Image

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഷിക്കാഗോയില്‍ വന്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഷിക്കാഗോയില്‍ വന്‍ സ്വീകരണം
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനമേറ്റതിനുശേഷം അമേരിക്കയില്‍ പ്രഥമ സന്ദര്‍ശനത്തിന്‌ എത്തുന്ന മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍, ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍, സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ചര്‍ച്ച്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ എന്നീ ഇടവകകളുടെ ആഭിമുഖ്യത്തില്‍ വമ്പിച്ച വരവേല്‍പ്‌ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മോണ്‍സിഞ്ഞോര്‍ റവ. ഫാ. ആന്റണി തുണ്ടത്തില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഒക്‌ടോബര്‍ ഏഴാംതീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.45-ന്‌ ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാവിനെ, ഷിക്കാഗോ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മോണ്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍, മോണ്‍. റവ.ഫാ. ഏബ്രഹാം മുത്തോലത്ത്‌, കത്തീഡ്രല്‍ വികാരി റവ.ഫാ. ജോയി ആലപ്പാട്ട്‌, റവ.ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, റവ.ഫാ. സജി പുതൃക്കയില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, നൂറുകണക്കിന്‌ വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്‌നേഹോഷ്‌മളമായി സ്വീകരിച്ച്‌ രൂപതാ ആസ്ഥാനത്തേക്ക്‌ ആനയിക്കും.

ഒക്‌ടോബര്‍ എട്ടാംതീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 5 മണി വരെ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നും എത്തിച്ചേരുന്ന പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, മതപഠന സ്‌കൂള്‍ ഭാരവാഹികള്‍ എന്നിവര്‍ക്കുവേണ്ടിയുള്ള സെമിനാറില്‍ അഭിവന്ദ്യ പിതാവ്‌ സംബന്ധിക്കും.

വൈകിട്ട്‌ 5.30-ന്‌ വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നും എത്തിച്ചേരുന്ന യുവജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഇംഗ്ലീഷ്‌ കുര്‍ബാനയില്‍ പിതാവ്‌ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴുമണിക്ക്‌ യുവജനങ്ങള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും.

ഒമ്പതാം തീയതി ഞായറാഴ്‌ച രാവിലെ വിവിധ ഇടവകകളില്‍ നിന്നും എത്തുന്ന യുവജനങ്ങളുടെ നേതൃത്വത്തില്‍, ആയിരക്കണക്കിന്‌ വിശ്വാസികളുടെ സാന്നിധ്യത്തില്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരിച്ച്‌ മനോഹരമായ കത്തീഡ്രല്‍ ദേവാലയത്തിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ 10 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും, ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റേയും മറ്റ്‌ നിരവധി വൈദീകരുടേയും സഹകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടത്തപ്പെടും.

ഉച്ചയ്‌ക്ക്‌ 12.15-ന്‌ കത്തീഡ്രല്‍ അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ച മാതാവിന്റെ ഗ്രോട്ടോയുടെ ആശീര്‍വാദ കര്‍മ്മം അഭിവന്ദ്യ പിതാവ്‌ നിര്‍വഹിക്കും.

12.30-ന്‌ അഭിവന്ദ്യ പിതാവിനെ ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പാരീഷ്‌ ഹാളിലേക്ക്‌ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന്‌ അനുമോദന സമ്മേളനം നടക്കും.

ഒക്‌ടോബര്‍ പത്താംതീയതി പിതാവ്‌ റോമിലേക്ക്‌ പുറപ്പെടും.

ഒക്‌ടോബര്‍ 25-ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കാനഡയില്‍ എത്തി അവിടുത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം വീണ്ടും ഷിക്കാഗോയിലെത്തി രൂപതയിലെ വൈദീകര്‍ക്കുവേണ്ടി നടത്തുന്ന സമ്മേളനത്തിലും പങ്കെടുക്കും. 27-ന്‌ പിതാവ്‌ നാട്ടിലേക്ക്‌ തിരിച്ചുപോകും.
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഷിക്കാഗോയില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക