Image

ഉമ്മന്‍ ചാണ്ടിയുടെ പതനം എപ്പോള്‍? ചെന്നിത്തലയുടെ ശുക്രന്‍ ഉദിച്ചോ?

Published on 08 July, 2013
ഉമ്മന്‍ ചാണ്ടിയുടെ പതനം എപ്പോള്‍? ചെന്നിത്തലയുടെ ശുക്രന്‍ ഉദിച്ചോ?
ഇനിയിപ്പോള്‍ പ്രതിപക്ഷം മിനക്കെട്ടില്ലെങ്കിലും മുഖ്യനും, തിരുവഞ്ചൂരിനും ചിലപ്പോ മന്ത്രിസഭ തന്നെയും രാജിവെക്കേണ്ടി വരും. കാരണം ശ്രീധരന്‍ നായരുടെ മൊഴി അത്രത്തോളം കുരുക്കിയിരിക്കുന്നു മുഖ്യമന്ത്രിയെ. സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി സരിതാ നായര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്ന ശ്രീധരന്‍ നായരുടെ ചാനല്‍ വെളിപ്പെടുത്തല്‍ ഇനി മുഖ്യമന്ത്രിയെ വേട്ടയാടുമെന്ന് ഉറപ്പ്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ പ്രത്യക്ഷത്തില്‍ ബന്ധപ്പെടുത്തുന്ന ആദ്യത്തെ വെളിപ്പെടുത്തലാണിത്. സോളാര്‍ തട്ടിപ്പ് കേസിനെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ നിയമസഭയിലും മാധ്യമങ്ങളിലും നടത്തിയ പ്രസ്താവനകളെല്ലാം, താന്‍ കുറ്റക്കാരനല്ലെന്ന നിലപാടുകളെല്ലാം, സംശയത്തിന്റെ നിഴലിലേക്ക് മാറ്റുന്ന വെളിപ്പെടുത്തലാണ് ശ്രീധരന്‍ നായരുടേത്. സരിത തന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയെന്ന ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു. അത് എന്തു തന്നെ ആയാലും മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള എല്ലാ വിശ്വാസങ്ങളും ഇതോടെ തകരുകയാണ് എന്നതാണ് സത്യം.

സോളാര്‍ വിഷയത്തില്‍ സംശയത്തില്‍ നിഴല്‍ മുഖ്യമന്ത്രിയിലേക്ക് എത്തിയതോടെ യുഡിഎഫ് മൊത്തത്തില്‍ ഭിന്നിച്ചു പോയി എന്നതാണ് യഥാര്‍ഥ്യം. ഇക്കാലമത്രയും ഉമ്മന്‍ചാണ്ടിയുടെ വലംകൈയ്യും "എ' ഗ്രൂപ്പിലെ ശക്തനുമായിരുന്ന തിരുവഞ്ചൂരും മുഖ്യമന്ത്രിയും തമ്മിലുള്ള അകല്‍ച്ചയാണ് ഒന്നാമത്തെ കാരണം. മുഖ്യമന്ത്രി ആരോപണ വിധേയനായ സാഹചര്യത്തില്‍ മുഖ്യനെ വെട്ടി തിരുവഞ്ചൂര്‍ സൂപ്പര്‍ മുഖ്യമന്ത്രിയാവാനുള്ള ശ്രമം നടത്തിയെന്നാണ് പറയപ്പെടുന്നത്. തിരുവഞ്ചൂരിനെതിനെതിരെ ശാലുമേനോനെ സംബന്ധിക്കുന്ന ആരോപണങ്ങളുണ്ടായതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകള്‍ ചോര്‍ന്നതിന് പിന്നില്‍ തിരുവഞ്ചൂരിന്റെ ഓഫീസുണ്ടെന്ന് കോണ്‍ഗ്രസില്‍ ഗ്രുപ്പുകള്‍ക്ക് അതീതമായി തന്നെ ആരോപണമുണ്ട്. ഇവിടെ തന്റെ വിശ്വസ്തനായ തിരുവഞ്ചൂരിനെ ഉമ്മന്‍ചാണ്ടിപോലും കൈയ്യൊഴിഞ്ഞിരിക്കുന്നു.
മുമ്പ് അഞ്ചാം മന്ത്രി വിവാദത്തിനു പിന്നാലെ സാമുദായിക സന്തുലിതാവസ്ഥ കൈവരിക്കാനുള്ള തന്ത്രപ്പാടില്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് തന്റെ കൈയ്യിലിരുന്ന ആഭ്യന്തര വകുപ്പ് വിശ്വസ്തനായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ആഭ്യന്തര വകുപ്പുമായി തിരുവഞ്ചൂര്‍ സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുകയാണ് എന്നാണ് എ ഗ്രൂപ്പിന്റെപോലും പരാതി. 
ചെന്നിത്തലയുടെ മന്ത്രിപദലബ്ദി വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പിണങ്ങുകയും, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് നിര്‍ണ്ണായക സ്വാധീനം നേടുകയും ചെയ്തപ്പോള്‍ ഒതുങ്ങിപ്പോയിരുന്ന "ഐ' ഗ്രൂപ്പിന്, സര്‍ക്കാരിനെ കൈയ്യാളിയിരുന്ന "എ' ഗ്രൂപ്പിനെ ഒതുക്കാന്‍ കിട്ടിയ ഏറ്റവും സുവര്‍ണ്ണ മുഹൂര്‍ത്തം കൂടിയാണ് ഇപ്പോള്‍ സോളാര്‍ വിവാദം.

എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ ഇവിടെ തീരുന്നതല്ല. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ യുഡിഎഫിനുള്ളില്‍ നില്‍ക്കുന്ന ആഭ്യന്ത പ്രശ്‌നങ്ങളും സോളാര്‍ വിഷയത്തിലെന്നപോലെ തന്നെ സര്‍ക്കാരിനെ വിഷമിപ്പിക്കുന്നുണ്ട്. സോളാര്‍ കേസില്‍ പ്രത്യക്ഷത്തില്‍ ആരോപണ വിധേയരായിരിക്കുന്നവര്‍ കോണ്‍ഗ്രസ് മന്ത്രിമാരും പിന്നെ ഗണേഷ്കുമാറുമാണ്. ലീഗ് നേതാക്കളുടെ പേരുകളൊന്നും ഇതുവരെയും പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ രമേശ് ചെന്നിത്തലയുടെ ലീഗ് വിരുദ്ധ പ്രസ്താവനയോടെ ലീഗ് നേതാക്കളൊന്നും തന്നെ ശക്തമായി കോണ്‍ഗ്രസ് നേതാക്കളെ പിന്തുണക്കുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളായ ലീഗ് നേതാക്കള്‍, മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും ശക്തമായ ഒരു നിലപാടുമായി മുഖ്യന്റെ രക്ഷക്ക് എത്തുന്നില്ല. 
ഇതോടെ ഐ ഗ്രൂപ്പ് മുഖ്യനും തിരുവഞ്ചൂരിനും എതിരെയുള്ള നിലപാടുകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഐ ഗ്രൂപ്പില്‍ നിന്നും മുരളിധരനാണ് സോളാര്‍ വിഷയത്തിലെ പ്രധാന വിമര്‍ശനകനായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും തിരുവഞ്ചൂരിനെയും ഉന്നം വെച്ചുകൊണ്ടാണ് മുരളീധര വിമര്‍ശനങ്ങളെല്ലാം. ജുഡീഷ്യല്‍ അന്വേഷണം ആവിശ്യപ്പെടുന്നതില്‍ പ്രധാനിയും മുരളീധരന്‍ തന്നെ. ഒപ്പം ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞു കൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും, കെ.സുധാകരനുമൊക്കെ രംഗത്തെത്തി കഴിഞ്ഞു.

ഇതോടെ സോളാര്‍ വിവാദത്തില്‍ യുഡിഎഫിന്റെ പ്രതിരോധം ഇനിയുള്ള ദിവസങ്ങളില്‍ തീര്‍ത്തും ദുര്‍ബലമായിരിക്കുമെന്ന് തീര്‍ച്ച. പ്രധാനമായും മുഖ്യമന്ത്രിയുടെ ഓഫീസിലും, മുഖ്യമന്ത്രിയോടു തന്നെയും സരിതയക്കുണ്ടായിരുന്ന അടുപ്പം തട്ടിപ്പ് കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ മൊഴിയിലുടെ കുറച്ച് സമയം മുമ്പ് പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍.

ഇവിടെ ശ്രീധരന്‍ നായരുടെ പരാമര്‍ശങ്ങളെ നിസാരമായി തള്ളിക്കളഞ്ഞ് കൈയ്യൊഴിയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല എന്നുറപ്പ്. എല്ലാത്തിനും പുറമെ മുഖ്യമന്ത്രിയുടെ കുടുംബത്തെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനും വി.എസും. ഇതിനെയെല്ലാം അതിജീവിക്കാന്‍ ഉമ്മന്‍ചാണ്ടി പഠിച്ച പണി പതിനെട്ടും നോകേണ്ടി വരും.

ഇവിടെ ന്യായമായും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കേണ്ടി വരുമെന്നതാണ് വസ്തുത. കുറഞ്ഞത് അന്വേഷണം കൃത്യമായി നടക്കുന്നു എന്ന പൊതുബോധം സൃഷ്ടിക്കാന്‍ തിരുവഞ്ചൂര്‍ എങ്കിലും രാജിവെക്കേണ്ടി വരും. പക്ഷെ ഇവിടെ വേണമെങ്കില്‍ സര്‍ക്കാരിന്റെ തന്നെ രാജി ആവിശ്യപ്പെടാവുന്ന ഒരു രാഷ്ട്രീയ സാഹചര്യമുണ്ടെങ്കിലും പ്രതിപക്ഷം ആവിശ്യപ്പെടുന്നത് കേവലം മുഖ്യമന്ത്രിയുടെയും തിരുവഞ്ചൂരിന്റെയും രാജികള്‍ മാത്രമാണ്. എന്തുകൊണ്ടെന്നാല്‍ പൊതുവില്‍ കേരളത്തെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ പ്രതിപക്ഷത്തിന് താത്പര്യമില്ല.

പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് അതിന് കാരണം. 
എന്നാല്‍ മുഖ്യമന്ത്രിയുടെ രാജിയിലേക്ക് മാത്രമായി ആവിശ്യങ്ങള്‍ ഉയരുന്നതിന് പിന്നില്‍ മറ്റൊരു ഗ്രൂപ്പ് രാഷ്ട്രീയം കൂടിയുണ്ട് എന്നത് തന്നെയാണ് വസ്തുത. അത് ചെന്നിത്തലക്ക് കോണ്‍ഗ്രസില്‍ സര്‍വ്വാധിപനായി മാറുക എന്ന തന്ത്രത്തിന്റെ ഗ്രൂപ്പ് രാഷ്ട്രീയമാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖം താഴെ വീണാല്‍ പിന്നെ എ ഗ്രൂപ്പ് എന്നത് കോണ്‍ഗ്രസില്‍ അപ്രസക്തമാണ്. പാര്‍ട്ടിയിയുടെ അധ്യക്ഷ പദവിയും ഹൈക്കമാന്‍ഡില്‍ സ്വാധീനവുമുള്ള എ ഗ്രൂപ്പ് തന്നെയാവും പിന്നെ ശക്തിയാര്‍ജ്ജിക്കുക. അങ്ങനെ വന്നാല്‍ ചെന്നിത്തലയാവും പിന്നെ കോണ്‍ഗ്രസിന്റെ മുഖം. അവിടെ ഒരു കാരണവശാലം തിരുവഞ്ചൂര്‍ കടന്നു വരാന്‍ പാടില്ല എന്ന അജണ്ടയും കൃത്യമായ പ്ലാനിംങോടുകൂടി തന്നെ നടപ്പാക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തിരുവഞ്ചൂരിനെ കുടക്കിയതിന് പിന്നിലെ കാരണമിതാണ്.

ഇതിനെല്ലാം കോണ്‍ഗ്രസിലെ ചെന്നിത്തല വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന ഒരു ലോബിയിംഗ് പ്രവര്‍ത്തനം യുഡിഎഫില്‍ തന്നെയുണ്ടെന്ന് മനസിലാക്കണം. അതാണ് പി.സി ജോര്‍ജ്ജ് നിര്‍വഹിച്ചുകൊണ്ടു പോരുന്നത്. തുടക്കം മുതല്‍ തന്നെ സോളാര്‍ കേസില്‍ തിരുവഞ്ചൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്
ജോര്‍ജാണു. ഇപ്പോള്‍ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യുന്നെങ്കില്‍ അതുമാവട്ടെ എന്ന നിലപാടിലാണ് പി.സി ജോര്‍ജ്ജ്. അതിന് ജോര്‍ജ്ജിന് മൗന അനുവാദം നല്‍കിയിരിക്കുന്നത് പോലെയാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നിലപാട് എടുത്തിരിക്കുന്നത്. പി.സി ജോര്‍ജ്ജിനെ കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതാവട്ടെ ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ ഇഷ്ടക്കാരന്‍ കെ.മുരളീധരനും. 
എന്തായാലും സോളാര്‍ വിവാദം സര്‍ക്കാരിനെ താഴെയിറക്കില്ലെങ്കിലും കുറഞ്ഞത് കോണ്‍ഗ്രസിലെ ചില പ്രമുഖരുടെ രാഷ്ട്രീയ ഭാവി തകിടം മറിക്കുമെന്ന് ഉറപ്പ്. തിരുവഞ്ചൂരിന് ഇപ്പോള്‍ തന്നെ ഏതാണ്ട് കുറിവീണു കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഭാവി ശ്രീധരന്‍ നായര്‍ തീരുമാനിക്കുമെന്നും കരുതാം. 

പിന്‍കുറിപ്പ്- ""സരിതാ നായര്‍ക്കൊപ്പം മുഖ്യനെ കണ്ടുവെന്ന് ശ്രീധരന്‍ നായര്‍''.
അവസാനം നായന്‍മാരെല്ലാവരും ചേര്‍ന്ന് മുഖ്യനെ കുടുക്കി.
ഉമ്മന്‍ ചാണ്ടിയുടെ പതനം എപ്പോള്‍? ചെന്നിത്തലയുടെ ശുക്രന്‍ ഉദിച്ചോ?
Join WhatsApp News
RAJAN MATHEW DALLAS 2013-07-11 06:51:50

സരിതാ നായര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്ന ശ്രീധരന്‍ നായരുടെ ചാനല്‍ വെളിപ്പെടുത്തല്‍ 

ശ്രീധരന്‍ നായരെ നൂറു ശതമാനം വിശ്വസിക്കാമോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക