Image

മര്‍ദ്ദനത്തിന് ഇരയായ അധ്യാപകന്റെ മൊഴിയെടുത്തു

Published on 01 October, 2011
മര്‍ദ്ദനത്തിന് ഇരയായ അധ്യാപകന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വാളകം രാമവിലാസം സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.എം അഷറഫാണ് മെഡിക്കല്‍ കോളേജിലെത്തി മൊഴി രേഖപ്പെടുത്തിയത്. 40 മിനിറ്റോളം തീവ്രപരിചരണ വിഭാഗത്തില്‍ ചിലവഴിച്ചാണ് മൊഴിയെടുത്തത്. അധ്യാപകന്റെ മൊഴി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

മജിസ്‌ട്രേട്ട് മെഡിക്കല്‍ കോളേജില്‍നിന്നും മടങ്ങിയശേഷം കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘവും അധ്യാപകന്റെ മൊഴിയെടുത്തു. അധ്യാപകന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അധ്യാപകന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ അക്രമം നടക്കുന്നതിന് തൊട്ടുമുന്‍പ് അധ്യാപകന്‍ സന്ദര്‍ശിച്ച ജ്യോത്സ്യന്‍ ശ്രീകുമാറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലാണ് ശ്രീകുമാര്‍. അദ്ദേഹത്തിന്റെ ഫോണ്‍വിളികള്‍ അടക്കമുള്ള വിവരങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.

മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനാണ് വാളകം വൃന്ദാവനില്‍ ആര്‍.കൃഷ്ണകുമാര്‍. ചൊവ്വാഴ്ച രാത്രിയിലാണ് അദ്ദേഹത്തിനുനേരെ ആക്രമണം ഉണ്ടായത്. മര്‍ദ്ദിച്ച് അവശനാക്കി കാറില്‍ കൊണ്ടുവന്ന് ജങ്ഷനില്‍ തളളുകയായിരുന്നു എന്നാണ് സൂചന. റോഡില്‍ കിടന്ന കൃഷ്ണകുമാറിനെ പോലീസ് കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
Join WhatsApp News
Shajees Konuparamban 2024-01-18 04:29:45
Heartfelt Condolences 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക