Image

വള്ളത്തോള്‍ പുരസ്‌കാരം സി.രാധാകൃഷ്ണന്‌

Published on 01 October, 2011
വള്ളത്തോള്‍ പുരസ്‌കാരം സി.രാധാകൃഷ്ണന്‌
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി.രാധകൃഷ്ണന്. 1,11111 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. വള്ളത്തോള്‍ സാഹിത്യസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ .രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

നോവലിസ്റ്റ്, കഥാകൃത്ത്, പ്രഭാഷകന്‍ , ഉപന്യാസകാരന്‍, ചലച്ചിത്രകാരന്‍ എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധേയനായ സി.രാധാകൃഷ്ണന്‍ ആധുനികതയുടെ ദുരൂഹാഖ്യാനത്തില്‍ പെടാതെ വള്ളുവനാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം കാവ്യാത്മകഭാഷയില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ്. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള സംഘര്‍ഷം ഇദ്ദേഹത്തിന്റെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്.

എഴുത്തച്ഛന്റെ ജീവിതത്തെ ആസ്​പതമാക്കിയുള്ള തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്​പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍ . കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മഹാകവി ജി. പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക