Image

വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍ (ജോണ്‍ മാത്യു)

Published on 07 July, 2013
വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍ (ജോണ്‍ മാത്യു)
ലേഖനങ്ങളില്‍ക്കൂടി ഞാന്‍ ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ള പേര് "മാവേലിക്കര രാമചന്ദ്രന്‍' എന്നായിരിക്കും. ഡല്‍ഹിക്കഥകള്‍ എഴുതുമ്പോള്‍ പേനത്തുമ്പില്‍ ആ പേര് എങ്ങനെയോ വന്നുചേരും. ഇക്കഴിഞ്ഞ ദിവസം വായനയോട് ബന്ധപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിലും സന്ദര്‍ഭവശാല്‍ അദ്ദേഹം കടന്നുവന്നു. ആ കഥ ഇങ്ങനെ, ഏതാണ്ട് നാല്പതോളം വര്‍ഷം മുന്‍പ്, അമേരിക്കയില്‍ വായിക്കാന്‍ മലയാളം ലഭ്യമല്ലാതിരുന്ന കാലത്ത്, മാതൃഭൂമി ആഴ്ചപ്പതിപ്പ് അയച്ചുകിട്ടുന്നതിനുള്ള സൗകര്യം രാമചന്ദ്രന്‍ ഏര്‍പ്പാടാക്കിത്തന്നതിനെപ്പറ്റി.

ഈയിടെ "നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടിയില്‍ ശ്രീ സുരേഷ് ഗോപി മാവേലിക്കര രാമചന്ദ്രനെപ്പറ്റി കുറെ നല്ല വാക്കുകള്‍ പറഞ്ഞുകേട്ടപ്പോള്‍ ഏറെ ആഹ്ലാദം തോന്നി.

കുറച്ചുകാലം മുന്‍പ് അപ്രതീക്ഷിതമായിട്ടൊരു ഫോണ്‍ സന്ദേശം:

"ഇത് ഗോപാലകൃഷ്ണ്‍, മാവേലിക്കര രാമചന്ദ്രന്‍ പരിചയപ്പെടുത്തിയതുകൊണ്ട് വിളിക്കുകയാണ്. ഞാനിവിടെ ടൗണ്‍ ആന്‍ഡ് കണ്‍ട്രി എന്ന സ്ഥലത്ത്.......... ഒന്ന് തമ്മില്‍ കാണാന്‍.........''

ഇത്രയും പറഞ്ഞത് സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഞാന്‍ തരിച്ചിരുന്നുപോയി.

"ഇതാ പത്തുമിനിട്ട്, ഞാനെത്തിക്കഴിഞ്ഞു...........' എന്റെ മറുപടി.

ആദ്യമായിട്ടൊന്നുമല്ല രാമചന്ദ്രന്‍ സിനിമ രംഗത്തുള്ളവരെയും സമൂഹത്തിലെ ഉന്നതരെയും പരിചയപ്പെടുത്തിത്തരുന്നത്. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയാറ് സെപ്റ്റംബര്‍ മാസത്തില്‍ ഡിട്രോയ്റ്റിലെ കേരള ക്ലബ്ബ് ഒരു സ്റ്റാര്‍ നൈറ്റ് സംഘടിപ്പിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായരും രാഘവനും മറ്റും പങ്കെടുത്ത പരിപാടി. വളരെക്കാലം മുന്‍പ് തന്നെ ഡല്‍ഹിയില്‍വച്ച് മാവേലിക്കര രാമചന്ദ്രനില്‍ക്കൂടി ഞാന്‍ രാഘവനെ പരിചയപ്പെട്ടിരുന്നത് മറ്റൊരു കഥ.

ഡിട്രോയ്റ്റില്‍ വന്നപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞേല്പ്പിച്ചതനുസരിച്ച് തിക്കുറിശ്ശി സുകുമാരന്‍നായര്‍ എന്നെ അന്വേഷിച്ചെത്തി. അതിനും എത്രയോ കാലം മുന്‍പ് ഡല്‍ഹിയില്‍വച്ച് സത്യന്‍, മധു തുടങ്ങിയവരുമായി ബന്ധപ്പെടാനും സഹൃദം സ്ഥാപിക്കാനും ശ്രീ രാമചന്ദ്രന്‍തന്നെ വഴിയൊരുക്കിത്തന്നിരുന്നു.

ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു മാവേലിക്കര രാമചന്ദ്രന്‍ ഒരിക്കല്‍ മല്ലപ്പള്ളിയില്‍ വന്നപ്പോള്‍ എന്നെയും കൂട്ടിക്കൊണ്ട് സംവിധായകനായ ജോണ്‍ ശങ്കരമംഗലത്തെ സന്ദര്‍ശിക്കാന്‍ കുമ്പനാട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. അറുപതുകളിലെ സ്കൂള്‍ ഓഫ് ഡ്രാമാ ആയിരുന്നല്ലോ മലയാള നാടകരംഗത്ത് ആധുനികതയുടെ തരംഗങ്ങള്‍ സൃഷ്ടിച്ചത്. അതുപോലെ സിനിമ രംഗത്ത് പുത്തന്‍ ഉണര്‍വും. മറ്റൊരു പ്രശസ്ത സംവിധായകനും കഥാകൃത്തും ആയിരുന്ന ജോണ്‍ ഏബ്രഹാമും ജോണ്‍ ശങ്കരമംഗലവും ചിലരിലെങ്കിലും ചിന്താക്കുഴപ്പം സൃഷ്ടിച്ചു. ഇതുണ്ടാക്കിയ നഷ്ടം ഏറ്റെടുക്കേണ്ടതായി വന്നത് ജോണ്‍ ശങ്കരമംഗലത്തിനും.

ദൃശ്യ കലകളിലുള്ള അവഗാഹമായ അറിവും പരിചയവുമാണ് പിന്നീട് ശ്രീ മാവേലിക്കര രാമചന്ദ്രനെ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തിച്ചത്.

അറുപതുകളുടെ ആദ്യ വര്‍ഷങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കുകയാണ്. അന്ന് ന്യൂ ഡല്‍ഹിയിലെ രാം നഗറിലുള്ള ശ്രീകൃഷ്ണവിലാസം ലോഡ്ജില്‍ താമസിക്കുന്നു. രാവിലെ ഏഴരയുടെ മലയാളം വാര്‍ത്തകള്‍ കേള്‍ക്കാന്‍ എല്ലാവരും ഡൈനിംഗ് ഹാളില്‍ ഒത്തുകൂടും. ട്രാന്‍സിസ്റ്റര്‍ റേഡിയോ അന്നില്ല. റേഡിയോപോലും ആഡംഭരവും! കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ കൃത്യമായും സ്ഫുടമായും അനുകരണീയവുമായ ഉച്ചാരണഭംഗിയോടും കേള്‍ക്കാന്‍ കഴിയുന്നത് ഈ മലയാളവാര്‍ത്തകളില്‍ക്കൂടിയായിരുന്നു. ഓര്‍മ ശരിയാണെങ്കില്‍ അന്ന് വാര്‍ത്തകള്‍ വായിച്ചിരുന്നത് ശങ്കരനാരായണന്‍. പ്രതാപന്‍ പിന്നെ മാവേലിക്കര രാമചന്ദ്രനും.

ഞങ്ങള്‍ കാതോര്‍ത്തിരിക്കും.

"ഡല്‍ഹിയില്‍നിന്നും മലയാളം വാര്‍ത്തകള്‍, വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍.......'

അപ്പോള്‍ ലോകം മുഴുവന്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ.

രാം നഗറില്‍ഗിന്ന് കൊണാട്ട്‌പ്ലേസില്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസിലേക്ക് പത്തുമിനിട്ട് നടന്നാല്‍ മതി. നേരത്തെ ഇറങ്ങിപ്പുറപ്പെട്ട് പത്തുമണിക്ക് ഓഫീസ് സമയത്തിന് മുന്‍പ് കടകളുടെ വരാന്തകളില്‍ക്കൂടി പലവട്ടം നടക്കും. അതായിരുന്നല്ലോ അന്നത്തെ വിനോദം. ഏതാണ്ടൊരു വിന്‍ഡോ ഷോപ്പിംഗ്!

ഇതാ ഒരു ദിവസം ഒരു മലയാളി ചെറുപ്പക്കാരന്‍ എതിരെ വരുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കളുടെ വേഷമായ കഴുത്തുവരെ ബട്ടന്‍ തുന്നിപ്പിടിപ്പിച്ച നീളന്‍ കോട്ടിട്ട ഒരു മനുഷ്യന്‍. അദ്ദേഹം ഒന്ന് പുഞ്ചിരിച്ചോ, എന്തോ?

പലപ്രാവശ്യം കണ്ടപ്പോള്‍ നടപ്പ് ഒരുമിച്ചായി. ആശയങ്ങള്‍ കൈമാറി, ഇന്ത്യന്‍ കോഫീ ഹൗസിലേക്ക് ചര്‍ച്ചകള്‍ മാറി.

അതായിരുന്നു മാവേലിക്കര രാമചന്ദ്രന്‍ എന്ന സുഹൃത്ത്!

ഒരു വെള്ളിയാഴ്ച, അദ്ദേഹം പറഞ്ഞു:

"ഇന്ന് വൈകുന്നേരം ആറുമണിക്ക് കേരളക്ലബില്‍ സാഹിതീസഖ്യം സമ്മേളനമുണ്ട്. ഡല്‍ഹിയിലെ മലയാളം എഴുത്തുകാരെല്ലാം ഒത്തുകൂടുന്നു.....''

അടുത്ത അഞ്ചാറു വര്‍ഷക്കാലം സാഹിത്യചര്‍ച്ച, നാടകം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത് തുടര്‍ക്കഥയും.

ഏതാണ്ട് മൂന്ന് വര്‍ഷം മുന്‍പ്, അന്ന് ഞാന്‍ അവധിക്കാലം ചെലവഴിച്ചത് തൃശൂര്‍ നഗരത്തിലായിരുന്നു. രാമചന്ദ്രന്‍ അവിടെയും എന്നെക്കാണാന്‍ ഓടിയെത്തി. അത് അദ്ദേഹത്തിന്റെ തെരക്കുപിടിച്ച യാത്രതന്നെയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തൃശൂര്‍ വന്ന് സാഹിത്യ അക്കാദമിയിലും കയറിയിറങ്ങിയിട്ട് അദ്ദേഹം എന്നെ വിളിച്ചു.

"ഞാനങ്ങോട്ട് വരികയാണ്..........'

ദീക്ഷ വളര്‍ത്തി, തോളില്‍ക്കൂടി സഞ്ചി തൂക്കിയിട്ട് ഒരു സന്യാസിയുടെ വിനയത്തോടെ മന്ദം മന്ദം നടന്നുവരുന്ന ആ ചിത്രം ഇന്നും ഞാന്‍ മനസില്‍ കാത്തുസൂക്ഷിക്കുന്നു.

അദ്ദേഹം എനിക്കൊരു സമ്മാനവുമായിട്ടാണെത്തിയത്. നോബേല്‍ പുരസ്ക്കാര ജേതാവായ തുര്‍ക്കിയിലെ എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുകിന്റെ "മഞ്ഞ്' എന്ന നോവലിന്റെ മലയാള പരിഭാഷ. ആ പുസ്തകം ഒരു നിധിപോലെ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു.

തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ അദ്ദേഹത്തെ യാത്രയയ്ക്കാന്‍ ഞാനും ഒപ്പം കൂടി. കുറേച്ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു:

"ലോഡ്ജില്‍നിന്ന് ഒരു ബാഗ് എടുക്കാനുണ്ട്. ഞാനിവിടെ ഇറങ്ങിക്കോളാം, കാത്തു നില്‌ക്കേണ്ട.....'

എന്നിട്ട് ശ്രീ മാവേലിക്കര രാമചന്ദ്രന്‍ എന്ന വലിയ മനുഷ്യന്‍ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന് ഞൊടിയിടകൊണ്ട് അപ്രത്യക്ഷനായി!

കത്തുകളില്‍ക്കൂടി എത്രയോ കാലം തുടര്‍ന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യനിലയെപ്പറ്റി എഴുതി. അടൂര്‍ ഗോപാലകൃഷ്ണനെപ്പറ്റിയുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു വളരെക്കാലം. അത് അവസാന അദ്ധ്യായംവരെയും എത്തി. എങ്കിലും എന്തോ കാരണവശാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം അദ്ദേഹം നിരന്തരം പങ്കുവെക്കുമായിരുന്നു.

ലോകത്തില്‍ ജീവിച്ചിട്ടുള്ള പല മഹത്‌വ്യക്തികളും നേര്‍ത്ത വായുവില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. അങ്ങനെയുള്ളവര്‍ പര്‍വതമുകളിലേക്കോ വനത്തിലേക്കോ പോയി പ്രകൃതിയില്‍ സ്വയമേ ഇഴുകിച്ചേര്‍ന്നു.

പിന്നീട് അതും യഥാര്‍ത്ഥ്യമായി സംഭവിച്ചോ? സിനിമയെയും നാടകത്തെയും സ്‌നേഹിച്ച എഴുത്തുകാരനും, നടനും, നിരൂപകനും മറ്റുമായ ആ സുഹൃത്ത് തിരശീലക്ക് അപ്പുറത്തേക്കുതന്നെയാണോ ഒളിവില്‍പ്പോയത്, ഓര്‍മ്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്!
വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക