Image

ഭകതിസാന്ദ്രമായ റമദാന്‍ - മീട്ടു റഹ്മത്ത്കലാം

മീട്ടു റഹ്മത്ത്കലാം, ഇ-മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 17 July, 2013
ഭകതിസാന്ദ്രമായ റമദാന്‍ - മീട്ടു റഹ്മത്ത്കലാം
റമദാന്‍ പിറ കാണുന്നതോടെ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തെ വരവേല്‍ക്കുകയായി. നോമ്പ് അനുഷ്ഠാനം തന്നെയാണ് ഇതില്‍ പ്രധാനം. ചെണ്ടയും കൈമണിയുമായി വിളിച്ചുര്‍ത്തുന്ന 'അത്താഴം കൊട്ടികളുടെ' സ്ഥാനം മൊബൈല്‍ അലാം കൈ അടക്കുമ്പോഴും തലമുറകള്‍ പകര്‍ന്ന് കിട്ടിയ വിശ്വാസങ്ങളിലും നോമ്പിന്റെ പവിത്രതയിലും അതേ നിലാവെളിച്ചം. നല്ലത് മാത്രം ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദിനരാത്രങ്ങള്‍ മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കുന്നു.

എങ്ങനെ ജീവിക്കണം എന്ന അറിവ് മാനവരാശിയ്ക്ക് പകരാന്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ.അ)യെ നിയോഗിക്കുകയും അതിനായി ഖുര്‍ ആന്‍ അവതരിപ്പിക്കുകയും ചെയ്ത മാസമാണ് റമദാന്‍. ആ മാര്‍ഗ്ഗദര്‍ശനത്തിനുള്ള കൃതജ്ഞതയായാണ് വിശ്വാസികള്‍ തങ്ങളുടെ നാഥനുവേണ്ടി പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിയുകയും അനുവദനീയമായ കാര്യങ്ങളില്‍ നിന്ന് പോലും വിട്ടുനിന്ന് പ്രാര്‍ത്ഥനാനിരതരാവുകയും ചെയ്യുന്നത്.

എരിച്ചില്‍ എന്ന് അര്‍ത്ഥം വരുന്ന 'റമിദ' എന്ന വാക്കില്‍ നിന്നാണ് റമദാന്‍ എന്ന പേരുണ്ടായത്. ദാഹം കൊണ്ടുണ്ടാകുന്ന വയറെരിച്ചില്‍ ഉദ്ദേശിച്ചാണിതെന്നും അല്ല പാപങ്ങള്‍ എരിച്ചു കളയുന്ന മാസമായതിനാലാണെന്നും രണ്ട് പക്ഷമുണ്ട്. 29 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം ലക്ഷ്യമിടുന്നത് ആത്മാവിന്റെ ശുദ്ധീകരണമാണെങ്കിലും ഇത് ശരീരത്തിനും ഏറെ ഗുണം ചെയ്യും. മറ്റ് പതിനൊന്ന് മാസങ്ങളിലും സുഭിക്ഷമായി ഭക്ഷണം കഴിച്ച ശേഷം ഒരു മാസം നോമ്പനുഷ്ഠിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

റമദാനിലെ എല്ലാ ദിനരാത്രങ്ങളും ഭക്തിസാന്ദ്രമാണെങ്കിലും പതിനേഴാം രാവും ഇരുപത്തിയേഴാം രാവും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദര്‍ യുദ്ധത്തില്‍ വിജയം കൈവരിച്ചത് പതിനേഴാം രാവിനാണ്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതമായ രാത്രിയെന്ന് ഖുര്‍ ആന്‍ വിശേഷിപ്പിക്കുന്ന 'ലൈലത്തുല്‍ ഖദ്ര്‍' റമദാനിലെ അവസാന പത്ത് രാത്രികളില്‍ ഒന്നാണെന്നും അതിന് ഏറ്റവും സാധ്യത ഇരുപത്തിയേഴാം രാവിനാണെന്നുമുള്ള മതപണ്ഡിതരുടെ അനുമാനമാണ് ആ രാവിന്റെ സവിശേഷത. ആദ്യ മനുഷ്യരെയും മറ്റു സൃഷ്ടികളെയും അപേക്ഷിച്ച് ഇന്നത്തെ മനുഷ്യര്‍ക്ക് ആയുസ്സ് കുറവായതിനാല്‍ ആരാധനയ്ക്കുള്ള പ്രതിഫലം കൂടുതല്‍ നല്‍കുന്നതിനായി അള്ളാഹു അവതരിപ്പിച്ച രാത്രിയാണിത്. ആ ഒറ്റ രാത്രിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ആയിരം മാസങ്ങളിലെ പ്രാര്‍ത്ഥനയുടെ ഫലം ചെയ്യും. പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള ഏറ്റവും ഉത്തമമായ അവസരം കൂടിയാണിത്. മനുഷ്യരുടെ അടുത്ത ഒരു വര്‍ഷം എങ്ങനെ വേണമെന്ന നിര്‍ണ്ണയ രാവായ ബറാഅത്ത് രാവില്‍ കണക്കാക്കി വച്ചിരിക്കുന്ന തീരുമാനങ്ങള്‍ മലക്കുകളെ(Messengers of God) ഏല്‍പ്പിക്കുന്നതും ലൈലത്തുള്‍ ഖദ്‌റിനാണ്. ഒരു വര്‍ഷത്തേയ്ക്കുള്ള ഭക്ഷണവും ആയുസ്സും ഭാഗ്യങ്ങളും ദുരന്തങ്ങളും അനുഗ്രഹങ്ങളും ആ രാത്രിയിലെ പ്രാര്‍ത്ഥനയെ ആശ്രയിച്ചാണെന്നതാണ് വിശ്വാസം.

പ്രായപൂര്‍ത്തിയായതും ബുദ്ധിസ്ഥിരതയും ആരോഗ്യം അനുവദിക്കുന്നതുമായ എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. കാര്യകാരണങ്ങളില്ലാതെ മുടക്കിയ നോമ്പ് പിടിച്ചു വീട്ടേണ്ടതുണ്ട്. വിശപ്പിന്റെ കാഠിന്യം അറിയുകയും തനിക്ക് ലഭിച്ച അനുഗ്രങ്ങളെക്കുറിച്ച് ചിന്തിക്കുകയും പാവങ്ങളെ സഹായിക്കാന്‍ മനസ്സ് സജ്ജമാക്കുകയുമാണ് നോമ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം. റമദാന്‍ മാസത്തിലെ അവസാന പത്ത് ദിവസത്തെ ദാനധര്‍മ്മങ്ങള്‍ക്ക് എഴുപതിരട്ടി പ്രതിഫലമാണ്. കടമില്ലാത്തവര്‍ ഒരു വര്‍ഷത്തെ സമ്പാദ്യത്തിന്റെ കുറഞ്ഞത് രണ്ടര ശതമാനം ഫിതര്‍ സക്കാത്ത് എന്ന പേരില്‍ ദാനം നല്‍കേണ്ടതുണ്ട്.

ഏതര്‍ത്ഥത്തിലും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് മറ്റേത് മതത്തെപ്പോലെയും ഇസ്ലാം പഠിപ്പിക്കുന്നത്. തീവ്രവാദത്തിന് മതത്തെ മറയാക്കുന്നവര്‍ ഖുര്‍ ആന്‍ എന്താണ് പറയുന്നതെന്ന് മലാല യൂസുഫ് സായി എന്ന കൊച്ചു പെണ്‍കുട്ടിയില്‍ നിന്ന് മനസ്സിലാക്കണം. സ്വന്തം താല്പര്യങ്ങളെക്കാള്‍ മറ്റൊരുവന്റെ നന്മയ്ക്കായി ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട നമ്മുടെ രാജ്യത്ത് തിഹാര്‍ ജയിലില്‍ ഹിന്ദു തടവുകാര്‍ തങ്ങളുടെ മുസ്ലീം സഹതടവുകാര്‍ക്കൊപ്പം നോമ്പ് അനുഷ്ഠിക്കുന്നു എന്നത് ഒരു ശുഭസൂചനയാണ്. ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് തടവറയ്ക്കുള്ളില്‍ മതസൗഹാര്‍ദ്ദത്തിന്റെ വിത്തുകള്‍ പാകാമെങ്കില്‍ ഓരോ വ്യക്തിയ്ക്കും അതിന് കഴിയും. വിവേചനങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായിക്കണ്ട് സ്‌നേഹിക്കുകുയം എങ്ങും സമാധാനം പരത്തുകയുമാണ് റമദാന്‍ മാസത്തിന്റെ ആഹ്വാനം. ആ പ്രത്യാശയുടെ വെള്ളിവെളിച്ചമാകട്ടെ വരുന്ന പെരുന്നാള്‍പിറ.
ഭകതിസാന്ദ്രമായ റമദാന്‍ - മീട്ടു റഹ്മത്ത്കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക