Image

നായര് പിടിച്ച പുലിവാല്

Published on 03 July, 2013
നായര് പിടിച്ച പുലിവാല്
അല്പം കറുത്തിട്ടാണെങ്കിലും നല്ല തറവാടി നായര്‍ തന്നെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതുവരെയും ഒരുപേരുദോഷവും കേള്‍പ്പിച്ചിട്ടില്ല. വിനീത വിധേയനുമാണ്. വിനയം അല്പം കൂടിപ്പോയിട്ടുണ്ടെങ്കില്‍ മാത്രമേയുള്ളു. റവന്യു വകുപ്പ് കിട്ടിയപ്പോള്‍ മൂന്നാറിലും വാഗമണ്ണിലുമൊക്കെ കറങ്ങി നടന്ന് റവന്യു ഭൂമി കയ്യേറ്റക്കാരില്‍ നിന്നും തിരിച്ചു പിടിച്ചു. (പിടിച്ചെടുത്തത് അടുത്ത ദിവസം കൈയ്യേറ്റക്കാര്‍ വീണ്ടും കൊണ്ടുപോയത് മറ്റൊരുകാര്യം). പിന്നീട് ആഭ്യന്തര മന്ത്രിയായപ്പോള്‍ അടിപൊളി ഭരണം. പോലീസിനെ ഒരു രീതിയിലും സ്വധീനിക്കാത്ത പോലീസിന് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കുന്ന ആഭ്യന്തര മന്ത്രിയായി സല്‍പ്പേര് നേടി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും, ഷൂക്കൂര്‍ വധക്കേസിലും കുറ്റക്കാരായ സിപിഎം കാരെയെല്ലാം പോലീസ് പിടിച്ച് അകത്തിട്ടു. അതും തിരുവഞ്ചൂരിന്റെ ക്രെഡിറ്റ്. മിടുക്കനാണെന്ന് ഇനിയും തെളിവു വേണമെങ്കില്‍ ഏഷ്യാനെറ്റിന്റെ ബെസ്റ്റ് മിനിസ്റ്റര്‍ ട്രോഫി വലിയതൊരണ്ണം വീട്ടില്‍ ഇരിപ്പുണ്ട്. 

അങ്ങനെ സര്‍വധാ മാന്യനും സല്‍സ്വഭാവിയുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് ദാ കിടക്കുന്നു ഒരു ഫോട്ടോ. സംഗതി ഒരു സിനിമാ നടിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണ്. സിനിമാ നടിയുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ എല്ലാവര്‍ക്കുമില്ലേ മോഹങ്ങള്‍, അപ്പോ പിന്നെ തിരുവഞ്ചൂരിനും ഉണ്ടാവില്ലേ ചില്ലറ മോഹങ്ങള്‍ എന്നൊക്കെ പറഞ്ഞ് കൈയ്യൊഴിയാന്‍ വരട്ടെ. പ്രസ്തുത സിനിമാ നടി ഇപ്പോള്‍ വിവാദ നായികയായ ശാലുമേനോനാണ്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളായ സരിത എസ്.നായരുമായും ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശാലുമേനോന്‍. സോളാര്‍ തട്ടിപ്പില്‍ ന്യയമായും സംശയിക്കപ്പെടാനും, പ്രതി ചേര്‍ക്കപ്പെടാനും എല്ലാ സാധ്യതകളുമുണ്ട് ശാലുമേനോന്. ഈ ശാലുമേനോനുമായിട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരിചയം വിവാദമായിരിക്കുന്നത്. പരിചയം മാത്രമല്ല ശാലുമേനോന്റെ ഗൃഹ പ്രവേശന ചടങ്ങില്‍ തിരുവഞ്ചൂര്‍ എത്തിയതിന്റെയും ഇളനീര്‍ കുടിച്ചതിന്റെയും പടങ്ങള്‍ ഉണ്ടത്രേ. ഇന്ന് ഒരു ചാനലാണ് ഈ അസുലഭ ചിത്രങ്ങളില്‍ ചിലത് പുറത്തുവിട്ടത്. 

ശാലുമേനോനെ സോളാര്‍ കേസില്‍ പ്രത്യേകമായി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതില്ല എന്ന നിര്‍ദ്ദേശം ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വന്നതെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. ഇതിനൊപ്പം ശാലുവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ചിത്രങ്ങള്‍ പോലീസ് നശിപ്പിച്ചുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ചാനലില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ ഈ ചിത്രങ്ങളെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. തിരുവഞ്ചൂരും ശാലുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ചിത്രങ്ങളുടെ കോപ്പികള്‍ ഭദ്രമായി വേറെയുമുണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞത് ഈ ചാനല്‍ അഭിമുഖത്തിലാണ്. തിരുവഞ്ചൂര്‍ അന്വേഷണത്തെ സ്വാധീനിക്കുന്നു എന്ന രീതിയിലുള്ള ചില അഭിപ്രായങ്ങളും പി.സി ജോര്‍ജ്ജ് ഉന്നയിച്ചിരുന്നു. പി.സി ജോര്‍ജ്ജിന് മറുപടിയില്ല എന്നാണ് തിരുവഞ്ചൂര്‍ അന്ന് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. 

എന്തായാലും പോലീസ് നശിപ്പിച്ചു എന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ ഇപ്പോളെങ്ങനെ ചാനലുകളിലെത്തി എന്നത് ഏറെക്കുറെ വ്യക്തമാണ്. ചിത്രത്തിന്റെ ചില കോപ്പികള്‍ ഭദ്രമായിട്ടുണ്ടെന്ന് പറഞ്ഞ വ്യക്തി തന്നെയാണ് ഇത് ചാനലുകളിലെത്തിച്ചതെന്ന് വ്യക്തം. 

അപ്പോള്‍ ചോദ്യമിതാണ്; ആരാണ് ശരിക്കും ഇവിടെ പ്രതിപക്ഷ നേതാവ്. വി.എസ് അച്യുതാനന്ദനോ, അതോ പി.സി ജോര്‍ജ്ജോ. ഇവിടെ യു.ഡി.എഫിന്റെ ഭാഗമായ പി.സി ജോര്‍ജ്ജ് ലക്ഷ്യം വെക്കുന്നതില്‍ ഒരാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എന്ന് ഏറെക്കുറെ വ്യക്തം. മുഖ്യമന്ത്രിയെ സംരക്ഷിച്ചു സംസാരിക്കുമ്പോഴും കോണ്‍ഗ്രസിലെ ചില നേതാക്കളെയും പി.സി ജോര്‍ജ്ജ് ലക്ഷ്യം വെച്ചിരിക്കുന്നു എന്ന് തന്നെ മനസിലാക്കണം. ഇതിനു പിന്നിലെ രാഷ്ട്രീയക്കളി കോണ്‍ഗ്രസിന്റെ ഏത് ഗ്രൂപ്പിന്റെ ഭാവനയില്‍ വിരിഞ്ഞതാണെന്ന് മാത്രമേ ഇനി മനസിലാകാനുള്ളു. ആത്യന്തികമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രാജിവെപ്പിക്കുക എന്ന തന്ത്രം തിരക്കഥയൊരുക്കി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് തന്നെയാണ് സംശയിക്കപ്പെടേണ്ടത്. കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് വഴക്കുകളും മന്ത്രിസ്ഥാനവും ഉള്‍പ്പെട്ട വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ന്യായമായും അങ്ങനെ സംശയിക്കാം. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന് നിര്‍ബന്ധമായും പറഞ്ഞിരുന്ന ഒരാളും പി.സി ജോര്‍ജ്ജ് തന്നെ. അന്ന് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ വിഷയമായി വന്ന വകുപ്പും ആഭ്യന്തര വകുപ്പ് തന്നെ. സുത്യര്യ അന്വേഷണങ്ങള്‍ നടക്കണമെങ്കില്‍ സോളാര്‍ തട്ടിപ്പില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ശാലുവുമായി തിരുവഞ്ചൂരിന് ബന്ധമുണ്ടെന്ന് വന്നാല്‍ പിന്നെ രാജിവെക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. മുഖ്യമന്ത്രി തനിക്ക് മൊബൈലില്ല എന്നൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കുന്നത് പോലെ പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രിക്ക് പറഞ്ഞു നില്‍ക്കാന്‍ കഴിയില്ല. കസേര ഒഴിയുകയല്ലാതെ മറ്റു മാര്‍ഗവുമില്ല. 

ഇപ്പോഴിതാ സരിതാ നായരെ തിരുവഞ്ചൂര്‍ ഫോണ്‍ ചെയ്തിട്ടുണ്ടെന്ന തെളിവുകളും പുറത്തു വരുന്നു. ഇതും അന്വേഷണ സംഘത്തിന്റെ പരിധിയിലേക്ക് കടന്നു വന്നിരിക്കുന്നു. ആഭ്യന്തര മന്ത്രി തന്നെ അന്വേഷണ സംഘത്തിന്റെ പരിധിയില്‍ വരുമ്പോള്‍ രാജിവെക്കേണ്ടി വരുക സ്വഭാവികം തന്നെ. ഇതിനൊപ്പം കോണ്‍ഗ്രസില്‍ പുനസംഘടനാ ചര്‍ച്ചകളും തകൃതിയായി വീണ്ടും ആരംഭിച്ചു കഴിഞ്ഞു. ഇതോടെ അടുത്ത വര്‍ഷം ബെസ്റ്റ് മിനിസ്റ്റര്‍ ട്രോഫി വാങ്ങാക്കാന്‍ തിരുവഞ്ചൂരിന് മന്ത്രിക്കസേര കാണുമോ എന്ന് ഉടന്‍ അറിയാന്‍ കഴിയും. 

എന്തായാലും പാവം തിരുവഞ്ചൂര്‍ എന്ന സവര്‍ണ്ണ നായര്‍ പുലിവാല് പിടിച്ചു എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇനി തിരുവഞ്ചൂരിന് ഈ ഫോട്ടോ വിവാദത്തെക്കുറിച്ച് പറയുന്നത് കൂടി കേള്‍ക്കേണ്ടെ. ശാലു മേനോന്റെ അപ്പൂപ്പനെ തിരുവഞ്ചൂരിന് പണ്ടു മുതല്‍ തന്നെ അറിയുന്നതായിരുന്നു. 1964ലെ ബന്ധമായിരുന്നു ഇത്. പഴയതൊന്നും മറക്കുന്ന വ്യക്തിയല്ല തിരുവഞ്ചൂര്‍. അതുകൊണ്ടു തന്നെ 1964ലെ സുഹൃത്തിനെ മറന്നിട്ടില്ല. 

ഒരു ദിവസം മാതാ അമൃതാനന്ദമയി മഠത്തിന്റെ സ്ത്രീശാക്തീകരണ സെമിനാര്‍ കഴിഞ്ഞ് തിരുവഞ്ചൂര്‍ ഇങ്ങനെ സ്റ്റേറ്റ് കാറില്‍ വരുകയായിരുന്നു. മുമ്പിലും പിമ്പിലും പോലീസ് ജീപ്പ് ഉണ്ടാകും എന്നത് നാട്ടുനടപ്പാണ്. അഭ്യന്തര മന്ത്രിക്ക് പോലീസ് അകമ്പടിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അതുള്ളത്. അപ്പോള്‍ പിന്നെ മന്ത്രിയും പോലീസ് പരിവാരങ്ങളും കൂടി പോകുമ്പോള്‍ റേഡില്‍ നിന്ന് ചിലര്‍ കൈകാണിച്ചു. കാര്യം എന്താണെന്ന് മനസിലായില്ലെങ്കിലും തിരുവഞ്ചൂര്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് പറഞ്ഞു. പിന്നെ കാറില്‍ നിന്ന് ചാടിയിറങ്ങി കൈ കാണിച്ചവര്‍ക്ക് ഒരു നമസ്കാരം കൊടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞു ദാ ആ വീട്ടില്‍ ഒരു പാലുകാച്ചല്‍ നടക്കുന്നു എന്ന്. അമാന്തിച്ചില്ല തിരുവഞ്ചൂര്‍ പാലുകാച്ചല്‍ നടക്കുന്ന വീട്ടിലും കയറി ഒന്ന് തൊഴുതു. അവിടെ നിന്നത് ആകെ വെറും ഒന്നരമിനിറ്റ്. അഥവാ തൊണ്ണൂറ് സെകന്‍ഡ്. 23 വര്‍ഷത്തെ നിയമസഭാ രാഷ്ട്രീയ ജീവിതത്തിനിടയില്‍ 75000 വീടുകളില്‍ വെറുതെ പോയിട്ടുണ്ട് തിരുവഞ്ചൂര്‍. ശാലുവിന്റേത് 75001ാമത് വീടായിരുന്നു. അത്ര മാത്രം. 

ഈ സന്ദര്‍ശനത്ത് സമയത്താവട്ടെ അവര്‍ സോളാര്‍ തട്ടിപ്പ് കേസില്‍ സംശയത്തിന്റെ നിഴലിലുമല്ല. അതിപ്പോ തട്ടിപ്പ് കേസില്‍ ഇവര്‍ ഭാവിയില്‍ ഉള്‍പ്പെടുമെന്ന് കവിടി നിരത്തി നോക്കി അറിയാന്‍ പറ്റില്ലല്ലോ. - ഇത്രയും കാര്യങ്ങളാണ് തന്റെ ശാലുമേനോന്‍ ഭവന സന്ദര്‍ശനത്തെക്കുറിച്ച് തിരുവഞ്ചൂര്‍ പറയുന്നത്. 

ഇനി നിസാരമായ ചില സംശയങ്ങളും തിരുവഞ്ചൂരിനോട് ചോദിക്കാനുണ്ട്. പോലീസ് എസ്‌കോര്‍ട്ടോടെ പോകുന്ന ഒരു മന്ത്രിയുടെ വാഹനം ആരോ കൈകാണിച്ചു നിര്‍ത്തിയെന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഈ മന്ത്രിമാരൊക്കെ ചുവന്ന ലൈറ്റുമിട്ട് നൂറ്റിപ്പത്ത് കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ ജനം വണ്ടിയിടിച്ചു ചാകാതിരിക്കാന്‍ റേഡില്‍ നിന്നും ഓടിമാറുകയാണ് പതിവ്. അതും പോകട്ടെ രണ്ടു മണിക്കൂറോളം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലുവിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ തന്നെ പറയുമ്പോള്‍ എന്തിനാണ് വെറുതെ തൊണ്ണൂറ് സെകന്റ് മാത്രമേ താന്‍ അവിടെയുണ്ടായിരുന്നുള്ള എന്നൊക്കെ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. പഴയൊരു സതീര്‍ഥ്യന്റെ കൊച്ചു മകളുടെ പാലുകാച്ചിന് വിളിച്ചപ്പോള്‍ ഒന്ന് അവിടെ വരെ പോയി കുറെ സമയം ചടങ്ങില്‍ സംബന്ധിച്ചു എന്ന് നേരെ ചൊവ്വേ അങ്ങ് പറഞ്ഞാല്‍ പോരെ. എന്തിനാണ് അവിടെയും ഒരു ധൈര്യക്കുറവ്. എന്തിനാണ് തിരുവഞ്ചൂര്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇനി ശാലുമേനോനുമായി തിരുവഞ്ചൂര്‍ എന്തെങ്കിലും അടുപ്പം വെച്ചു പുലര്‍ത്തിയിരുന്നോ എന്ന് ന്യായമായും ജനങ്ങള്‍ക്ക് സംശയം തോന്നിപ്പോകാം. 

കാരണം ഇതേ ശാലുമേനോനാണ് ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചത്. ബിജുവിന് ഒളിവില്‍ കഴിയുമ്പോള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ നല്‍കിയതും ശാലു മേനോന്‍ തന്നെ. രണ്ടു പേരില്‍ നിന്നും ലക്ഷങ്ങളുടെ പണം തട്ടിയപ്പോള്‍ കമ്പിനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്ന പേരില്‍ ടീം സോളാര്‍ സംഘത്തില്‍ ശാലുവുമുണ്ടായിരുന്നു എന്ന് പരാതിയുമുണ്ട്. പിന്നെ എന്തുകൊണ്ട് ശാലുവിനെ ഇതുവരെ ഒന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ ശാലുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ഉത്തരവിടാന്‍ ആഭ്യന്തര മന്ത്രിക്ക് കഴിയില്ലേ. അതിനു കഴിയാത്ത സമര്‍ദ്ദങ്ങള്‍ ഇക്കാര്യത്തിലുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചു പിന്മാറുന്നത് തന്നെയാണ് തിരുവഞ്ചൂരിന് നല്ലത്.
നായര് പിടിച്ച പുലിവാല്
Join WhatsApp News
Peter Neendoor 2013-07-04 08:03:32
Pidicha pulivaalinte romangal mookkinu thaazhe vare eththy.  Ini eathu swasathinaanu athu mookkil kayarunnathennu sradhichaal mathy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക