Image

പുഴയുടെ വിലാപം (കവിത: കൃഷ്ണ)

Published on 07 July, 2013
പുഴയുടെ വിലാപം (കവിത: കൃഷ്ണ)
പശ്ചിമഘട്ടത്തിനോമനപ്പുത്രിയായ്
സഹ്യന്റെ മക്കള്‍ക്കുടപ്പിറപ്പായ് 
കാടിന്നുദാഹജലം നല്‍കി രാത്രിയില്‍ 
താരാട്ടുപാടുമൊരമ്മയായി 
പാറയില്‍ തട്ടിത്തടഞ്ഞു ചുഴികളില്‍ 
ചാരുതയോടെ ഞാന്‍ ന്രുത്തമാടി 
താരകളെന്‍ തെളിനീരില്‍ മുഖം നോക്കി 
ക്ഷീരപഥമെന്നിലൂഞ്ഞലാടി 
കാട്ടുതേനുണ്ടുമദിച്ചകുരുവികള്‍ 
കാകളിപാടിയെന്‍ തീരങ്ങളില്‍ 
കാടിന്നുടമകളാം മലവേടരെന്‍ 
നീരില്‍കുളിച്ചുതപമടക്കി 
ആയിരമായിരമാണ്ടുകളങ്ങിനെ 
കാനനസുന്ദരി ഞാന്‍ വളര്‍ന്നു 

പിന്നീടൊരുനാളൊരര്‍ദ്ധസുഷുപ്തിത- 
ന്നാലസ്യമാണ്ടങ്ങു ഞാന്‍ ശയിക്കേ, 
വന്നവര്‍ ചങ്ങലക്കെട്ടും ശരങ്ങളും 
ദണ്ഡും കുടയും വടികളുമായ് 
ഇന്നലെയോളവും കാനനറാണി, നീ- 
യിന്നുനാട്ടാര്‍ക്കമ്മയായീടണം 
നെല്ലറയാക്കണമീഭാര്‍ഗ്ഗവക്ഷേത്ര- 
മല്ലലൊഴിക്കണമെല്ലാവര്‍ക്കും 
നിന്‍ രൂപഭാവങ്ങള്‍ മാറ്റാം, ഗതി മാറ്റി 
നിന്നെയൊഴുക്കാം വസുന്ധരയില്‍ 
ഇക പാരതന്ത്ര്യം പൊറുക്കൂ മനസ്വിനീ 
പാരിന്നുഭക്ഷണമേകാനല്ലേ? 
ഞാനതുസമ്മതിച്ചപ്പൊഴുമമ്മക്കു 
ചാമരം വീശിയ വന്മരങ്ങള്‍ 
നീളെ തലയാട്ടി, നിഷേധസൂചകം 
ഞാനവരേവിട്ടു പോയെങ്കിലൊ? 
പാരമാശ്വാസമേകീ ഞാനവര്‍ക്കിതു 
പാരിന്റെ നന്മയ്ക്കു വേണ്ടീട്ടല്ലേ

പിന്നെക്കുരുതി തുടങ്ങിയാ, വന്മര- 
ച്ചില്ലകളോരോന്നു വെട്ടിവീഴ്ത്തി 
എന്തോ പ്രതികാരദാഹം കലര്‍ന്ന പോ- 
ലേതോ പ്രതിജ്ഞയെടുത്തപോലെ 
കാനനം വെട്ടിവെളുപ്പിച്ചു മാനവര്‍ 
കാടുകള്‍ മേടുകളാക്കിമാറ്റി 
എന്‍ കണ്മണികളാമാ, വന്മരങ്ങളും 
കണ്ണുനീരോടെ വിടപറഞ്ഞു 
മുത്തുക്കുടപോയി, സൂര്യാതപമേറ്റു 
വൃദ്ധയായ് തീര്‍ന്നു ഞാന്‍ വൃത്തിഹീന 
എന്നേയവര്‍ മതില്‍ക്കെട്ടിലൊളിപ്പിച്ചു 
എന്‍ വഴിത്താരകള്‍ വിണ്ടുകീറി 
എല്ലാം സഹിച്ചു ഞാനെല്ലാം ക്ഷമിച്ചു ഞാ, 
നെല്ലാര്‍ക്കുമാമോദമേകാനല്ലേ? 
പക്ഷെയാ, ആശകളെല്ലാം നിലച്ചിന്നു 
പട്ടുകിടക്കയാണീ കിടങ്ങില്‍ 
എത്രവസന്തങ്ങളുള്ളിലൊളിപ്പിച്ചു 
വര്‍ഷമേഘങ്ങള്‍ കടന്നുപോയി 
എത്ര വരള്‍ച്ചകള്‍ വന്നുകടന്നുപോ- 
യെത്തിയില്ലെത്തിയില്ലെങ്ങുമേഞാന്‍ 
എന്‍ ദുഗ്ദ്ധം നൊട്ടിനുണ
ച്ചുനുകരുവാ- 
നെന്നും കൊതിച്ച വയലേലകള്‍ 
ഇന്നും തപമിരിക്കുന്നു വാനം നോക്കി- 
യൊന്നു ദാഹം ശമിപ്പിച്ചീടുവാന്‍ 
പച്ചിലച്ചാര്‍ത്തില്‍ നിന്നൂര്‍ന്നു താഴേയ്ക്കു ഞാ- 
നെത്തിപ്പിടിക്കാനിടമില്ലതെ 
എങ്ങുമേയെത്താതെ, ആര്‍ക്കുമുതകാതെ- 
എന്നു മരീചികയായീടുമോ?
പുഴയുടെ വിലാപം (കവിത: കൃഷ്ണ)
Join WhatsApp News
vayanakkaran 2013-07-08 10:59:17
കവിതയ്ക്കൊരുവരി നഷ്ടമായപോലെ,
രാഹു ഇതുവഴി വന്നിരുന്നോ?
കൃഷ്ണ 2013-07-09 00:25:08

"പശ്ചിമഘട്ടത്തിനോമനപ്പുത്രിയായ്‌" എന്നാ ആദ്യത്തെ വരി കാണുന്നില്ല. 

കൃഷ്ണ 2013-07-09 07:44:54
iആദ്യത്തെ വരി ഇപ്പോള്‍  ഉണ്ട്.
"പശ്ചിമഘട്ടത്തിനോമനപ്പുത്രിയായ്" എന്ന  വരി
.
കൃഷ്ണ 2013-07-09 07:54:24
ഇക പാരതന്ത്ര്യം അല്ല  ഈ  പാരതന്ത്ര്യം ആണ്.
എക്ലാം സഹിച്ചു അല്ല  എല്ലാം സഹിച്ചു ആണ്. 
പല്ലിലല്ലാര്‍ത്തില്‍ അല്ല പച്ചിലച്ചാര്‍ത്തി
ല്‍  ആണ്.
വിദ്യാധരൻ 2013-07-09 08:42:54
മഞ്ജരി വൃത്തത്തിൽ താങ്കൾ രചിച്ചതാം 
മഞ്ജു  കവിതക്ക്  അഭിനന്ദനം.
ഇരിക്കുന്ന കൊമ്പ് വെട്ടിമുറിക്കുന്ന 
മുരുടന്മാർ നാട്ടിലേറിടുന്നു 
കാട് മുടിഞ്ഞാലും നാട് മുടിഞ്ഞാലും 
നേടണം ആഗോളവല്ക്കരണം
ഇങ്ങനെ പോകുകിൽ താമസം ഇല്ലാതെ 
മുങ്ങിടും നാശത്തിൻ ഗർത്തത്തിൽനാം 
എന്നാലുമുണ്ടല്ലോ ഇന്നാളിലുമിങ്ങ് 
ഖിന്നരായികേഴും കവികളും  
കേൾക്കാതിരിക്കില്ല ഈശ്വരനാകേഴൽ 
കേൾക്കുംവരെ നമ്മൾക്കർഥിച്ചിടാം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക