Image

വ്യത്യസ്തനായ ഉമ്മന്‍ചാണ്ടിയെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല

സ്വന്തം ക്രിട്ടിക്‌ Published on 25 June, 2013
വ്യത്യസ്തനായ ഉമ്മന്‍ചാണ്ടിയെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല
കരുണാകരന്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഉമ്മന്‍ചാണ്ടി മനസ്സില്‍ എന്താണ് കുറിച്ചിട്ടിരിക്കുന്നതെന്ന് ഒരു വാക്കില്‍ നിന്ന് പോലും തിരിച്ചറിയാന്‍ കഴിയില്ല. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍-- സമീപകാല കേരളരാഷ്ട്രീയം ചര്‍ച്ച ചെയ്ത വിവാദനാമങ്ങള്‍. ഈ രണ്ടുപേരും അഴിക്കുള്ളില്‍. ഇവരില്‍ തീരുന്നില്ല തട്ടിപ്പിന്റെ വേരുകള്‍.
ഇവര്‍ കേരളത്തെ വിഴുങ്ങാനുള്ള കൊള്ളയ്ക്കുള്ള ഗൂഢസംഘത്തിലെ ആദ്യ കണ്ണികള്‍ മാത്രം. പതിനായിരം കോടി രൂപയുടെ കൊള്ളയാണ് സോളാര്‍ തട്ടിപ്പിലൂടെ ഗൂഢസംഘം ലക്ഷ്യമിട്ടത്.. ഏതാണ്ട് ആയിരത്തോളം പേര്‍ ഈ തട്ടിപ്പിനിരയായിട്ടുണ്ട്.
2012 ഒക്‌ടോബറിലാണ് 2500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍ബന്ധമായും സോളാര്‍ പ്ലാന്റ് സ്ഥാപിക്കണെന്ന് പറഞ്ഞത്. ഇതുകേള്‍ക്കുമ്പോള്‍ ദിവസം 4 മണിക്കൂറോളം പവര്‍കട്ടുള്ള നാട്ടില്‍ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗമായി കണ്ട് ഈ സൗരോര്‍ജ്ജ ഉപകരണം വീടുകളുടെ മുകളില്‍ വച്ച്, സൂര്യപ്രകാശം സമാഹരിച്ച് വെള്ളം തിളപ്പിക്കാനും ബള്‍ബുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാനും കഴിയുമെങ്കില്‍ നല്ല കാര്യമാണല്ലോയെന്നോര്‍ക്കും.
അപ്പോള്‍ ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസിയും, ഷെയറും എടുത്താല്‍ നല്ല വരുമാന മാര്‍ഗമാകുമല്ലോ. സരിത- ബിജു രാധാകൃഷണന്‍ നേരിട്ട് നേതൃത്വം നല്‍കിയെങ്കിലും കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ സര്‍ക്കാര്‍ കൂട്ടുനിന്ന കഥയാണ് ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. (പിന്നീട് മുഖ്യമന്ത്രിയെ പിന്താങ്ങുന്ന മാദ്ധ്യമങ്ങള്‍ക്ക് വരെ സത്യം ഏറ്റുപിടിക്കേണ്ടിവന്നു.) സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പാരമ്പര്യേതര വൈദ്യുതി ഉല്‍പാദന ഏജന്‍സിയെ മറികടന്ന് ടീം സോളാര്‍ കമ്പനിയെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിച്ച കഥയാണിപ്പോള്‍ പുറത്തു വന്നത്.
ടീം സോളാറിന്റെ ഏജന്‍സി നല്‍കാം, ഒരു കോടിയധികം നിക്ഷേപിച്ചാല്‍ ഈ കമ്പനിയില്‍ 50000 രൂപ ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ന്യൂയോര്‍ക്കിലുള്ള ദമ്പതികളില്‍ നിന്ന് ഒരു കോടി 17 ലക്ഷം തട്ടിയെടുത്തത്.
ടീം സോളാറിന്റെ പ്രത്യേക വാഗ്ദാനത്തിലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ പ്രത്യേക ശുപാര്‍ശകത്ത് കാണിച്ചിട്ടാണ് ഇത്രയും തുക ത്ടിടയെടുത്തത്. ഇതുപോലെ 75 ലക്ഷവും 50 ലക്ഷവും നല്‍കിയവര്‍ നൂറുകണക്കിനാണ് കേരളത്തില്‍.
കേരളത്തില്‍ തന്നെ 21 ക്രിമിനല്‍ കേസുകളും 10 വാറണ്ടും ഉള്ള സരിതാനായരും ബിജു രാധാകൃഷ്ണനുമായി കേരളത്തിലെ മുഖ്യമന്ത്രി ഒരു മണിക്കൂറിലധികം സംസാരിച്ചത് അവരുടെ കുടുംബപ്രശ്‌നം തീര്‍ക്കാനാണെന്ന വാദം കേരളീയ സമൂഹം ഇപ്പോള്‍ വിശ്വസിക്കുന്നില്ലതിന്റെ തെളിവാണ് പിന്നീട് പുറത്തുവരുന്ന കഥകള്‍ സൂചിപ്പിക്കുന്നത്.
ടീം സോളാര്‍ കമ്പനിയുടെ ബ്രാഞ്ചുകള്‍ മന്ത്രിമാര്‍ ഉല്‍ഘാടനം ചെയ്യുന്നു. സോളാര്‍ തട്ടിപ്പ് അഴിമതിയുടെ കേന്ദ്രഓഫീസായി പ്രവര്‍ത്തിച്ചുപോന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗികവസതിയുമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ കൊലയാളിയായ ഒരു ക്രിമിനലുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്.
സരിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചനടത്തിയെന്ന് പുറംലോകമറിഞ്ഞത് മുഖ്യമന്തിക്ക് വിശ്വസ്തനായ തോമസ് കുരുവിള പറഞ്ഞപ്പോഴാണ്. വൈഷമ്യത്തിലായ മുഖ്യമന്ത്രി, കേരള ഹൗസില്‍ വച്ച് പത്രക്കാരോട് താന്‍ സംസാരിച്ചവേളയില്‍ സരിതയും അവിടെ ഉണ്ടായിരുന്നുവെന്ന നിലപാട് മാറ്റി, ഇതിനിടെ വിജ്ഞാന്‍ ഭവനില്‍ വച്ച്, സരിതയെ കണ്ടകാര്യം പുറത്തുവന്നു. അവിടെ വച്ച്, താന്‍ കണ്ടത് സിന മാധവന്‍ എന്ന അഭിഭാഷകയെയാണെന്ന് പറഞ്ഞു. എന്നാല്‍ സിന മാധവന്‍ ആ ദിവസം വിജ്ഞാന്‍ ഭവനില്‍ പോയിരുന്നില്ലെന്ന് തെളിവ് നല്കി.
മുഖ്യമന്ത്രി വീണ്ടും പരുങ്ങളിലായി. ഇതിനിടെ ആ ദിവസം താന്‍ കേരളത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അതേ ദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍ തന്നെയുണ്ടായിരുന്നുവെന്നതതിന് മുഖ്യമന്ത്രിയുടെ ഫോട്ടോകള്‍ അടങ്ങുന്ന പിറ്റെന്നത്തെ പത്രങ്ങള്‍ തെളിവുകളായി!!
മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ളപ്പോള്‍ മുഖ്യ കുറ്റവാളിയും, സരിതാനായരും തിരുവനന്തപുരത്ത്. അദ്ദേഹം ഡല്‍ഹിയിലുള്ളപ്പോള്‍ അവരും ഡല്‍ഹിയില്‍. അദ്ദേഹം ടൂറിലുള്ളപ്പോള്‍ ഒപ്പമുള്ള ഗണ്‍മാന്റെ മൊബൈല്‍ഫോണില്‍ നിന്നും തിരിച്ചും അവരുടെ ഫോണ്‍ കോളുകള്‍. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുള്ള നേരങ്ങളില്‍ ക്ലിഫ്ഹൗസിലേക്ക് തിരിച്ചും ഫോണ്‍കോളുകള്‍. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത മുഖ്യമന്ത്രി എന്നിട്ടും പറയുന്നു ഒരു തട്ടിപ്പുമില്ലായെന്നും, തനിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ലായെന്നും ആവര്‍ത്തിക്കുമ്പോഴും മന്ത്രിമാരില്‍ ഏറ്റവുമധികവും മൊബൈല്‍ഫോണ്‍ ചാര്‍ജ് അടയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്ന് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ഔദ്യോഗികരേഖകള്‍ പറയുന്നു. അപ്പോള്‍ അതേത് ഫോണ്‍ ? അത് ആരുടെ പക്കല്‍ അന്വേഷിക്കേണ്ടതല്ലേ?
അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് തന്നെ ഇതൊക്കെ അന്വേഷിക്കാതെ ഹൈക്കോടതിയോ ജുഡീഷ്യല്‍ എന്‍ക്വയറിയോ ജനം ആവശ്യപ്പെടുന്നത്. ഇതിനൊടകം തന്നെ സര്‍ക്കാരിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയും വമ്പന്‍ സ്രാവുകള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് ഉറപ്പ്. ഇനിയും ഉമ്മന്‍ചാണ്ടിയെ മുമ്പില്‍ നിര്‍ത്തി പാര്‍ലമെന്റ് ഇലക്ഷനെ നേരിടാന്‍ ബുദ്ധിമുട്ടാണെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചുകഴിഞ്ഞു.
ഇങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു കച്ചിതുരുമ്പായി തെറ്റയില്‍ അശ്ലീലം കടന്നു വന്നു. തെറ്റയില്‍ അങ്കമാലിയിലും ടി.ജെ.ജോര്‍ജ് പാറശാലയിലും നടത്തിയ അശ്ലീലം പുറത്തുവന്നു. ഇതിനുശേഷം വന്ന വാര്‍ത്തകള്‍ മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. നേരത്തെ കുടുംബ സദസ്സുകളെ ഇക്കിളിപ്പെടുത്തുന്ന സീരിയലുകള്‍ പച്ചതെറി പറയാന്‍ തുടങ്ങിയപ്പോള്‍ മലയാളി ന്യൂസിലേക്കു തിരിച്ചായിരുന്നു രക്ഷപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയത്തിന്റെ അതിചൂടില്‍ തീര്‍ത്തും കുടംബമായിട്ട് കാണാന്‍ പറ്റാത്ത കാര്യങ്ങള്‍ ന്യൂസിലും കാണേണ്ട അവസ്ഥ മലയാളിക്കു വന്നുചേര്‍ന്നു.
ആകെ ഒരു മനസമാധാനം ഒരു ഡോളറിന് 60 രൂപയായി എന്നു മാത്രമാണ്. ഏതായാലും ഉമ്മന്‍ചാണ്ടിയിലേക്ക് തിരിച്ചുവന്നാല്‍, തന്റെ പേര്‍ തട്ടിപ്പുനടത്താന്‍ വന്‍തോതില്‍ ഉപയോഗിക്കുന്നതായി മനസ്സിലായിട്ടും ജാഗ്രത പുലര്‍ത്താതിരുന്നത് ബോധപൂര്‍വ്വമാണെങ്കില്‍, ഇന്റലിജന്‍സ് മേധാവിയുടെ പ്രാഥമികാന്വേഷണം ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാണെങ്കില്‍ എന്തുകൊണ്ട് ഒരന്വേഷണംവും (ജുഡീഷ്യല്‍) നേരിടാന്‍ തയ്യാറല്ലയെന്ന നിലപാട്??
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക