Image

മലയാളം മഹിതമായി- സിബി ഡേവിഡ്

സിബി ഡേവിഡ് Published on 23 July, 2013
മലയാളം മഹിതമായി- സിബി ഡേവിഡ്

(ന്യൂയോര്‍ക്കിലെ ഗുരുകുലം മലയാളംസ്‌കൂള്‍ സുവനിറില്‍  June 2013ല്‍ പ്രസ്സിദ്ധീകരിച്ചത്.)

പരദേശത്തു പാര്‍ക്കുന്ന ഒരുപറ്റം മനുഷ്യര്‍. ഭാഷ വേറെ, സംസ്‌കാരം വേറെ. അതിജീവനത്തിനുള്ള നെട്ടോട്ടം. ആ മണ്ണില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളാവട്ടെ ആ ദേശത്തിന്റെ സംസ്‌കാരത്തില്‍ വളരുന്നു. തങ്ങള്‍ക്കു സ്വന്തമായൊരു ദേശവും, ഭാഷയും, സംസ്‌കാരവും ഉണ്ടെന്നു ആ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ വെമ്പുന്ന മാതാപിതാക്കള്‍. ആ വെമ്പലില്‍ നിന്നും, വേദനയില്‍ നിന്നും 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുകുലത്തിന്റെ തിരി തെളിഞ്ഞു.

ദാര്‍ശനികരായ ഗുരുക്കന്മാരുടെ അചഞ്ചലമായ ആര്‍ജ്ജവവും, അവികലമായ നിശ്ചയദാര്‍ട്യവും ഒന്നു കൊണ്ട് മാത്രം കൊളുത്തിയ ദീപം കൈകളിലെന്താന്‍ അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടംപേര്‍ മുന്നോട്ടു വന്നപ്പോള്‍, ആ നാളമണയാതെ തലമുറകള്‍ കൈമാറി അനുഗ്രഹിതരായ ശിഷ്യസമ്പത്താല്‍ വളര്‍ന്ന് ഗുരുകുലം ഇന്ന് സമൂഹത്തില്‍ ഒരു പ്രകാശഗോപുരമായി ശോഭിക്കുന്നു.

ഗുരുക്കന്മാരെ നിങ്ങള്‍ക്കഭിമാനിക്കാം !

മറുനാട്ടില്‍ മലയാളവും, മലയാളസംസ്‌കൃതിയും പുതുതലമുറയിലേക്കു പകര്‍ന്നു കൊടുക്കുന്നതില്‍ ഒരളവോളം വിജയം കണ്ടെത്താന്‍ നമ്മള്‍ക്ക് കഴിയുന്നു. എന്നാല്‍ നമ്മുടെ സ്വന്തം എന്ന് പറയുന്ന മലയാളനാട്ടില്‍ മലയാളം സംസാരിക്കുന്നത് നീയമം കൊണ്ട് നടപ്പിലാക്കേണ്ടുന്ന അവസ്ഥയിലാണ് കേരളം ഇന്ന്. അവിടെ മലയാളവത്ക്കരണം നടപ്പിലാക്കുന്നു. അതായത് മലയാളം സംസാരിക്കാത്തവര്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശനം ഇല്ല. ഒരു നാട്ടില്‍ ആ നാടിന്റെ ഭാഷ സംരക്ഷിക്കാന്‍ നീയമം വേണ്ടി വരുന്നു. എത്ര പരിതാപകരമായ അവസ്ഥയാണെന്നു നോക്കു !

ചില വസ്തുതകള്‍ പരിശോധിച്ചാല്‍ ഭാഷയോടുള്ള വിരോധം അല്ല ഈ വിരോധാഭാസത്തിലേക്ക് നമ്മളെ നയിച്ചതെന്ന് മനസ്സിലാകും. ആഗോളവത്ക്കരണമൊ, മറ്റു അന്താരാഷ്ട്ര ഇടപെടലുകളോ അല്ല മലയാളം നമ്മുടെ നാട്ടില്‍ തന്നെ അവഗണിക്കപ്പെടുവാന്‍ ഉണ്ടായ കാരണം. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം നമ്മള്‍ക്കില്ലാതെ പോയതും നമ്മുടെ സ്വാഭിമാനം നഷ്ടപെട്ടതുമാണ് പ്രധാന കാരണങ്ങള്‍. ഇംഗ്ലീഷ് പഠിക്കണം എന്ന ആവശ്യം മലയാളം പഠിക്കാതിരിക്കാനുള്ള ഒരു കാരണമാകാന്‍ പാടില്ലായിരുന്നു.

ആരാണ് ഭാഷയും സംസ്‌കാരവും ഒക്കെ സംരക്ഷിക്കേണ്ടത്? അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണോ? അതോ വ്യക്തിയുടെതാണോ? ജീവിതം സാമ്പത്തികമായി മാത്രം മെച്ചപ്പെടുത്തുവാന്‍ മനുഷ്യന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുമ്പോള്‍ ഭാഷയും, സംസ്‌കാരവും ഒന്നും പ്രഥമപരിഗണനയില്‍ വരില്ല. പ്രാഥമിക ആവശ്യങ്ങളും ജീവിത രീതികളും മെച്ചപ്പെട്ടുക്കഴിഞ്ഞാല്‍പ്പിന്നെ അല്പം സല്‍ക്കീര്‍ത്തിക്കൊ, പദവിക്കൊ മാത്രമുള്ള ഉപാധിയാവും കലയും, ഭാഷയും, സാഹിത്യവും ഒക്കെ. അതിനു എത്ര വളഞ്ഞ വഴിയില്‍ സഞ്ചരിക്കാനും നാം മടിക്കില്ല.

ഇവിടെയാണ് മൂല്യം, മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഇവയുടെയൊക്കെ പ്രസക്തി. മൂല്യാധിഷ്ടിത വിദ്യാഭ്യാസം ആര്ജ്ജിക്കുന്ന, സ്വന്തം ഭാഷയിലും സംസ്‌ക്കാരത്തിലും അഭിമാനം ഉള്ള ഒരാള്‍ ഒരിക്കലും തന്റെ മാതൃഭാഷയെ കുറച്ചു കാണില്ല. മൂല്യാധിഷ്ടിത വിദ്യാഭ്യാസം അവനവന്റെ വീടുകളിലാണ് ആരംഭിക്കേണ്ടത്.

ആത്മീയതയുടെ പരകോടിയില്‍ അന്യഭാഷ സംസാരിക്കുന്ന വിശ്വാസികളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ ഇന്ന് കേരളത്തില്‍ അന്യഭാഷ സംസാരിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. അവര്‍ സംസാരിക്കുന്ന അന്യഭാഷ മറ്റൊന്നുമല്ല. അത് മലയാളമാണ്. അതെ, കേരളത്തില്‍ മലയാളം അന്യഭാഷയായികൊണ്ടിരിക്കുന്നു. കരയില്‍ കിടന്ന് ജീവവായുവിനു വേണ്ടി പിടയുന്ന മത്സ്യത്തിന്റെ അവസ്ഥയിലൂടെയാണ് മലയാളഭാഷ കടന്നുപോകുന്നത്.
ജനസമ്പര്‍ക്കമാധ്യമസുനാമികളുടെ ശക്തമായ വേലിയേറ്റത്തില്‍ ഭാഷ ചക്രശ്വാസം വലിക്കുന്നു. ഭാഷ മരിക്കുന്നിടത്ത് സംസ്‌കാരവും മരിക്കും. ഈ വേലിയേറ്റം പെട്ടെന്നുണ്ടായതല്ല. ഇത് നാം സൃഷ്ടിച്ചെടുത്തതാണ്.

ടെലിവിഷന്‍ ചാനലുകളില്‍ കൊഞ്ചിക്കുഴയുന്ന അവതാരകര്‍ക്ക് (അതൊ അപരാധകരോ) നാവിനു വഴങ്ങുന്നത് മംഗ്ലീഷ് മാത്രം. പ്രശസ്തിയില്‍ അഭിരമിക്കുന്ന ഇക്കൂട്ടങ്ങളെ മുന്നോട്ടു നയിക്കുന്നത് 'നാണമില്ലാത്തതണെന്റെ നേട്ടം' എന്നൊരു വികാരം മാത്രമാണെന്ന് ബോധ്യമാകും.

പത്രം, പത്രധര്‍മ്മം എന്നൊക്കെയുള്ളത് വെറും പാഴ്വാക്കുകളായിക്കഴിഞ്ഞു. വെറും പണക്കൊതി മൂത്ത് ഏര്‍പ്പെടുന്ന നിക്ഷേപവ്യവസായങ്ങള്‍ ആയിക്കഴിഞ്ഞു മാധ്യമപ്രവര്‍ത്തനം. ദിനംപ്രതി ചാനലുകളും, പോര്‍ടലുകളും പൊട്ടിമുളക്കുന്നു. ഫോര്‍ത്ത് എസ്‌റ്റേറ്റ് ഉത്തരവാദിത്വം, റിയല്‍ എസ്‌റ്റെറ്റ് മാഫിയക്ക് വഴി മാറുന്നു. അതിനുവേണ്ടി ഏത് കൊള്ളക്കാരനുമായും സന്ധികൂടാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവുന്നു. ഇതിന് അപവാദമായി ചില പത്രങ്ങള്‍ ചെറിയൊരു അളവെങ്കിലും നിലകൊള്ളുന്നത് വിസ്മരിക്കുന്നില്ല.

ഒരു സംസ്‌കാരത്തിന്റെ അധപതനത്തിന് വഴിവയ്ക്കുന്നത് ആ ജനതയുടെ മനോഭാവം തന്നെയാണ്. ഒരു വ്യക്തിയിലുടെ മാത്രം അധപതനം പൂര്‍ണമാവുന്നില്ല. വ്യക്തികളും, കുടുംബങ്ങളും, സമൂഹങ്ങളും, ദേശവും അറിഞ്ഞോ അറിയാതെയോ അവരുടെ പങ്ക് നന്നായി നിര്‍വഹിക്കുന്നു.

മലയാളത്തിലെ കലാമൂല്യമുള്ള ഒരു മികച്ച സിനിമയുടെ ഭാഗങ്ങള്‍ യുട്യൂബില്‍ കണ്ടത് പതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ്. എന്നാല്‍ 'ഈ സുന്ദരി നടിയുടെ രഹസ്യഭാഗങ്ങള്‍ കാണൂ' എന്ന് ആഹ്വാനം ചെയ്യുന്ന മലയാളവീഡിയോ കണ്ടത് 10 ലക്ഷത്തില്‍ അധികം ആളുകളാണ്. ഇവിടെയാണ് മനോഭാവം തിരിച്ചറിയപ്പെടുന്നത്. ഇതിനു കാരണമാവുന്ന സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരിക്കുന്നു.

നമ്മുടെ മാതൃഭാഷയായ മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു നവോത്ഥാന കാലഘട്ടമായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് അനുമാനിക്കാം. അധ:പതനം സംഭവിച്ചു കഴിഞ്ഞാല്‍പ്പിന്നെ നവോത്ഥാനം അനിവാര്യമാണ്. മലയാളവത്ക്കരണം, മലയാള സര്വ്വ കലാശാലയുടെ സ്ഥാപനവല്ക്കരണം, തുടങ്ങിയ പുനരുദ്ധാരണ നടപടികളുടെ തുടക്കം. അതിലൊരു പൊന്തൂവലായി ഇപ്പോഴിതാ മലയാളഭാഷക്ക് ശ്രേഷ്ഠപദവിയും.


ഈ പാശ്ചാത്തലത്തിലാണ് വെട്ടത്തുനാട്ടില്‍ തുഞ്ചത്ത്പറമ്പില്‍ രാമാനുജന്‍ അഥവ തുഞ്ചത്തെഴുത്തചന്‍ എന്ന ആധുനിക മലയാള ഭാഷയുടെ പിതാവിന്റെ നാമധേയത്തില്‍ മലപ്പുറത്തെ തിരൂരില്‍ ഈയിടെ സ്ഥാപിതമായ മലയാള സര്‍വ്വകലാശാലയുടെ പ്രസക്തി വിലയിരുത്തപ്പെടെണ്ടത്.

ഇത്രയും വിപുലവും സമഗ്രവുമായ ഒരു പദ്ധതി തയ്യാറാക്കി ഈ വിദ്യാ പീഠത്തിന്റെ പ്രഥമഗുരുവായി കെ. ജയകുമാര്‍ നിയോഗിക്കപ്പെടുന്നത്, നമ്മുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. മലയാള ഭാഷയിലും, സാഹിത്യത്തിലും, കലാരംഗത്തും അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ പോലെതന്നെ അദ്ദേഹം കാഴ്ച്ചവച്ച ഭരണനൈപുണ്യവും അദ്ദേഹത്തെ പ്രഥമഗണനീയനാക്കുന്നു.

മാതൃഭാഷയെയും, മാതൃഭൂമിയെയും മാതാവിനെപ്പോലെ ആദരിക്കണീ. സാഹിതിനായകനും, ചിന്തകനും, നിരൂപകനുമായ പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നു. 'മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്ന മകാരത്രയം പരിശുദ്ധവും പരിപാവനവും ആണ്. മാതൃഭാഷ അവഗണിക്കുന്നത് മാതാവിനെ അവഗണിക്കുന്നതിന് തുല്യമാണ്'

മലയാളഭാഷാപ്രേമികള്‍ അഭിമാനത്തിന്റെ ഗിരിശ്രുംഗത്തില്‍ എത്തി നില്‍ക്കുന്ന സമയമാണിത്. നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭിക്കാന്‍ വേണ്ടിയുള്ള മലയാളികളുടെ നിലവിളിക്ക് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. ഇന്ന് മലയാളിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. അതെ, മലയാളം മഹിതമായിരിക്കുന്നു.


മലയാളം മഹിതമായി- സിബി ഡേവിഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക