Image

ബാലകൃഷ്ണപിള്ളയുടെ നിയമലംഘനം സര്‍ക്കാര്‍ ഒത്താശയോടെ: കോടിയേരി

Published on 04 October, 2011
ബാലകൃഷ്ണപിള്ളയുടെ നിയമലംഘനം സര്‍ക്കാര്‍ ഒത്താശയോടെ: കോടിയേരി
തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തടവില്‍ കിടന്ന് നിയമലംഘനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിക്കുക വഴി തടവില്‍ കിടന്നുകൊണ്ട് ഭരണത്തില്‍ ഇടപെടാനുള്ള ശ്രമമാണ് ബാലകൃഷ്ണപിള്ള നടത്തിയത്. ഇത് ഗുരുതരമായ പ്രശ്‌നമാണ്-കോടിയേരി പറഞ്ഞു. ബാലകൃഷ്ണപിള്ള നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഈ പ്രശ്‌നത്തില്‍ അന്വേഷണം നടത്താന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ അഴിമതി കണ്ടുപിടിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ പോവുകയാണെങ്കില്‍ പിള്ള ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജുമെല്ലാം ജയിലില്‍ പോകേണ്ടിവരും-വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

ബാലകൃഷ്ണപിള്ളക്ക് ആവശ്യമായ ചികിത്സ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുണ്ടെന്നിരിക്കെ എന്തിനാണ് അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തടവുപുള്ളികളെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സിപ്പിക്കുന്നത് നിയമലംഘനമാണ്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആവശ്യമായ വിദഗ്ദ്ധരില്ലെങ്കില്‍ പുറത്തു നിന്ന് അവരെ ലഭ്യമാക്കാവുന്നതേയുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് പിള്ളയ്ക്ക് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. തടവുപുള്ളികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവകാശമില്ല. തടവുപുള്ളികള്‍ നടത്തുന്ന ഫോണ്‍സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് ചട്ടം. അതുപോലെ തടവുപുള്ളികളെ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങളും രേഖപ്പെടുത്തണമെന്നാണ് നിയമം പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ജയില്‍ സൂപ്രണ്ട് പരിശോധിക്കണമെന്നും ചട്ടം പറയുന്നുണ്ട്. എന്നാല്‍, പിള്ളയുടെ കാര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഒത്താശയോടെ മാത്രമേ ഇക്കാര്യങ്ങള്‍ നടക്കുകയുള്ളൂ-കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക