Image

മൈക്ക്‌ ഓഫ്‌ ചെയ്‌തതുകൊണ്ട്‌ പ്രശ്‌നം തീരുമോ?

Published on 25 June, 2013
മൈക്ക്‌ ഓഫ്‌ ചെയ്‌തതുകൊണ്ട്‌ പ്രശ്‌നം തീരുമോ?
മൈക്ക്‌ ഓഫ്‌ ചെയ്‌തതുകൊണ്ട്‌ തീരുന്നതല്ല കേരള രാഷ്‌ട്രീയത്തിന്‌ വന്നു ചേര്‍ന്നിരിക്കുന്ന നിലവാരത്തകര്‍ച്ചയും അധപതനവും. പെണ്ണിനെയും സ്‌ത്രീപീഡനത്തെയും രാഷ്‌ട്രീക്കരുവാക്കി കേരള രാഷ്‌ട്രീയത്തിലെ ഭരണ പ്രതിപക്ഷം നടത്തുന്നത്‌ നെറികെട്ട രാഷ്‌ട്രീയ കളിയാണെന്ന്‌ മാത്രമേ പറയാന്‍ കഴിയു. സ്‌കോര്‍ ബോര്‍ഡ്‌ എണ്ണി നോക്കിയാല്‍ സ്‌ത്രീപീഡനത്തിന്റെ കാര്യത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഇപ്പോള്‍ ഒപ്പത്തിന്‌ ഒപ്പമാണ്‌.

സരിത എസ്‌.നായര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ബന്ധമാണ്‌ തുടക്കം. സരിതക്ക്‌ ഭരണപക്ഷത്തെ ഉന്നതന്‍മാരുമായി ബന്ധമുണ്ടെന്ന്‌ ഏറെക്കുറെ സ്ഥിരീകരണം വന്നതോടെ സരിതക്ക്‌ മുന്‍ മന്ത്രിസഭയിലെ പ്രമുഖന്റെ മകനുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത്‌ വിട്ട്‌ ഭരണപക്ഷം പ്രതിരോധിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഉമ്മന്‍ചാണ്ടിയുടെ സുതാര്യകേരളം പരാതിസെല്ലിലേക്ക്‌ വിളിച്ച സ്‌ത്രീയോട്‌ കോള്‍സെന്റര്‍ ജീവനക്കാരന്‍ ലൈഗീക വേഴ്‌ചക്ക്‌ നിര്‍ബന്ധിച്ചുവെന്ന വാര്‍ത്ത പരാതിക്കാരിയുടെ ശബ്‌ദരേഖയോടെ ചാനലുകളില്‍ നിറഞ്ഞു. ഇതോടെ ഭരണപക്ഷം വീണ്ടും പ്രതിരോധത്തിലായി. ഈ പരാതി ഏറെക്കുറെ വ്യാജമാണെന്നാണ്‌ ഇപ്പോള്‍ അറിയുന്നത്‌. അതുകൊണ്ടു തന്നെ ഇത്‌ രാഷ്‌ട്രീയ ഗൂഡാലോചനയുടെ ഭാഗമാണോ എന്നും കരുതേണ്ടതുണ്ട്‌.

മകന്റെ കാമുകിയുമായിട്ട്‌ വേഴ്‌ച നടത്തിയതിന്റെ നീലപ്പടം പ്രതിപക്ഷത്തെ പ്രമുഖനായ ജോസ്‌ തെറ്റയിലിനെ വീഴ്‌ത്തിയത്‌ കഴിഞ്ഞ ദിവസമാണ്‌.. അതോടെ പ്രതിപക്ഷത്തിന്റെ പ്രതിരോധം ഇന്നലത്തെ നിയമസഭാ സമ്മേളനത്തില്‍ തകര്‍ന്നു വീണു. ഒട്ടും വൈകിയിട്ടില്ല, ഏറ്റവുമൊടുവില്‍ പാറശാല എം.എല്‍.എ എ.ടി ജോര്‍ജ്ജിനെതിരെ ലൈംഗീകപീഡന ആരോപണവുമായി പാറശാല സ്വദേശിനി പരാതി നല്‍കിയിരിക്കുന്നു. ഇതോടെ ഭരണപക്ഷം വീണ്ടും പ്രതിക്കൂട്ടിലായി എന്ന്‌ സാരം.

മുകളില്‍ പറഞ്ഞ പീഡന കഥകളില്‍ ഏതൊക്കെയാണ്‌ സത്യം, ഏതൊക്കെയാണ്‌ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടുള്ളത്‌ എന്ന്‌ തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങുകയാണ്‌ നമ്മുടെ പ്രബുദ്ധ കേരളം. ജോസ്‌ തെറ്റയിലിനെതിരെ വന്ന ആരോപണം വാസ്‌തവമെങ്കില്‍ പോലും അതിനു പിന്നില്‍ ഒരു രാഷ്‌ട്രീയ ഗൂഡാലോചന കൂടിയുണ്ട്‌ എന്നത്‌ ഉറപ്പാണ്‌. എന്നാല്‍ പാറശാല എം.എല്‍.എ എ.ടിജോര്‍ജ്ജിനെതിരെയുള്ള ആരോപണത്തെക്കുറിച്ച്‌ ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഇതിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പ്രതിപക്ഷ നേതാവ്‌ അപമാനിച്ചുവെന്ന ഒരു പ്രശ്‌നം കൂടി കേരള നിമയസഭയെ പ്രക്ഷുബ്‌ദമാക്കി. കഴിഞ്ഞ ദിവസത്തെ നിയമസഭാ സമ്മേളനത്തില്‍ സോളാര്‍ വിവാദം ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക്‌ കാരണമായപ്പോള്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ മകളുടെ പേരുകൂടി ഉള്‍പ്പെടുന്ന ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന്‌ സ്‌പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫാക്കുകയും സഭ പിരിച്ചുവിടുകയും ചെയ്‌തു. പ്രതിപക്ഷ നേതാവ്‌ വിഷയത്തിലേക്ക്‌ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കൊണ്ടു വന്നത്‌ ശരിയായില്ല എന്നതാണ്‌ ഭരണപക്ഷം ഉയര്‍ത്തുന്ന ന്യായം. സ്‌പീക്കര്‍ കോണ്‍ഗ്രസിന്‌ അനുകൂലമായി നിന്നു എന്ന്‌ പ്രതിപക്ഷം ആരോപിക്കുമ്പോള്‍, സഭയുടെ മാന്യതക്ക്‌ ചേരാത്ത സംസാരം വി.എസ്‌ നടത്താന്‍ ശ്രമിച്ചപ്പോഴാണ്‌ സ്‌പീക്കര്‍ മൈക്ക്‌ ഓഫാക്കാന്‍ നിര്‍ബന്ധിതനായതെന്ന്‌ ഭരണപക്ഷവും പറയുന്നു. ഇന്നാല്‍ ഇവിടെ മൈക്ക്‌ ഓഫാക്കേണ്ട വിഷയം എന്തെന്ന്‌ തീരെ മനസിലാകുന്നുമില്ല.

ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ അവരുടെ ഭര്‍ത്താവ്‌ നല്‍കിയ ഡൈവോഴ്‌സ്‌ കേസില്‍ കോ-റെസ്‌പോണ്ടന്റാണ്‌ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ്‌. മറിയ ഉമ്മനെയും ഗണ്‍മാന്‍ സലിമിനെയും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ ഡൈവോഴ്‌സ്‌ പരാതിയില്‍ തന്നെയുണ്ട്‌. സ്വന്തം ഗണ്‍മാനെതിരെ ഇത്രയും കടുത്ത പരാതി വന്നിട്ടും അദ്ദേഹം സലിംരാജിനെ തന്റെ അനുചര വൃന്ദത്തില്‍ നിന്നും മാറ്റിയില്ല. മാത്രമല്ല ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ സലിംരാജിനെ ഗണ്‍മാന്‍ ആക്കരുതെന്ന്‌ എന്ന്‌ കാണിച്ച്‌ ഇന്റലിജന്‍സ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ അയാളെ ഗണ്‍മാനാക്കുകയും ചെയ്‌തു. ഇപ്പോള്‍ സരിത എസ്‌നായരുമായും ബിജുവുമായും സലിംരാജിന്‌ അവിഹിത ഇടപാടുകള്‍ ഉണ്ടെന്ന്‌ വ്യക്തമായപ്പോഴും അയാളെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും മാറ്റിനിര്‍ത്തിയതല്ലാതെ സര്‍വീസില്‍ നിന്ന്‌ തത്‌കാലത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌ത്‌ ഒരു അന്വേഷണത്തിന്‌ നീക്കമുണ്ടായിട്ടില്ല. ഇവിടെ ഉമ്മന്‍ചാണ്ടിക്ക്‌ സലിംരാജുമായുള്ള അടുപ്പം അമ്പരപ്പിക്കുന്നത്‌ തന്നെ.

ഇന്റലിജന്‍സ്‌ പോലും മോശം സര്‍ട്ടിഫക്കറ്റ്‌ നല്‍കിയ, ഇപ്പോള്‍ തട്ടിപ്പ്‌ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സലിംരാജില്‍ നിന്നും സ്വന്തം കുടുംബത്തില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട്‌ ഉമ്മന്‍ചാണ്ടി അയാളെ സംരക്ഷിക്കുന്നു എന്ന ചോദ്യമാണ്‌ വി.എസ്‌ ഉന്നയിക്കാന്‍ ശ്രമിച്ചത്‌. ഇതില്‍ എവിടെയാണ്‌ അസ്വഭാവികത. ഈ പ്രശ്‌നം ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ തന്നെ നല്‍കിയ പരാതികളിലും കേസിലുമുള്ള കാര്യമാണല്ലോ വി.എസ്‌ ചൂണ്ടിക്കാണിക്കുന്നത്‌. സലിംരാജിനെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്ക്‌ ഈ പ്രശ്‌നം കൂടി ചേര്‍ത്ത്‌ ചോദ്യം ഉന്നയിക്കണമെന്ന്‌ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളുവെന്ന്‌ വി.എസ്‌ പിന്നീട്‌ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്‌തു.

ഇവിടെ വിഷയം സോളാര്‍ തട്ടിപ്പ്‌ ടീമുമായി അടുത്ത ബന്ധം പുലര്‍ത്തിയ, അല്ലെങ്കില്‍ ടീം സോളാറിന്‌ സഹായങ്ങള്‍ ചെയ്‌തു കൊടുത്ത സലിംരാജുമായി എന്തുകൊണ്ട്‌ ഇത്രത്തോളം ബന്ധം ഉമ്മന്‍ചാണ്ടി പുലര്‍ത്തുന്നു എന്നതാണ്‌. സോളാര്‍ തട്ടിപ്പിലെ പ്രധാന പ്രശ്‌നവും വഴിത്തിരിവും ഇത്‌ തന്നെയാണ്‌. പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫ്‌ ചെയ്‌തതുകൊണ്ട്‌ ഈ ചോദ്യവും പ്രശ്‌നവും തീരാന്‍ പോകുന്നുമില്ല. സലിം രാജിന്റെ ഫോണ്‍ എന്നത്‌ യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍കൂടിയായിരുന്നു എന്ന്‌ നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. വെറുതെ മേനി പറച്ചിലിനായി മൊബൈല്‍ ഉപയോഗിക്കാത്ത മുഖ്യമന്ത്രി എന്നൊക്കെ വെച്ചു കാച്ചാമെന്നല്ലാതെ. സലിംരാജ്‌ കുഴപ്പക്കാരനാണെന്ന്‌ പറയുന്നതില്‍ പ്രമുഖന്‍ യുഡിഎഫിന്റെ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജ്‌ കൂടിയാണല്ലോ. ഉമ്മന്‍ചാണ്ടിക്ക്‌ വേണ്ടി സെല്‍വരാജിനെ യുഡിഎഫില്‍ എത്തിക്കാന്‍ രാപ്പകല്‍ കഷ്‌ടപ്പെട്ട പി.സി ജോര്‍ജ്ജ്‌ പോലും സലിംരാജിനെ തള്ളിപ്പറയുമ്പോഴും അയാളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന താത്‌പര്യം സംശയങ്ങള്‍ക്ക്‌ വകനല്‍കുന്നത്‌ തന്നെ.

എന്നാല്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ തെളിവുകളുമായി നില്‍ക്കുന്ന അധികാര ദുര്‍വിനിയോഗ ആരോപണങ്ങള്‍ വഴിതിരിച്ചു വിടാന്‍ ഭരണപക്ഷം കളിക്കുന്ന പെണ്‍വാണിഭക്കഥകളുടെ രാഷ്‌ട്രീയം വളരെ തരംതാണത്‌ തന്നെ.

കേരളത്തില്‍ ജനകീയ വിഷയങ്ങളില്‍ നടപടികള്‍ ഉണ്ടാവുകയോ ഒരു ഭരണ പ്രവര്‍ത്തനം നടക്കുകയോ ഈ ദിവസങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന്‌ വ്യക്തം. എന്തിന്‌ ഉത്തരാഖണ്‌ഡിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ശിവഗിരി മഠത്തിലെ സന്യാസിമാരെ തിരിച്ചെത്തിക്കാന്‍ പോലും നമ്മുടെ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. ശിവഗിരി മഠം സര്‍ക്കാരിനെതിരെ സമരത്തിന്‌ ഇറങ്ങുകയാണ്‌ നാളെ മുതല്‍. ഇങ്ങനെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും വാണിഭക്കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന കേരള രാഷ്‌ട്രീയത്തിന്റെ അവസ്ഥ അതീവ ദുര്‍ഘടം തന്നെ.

അതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്‌, രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമായി വരുന്ന നീലപ്പടങ്ങള്‍ യാതൊരു സെന്‍സറിഗുമില്ലാതെ പ്രദര്‍ശിപ്പിക്കുന്ന തരത്തിലേക്കുള്ള നമ്മുടെ മാധ്യമങ്ങളുടെ അധപതനം. ജോസ്‌ തെറ്റയിലും പെണ്‍കുട്ടിയും ബെഡ്‌റൂം പങ്കുവെച്ച ദൃശ്യങ്ങള്‍ പുറത്തു വിട്ടത്‌ കുടുംബ സദസുകളിലേക്കാണ്‌ എന്നെങ്കിലും മാധ്യമങ്ങള്‍ വിചാരിക്കേണ്ടതായിരുന്നു. ആ വീഡിയോ കണ്ടതോടെ തെറ്റയില്‍ ആരെയും പീഡിപ്പിച്ചിട്ടില്ല എന്ന്‌ മനസിലായി എന്നതില്‍ കൂടുതല്‍ എന്തെങ്കിലും വിശേഷമുണ്ടായതുമില്ല.

എന്തായാലും കേരളത്തില്‍ രാഷ്‌ട്രീയ ആയുധമായി സ്‌ത്രീകള്‍ ഉപയോഗിക്കപ്പെടുന്ന നാണം കെട്ട അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു. എന്നാല്‍ വസ്‌തുതകളും രേഖകളുമുള്ള വിഷയങ്ങള്‍ തുറന്നു പറയുന്നതില്‍ ആരെയും തടയുന്നതും ജനാധിപത്യപരമല്ല. അതുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫ്‌ ചെയ്‌തതുകൊണ്ട്‌ തീരുന്നില്ല കേരള രാഷ്‌ട്രീയത്തിലെ പ്രശ്‌നങ്ങള്‍ എന്ന്‌ ഉമ്മന്‍ചാണ്ടിയും യുഡിഎഫ്‌ ഗവണ്‍മെന്റും മനസിലാക്കേണ്ടിയിരിക്കുന്നു.
Join WhatsApp News
Philipose 2013-06-26 10:08:04
ദൈവത്തിന്റെ സ്വന്തം നാട്ടിലെ വാർത്തകൾ ഇന്ന് സാംസ്കാരിക കേരളത്തിൽ അഭിമാനം കൊള്ളുന്ന മലയാളിക്ക് അസഹനീയം ആയി മാറി...മന്ത്രി മന്ദിരങ്ങളിൽ ജോലിചെയ്യുന്നവർ തങ്ങളുടെ മന്ത്രിമ്മാരെ കരുവാക്കി എന്തും ചെയ്തു കൂട്ടുന്നു....സര്കാരുകൾ മാറി മാറി വന്നിട്ടും, കൊലയാളികളും തട്ടിപ്പുകാരും നേതാക്കളുടെ തണലിൽ വിലസുന്നു...തന്റെ മകളെ പോലെ കരുതെണ്ടാവരെ കണ്ടാല അരക്കുന്ന കാമ കേളിയിൽ ഉല്ലസിക്കുന്നു...അതിനു എന്ത് പിന്തുണയും നല്കുംമെന്നു പറയുന്ന പാര്ട്ടി ....ഇതു തട്ടിപ്പിന്റെ പിന്നിലും ഒരു പെണ്ണ് ഉണ്ട് എന്നാ അവസ്ഥ...സാധാചാരത്ത്തിനു പുല്ലു വില...ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ..വളരെ ദയനീയം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക