Image

മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 09 July, 2013
മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠം
1882 ല്‍ ആര്‍ച്ച് ഡീക്കന്‍ കോശി എഴുതിയ " പുല്ലേലിക്കനവ് " തുടങ്ങി 1887 ല്‍ പ്രസിദ്ധീകരിച്ച അപ്പു നെടുങ്ങാടിയുടെ "കുന്ദലത"യും 1889 ല്‍ പ്രസിദ്ധീകരിച്ച ചന്തുമേനോന്റെ "ഇന്ദുലേഖ"യിലും തുടങ്ങി മലയാള നോവലിന്റെ ചരിത്രം സി.വി. രാമന്‍പിള്ളയുടെ ചരിത്രം വ്യായികകളിലൂടെ തുടര്‍ന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ആദ്യതലമുറ എന്നു വിശേഷിപ്പിക്കപ്പെടുന്ന കേശവദേവ്(1904) വൈക്കം മുഹമ്മദ് ബഷീര്‍(1910) തകഴി(1911), പൊറ്റക്കാട്(1913) എന്നിവരുടെ കാലത്തു തന്നെയാണ് മുട്ടത്തു വര്‍ക്കിയും ജനിച്ചത്(1913).

1940 മുതല്‍ ഉള്ള രണ്ടു ദശാബ്ദക്കാലം മലയാള നോവല്‍ സാഹിത്യത്തിലെ നവോത്ഥാനകാലം എന്നറിയപ്പെട്ട കാലഘട്ടത്തിലാണ് മുട്ടത്തുവര്‍ക്കി നോവല്‍ രംഗത്തു തുടക്കം കുറിച്ചത്. തകഴി, കേശവദേവ് തുടങ്ങിയവര്‍ റിയലിസപ്രസ്ഥാനത്തോടും സോഷ്യലിസ്റ്റു റിയലിസത്തോടും കൂറുള്ള പ്രമുഖരായിരുന്നു. വര്‍ഗ്ഗസംഘട്ടനം, സാമൂഹ്യവിമര്‍ശനം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത ശക്തി ഒക്കെ വിഷയമാക്കിയ ഇവര്‍ സാഹിത്യത്തെ രാഷ്ട്രീയവുമായി കൂടുതല്‍ അടുപ്പിച്ചവരാണ്.

എം.ടി., നന്തനാര്‍, പാറപ്പുറം, കോവിലന്‍, മലയാറ്റൂര്‍ തുടങ്ങിയ രണ്ടാം തലമുറക്കാര്‍ റിയലിസത്തില്‍ നിന്ന് വഴി മാറി നീന്തിയ മുന്‍നിരക്കാരാണ്. കാല്പനികതയിലൂടെ അവനവനിലേക്കും ഗ്രാമുഹൃദയങ്ങളിലേക്കും ഇവര്‍ ഇറങ്ങിചെന്നു.

1960 കള്‍ മുതല്‍ 1980 വരെയുള്ള കാലം ആധുനികതയുടെ കാലമായിരുന്നു. കാമു, സാര്‍ത്ര തുടങ്ങിയവരുടെ അസ്ഥിത്വവാദവും, നിഷേധാത്മകതയും പാരമ്പര്യ നിഷേധവും, ലൈംഗിക ജീര്‍ണ്ണതയും ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. കടം കൊണ്ട ദാര്‍ശികതയായിരുന്നു. ഇവരുടെ കൈമുതല്‍, ഒ.വി.വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍ ഒക്കെ ആയിരുന്നു ഈ കാലയളവിലെ സാഹിത്യനായകര്‍.

1913 ല്‍ ജനിച്ച് 1989 ല്‍ മരിച്ച മുട്ടത്തുവര്‍ക്കി മലയാള സാഹിത്യചരിത്രത്തിലെ നവോത്ഥാന ഘട്ടമായ 1940 മുതല്‍ ആധുനികതയുടെ അന്ത്യം കണ്ട 1980 കള്‍ കടന്ന് ഉത്തരാധുനികതയുടെ തുടക്കം കുറിച്ച കാലഘട്ടം വരെ ജീവിക്കുകയും എഴുത്തില്‍ സജീവമായി ഇടപെടുകയും ചെയ്തുവെങ്കിലും വര്‍ക്കി ഒരിക്കലും സ്വന്തം തട്ടകം മാറ്റിയില്ല. ഏത് ആയിരുന്നു വര്‍ക്കിയുടെ തട്ടകം? ഏതു സാഹിത്യപ്രസ്ഥാനത്തില്‍ ആണ് വര്‍ക്കി വ്യാപരിച്ചത്? എന്തായിരുന്നു വര്‍ക്കിയുടെ ഇസം?

തകഴിയും കേശവദേവും തുടങ്ങിയവര്‍ റിയലിസ്റ്റുകള്‍ ആയിരുന്നു. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ സോഷ്യലിസ്റ്റു റിയലിസ്റ്റുകള്‍. സാഹിത്യസൃഷ്ടികളെ വര്‍ഗ്ഗസമരത്തിന് ആയുധമാക്കിയവര്‍. ഇങ്ങിനെയുള്ള എഴുത്തുകാരെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ തോളിലേറ്റി നടന്നത് സ്വാഭാവികം. എം.ടി.യില്‍ തുടങ്ങുന്ന രണ്ടാം തലമുറക്കാര്‍ കാല്പനികതയില്‍ വ്യാപരിച്ചു. നായര്‍ തറവാടുകളും നാലുകെട്ടും എം.ടി. അവതരിപ്പിച്ചപ്പോള്‍ നന്തനാരും കോവിലനുമാകട്ടെ പട്ടാള ജീവിതം തട്ടകമാക്കി. മലയാറ്റൂര്‍ ബ്യൂറോക്രസിയുടെ അകത്തളങ്ങള്‍ നോവലുകളുടെ ഭൂമികയാക്കി. മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ ജീവിതമായിരുന്നു പാറപ്പുറത്തിന് പ്രിയപ്പെട്ട വിഷയം. ഇവരെയൊക്കെ നാം കാല്പനികര്‍ എന്നു വിളിച്ചു.

യഥാര്‍ത്ഥത്തില്‍ മലയാള സാഹിത്യനിരൂപകര്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സാഹിത്യപ്രസ്ഥാനത്തില്‍ അല്ലേ ഈ രണ്ടാം തലമുറ വ്യാപരിച്ചത്? പ്രത്യേകിച്ച് മുട്ടത്തുവര്‍ക്കി?

19-#ാ#ം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പാശ്ചാത്യസാഹിത്യത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍, പ്രാമുഖ്യം നേടിയ ഒരു സാഹിത്യപ്രസ്ഥാനമായ "ലോക്കല്‍ കളര്‍ റൈറ്റിംഗ് "എന്ന രീതിയോടല്ലേ ഇവര്‍ക്കെല്ലാം കൂടുതല്‍ അടുപ്പം? ഒരു പ്രത്യേക പ്രദേശത്തെ ജനതയുടെ തനതായ രീതികള്‍, ആചാരങ്ങള്‍ , സംഭാഷണരീതികള്‍, ഐതിഹ്യങ്ങ
ള്‍ , കീഴ്‌വഴക്കങ്ങള്‍ , വിശ്വാസങ്ങള്‍ ഒക്കെ തനിമ നഷ്ടപ്പെടാതെ സാഹിത്യത്തില്‍ ആവിഷ്‌ക്കരിക്കുന്ന രീതിയാണ് ലോക്കല്‍ കളര്‍ റൈറ്റിംഗ് എന്നു പറയുന്നത്. ലോക്കല്‍ കളര്‍ രചന റൊമാന്റിസിസവും റിയലിസവും കൂട്ടിച്ചേര്‍ന്ന രൂപമാണ്, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ്.(മാക്ക്റ്റ്‌വയിന്‍ എഴുതിയ ഹക്ക്ള്‍ ബെറി ഫിന്‍ ഇതിന് മികച്ച ഉദാഹരണമാണ്) പ്രാദേശിക പശ്ചാത്തല സന്നിവേശം എന്ന് വേണമെങ്കില്‍ ഇതിനേ മലയാളീകരിക്കാം.

തകഴിയുടെ രണ്ടിടങ്ങഴിയില്‍ കുട്ടനാടന്‍ ജീവിതവും, ചെമ്മീനില്‍ മുക്കുവ ജീവിതവും, തോട്ടിയുടെ മകനില്‍ തോട്ടിയുടെ ജീവിതവും ആയിരുന്നെങ്കില്‍ , എം.ടി.യുടെ നോവലുകളില്‍ നാലുകെട്ടും നായര്‍ തറവാടുകളുമായിരുന്നെങ്കില്‍ മുട്ടത്തുവര്‍ക്കിയുടേത് മദ്ധ്യതിരുവിതാംകൂറിലെ സാധാരണ നാട്ടിന്‍പുറത്തുകാരുടേതായിരുന്നു, ക്രിസ്ത്യാനികളുടേതായിരുന്നു. "പാടത്ത പൈങ്കിളി" ഒരു യഥാര്‍ത്ഥ ലോക്കല്‍ കളര്‍ രചന തന്നെയാണ്. അതിന്റെ പശ്ചാത്തലവും, കഥാപാത്രങ്ങളും വര്‍ക്കി ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്റെ നേര്‍കാഴ്ചകള്‍ തന്നെയാണ്. ഗ്രാമത്തിലെ മനുഷ്യരെ അവര്‍ ആയിരിക്കുന്ന രീതിയില്‍, അവരുടെ തനിമയുള്ള സംഭാഷണങ്ങളില്‍ ഗ്രാമക്കാഴ്ചകളില്‍, കാല്പനികമായ ഒരു ഇതിവൃത്തം സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥമായ ആവിഷ്‌ക്കരണത്തിലൂടെ മുട്ടത്തുവര്‍ക്കി കഥ പറഞ്ഞുകൊണ്ടേയിരുന്നു, ഇണപ്രാവുകളിലൂടെ, പാടാത്ത പൈങ്കിളിയിലൂടെ, മൈലാടും കുന്നിലൂടെ, കരകാണാക്കടലിലൂടെ, വെളുത്ത കത്രീനയിലൂടെ അങ്ങിനെ എഴുപത്തഞ്ചിലധികം നോവലുകളിലൂടെ.
(തുടരും)
മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠംമുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -2-ജോസഫ് നമ്പിമഠം
Join WhatsApp News
JOSEPH NAMBIMADAM 2013-07-09 07:57:22
Please read as PULLELIKUNJU insted of Pullelikkanavu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക