Image

മുത്തൂറ്റ് കവര്‍ച്ച: ആറ് പ്രതികള്‍ പിടിയില്‍

Published on 04 October, 2011
മുത്തൂറ്റ് കവര്‍ച്ച: ആറ് പ്രതികള്‍ പിടിയില്‍
തിരുപ്പൂര്‍: തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്ന സംഘത്തിലെ ആറുപേരെ പോലീസ് പിടികൂടി. ഈറോഡ് സ്വദേശികളായ ഷെയ്ക് അബ്ദുള്ള (28), ശേഖര്‍ എന്ന ഗുണശേഖരന്‍ (38), കാര്‍ത്തിക് (27) തിരുനെല്‍വേലി സ്വദേശികളായ സുരേഷ് (27), ജി.കുമാര്‍ (28), മണികണ്ഠന്‍ (29) എന്നിവരെയാണ് പ്രത്യേകസംഘം ഈറോഡ് വച്ച് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും (1381 പവന്‍) നാല്‍പ്പത്തി അയ്യായിരം രൂപയും പോലീസ് കണ്ടെടുത്തു. മൊത്തം 1381 പവനും 2.36 ലക്ഷം രൂപയുമായിരുന്നു മോഷണം പോയത്.

ഡി.എസ്.പി. രാജാറാമിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പതിനഞ്ചംഗ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. തിരുപ്പൂര്‍ എസ്.പി. ഓഫീസില്‍ ചോദ്യംചെയ്തുവരുന്ന പ്രതികളെ ചൊവ്വാഴ്ച വൈകീട്ട് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും.

മോഷണത്തിന്റെ മുഖ്യസൂത്രധാരനും മുത്തൂറ്റിലെ മുന്‍ജീവനക്കാരനുമായ വെങ്കിടേഷിനെ (27) ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിലെ മറ്റ് പ്രതികളാണെന്ന് സംശയിക്കുന്ന കാളി എന്ന കാളിയപ്പന്‍, മണിവര്‍ണന്‍ എന്നിവര്‍ക്കുവേണ്ടിയും പോലീസ് അന്വേഷണം നടത്തിവരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക