Image

ഫേസ്ബുക്കിലെ പശു പുല്ലുതിന്നുമോ?

Published on 07 July, 2013
ഫേസ്ബുക്കിലെ പശു പുല്ലുതിന്നുമോ?
ഫേസ്ബുക്കില്‍ Eമലയാളി ഇല്ലേ? ഒരു സുഹൃത്ത് ആകാംക്ഷയോടെ ചോദിച്ചു. ഉണ്ടല്ലോ. പല സ്ഥലങ്ങളില്‍. 'പക്ഷെ Eമലയാളിക്ക് ഫ്രണ്ട്‌സ് കുറവ്. മറ്റു ചിലര്‍ക്ക് ധാരാളം' സുഹൃത്ത് പറഞ്ഞു.
(സത്യം. ഫ്രണ്ട്‌സ് കുറവാണെന്നു മാത്രമല്ല. ശത്രുക്കള്‍ ധാരാളമുണ്ട് താനും.)

'അങ്ങേര് ഒരു വാര്‍ത്ത ഫേസ്ബുക്കിലിട്ടു. ഹിറ്റ് 3000-ല്‍ കൂടുതല്‍ കിട്ടി'. 'ലൈക്ക്' അണെങ്കില്‍ വേറെ. ജനശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ തകര്‍പ്പന്‍ തലക്കെട്ട് കൊടുക്കണം.'

ഉദാഹരണം?

'കാര്യം നിസാരമല്ലേ. സരിതയുടെ പുതിയ കഥകള്‍ വീഡിയോയില്‍; ശാലുവിന്റെ കയ്യിലെ വീഡിയോ; ഉന്നതര്‍ ഭീതിയില്‍; മന്ത്രിസഭയുടെ പതനം ആസന്നം; ആഭ്യന്തരമന്ത്രി വീണ്ടും പ്രശ്‌നത്തില്‍... വാര്‍ത്തയില്‍ ഇതേപ്പറ്റിയൊന്നും ഇല്ലങ്കിലും കുഴപ്പമില്ല'.

പക്ഷെ പത്രധര്‍മ്മം എന്നൊന്നില്ലേ?

'ഹിറ്റും ലൈക്കും കിട്ടുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്'

അതു ശരി. എത്ര ഹിറ്റും എത്ര ലൈക്കും കിട്ടിയാലാണ് നമുക്ക് വല്ലതും തടയുക?

സുഹൃത്തിന് ഉത്തരമില്ല. ഹിറ്റും ലൈക്കും പുഴുങ്ങിത്തിന്നാനാവില്ല. എന്നാല്‍ ജനങ്ങളുടെ വിശ്വാസം നേടിയാല്‍ അതു നിലനില്ക്കും.

രഞ്ജിനി ഹരിദാസും ബിനോയി ചെറിയാനുമായുള്ള എയര്‍പോര്‍ട്ട് പ്രശ്‌നം ഉണ്ടായപ്പോള്‍ ആദ്യം ബിനോയിയെ വിളിച്ചതും ബിനോയിയുടെ ഭാഗം കൊടുത്തതും Eമലയാളി ആയിരുന്നു. പക്ഷെ പിന്നീടത് കാക്കത്തൊള്ളായിരം സൈറ്റുകളും ഡിസ്‌കഷന്‍ ഫോറങ്ങളും ഏറ്റെടുത്തു. നല്ലതുതന്നെ.

അത്തരം പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് പെട്ടെന്നു കഴിയുന്നു. പക്ഷെ ആധികാരികമായ ഒരു പത്രത്തിന്റെ സ്ഥാനം ഫേസ്ബുക്കിന് ലഭിക്കുമോ? ഇല്ലെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണല്ലോ പ്രമുഖ മാധ്യമങ്ങള്‍ക്കൊക്കെ ഫേസ്ബുക്കില്‍ സാന്നിധ്യം നന്നേ കുറവ്.
പത്രം ലക്ഷ്യമിടുന്നത് വാര്‍ത്തയും വിശ്വാസ്യതയും സ്ഥിരം വായനക്കരുമായുള്ള ബന്ധവുമാണു. അതൊരു ഡിസ്‌കഷന്‍ ഫോറം മാത്രമല്ല.

Eമലയാളിയെപ്പറ്റി പറഞ്ഞാല്‍ അമേരിക്കന്‍ മലയാളികളുടെ ഒരു ദിനപത്രമായി നില്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തിരക്കുപിടിച്ച അമേരിക്കന്‍ ജീവിതത്തില്‍ അത്യാവശ്യ വിവരങ്ങള്‍ പെട്ടെന്ന് അറിയിക്കുക എന്നതാണ് ലക്ഷ്യം. ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ അറിയാന്‍ പാകത്തിലാണ് Eമലയാളിയുടെ ലേഔട്ട് തന്നെ. കാര്യങ്ങള്‍ ലളിതമാക്കുക.

Eമലയാളി നിത്യേന വായിക്കുന്ന ഒരു വിഭാഗമുണ്ട്. അവര്‍ക്കു വേണ്ടിയുള്ളതാണിത്. മത്സരിക്കാനോ, ഫേസ്ബുക്കിലെ ഹിറ്റും ലൈക്കും നോക്കാനോ ഒരിക്കലും ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ല. എന്നുകരുതി അവയോട് അലര്‍ജിയില്ലതാനും.

ലൈക്ക് സംബന്ധിച്ച് ബര്‍ലിത്തരങ്ങളിലെ ലേഖനം താഴെ (ബര്‍ലിക്ക് എന്തുപറ്റി?)

ഒടുവില്‍ യുണിസെഫ് സത്യം പറഞ്ഞു
പത്രമാധ്യമങ്ങളില്‍ അടിച്ചു വരുന്ന ദുരിത കഥകള്‍ വെട്ടിയെടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് അതിനു ലൈക്ക് ചോദിച്ചു വാങ്ങുന്ന ചിലരുടെ ഡെഡിക്കേഷന്‍ കണ്ടാല്‍ ഓരോ ലൈക്കും അവരുടെ ദുരിതാശ്വാസത്തിനുള്ള സംഭാവനകളായി മാറുമെന്നു തോന്നിപ്പോവും. 1 ലൈക്ക് = 100 രൂപ, 1 ഷെയര്‍ = 1000 രൂപ എന്നൊക്കെ പ്രഖ്യാപിച്ചാണ് ചിലര്‍ ലൈക്കുകള്‍ വാങ്ങുന്നത്. സത്യത്തില്‍ ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്തു വിടുന്നതോടെ നമ്മുടെ ഉത്തരവാദിത്വം അവസാനിച്ചു എന്നൊരു വ്യാജനിര്‍വൃതി സൃഷ്ടിക്കുകയാണ് ഇത്തരക്കാരും ഇതിന് ഇരയാവുന്നവരും ചെയ്യുന്നത്.

അടിസ്ഥാനപരമായി പട്ടിണിയും പരിവട്ടവും ദുരിതങ്ങളും മാറാന്‍ അതിനാവശ്യമായ പണവും സൗകര്യങ്ങളും തന്നെ വേണം. അത്തരം വാര്‍ത്തകളുടെ ചുവട്ടില്‍ ലൈക്ക് ചെയ്തതുകൊണ്ട് ആരുടെയും പട്ടിണി അവസാനിക്കുകയോ ആരുടെയും സാമൂഹികപ്രതിബദ്ധത പൂവണിയുകയോ ചെയ്യുന്നില്ല. ലൈക്കുകളുടെ എണ്ണത്തില്‍ വേണമെങ്കില്‍ അഹങ്കരിക്കാവുന്ന യൂണിസെഫ് തങ്ങളുടെ ഫേസ്ബുക്ക് ലൈക്കുകളെ പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ സംഭാവനകളില്‍ നിന്നും വേര്‍തിരിച്ചു കാണുന്നതെങ്ങനെ എന്നത് വ്യക്തമാക്കുന്നതാണ് ഈ പരസ്യം. കാശിനു കാശ് തന്നെ വേണം, ലൈക്ക് കിട്ടിയിട്ട് കാര്യമില്ല എന്നാണ് ഈ പരസ്യത്തിന്റെ സന്ദേശം.

സത്യസന്ധവും സുതാര്യവുമായ കാര്യങ്ങള്‍ ഋജുവായി പറയുന്നതിന്റെ സൗന്ദര്യം ഈ പരസ്യത്തിലുണ്ട്. ലോകത്തിന്റെ സ്പന്ദനം ഫേസ്ബുക്കിലാണെന്നും നമ്മള്‍ ഇവിടെ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കമന്റ് ചെയ്യുന്നതുമനുസരിച്ചാണ് ലോകം മുന്നോട്ടു പോകുന്നതെന്നും വിശ്വസിക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ഇത് പെട്ടെന്നു സമ്മതിച്ചു കൊടുക്കാന്‍ പ്രയാസമുണ്ടാവും. ലൈക്ക് ചെയ്താല്‍ കാശ് തരാം എന്നു വരെ പറഞ്ഞ് ലൈക്ക് സമ്പാദിക്കുന്നവര്‍ക്ക് ഈ പരസ്യം ഒരു വെളിച്ചമാവട്ടെ എന്നാശംസിക്കുന്നു.
See this video
http://www.youtube.com/watch?v=2_M0SDk3ZaM#at=27
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക