Image

കളി കഴിഞ്ഞു. സരിതോര്‍ജ്ജവും അരങ്ങൊഴിഞ്ഞു. (ബിനീഷ്‌ മാത്യു)

Published on 26 June, 2013
കളി കഴിഞ്ഞു. സരിതോര്‍ജ്ജവും അരങ്ങൊഴിഞ്ഞു. (ബിനീഷ്‌ മാത്യു)
അങ്ങനെ സരിതോര്‍ജ്ജവും സോളാറും പെട്ടിയിലായി. ചുമ്മാ മനുഷ്യന്റെ സമയം മെനക്കെടുത്താന്‍ ഓരോ കളികള്‍. ഇതെല്ലാം കണ്ട്‌ കണ്ട്‌ ജനത്തിനും മടുത്തു. അഴിമതിയോ, നമ്മളെത്ര കണ്ടിരിക്കുന്നു. സ്‌ത്രീ പീഡനമോ, അത്‌ ദിവസവും നടക്കുന്നതല്ലേ?

മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച പരശുരാമന്‍ ഇപ്പൊ മുകളിലിരുന്ന്‌ ( ഇനി കേരളം സൃഷ്ടിച്ച കുറ്റത്തിന്‌ അങ്ങോരെ നേരെ പാതാളത്തിലേക്ക്‌ വിട്ടോ എന്നും അറിയില്ല കേട്ടോ ) ചിന്തിക്കുന്നുണ്ടാവും. വഴിയെ പോയ മൂര്‍ഖനെ എടുത്തു വേണ്ടാത്തിടത്തു വെച്ചല്ലോ ഭഗവാനേ എന്ന്‌. എന്തൊക്കെ കോലാഹലമായിരുന്നു.. മലപ്പുറം കത്തി, ബോംബ്‌, സി. ബി. ഐ. എന്നിട്ടിപ്പോ എന്തായി? സരിതയും ബിജുവും സുഖമായി ഇരിക്കുന്നു. പോയവന്റെ കാശ്‌ പോയി. അവര്‍ പുല്ലുപോലെ വെളിയില്‍ ഇറങ്ങും. എന്നിട്ട്‌ പിന്നെയും തട്ടിപ്പ്‌ നടത്തും.

സോളാര്‍ അഴിമതി പുറത്ത്‌ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലേ നിയമസഭാംഗത്തിന്റെ രാസലീലകള്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വന്നത്‌. ഭരണപക്ഷത്തിനെതിരെ സോളാര്‍ തട്ടിപ്പും, പ്രതിപക്ഷത്തിനെതിരെ സ്‌ത്രീ പീഡനവും. കേള്‍ക്കാനും കാണാനും എന്ത്‌ സുഖം. ഇതെല്ലാം വിശ്വസിച്ച്‌ ദൈവത്തെ വിളിക്കുന്ന മണ്ടമാരായ പൊതുജനവും. വെറുതെയല്ല ഓരോ തിരഞ്ഞെടുപ്പിനും പിന്നെയും പിന്നെയും ഈ ജനസേവകര്‍ തന്നെ അധികാരത്തില്‍ വരുന്നതും.

സാമാന്യ വിവരം ഉള്ള ഏതൊരാള്‍ക്കും ഒരല്‍പം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ രണ്ടു പക്ഷങ്ങളുടെയും ഈ കളികള്‍. ഇതൊന്നുമറിയാതെ പാവം അച്ചുമാമന്‍ കിടന്നു കയറു പൊട്ടിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത്‌ തന്നെ തുടങ്ങിയതാണ്‌ സരിതയുടെയും ബിജുവിന്റെയും തട്ടിപ്പുകള്‍. അപ്പൊ പിന്നെ അവര്‍ക്ക്‌ ഇതില്‍ അല്‌പമെങ്കിലും പങ്കില്ല എന്ന്‌ പറയാന്‍ പറ്റുമോ. അങ്ങനെ വരുന്‌പോള്‍, ഈ പ്രശ്‌നം ഇനിയും ഇങ്ങനെ കത്തി നിന്നാല്‍ നമുക്കിട്ടും പണി പാലുംവെള്ളത്തില്‍ കിട്ടും എന്ന്‌ പ്രതിപക്ഷത്തിരിക്കുന്ന മാന്യന്മാര്‍ക്കും മനസ്സിലായിട്ടുണ്ടാവും. പിന്നെ, കേരളത്തില എന്നും ഇപ്പോഴും ചൂടപ്പം പോലെ വിറ്റു പോകുന്ന ഒരേ ഒരു വാര്‍ത്ത, ആര്‍ക്കും ഇപ്പോഴും ആര്‍ക്കെതിരേയും ഉപയോഗിക്കാന്‍ പറ്റുന്ന തുറുപ്പുഗുലാന്‍ : സ്‌ത്രീ പീഡനം, അതങ്ങോട്ട്‌ എടുത്തു വീശുക.

മലപോലെ വന്ന സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ ഇപ്പൊ ഒരു രാഷ്ട്രീയക്കാരനും സംസാരിക്കണ്ടല്ലോ. വിടുവായനാണ്‌ എങ്കിലും ഒള്ളത്‌ ഒള്ളതുപോലെ പറയുന്ന പി. സി. ജോര്‌ജ്ജിനോട്‌ ഇപ്പൊ അല്‌പം ബഹുമാനം തോന്നുന്നു. ഇപ്പറഞ്ഞ സ്‌ത്രീ പീഡന കേസില്‍ സംഗം മാത്രമേ നടന്നിട്ടുള്ളൂ എന്നും, ബലാല്‍ ഒന്നും നടന്നിട്ടില്ല എന്നുമാണ്‌ പി. സി. ജോര്‌ജ്ജ്‌ പറഞ്ഞത്‌. അതുകൊണ്ട്‌ അദ്ദേഹത്തിനെതിരെ കേസെടുത്തത്‌ ശരിയായില്ല എന്നും. വിവരമുള്ളവര്‍ ഒരാളെങ്കിലും ഉള്ളത്‌ നല്ലതാണ്‌. ഇടയ്‌ക്കിടെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഇദ്ദേഹം പറയുന്നതിലും കാര്യമില്ലേ?

സോളാര്‍ തട്ടിപ്പ്‌ മുക്കാനുള്ള വെറുമൊരു മറയല്ലേ ഇപ്പോള്‍ ഉയര്‌ന്നു വന്നിരിക്കുന്ന ഈ പീഡന കേസ്‌? ജോസ്‌ തെറ്റയിലിന്‌ എതിരെ ആരോപണം ഉയര്‍ന്നതിന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണപക്ഷത്തിന്റെ ഒരു എം. എല്‍. എ യ്‌ക്കെതിരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാ ആരോപണവുമായി ഒരു സ്‌ത്രീ വന്നിരുന്നു. ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ? അതിനെ കുറിച്ച്‌ ഇപ്പോള്‍ ആരും ഒന്നും പറഞ്ഞു കേള്‍ക്കുന്നുമില്ല. ആളിക്കത്തിനിന്നിരുന്ന സോളാര്‍ തട്ടിപ്പ്‌ ഇതിന്റെയെല്ലാം ഇടയ്‌ക്കു മുങ്ങിയതല്ലാതെ ആര്‍ക്കെന്തു ഫലം?

എത്ര പറ്റിക്കപ്പെട്ടാലും പിന്നെയും പിന്നെയും കാശിന്റെ പുറകെ പോകുന്ന പുതുജനം പിന്നെയും കഴുതയായി. ഇപ്പൊ നാട്ടിലെല്ലാവരും ഏതു നേരവും വാര്‍ത്ത കാണാന്‍ വേണ്ടി തിരക്ക്‌ പിടിക്കുന്നു. തലയില മുണ്ടിട്ടു കൊണ്ട്‌ ഇനി ആര്‍ക്കും തിയേറ്ററില്‍ പോകണ്ടല്ലോ. എല്ലാം വളരെ തുറന്നു കാണിക്കാന്‍ വേണ്ടി ചാനലുകള്‍ മത്സരിക്കുന്‌പോള്‍ ഇവിടെ മരിച്ചു വീഴുന്നത്‌ മലയാളിയുടെ സംസ്‌കാരമല്ലേ? എല്ലാം കൂടി ആകെ ഒരു അവിയല്‍ പരുവമാണ്‌ ഇന്നത്തെ കേരളത്തിന്റെ സ്ഥിതി. അതിന്റെ ഇടയ്‌ക്ക്‌ ഈ അവിയലും പിന്നെ മറ്റു ചില കൂട്ടുകറികളും കൂട്ടി ചിലരെങ്കിലും സദ്യ ഉണ്‌നുന്നില്ലേ എന്നൊരു സംശയം അടിയന്‌. തെറ്റാണെങ്കില്‍ അങ്ങട്‌ പൊറുക്കാ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക