Image

മൈറ്റി ഡോളറിലെ ആദ്ധ്യാത്മികത!! (കൈരളി, ന്യൂയോര്‍ക്ക്)

കൈരളി, ന്യൂയോര്‍ക്ക് (Emalayalee exclusive) Published on 16 July, 2013
മൈറ്റി ഡോളറിലെ ആദ്ധ്യാത്മികത!! (കൈരളി, ന്യൂയോര്‍ക്ക്)
മലയാളികളുടെ മാത്രം ആഘോഷമായ പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം വീണ്ടും വരവായി. കോടിയുടുത്ത് പാല്‍പ്പായസവും ഉണ്ട് പ്രായഭേദമന്യേ ആഹ്ലാദതിമിര്‍പ്പില്‍ ആറാടുന്ന ആ ദിവസങ്ങള്‍ ഒരിക്കലും മലയാളിയെ വിട്ടുമാറില്ല. ആഘോഷവേള തന്നെ-സംശയമില്ല.

കുടിയേറ്റക്കാരുടെ നാടായ അമേരിക്കയിലും ജന്മനാട്ടിലെ ആഘോഷങ്ങള്‍ ഇന്നും അഭംഗുരം ആഘോഷിക്കുന്നു. ഒപ്പം മലയാളികളും അതിലുപരി ഇന്‍ഡ്യാക്കാരും തങ്ങള്‍ എവിടെ നിന്നു വന്നു, തങ്ങളുടെ ജീവിത ഉള്‍ക്കാമ്പെന്താണ് ഇവയെല്ലാം അടുത്ത തലമുറകള്‍ക്കു കൈമാറാന്‍ ആവും വിധം ശ്രമിക്കുന്നു. അങ്ങനെ സമാജങ്ങളും അമ്പലങ്ങളും മോസ്‌കുകളും പള്ളികളും സെന്ററുകളുമെല്ലാം ഉടലെടുത്തു. ഈ പ്രസ്ഥാനങ്ങളെല്ലാം ആദ്യത്തെ കുടിയേറ്റക്കാരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി ഉണ്ടായതാണ്. പക്ഷേ നമ്മള്‍ ലക്ഷ്യത്തിലെത്തിയോ? കുട്ടികള്‍ക്കു ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിലും, താമസിക്കാന്‍ പാര്‍പ്പിടം നിര്‍മ്മിക്കുന്നതിലും, കേരളത്തില്‍ നിന്നു ബന്ധുമിത്രാദികളെ അമേരിക്കയില്‍ എത്തിക്കുന്നതിലും നമ്മള്‍ പൂര്‍ണ്ണമായി വിജയിച്ചു. സംഘടിച്ചു ശക്തരാകുവിന്‍ എന്ന ആപ്തവാക്യം സംഘടനാ തലത്തില്‍ പ്രാബല്യമാക്കാന്‍ നമ്മള്‍, മലയാളികള്‍ പരാജയപ്പെട്ടു. പകരം ശ്രീ.കെ.എം.മാണിയുടെ വളരുംതോറും പിളരും എന്ന തത്വമാണ് മലയാളി സംഘടനകള്‍ ഉള്‍ക്കൊണ്ടത്. ഫലം. വഞ്ചി ഇപ്പഴും തിരുനക്കരതന്നെ.

മാണിസാറിന്റെ തിയറി ശാസ്ത്രീയമായി നൂറു ശതമാനം ശരിയാണ്. ഒരു ആറ്റം പാര്‍ട്ടിക്കിള്‍ ടണ്‍ കണക്കിനു വിഭജിച്ചുകഴിയുമ്പോള്‍ അതൊരാറ്റമിക് ബോംബായി വരെ പരിണമിക്കും(ഐന്‍സ്റ്റൈന്റെ ഇ= എംസി സ്‌ക്വയര്‍) എന്നാല്‍ തെങ്ങിനും കമുകിനും രണ്ട തളപ്പാണെന്നു പറയും പോലെ ശ്രീ നാരായണഗുരുവിന്റെ തിയറിയും മാണിസാറിന്റെ തിയറിയും രണ്ടും ശരിയെങ്കിലും സംഘടനാ തലത്തില്‍ മാണിസാറിന്റെ തിയറി, ഇന്‍ഡ്യ മുഴുവന്‍ സ്വീകാര്യമായതിന്റെ പരിണതഫലമാണ് ഇന്‍ഡ്യയുടെ വളര്‍ച്ച, പ്രത്യേകിച്ച് കേരളത്തിന്റെ വളര്‍ച്ച മുരടിച്ചുപോയത്.

അമേരിക്കയിലെ പ്രവാസി സംഘടനകളിലും അതു തന്നെ സംഭവിച്ചു. ധനപരമായി ആദ്യത്തെ കുടിയേറ്റക്കാര്‍ മോശമില്ലാത്ത വിജയം കൈവരിച്ചെങ്കിലും ലക്ഷ്യമില്ലാത്ത സംഘടനാ പ്രവര്‍ത്തനം, ഇന്‍ഡ്യാക്കാര്‍ കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്ന സീറോയില്‍ തന്നെ ഇന്നും ഉഴലുന്നു. കാരണം നമുക്ക് ഒരുമയില്ല. ഇതിന്നപരാധികള്‍ മൈറ്റി ഡോളറിന്റെ അദ്ധ്യാത്മികതയില്‍ കണ്ണഞ്ചിയ പള്ളിപ്രമാണികള്‍ തന്നെ. ഇവരില്‍ ഏറ്റവും കടുത്ത ദ്രോഹം സമൂഹത്തോട് ചെയ്തത് യാക്കോബൈറ്റ്‌സാണ്. അവരുടെ പിതാക്കന്മാരുടെയും വൈദികരുടെയും അമിത ദ്രവ്യാസക്തി സമൂഹത്തെ കഷ്ണം കഷ്ണമായി വിഭജിച്ചു. മോമോനെയും… ദൈവത്തെയും ഒരു പോലെ സേവിക്കുന്നവര്‍!!
പത്തുകുടുംബത്തിന് ഒരു പള്ളി എന്ന റേഷ്യോയില്‍ അവര്‍ കുഞ്ഞാടുകളെ വിഭജിച്ചു. തുടര്‍ന്നു മാര്‍ത്തമറ്റ്‌സും ഹൈന്ദവരും എല്ലാം ചെറിയ ചെറിയ ഗ്രൂപ്പുകളായി തങ്ങളുടെ വീരകൃത്യങ്ങള്‍ തങ്ങള്‍ തന്നെ പാടി സ്തുതിക്കുന്ന പ്രാകൃത ട്രൈബല്‍ സമൂഹമായി മാറി. സമൂഹത്തിന്റെ വളര്‍ച്ച ഇവിടെ സാധ്യമാകുമോ? ചിന്തിക്കൂ!!

ഇതുതന്നെ സമാജങ്ങളുടെ ഗതികേടും. ഓണം അടുക്കാറായപ്പോള്‍ വയറിന്റെ വലുപ്പം കൂട്ടാനുള്ള പരിശ്രമത്തിലാണ് പലരും: കാരണം ഓണത്തപ്പനാകാന്‍! എന്തൊരു സങ്കുചിത ചിന്താഗതി!! ഇവരോടൊപ്പം മറ്റൊരു പറ്റം ചെറുപ്പക്കാരും താവളമടിച്ചിട്ടുണ്ട്. ഇവരാണ് അമേരിക്കയിലെ ചെണ്ടകൊട്ടുക്കാര്‍- ഒരു നേരം പോക്കിന് ഇവയെല്ലാം നല്ലതുതന്നെ. എന്നാല്‍ ഒരു സമാജത്തിന്റെ മുഖ്യ ജോലി ചെണ്ടയടി മാത്രമാണോ?

ഇനി ഈ സംഘടനകളെല്ലാം ഏതോ ഒരു ലക്ഷ്യത്തിലെത്തിക്കാന്‍ എന്ന വ്യാജേന ഫൊക്കാനാ ഫോമാ അസ്സോസിയേഷന്‍സ് വേറെ. ഫൊക്കാന പെറ്റുണ്ടായ ചാപിള്ളയാണ് ഫോമാ. മറിച്ചും പറയാം. കാരണം രണ്ടും ചാപിള്ളകളാ. ആര് ആരെ പെറ്റെന്ന് അന്വേഷിച്ചു പോയിട്ട് കാര്യമില്ല. ഈനാംപേച്ചിക്ക് കൂട്ട്..മരപ്പട്ടി.

രണ്ടു കൂട്ടരും ഇന്നുവരെ ചെയ്തതില്‍ എടുത്തുപറയാവുന്നത് നൂറു തയ്യല്‍ മെഷീന്‍ നാട്ടില്‍ ആര്‍ക്കൊക്കെയോ കൊടുത്തു എന്നാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്. വേറൊരു കൂട്ടര്‍ കാലുവാരിയതായും അവകാശപ്പെടുന്നു. കേരളത്തിലെ ഇപ്പോഴത്തെ സ്റ്റൈല്‍ നോക്കിയാല്‍ അവര്‍ക്കു നാണക്കേടാണ് ഈ ചെറിയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍.

ഒരു ഉദാഹരണമായി കഴിഞ്ഞ ജനുവരിയില്‍ ഈ ലേഖകന്‍ എറണാകുളത്തുനിന്നും കോട്ടയത്തേയ്ക്ക് വരും വഴി വഴിയരുകില്‍ ഒരു പാലത്തിനടുത്ത് മീന്‍ വില്‍ക്കുന്നവരെ കണ്ടു. മീന്‍കാരനും ചുറ്റും ആവശ്യക്കാര്‍ കൂടി നില്‍ക്കുന്ന പശ്ചാത്തലം. വണ്ടി വഴിയുടെ ഓരത്ത് നിര്‍ത്തി മീന്റെ വിലയെന്തെന്ന് ശ്രദ്ധിച്ചു. കരിമീന്‍ കിലോയ്ക്ക് നാന്നൂറു രൂപ. കേട്ടപാതി കേള്‍ക്കാത്ത പാതി ലേഖകന്‍ വണ്ടി വിട്ടു. അതേസമയം അവിടെ തടിച്ചുകൂടിയ നാട്ടുകാരന്‍ നാനൂരു രൂപയ്ക്ക് ലാഭമാണെന്നു പറയുന്നു. ഇതാണ് കേരളത്തിലെ ഇന്നത്തെ ജനങ്ങളുടെ ജീവിത നിലവാരം. അവര്‍ക്കു നിങ്ങളുടെ തയ്യല്‍ മെഷീന്‍ സ്വീകാര്യമാകുമോ? നിങ്ങളുടെ കൂടെ ഫോട്ടോ എടുക്കാന്‍ പോലും അവര്‍ക്ക് താല്‍പര്യം ഉണ്ടാകില്ല. ചീപ്പ് അമേരിക്കന്‍ എന്നു വിളിച്ചില്ലെങ്കില്‍ ഭാഗ്യം!!

ഇനി മറ്റൊരു ഗ്രൂപ്പുണ്ട്, വേള്‍ഡ് മലയാളി. അവര്‍ അല്‍പം കൂടിയവരാ. യാക്കോബൈറ്റ്‌സിന്റെ ഉന്നത സ്ഥാനങ്ങള്‍ പോലെയാണ് ഇവരും സ്ഥാനമാനങ്ങള്‍ വിഭജിച്ചിരിക്കുന്നത്.

ഇവര്‍ ലോക്തതെ നാലായി വിഭജിച്ചു, കിഴക്കിന്റെ അധിപന്‍- പാപ്പച്ചന്‍, പടിഞ്ഞാറിന്റെ അധിപന്‍- വിളനിലം, മദ്ധ്യ പൂര്‍വേഷ്യ-മുഹമ്മദ്. ആഫ്രിക്കയില്‍ ഡോളര്‍ കാര്യമായിട്ടില്ലാത്തതിനാല്‍ ആ സ്ഥാനം ദൈവത്തിനുതന്നെ കൊടുത്തു. എങ്ങനെയുണ്ട്? നായ് നടന്നിട്ടു കാര്യവുമില്ല, നായ്‌ക്കൊട്ടിരിക്കാന്‍ നേരവുമില്ല. ഇതല്ലെ ഈ സംഘടനകളുടെ പ്രവര്‍ത്തനം? സമൂഹത്തെ വിഭജിക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിച്ചു. സമൂഹത്തിന് എന്തു നേട്ടം?

സമാജങ്ങളോടും, പള്ളികളോടും കുഴിയാനകളോടും ഒരു വിനീതമായ അഭ്യര്‍ത്ഥന. നിങ്ങള്‍ ഇത്രയും നാളും പലതും ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ ഒന്നും എങ്ങും എത്തിയില്ല. ഇനിയെങ്കിലും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ശ്രമം നടത്താം. ഓണം വരുന്നു. കഴിവതും അസ്സോസിയേഷന്‍സ് യോജിച്ചു പ്രവര്‍ത്തിക്കാന്‍, തയ്യാറാകുക.

മറ്റൊന്ന്- സംഘാടകരുടെ വിലപ്പെട്ട സമയം ഇന്‍ഡ്യില്‍ പോയി പേക്കൂത്ത് കാണിക്കാതെ അമേരിക്കയില്‍ നമ്മള്‍ നില്‍ക്കുന്ന ഗ്രൗണ്ട് ഉറപ്പിക്കാന്‍ ശ്രമിക്കാം.

ഇവിടെയുള്ള കോണ്‍ഗ്രസ്മാനും സെറ്റേഴ്‌സിനുമെല്ലാം നമ്മുടെ സേവനം ആവശ്യമുണ്ട്. നമ്മളുടെയും നമ്മളുടെ കുട്ടികളുടെയും നാട് ഇതാണ് നമ്മള്‍ക്കിവിടെ പ്രവര്‍ത്തിക്കാം പണം സമ്പാദിച്ചാല്‍ മാത്രം പോര അതു സംരക്ഷിക്കാനും പഠിക്കണം. ഇവിടെ ആണ് നമ്മള്‍ ധനം സമ്പാദിച്ചിരിക്കുന്നത്. ഇവിടെയാണ് നമ്മുടെ അടുത്ത തലമുറ ജീവിതം കരുപ്പിടിപ്പിക്കാന്‍ പോകുന്നത്. ഇവിടുത്തെ നമ്മുടെ നിലനില്‍പ് എക്കാലവും പരിരക്ഷിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. അതിനായി യോജിപ്പോടെ പ്രവര്‍ത്തിക്കാം. അതല്ലേ കൂടുതല്‍ മഹത്തരം. ചിന്തിക്കുക.
Join WhatsApp News
A.C.George 2013-07-16 02:03:20
Good one Jose (Kairali weekly)paper. I agree with you.
All the best 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക