Image

വീണ്ടും പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published on 04 October, 2011
വീണ്ടും പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി സംബന്ധിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണ്‍ ചെയ്തതു സംബന്ധിച്ച പ്രശ്‌നത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. മുദ്രാവാക്യംവിളികളുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. തുടര്‍ന്ന് സഭയില്‍ നിന്ന് പ്രകടനമായി പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തില്‍ ധര്‍ണ നടത്തുകയും ചെയ്തു.

ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി സംസാരിച്ച കാര്യം സഭയില്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇതേ പ്രശ്‌നത്തില്‍ പി.കെ.ഗുരുദാസനും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കാര്യം സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഒരേ വിഷയത്തില്‍ രണ്ട് അടിയന്തരപ്രമേയങ്ങള്‍ക്ക് അവതരണാനുമതി നല്‍കാനാകില്ലെന്നും അതുകൊണ്ട് അതിന് പകരം പ്രശ്‌നം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും ബഹളം ശമിക്കാതായതിനെ തുടര്‍ന്ന് മറ്റു നടപടികളിലേയ്ക്ക് കടക്കാതെ സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. നവരാത്രിപൂജയുടെ അവധിയായതിനാല്‍ ഇനി തിങ്കളാഴ്ച മാത്രമേ സഭ ചേരുകയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക