Image

അഭിമുഖത്തില്‍ തിളങ്ങാന്‍ കണ്ണാടിയില്‍ നോക്കുക

Published on 01 July, 2013
അഭിമുഖത്തില്‍ തിളങ്ങാന്‍ കണ്ണാടിയില്‍ നോക്കുക
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ഉദ്യോഗം തേടുന്നവരുടെ ഉറ്റസുഹൃത്താണ് കണ്ണാടി. സാധാരണ ജീവിതത്തില്‍ കണ്ണാടിയില്‍ ഏറെനേരം നോക്കിയിരിക്കുന്നത് അഭികാമ്യമല്ലെങ്കിലും ജോലി തേടുന്നവര്‍ ഇന്റര്‍വ്യൂ അഭിമുഖികരിക്കാനും ബോഡി ലാംഗ്വേജ് ശരിയാക്കാനുമൊക്കെ കണ്ണാടിയില്‍ നോക്കി പരിശീലിക്കുന്നത് ഏറെ ഗുണകരമാകും- മാനേജ്‌മെന്റ് പേഴ്‌സണല്‍ വിദഗ്ധനായ അജിത് ചെറയില്‍ പറയുന്നു. കേരളാ എന്‍ജീനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍), ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അജിത്.

ഇന്റര്‍വ്യൂവില്‍ സംസാരം മാത്രമല്ല പ്രധാനം. ആശയങ്ങള്‍ അവതരിപ്പിക്കാന്‍ വാക്കുകളുടെ ഉപയോഗം 15 ശതമാനത്തിലേറെ വരില്ലെന്നാണ് വിദഗ്ധ മതം. "ബോഡി ലാംഗ്വേജ്', പറയുന്ന രീതി, സംസാരിക്കുന്നതിലെ ശബ്ദ കുറവും കൂടുതലും ഇതെല്ലാം ചേര്‍ന്നാണ് മൊത്തം ആശയവിനിമയമായി മാറുന്നത്. അഭിമുഖത്തില്‍ നുണ പറഞ്ഞ് രക്ഷപെടാമെന്നൊന്നും കരുതേണ്ട. പെരുമാറ്റത്തിലൂടെ അത് ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ മനസിലാക്കിയെന്നിരിക്കും. 

അഭിമുഖം നടത്തുന്നയാലുടെ കണ്ണിലേക്ക് നോക്കി (തുറിച്ചുനോക്കിയല്ല) സംസാരിക്കാന്‍ കഴിയണം (ഐ കോണ്‍ടാക്ട്). നേരേ നോക്കാത്തയാളിനെപ്പറ്റി മോശം ധാരണയായിരിക്കും ഉണ്ടാവുക. ഒരിക്കല്‍ ഒരു ആഫ്രിക്കന്‍ അമേരിക്കനെ ഇന്റര്‍വ്യൂ ചെയ്തത് അജിത് അനുസ്മരിച്ചു. അയാള്‍ ചോദ്യങ്ങള്‍ക്കെല്ലാം ഭംഗിയായി ഉത്തരം പറഞ്ഞു. പക്ഷെ, നോക്കുന്നത് വേറെ സ്ഥലത്തേക്കാണ്. അയാള്‍ എത്യോപ്യക്കാരനാണെന്നും അവിടെ മേലുദ്യോഗസ്ഥരുടെ നേരേ നോക്കി സംസാരിക്കുന്നത് തെറ്റായ നടപടിയാണെന്നും കണ്ടെത്തി. അങ്ങനെ അയാളെ ജോലിക്കെടുത്തു. ജോലിയില്‍ ബഹുമിടുക്കന്‍. ഇടയ്ക്ക് എലിവേറ്ററില്‍ വെച്ചു കാണും. പക്ഷെ, ഇപ്പോഴും സംസാരിക്കുമ്പോള്‍ നോട്ടം വേറെ സ്ഥലത്തേക്കാണെന്നു മാത്രം. 

അഭിമുഖത്തിനു പോകുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണം. കടുത്ത നിറം പാടില്ല. നേവി കളല്‍ നന്നായിരിക്കും. കടുത്ത വാസനതൈലമൊന്നും പൂശരുത്. ഷൂ പോളീഷ് ചെയ്യാനും മറക്കരുത്. 

ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ ഹോട്ടലില്‍ വെച്ചാണ്. ഒരു ഉദ്യോഗാര്‍ത്ഥി സമയം തെറ്റിച്ച് വന്നു. മുഷിഞ്ഞ ഷര്‍ട്ടും ഉറക്കച്ചടവും കണ്ടപാടെ അഭിമുഖം ചെയ്യാനെത്തിവര്‍ക്ക് ഇഷ്ടപെട്ടില്ല. പക്ഷെ അയാള്‍ വന്നപാടെ വാലറ്റ് എടുത്ത് ഭാര്യയുടെ ചിത്രം കാണിച്ചു. അതിസുന്ദരി. ഡോക്ടര്‍. ഇത്രയും സൗന്ദര്യമുള്ള ഡോക്ടറെ വീഴ്ത്തിയ ആള്‍ നിസാരക്കാരനാവാന്‍ വഴിയില്ലല്ലോ! അയാളെ ജോലിക്കെടുത്തു. പക്ഷെ മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ആള്‍ ജോലിക്കു കൊള്ളില്ലെന്നു ബോധ്യമായി. 

റെസ്യൂമെയും നോട്ടുബുക്കും കയ്യില്‍ കരുതണം. അഭിമുഖകര്‍ത്താക്കള്‍ റെസ്യൂമെ നോക്കി ചോദ്യം ചോദിക്കുമ്പോള്‍ എന്താണ് അതില്‍ എഴുതിയിരിക്കുന്നത് എന്ന് മറക്കില്ലല്ലോ.

മിക്കവാറുമെല്ലാ അഭിമുഖത്തിനും ഒരു പ്രധാന ചോദ്യം "നിങ്ങളെപ്പറ്റി ഒന്നു വിശദീകരിക്കുക' എന്നതായിരിക്കും. അതേപ്പറ്റി എന്തൊക്കെ പറയണമെന്നു മുന്‍കൂട്ടി തയാറിയിരിക്കണം. "എലിവേറ്റര്‍ സ്പീച്ച്' എന്നാണിതിനെ പറയുക. ദീര്‍ഘനേരം തന്നെപ്പറ്റി പറഞ്ഞിരുന്നാല്‍ സമയമങ്ങു
തീരും; ജോലിയും കിട്ടില്ല. അധികം പറയരുത്. തീരെ കുറച്ചും ആകരുത്.

സഹപ്രവര്‍ത്തകരും മേലധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നവരാണ് (നെറ്റ് വര്‍ക്കിംഗ്) എപ്പോഴും വിജയിക്കുന്നത്. ജോലിയില്‍ മോശമായാലും ചില അബദ്ധങ്ങള്‍ കാട്ടിയാലും ഈ ബന്ധങ്ങള്‍ തുണയ്ക്കും. നേരേ മറിച്ച് ജോലിയില്‍ ബഹുകേമന്‍. പക്ഷെ ആരുമായും ബന്ധമില്ല. അങ്ങനെ ഒരാള്‍ എന്തെങ്കിലും മണ്ടത്തരം കാണിച്ചാല്‍ എല്ലാവരുംകൂടി അയാളുടെ നേരേ ചാടിവീഴും. 

അഭിമുഖ സമയത്ത് എപ്പോഴും ബോസിന് സ്വന്തം മികവിനെപ്പറ്റി മതിപ്പു തോന്നുവാനുള്ള സ്ഥിതിവരുത്തണം. മികച്ച ഒരാളെയാണ് താന്‍ ജോലിക്കെടുത്തതെന്ന ചിന്ത വന്നാല്‍ തന്നെ ബോസിനും സന്തോഷമായി. ഓഫീസ് കാര്യങ്ങളൊക്കെ ചോദിക്കുകയും, പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ത്ഥിയെ അഭിമുഖകര്‍ത്താവിന് ഇഷ്ടപ്പെടും. അതിന് ഓഫീസിനെപ്പറ്റി നേരത്തെ തന്നെ വ്യക്തമായി അറിയാന്‍ ശ്രമിക്കണം. 

അഭിമുഖത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കരുത്. രാഷ്ടീയം, മതം തുടങ്ങിയവ. പലപ്പോഴും പ്രാഥമിക ഇന്റര്‍വ്യൂ ഫോണില്‍ആണ് നടക്കുക. പ്രതീക്ഷിക്കാത്ത സമയത്താണ് ഫോണ്‍ വരുന്നതെങ്കില്‍ ഡ്രൈവ് ചെയ്യുകയാണെന്നോ മറ്റോ ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്നീട് വിളിക്കാന്‍ പറയാം. ലാന്‍ഡ് ലൈനാണ് ഉത്തമം. ഫോണില്‍സംസാരിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതാണ് നല്ലത്. 

പഴയ കമ്പനിയെപ്പറ്റിയും ബോസിനെപ്പറ്റിയും ചീത്ത അഭിപ്രായങ്ങള്‍ ആകരുത്. ജോലി മാറുന്നതിന്റെ കാര്യങ്ങള്‍ ന്യായമായതാണെങ്കില്‍ പറയാം. ഓരോ ആറുമാസവും കൂടുമ്പോള്‍ ജോലി മാറുന്നയാളെപ്പറ്റി സന്ദേഹം വരാം.

സംസാരം കാടുകയറിയാലും നമ്മുടെ പോയിന്റിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. പറഞ്ഞു പറഞ്ഞ് വല്ലവഴിയും പോയാല്‍ ശരിയാവില്ല. 

ജോലി തേടുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാണ് "
ലിങ്ക്ഡ് ഇന്‍' (Linked In) വഴിയുള്ള ബന്ധം. കൂടുതല്‍ പേരുമായി ബന്ധം പുലര്‍ത്താനും പുതിയ ജോലി സാധ്യത മനസിലാക്കാനും അത് ഉപകരിക്കും. 

കീന്‍ പ്രൊഫഷനല്‍ അഫയേഴ്‌സ് ചെയര്‍ ആണു അജിത് ചെറയില്‍.
SiriusXM സാറ്റലൈറ്റ് റേഡിയോയില്‍ ബിസിനസ്സ് ഇന്റലിജന്‍സ് & മാര്‍ക്കറ്റിംഗ് ടെക്‌നോളജിയുടെ തലവനാണ് അജിത്. Silchar RECല്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും Wharton School of Business-ല്‍ നിന്ന് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് പ്രോഗ്രാമും കരസ്ഥമാക്കിയിട്ടുള്ള അജിത് പല പ്രശസ്ത സ്ഥാപനങ്ങളുടേയും ഉന്നത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

കീന്‍ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് കാടാപുറം തുടങ്ങിയവര്‍ സംസാരിച്ചു. 

കീന്‍  വൈസ് പ്രസിഡന്റ് ചെറിയാന്‍ പൂപ്പള്ളില്‍, സെക്രട്ടറി കോശി പ്രകാശ്, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍ ബെന്നി കുര്യന്‍, സ്റ്റുഡന്റ് ഔട്ട് റീച്ച് ചെയര്‍ ഷാജി കുര്യാക്കോസ്, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ എല്‍ദോ പോള്‍, ബെന്നി, ആനി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അഭിമുഖത്തില്‍ തിളങ്ങാന്‍ കണ്ണാടിയില്‍ നോക്കുക
Join WhatsApp News
benny 2013-07-02 07:57:56
It was a great seminar!
Charles 2013-07-03 19:37:21
Really Informative!!..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക