Image

ശ്രീനാരായണ ഗുരു ദേവാധി ദേവനെന്ന് കാരൂര്‍ സോമന്‍

ഡോ.പരിഷ്.കെ.ഭാസി Published on 11 July, 2013
ശ്രീനാരായണ ഗുരു ദേവാധി ദേവനെന്ന് കാരൂര്‍ സോമന്‍
ലണ്ടന്‍ : ശ്രീനാരായണ ഗുരുമിഷന്‍ ഈസ്റ്റ്ഹാം ഹാളില്‍ ജൂലായ് 7ന് ഡോ. നിര്‍മ്മല ദേവി രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിദ്യാഭ്യാസ- സാംസ്‌ക്കാരിക സമ്മേളനത്തില്‍ “ദേവാലയത്തില്‍ നിന്ന് വിദ്യാലയത്തിലേക്ക്” എന്ന വിഷയത്തില്‍ പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കാരൂര്‍ സോമന്‍, ചാരുംമൂട് മുഖ്യ പ്രഭാഷണം നടത്തി.

1916 ല്‍ നാരായണഗുരും നല്‍കിയ സന്ദേശമാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അടിത്തറയെന്ന് കാരൂര്‍ ഓര്‍മ്മിപ്പിച്ചു. ഇന്‍ഡ്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഗുരുദര്‍ശനങ്ങളെ ചെവികൊണ്ടില്ല. 1947ല്‍ ഇന്‍ഡ്യ സ്വതന്ത്രപരമാധികാര രാഷ്ട്രമായിട്ടും നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ സ്വന്തം സംസ്ഥാനത്തുപോലും ഭരണ-സമുദായ മേലാളന്‍മാര്‍ വിദ്യാഭ്യാസരംഗത്തും കെട്ടിപ്പൊക്കുവാന്‍ ശ്രമിച്ചില്ല. അതിന്റെ പ്രധാന കാരണം സ്വാര്‍ത്ഥതയും അഴിമതിയുമാണ്.

അന്ന് വിദ്യാഭ്യാസത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചത് സവര്‍ണ്ണര്‍ക്കായിരുന്നെങ്കില്‍ ഇന്ന് ആ ആനുകൂല്യമുള്ളത് സമ്പന്നവര്‍ഗ്ഗത്തിന് മാത്രമാണ്.

ഇന്നും  സവര്‍ണ്ണ- അവര്‍ണ്ണ നയങ്ങള്‍ തുടരുന്നുവെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മതങ്ങളെ ഒരു മയക്ക് മരുന്നായി കൊണ്ടു നടക്കുന്നവര്‍ക്ക് നല്ലൊരു ഔഷധമാണ് നാരണ ഗുരു മുന്നോട്ടു വെച്ച വിദ്യാധനം. ആ മരുന്ന് മനുഷ്യനെ അറിവുള്ളവനാക്കി വളര്‍ത്തും. ആ വളര്‍ച്ചയില്‍ നിലവിലിരിക്കുന്ന അന്ധവിശ്വാസങ്ങളും വ്യവസ്ഥിതികളും വലിച്ചെറിയപ്പെടും. അതൊരുപക്ഷെ സാമൂഹ്യ വിപ്ലവങ്ങളായി മാറ്റപ്പെടാം.

മനുഷ്യനില്‍ അറിവും ആത്മാവും വളര്‍ന്നു കഴിഞ്ഞാല്‍ ഒരു ശക്തിക്കും അവനെ കീഴ്‌പ്പെടുത്താനാകില്ല. അവര്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നവരായിരിക്കും. അറിവും അദ്ധ്വാനവും അവരുടെ കൂടെപ്പിറപ്പുകളാണ്. രാജ്യത്തിന്റെ പുരോഗതിയെന്ന് പറയുന്നതും ഈ കൂട്ടരിലാണ്. ഇന്ന് നിര്‍ഭാഗ്യമെന്ന് പറയട്ടെ അറിവോ അദ്ധ്വാനമോ ആത്മാവോ ഇല്ലാത്തവരാണ് നമ്മെ നയിക്കുന്നത്.

ഇങ്ങനെയുള്ള ഒരു സമൂഹം രക്ഷപ്പെടണമെങ്കില്‍ നാരായണഗുരു മുന്നോട്ടു വെച്ച “ദേവാലയത്തില്‍ നിന്നും വിദ്യാലയത്തിലേക്ക്” എന്ന സന്ദേശം എല്ലാവരും ഉള്‍ക്കൊള്ളണം. പഠിച്ചും വായിച്ചും വളരുവാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാകണം.

നാരായണ ഗുരു മുന്നോട്ടു വെച്ച ദര്‍ശനങ്ങളെ ജനങ്ങളില്‍ എത്തിക്കാതിരിക്കാന്‍ ആരാണ് തടസ്സം നിന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. 1947 മുതല്‍ 2013 വരെ കേരളം ഭരിച്ചവരും സമുദായ നേതാക്കന്മാരും ഇതിനുത്തരം പറയാന്‍ ബാധ്യസ്ഥരാണ്. മതമെന്ന മയക്കുമരുന്നും വോട്ടുപെട്ടിയും സ്വാര്‍ത്ഥതാല്‍പര്യങ്ങളും മാത്രമായിരുന്നോ ഇവരുടെ ലക്ഷ്യം? ഇന്ന് പഠിക്കുന്നവനും പഠിപ്പിക്കുന്നവനും ചൂക്ഷണത്തിന് വിധേയമാകുന്നതിന് ഉത്തരവാദികള്‍ ആരൊക്കെയാണ് ? നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏതാനും ക്ലാസ്സുകളില്‍ മാത്രം പഠിപ്പിക്കാതെ ഇന്‍ഡ്യയിലെ എല്ലാ വിദ്യാലയങ്ങളിലും എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല?

ഇന്ത്യയില്‍ ധാരാളം ദേവീദേവന്‍ന്മാരെ ആളുകള്‍ ആരാധിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഇവര്‍ എവിടെ ജനിച്ചുവെന്നോ ആരെന്നോ ആര്‍ക്കുമറിയില്ല. സാഹിത്യകാരന്‍ന്മാരാല്‍ സൃഷ്ടിക്കപ്പെട്ട ഈ കഥാപാത്രങ്ങളെ മതങ്ങള്‍ പാടി പുകഴ്ത്തി. സിനിമക്കാരും ചാനലുകാരും അവരെ കച്ചവടം ചെയ്ത് കാശുണ്ടാക്കുന്നു. കുട്ടികള്‍ക്ക് പഠിക്കാനോ വായിക്കാനോ മനസ്സില്ല. കണ്‍മുന്നിലൂടെ ഒരു മാജിക് പോലെ കടന്നുപോകുന്ന ജീവിത ബോധമോ മൂല്യമോ ഇല്ലാത്ത കച്ചവട സിനിമകള്‍ രാഷ്ട്രീയ സീരിയലുകള്‍ കണ്ടവര്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടുലയുന്നു. ഇവിടെയാണ് ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

1928 സെപ്റ്റംബറില്‍ അദ്ദേഹം സമാധിയാകുന്നതുവരെ മനുഷ്യ പുരോഗതിക്കായി, ആദ്ധ്യാത്മീക വളര്‍ച്ചയ്ക്കായി, സാഹിത്യത്തിന്റെ മണിനാദമായി, സാമൂഹ്യ ഉദ്ധാരണത്തിനായി ജനങ്ങളെ ദേവാലയത്തില്‍ നിന്നും വിദ്യാലയത്തിലേയ്ക്കയക്കണമെന്നരുളി ചെയ്ത ഒരു മഹാത്മാവിനെയും ഇന്‍ഡ്യയില്‍ കണ്ടിട്ടില്ല. അതിനാലണദ്ദേഹം ദേവാദിദേവനായി ഉയര്‍ത്തപ്പെടുന്നതെന്നും കാരൂര്‍ സോമനറിയിച്ചു.

സമ്മേളനത്തിന് നേതൃത്വം കൊടുത്തത് സനില്‍ മാധവന്‍, വിജയകുമാര്‍, ഗിരിധരന്‍, റ്റി.ജി. ശശീധരന്‍, ശ്രീമതി ബീന, വല്‍സമ്മ തങ്കപ്പന്‍, ഉണ്ണി വി.ആനന്ദ്, ജയദേവന്‍ എന്നിവരായിരുന്നു. സുരേഷ് തമ്പി കീര്‍ത്തനം ആലപിച്ചു. ഡോ.പാരിഷ് ഭാസി നന്ദി അറിയിച്ചു.

വാര്‍ത്ത അയച്ചത് : ഡോ.പരിഷ്.കെ.ഭാസി
ശ്രീനാരായണ ഗുരു ദേവാധി ദേവനെന്ന് കാരൂര്‍ സോമന്‍ശ്രീനാരായണ ഗുരു ദേവാധി ദേവനെന്ന് കാരൂര്‍ സോമന്‍ശ്രീനാരായണ ഗുരു ദേവാധി ദേവനെന്ന് കാരൂര്‍ സോമന്‍
Join WhatsApp News
Toma Thomas 2013-07-11 10:27:59
കരൂര് സോമൻ, വെള്ളപ്പില്ലി നടേശനെ ഒന്ന് ഉപദേശിക്കുക.
Jack Daniel 2013-07-11 12:50:37
മതം ഏതായാലും കള്ള് നന്നായാൽ മതി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക