ നിമിഷവും ഓരോ യുഗമായാണ് തോന്നിയത്. അവരെന്താണിത്ര താമസിക്കുന്നത്‌? ഭര്‍ത്താവും മകനും പോയ നിമിഷം മുതല്‍ പടിക്കല്‍ കാത്തുനില്‍പ്പാണ് സുമിത്ര. ഇരിപ്പുറയ്ക്കുന്നില്ല ഒരിടത്തും. റോഡിലൂടെ പോകുന്നവരെയൊന്നും അവള്‍ക്ക് തിരിച്ചറിയാനാകുന്നില്ല. ആരൊക്കെയോ കുശലം ചോദിക്കുന്നു. ആരാണവര്‍? എന്താണവര്‍ പറയുന്നത്? അവള്‍ക്ക് ഒന്നും വ്യക്തമാകുന്നില്ല.

അവസാനം ഒരുനിമിഷംപോലും നില്‍ക്കാന്‍ കരുത്തില്ലെന്നായപ്പോള്‍ ആ വെറും തറയില്‍ ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ഇരുന്നു. ദൂരെ, റോഡിന്‍റെ തിരിവിലേക്ക് തറച്ച കണ്ണുകള്‍. പ്രേതത്തെക്കണ്ട മുഖഭാവം.
                            ********
മുന്‍പില്‍ ആരോ വന്നിരുന്നത് ദിവാകരന്‍ അറിഞ്ഞു. ഡോക്ടര്‍. പരിശോധനയെല്ലാം കഴിഞ്ഞോ? എന്നിട്ട് എന്‍റെ കുഞ്ഞെവിടെ?

ഡോക്ടര്‍ അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.

"എന്തുപറ്റി?"

മുന്‍പില്‍ ആരോ വന്നിരുന്നത് ദിവാകരന്‍ അറിഞ്ഞു. ഡോക്ടര്‍. പരിശോധനയെല്ലാം കഴിഞ്ഞോ? എന്നിട്ട് എന്‍റെ കുഞ്ഞെവിടെ?

ഡോക്ടര്‍ അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.

"എന്തുപറ്റി?"
"എന്താണസുഖം എന്‍റെ മോന്? പ്ലീസ് ഡോക്ടര്‍?"

ഡോക്ടരുടെ മുഖം അപ്പോഴാണ്‌ ദിവാകരന്‍ കണ്ടത്. പുഞ്ചിരിക്കുന്ന മുഖം. ആശ്വസിപ്പിക്കുന്ന ദൈവദൂതന്‍റെ മുഖം ഇങ്ങിനെയായിരിക്കും എന്നാണ് ദിവാകരന് പെട്ടെന്ന് തോന്നിയത്.

"കുട്ടിക്ക് യാതോരസുഖവും ഇല്ല. ഹി ഈസ്‌ പെര്‍ഫെക്റ്റ്ലി നോര്‍മല്‍."

ദിവാകരന്‍ ഒരു നിമിഷം ഡോക്ടരുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. ഞാനീക്കേട്ടതു നേരാണോ? അതോ എനിക്ക് തോന്നിയതാണോ?

ദിവാകരനില്‍നിന്നും യാതൊരു പ്രതികരണവും കാണാതിരുന്നപ്പോള്‍ ഡോക്ടര്‍ തുടര്‍ന്നു.

"ഞാന്‍ എല്ലാം വിശദമായി പരിശോധിച്ചു. ഹി ഈസ്‌ ക്വയറ്റ് വെല്‍."

അപ്പോഴേക്കും കുട്ടി പരിശോധനാമുറിയില്‍ നിന്നും പുറത്തെത്തിക്കഴിഞ്ഞിരുന്നു. ദിവാകരന്‍ അവനെ  ചേര്‍ത്തുനിര്‍ത്തി തലയില്‍ തടവി.

"എന്നാല്‍ ഞങ്ങള്‍ പോകട്ടേ ഡോക്ടര്‍."

"എന്നാലങ്ങനെയാകട്ടെ."  കുട്ടിയുടെ തോളില്‍ തട്ടിയിട്ട് ഡോക്ടര്‍ പറഞ്ഞു.

അവര്‍ പുറത്തേക്കു നടന്നു. സമയം പതിനൊന്നാകുന്നു.

"മോന് എന്തെങ്കിലും കഴിക്കേണ്ടെ?"

"വേണ്ടാ. വീട്ടില്‍ പോകാം."
അയാള്‍ അവന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്‍റെ മോനെ, നീ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞല്ലോ?

"ങാ, പോകാം. അവിടെ അമ്മ കാത്തിരിക്കുകയല്ലേ?"

സുമിത്രയോട് കുട്ടിക്ക് അസുഖമൊന്നുമില്ലെന്നു പറയുന്ന രംഗം അയാള്‍ മനസ്സില്‍ കണ്ടു. നമ്മള്‍ രക്ഷപ്പെട്ടു, സുമിത്രേ.

വീട്ടിലെത്തിയ അവര്‍ കണ്ടത് മുറ്റത്ത്‌ വാടിത്തളര്‍ന്നിരിക്കുന്ന സുമിത്രയെയാണ്.    

ഓടിയെത്തിയ മകനെ അവള്‍ ചേര്‍ത്തുനിര്‍ത്തി. എന്നിട്ടു ദിവാകരന്‍റെ നേരെ നോക്കി. ഉല്‍ക്കണ്ഠയോടെ, ഭയത്തോടെ.

"നീ എഴുന്നേല്‍ക്ക്. അവന് യാതൊരു കുഴപ്പവും ഇല്ല."

"എന്‍റെ മോനെ." സുമിത്ര അവനെ മാറോടു ചേര്‍ത്തു.

അവളുടെ നെഞ്ചില്‍ ഒട്ടിനിന്നുകൊണ്ട് കുട്ടി ചോദിച്ചു:

"എനിക്ക് കണ്ണാടി വേണ്ടായോ അമ്മേ?"

"ഒരു കണ്ണാടിയും വേണ്ട എന്‍റെ കുഞ്ഞിന്."

വേച്ചുവേച്ചു വീഴാന്‍ പോയ സുമിത്രയെ ദിവാകരന്‍ താങ്ങിനിര്‍ത്തി. 

image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )
വിഷവൃക്ഷം (ചെറുകഥ-സാംജീവ്)
താമസൻ (കവിത: ഉഷാ ആനന്ദ്)
ഐക്കനും വർക്കിയും (കഥ-കെ. ആർ. രാജേഷ്‌)
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -3: കാരൂര്‍ സോമന്‍)
ഒരു സുവിശേഷകന്റെ ജനനം (കഥ: - ജോണ്‍ കൊടിയന്‍, സാന്‍ ഫ്രാന്‍സിസ്‌കോ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut