Image

ലോകക്ലാസിക്കുകളുടെ നിരയില്‍ ആടുജീവിതവും- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 11 July, 2013
ലോകക്ലാസിക്കുകളുടെ നിരയില്‍ ആടുജീവിതവും- മീട്ടു റഹ്മത്ത് കലാം
സര്‍വ്വകലാശാലകള്‍ പുസ്തമാക്കിയ ആടുജീവിതം. ഇതിനെക്കുറിച്ച് ഞാന്‍ ആദ്യമായി കേട്ടത് എപ്പോഴാണ്? ആടുമായ് ബന്ധപ്പെട്ടത് പലതും മനസ്സില്‍ തെളിഞ്ഞു. ആട് ആന്റണി, ആട് തോമ… ആട് ജീവിതം. പത്രവാര്‍ത്തയിലോ സിനിമയിലൂടെയോ അല്ല ആട് ജീവിതം എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. ആദ്യമായി ആ പേര് കേട്ടത് ആരിലൂടെയാണ് എന്ന ചിന്ത എന്നെ ഉത്തരത്തോടടുപ്പിച്ചു.
എന്റെ ആന്റി( അമ്മയുടെ അനിയത്തി)യുടെ ഭര്‍ത്താവ് RCCയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ മലയാളം പ്രൊഫസറായ കൂട്ടുകാരി സാന്ത്വനിപ്പിക്കാനും പ്രതിസന്ധിയില്‍ തളരാതിരിക്കാനും നിര്‍ദ്ദേശിച്ച മന്ത്രമാണ് ആട്ജീവതമെന്ന പുസ്തകം. ആന്റി വായനയില്‍ താല്പര്യമുള്ള ആളല്ല. കുടുംബത്തിലെ വായനക്കാരി എന്ന നിലയില്‍ എന്നോടിതിനെക്കുറിച്ച് പറഞ്ഞു. ആടുജീവിതം എന്താണ് അര്‍ത്ഥമാക്കുന്നത്? ദൈവം രചിച്ച തിരിക്കഥയ്‌ക്കൊപ്പം ആടുന്ന ജീവിതം എന്നായിരിക്കുമോ? എന്റെ വിദൂരമായ ചിന്തയില്‍പ്പോലും ആട് മേയ്ക്കാന്‍ വിധിക്കപ്പെട്ട നജീബിന്റെ കഥാപാത്രം കടന്നുവന്നിരുന്നില്ല. ആ പുസ്തകം അന്വേഷിച്ചു പോകാനും തോന്നിയില്ല.
അതികായന്മാരുടെ ക്ലാസിക്കുകള്‍ക്കിടയില്‍ നിന്ന് ഏതോ ഒരു ബെന്ന്യാമിന്റെ പുസ്തകം ഞാനെന്തിന് വാങ്ങി വായിക്കണമെന്ന് ചിന്ത എന്നെ ഭരിച്ചു. ഇഷ്ടപ്പെടാത്ത ശൈലിയാണെങ്കില്‍ വെറുതെ കാശ് പോകും. വിശ്വസിച്ച് വാങ്ങാവുന്ന ചിലതുണ്ട്. മിനിമം ഗ്യാരണ്ടി സിനിമ പോലെ മുടക്കുന്ന മുതലിന് പലിശസഹിതം തിരിച്ചുതരുന്ന അവരുടെ പുസ്തകങ്ങളോടേ എനിക്ക് പ്രിയമുണ്ടായിരുന്നുള്ളൂ. അവരും പെട്ടെന്ന് പൊട്ടിവീണതൊന്നുമല്ല, വായനക്കാരുടെ പ്രോത്സാഹനമാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാരെ ആ കസേരയില്‍ ഇരുത്തിയതെന്ന് മനഃപൂര്‍വ്വമല്ലെങ്കിലും ഞാന്‍ മറന്നു. എഴുത്തിനെയും ഭാഷയെയും സ്‌നേഹിക്കുന്ന ഒരാള്‍ ചെയ്യരുതാത്ത തെറ്റ്.
പിന്നീട് ഞാന്‍ കണ്ടത് വാര്‍ത്തകളില്‍ നിറയുന്ന ആടുജീവിതമാണ്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ചുരുങ്ങിയ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പിന്നിട്ട പുസ്തകം. തെറ്റ് പറ്രിപ്പോയെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഞാന്‍ ആഗ്രഹിച്ച എന്തോ ഒന്ന് ആ പുസ്തകത്തില്‍ ഉണ്ടെന്ന് മനസ്സ് ആവര്‍ത്തിച്ചു.
ഒരു കോപ്പി സ്വന്തമാക്കാന്‍ കൊതിച്ചപ്പോഴല്ലേ രസം! എവിടെ ചെന്നാലും ഇപ്പൊ തീര്‍ന്നതേയുള്ളൂ എന്ന പല്ലവി. ദൈവവിശ്വാസം ഇല്ലാത്തയാള്‍ കാര്യസാധ്യതയ്ക്ക് വേണ്ടി ഭക്തനായി മാറുമ്പോള്‍ ദൈവം അകലുന്നതു പോലെ ഒരു നീറ്റല്‍ എനിക്ക് അനുഭവപ്പെട്ടു.
കോട്ടയത്ത് നടക്കുന്ന പുസ്തകമേള അവസാന പ്രതീക്ഷയായിരുന്നു. അവിടെ ഒരു കോപ്പി എനിക്കായി കാത്തിരിപ്പുണ്ടെന്ന് വിശ്വാസത്തോടെയാണ് മേളയുടെ അവസാന ദിവസം ഞാന്‍ പോയത്. കിട്ടിയില്ലെങ്കില്‍ വിധിച്ചിട്ടില്ലെന്ന് കരുതുമെന്നല്ലാതെ ഇനിയൊരു അന്വേഷണത്തിനില്ലെന്ന് ഞാനെന്നെ പറഞ്ഞു പഠിപ്പിച്ചു. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞു. ബസ്സിറങ്ങി കുറച്ച് നടക്കാമെന്ന് കരുതി. അപശകുനം എന്നൊന്നില്ലെന്ന് ലേഖനമെഴുതിയിട്ടുണ്ടെങ്കിലും പുതിയ ചെരുപ്പ് പൊട്ടിയപ്പോള്‍ തന്നെ പുസ്തകം കിട്ടില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. മേളയ്ക്ക് കയറിയിട്ട് കാര്യമില്ലെന്ന് തോന്നി. എന്തും വരട്ടെ എന്ന ചിന്തയില്‍ രണ്ടും കല്പിച്ച് മുടന്തി നടന്ന് ഞാന്‍ മേളയോടടുത്തു. ആരൊക്കെയോ കളിയാക്കി ചിരിക്കുന്നുണ്ട്. എന്റെ നടത്തം പാതി ബോധത്തിലായതുകൊണ്ട് ചമ്മലൊന്നും തോന്നിയില്ല. എന്റെ കണ്ണുകള്‍ ആടുജീവിതം എന്ന പുസ്തകത്താള് മാത്രം തേടിക്കൊണ്ടേ ഇരുന്നു. മനസ്സില്‍ ഒരാളുണ്ടെങ്കില്‍ വേറാരെയും പിടിക്കില്ലെന്നത് എനിക്ക് ബോധ്യമായി. അത്ര അധികം പുസ്തകങ്ങളില്‍ ഒന്നില്‍പ്പോലും എന്റെ കണ്ണുകള്‍ ഉടക്കിയില്ല. അവസാനം അതെന്റെ കയ്യില്‍ തടഞ്ഞു. തേടിയ വള്ളികാലില്‍ ചുറ്റുമ്പോഴുണ്ടാകുന്നതില്‍ കൂടുതല്‍ സന്തോഷം എനിക്കനുഭവപ്പെട്ടു.
വീട്ടിലെത്തി എന്റെ കുഞ്ഞുപുസ്തകശേഖരത്തില്‍ പുതിയ അംഗത്തെ പ്രതിഷ്ഠിക്കവെ, ഒരു കുട്ടിയാട് എന്നെ എടുക്കൂ എന്ന് പറയും പോലെ ആ പുസ്തകം കൊഞ്ചലോടെ എന്നോട് എന്തോ മന്ത്രിച്ചു സ്‌നേഹത്തോടെ അതിനെ കയ്യിലെടുക്കുമ്പോള്‍ നെറ്റിയില്‍ ഒരുമ്മ കൊടുത്താലോ എന്ന് തോന്നി. അല്ലെങ്കില്‍ വേണ്ട വായിച്ചിഷ്ടപ്പെട്ടാല്‍ മതിയല്ലോ സ്‌നേഹപ്രകടനം.
കൂടി വന്നാല്‍ അമ്പത് പേജ് വായിച്ച് അടച്ചു വയ്ക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. അന്‍പത് പേജായപ്പോള്‍ നൂറാകട്ടെ എന്ന് കരുതി. അത്രയുമെത്തിയപ്പോള്‍ അത്താഴത്തിന്റെ വിളി വന്നു. എഴുന്നേല്‍ക്കാനുള്ള മടികൊണ്ട് രാത്രിഭക്ഷണം ഒരു ജ്യൂസിലൊതുക്കി. നൂറ്റമ്പത് കടന്നാല്‍ എന്റെ സര്‍വ്വകാല റെക്കോര്‍ഡ് തര്‍ക്കപ്പെടും. അതില്‍ക്കൂടുതല്‍ ഒറ്റയിരുപ്പിന് ഞാന്‍ വായിച്ചിട്ടില്ല. കിടക്കുന്നില്ലേയെന്ന ചോദ്യം ഉറക്കപ്രേമിയായ എന്റെ നേര്‍ക്ക് പലവട്ടം വന്നിട്ടും കണ്ണുകള്‍ തളരാതെ കൂടെ നിന്നു. ഒട്ടും മടുപ്പ് തോന്നാതെ ഞാനത് വായിച്ച് തീര്‍ത്തു. അല്പമെങ്കിലും മടുപ്പ് തോന്നിയിരുന്നെങ്കില്‍ പ്രാര്‍ത്ഥിക്കാതെ ഉറക്കത്തിലേയ്ക്ക് നേരെ വഴുതി വീഴുമായിരുന്നു. ആ വായന ഒരു തരം ഉന്മേഷം പകര്‍ന്നിരുന്നു, ഒരു നവോന്മേഷം . വായിച്ചുമാത്രം മനസ്സിലാക്കാവുന്ന പ്രത്യേക വികാരം.
വലിയൊരു ജനറേഷന്‍ ഗ്യാപ്പ് ഇല്ലാത്തതുകൊണ്ടാകാം എഴുത്തുകാരന്റെ ഭാവതലങ്ങളുമായി പൊരുത്തപ്പെടാന്‍ തീരെ ബുദ്ധിമുട്ട് തോന്നിയില്ല. ആടുജീവിതത്തിന്റെ ഭാഷ എനിക്ക് നന്നായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. മനസ്സില്‍ പറഞ്ഞുറപ്പിച്ചതിലും ശക്തമായി എന്റെ പ്രിയപുസ്തകത്തെ ഞാന്‍ ചുംബിച്ചു, ഇറുക്കെ.
ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ രക്തത്തില്‍ നിന്ന് കുഞ്ഞ് ഭക്ഷിക്കുംപോലെ നജീബ് പറഞ്ഞ കഥയെ ഗര്‍ഭം ധരിച്ച് സ്വന്തം രക്തത്തില്‍ നിന്ന് ഭക്ഷണം നല്‍കി മലയാളികള്‍ക്കും സാഹിത്യലോകത്തിനും ആരോഗ്യവാനും സുന്ദരനുമായ കുഞ്ഞിനെ സമ്മാനിച്ച ബന്യാമിന്‍ പ്രവാസി എഴുത്തുകാരുടെയും വായനക്കാരുടെയും സ്വകാര്യ അഹങ്കാരമാണ്.
താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കഥ പറഞ്ഞു പോകുമ്പോള്‍ ഉന്നയിക്കപ്പെടാവുന്ന ചോദ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അതിന്റെ ഉത്തരങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുമ്പോള്‍ ഇതുവരെ അനുഭവിക്കാത്ത പ്രത്യേക സുഖം അതിലുണ്ട്. നജീബെന്താ ആട്ടിറച്ചി കഴിക്കാത്തത്, ആരാണ് ഇബ്രാഹിം ബാദിരി, അര്‍ബാബ് നജീബിനെ എന്തുകൊണ്ട് വെറുതെ വിട്ടു, ഖുബ്ബൂസിനൊപ്പം സൈനു കൊടുത്ത അച്ചാര്‍ അയാള്‍ കഴിച്ചിരിരിക്കുമോ, ഇവിടെ നബീലെന്ന ആട്ടിന്‍കുട്ടി പിറന്നപ്പോള്‍ സൈനു പ്രസവിച്ചത് ആണ്‍കുട്ടിയെ ആയിരുന്നേ. കത്തില്‍ എഴുതുന്ന ഒപ്പമുള്ളവരുടെ നീണ്ട ലിസ്റ്റ് ആരൊക്കെയാണ്, തുടങ്ങി എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരങ്ങള്‍ നല്‍കാന്‍ എഴുത്തുകാരന്‍ മറന്നിട്ടില്ല. വായനക്കാരന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍കഗ്ക് ഉത്തരം ലഭിക്കുമ്പോള്‍ വായനയിലുള്ള ആസ്വാദനം കൂടുന്നുണ്ട്. ദുരന്തപൂര്‍ണ്ണമായേക്കാവുന്ന കഥയില്‍ ബന്യാമിന്റെ സ്വതസിദ്ധമായ നര്‍മ്മബോധം ചാലിക്കപ്പെട്ടപ്പോള്‍ ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഊര്‍ജ്ജം എവിടെനിന്നോ മരുഭൂമിയില്‍ മഴയും മരപച്ചയുമെന്ന പോലെ വന്നുഭവിക്കുന്നു. ജീവിതത്തോടുള്ള ഒരാളുടെ കാഴ്ചപ്പാടില്‍ പോസീറ്റീവായ മാറ്റം കൊണ്ടു വരാന്‍ കഴിയുന്ന ചുരുക്കം ചില പുസ്തകങ്ങള്‍ ഒന്നാണ് ആടുജീവിതം.
പ്രത്യേക തരം വായനക്കാരനെ തൃപ്തിപ്പെടുത്താനുള്ള ഇക്കിളിപ്രയോഗങ്ങളായി ഒരു വാക്കും തോന്നിയില്ല. ആടുജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കായി അല്ലാതെ വെച്ചുപിടിപ്പിച്ച് മുഴച്ച് നില്‍ക്കുന്ന ഒന്നും തന്നെ കാണാത്തതും ഈ പുസ്തകം എനിക്ക് പ്രിയപ്പെട്ടതാക്കുന്നു. അല്ലെങ്കില്‍ തന്നെ ഗോപ്യത സഭ്യത തുടങ്ങിയവയ്‌ക്കൊക്കെ മനുഷ്യജീവിതത്തിലല്ലാതെ ആടുജീവിതത്തിലെന്ത് സ്ഥാനം?
ലോകക്ലാസിക്കുകളുടെ നിരയില്‍ ആടുജീവിതവും- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക