Image

ഞാന്‍ ഉഷമലരി; ശവം നാറിയല്ല - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 25 June, 2013
ഞാന്‍ ഉഷമലരി; ശവം നാറിയല്ല - മീട്ടു റഹ്മത്ത് കലാം
സംസ്‌കൃതത്തില്‍ ഉഷമലരിയെന്നും തമിഴില്‍ നിത്യകല്ല്യാണിയെന്നും ബംഗാളിയില്‍ നയന്‍താരയെന്നും പേരുള്ള പൂച്ചെടി ശ്രേഷ്ഠ മലയാളത്തില്‍ അറിയപ്പെടുന്നത് ശവംനാറി, ശവക്കോട്ടച്ചെടി എന്നീ പേരുകളിലാണ്. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് തോന്നാം. പക്ഷേ, പേരില്‍ പലതുമുണ്ട്. അതുകൊണ്ടാണല്ലോ, ഔഷധ ഗുണങ്ങള്‍ ഏറെ ഉണ്ടായിട്ടും ഉദ്യാനത്തിന് അലങ്കാരമായി തലയെടുപ്പോടെ വിരിയുന്ന പൂക്കളുടെ ഭംഗിപോലും വകവയ്ക്കാതെ പാഴ്‌ച്ചെടിയായി കണ്ട് നമ്മളില്‍ പലരും അതിനെ അവഗണിക്കുന്നത്.

ഭാഷ ഏതായാലും ചെടികളുടെ പേരിന് പിന്നില്‍ രസകരമായ കഥകളോ കാരണങ്ങളോ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് പ്രകാശം തട്ടുമ്പോള്‍ വിരിയുന്നത് എന്ന അര്‍ത്ഥത്തില്‍ ഉഷമലരിയാകുമ്പോള്‍ നിത്യവും പുഷ്പിക്കുന്നതിന്റെ പേരില്‍ നിത്യകല്ല്യാണി എന്നു വിളിക്കാം. മനം കവരുന്നതിനെ കണ്ണിലുണ്ണി എന്ന് പറയും പോലെ നയന നക്ഷത്രമായി കണ്ട് നയന്‍താര എന്ന് പേര് വീണതിലും തെറ്റില്ല. എന്തുകൊണ്ടാവാം ശവംനാറി എന്ന പേര് വന്നത്? എത്ര പ്രിയപ്പെട്ടവരുടേതായാലും നേരത്തോട് നേരമായ് ശവത്തിന്റെ മണം ദുസ്സഹമാണെന്നിരിക്കെ പ്രത്യേകിച്ചൊരു മണവുമില്ലാത്ത ചെടിയെ ശവംനാറി എന്ന് വിളിച്ചതിന്റെ കാരണം വിചിത്രമാണ്. ശവക്കോട്ടകളില്‍ വളര്‍ന്ന് പന്തലിച്ച് കിടക്കുന്ന ചെടി പറഞ്ഞ് പറഞ്ഞ് ശവക്കോട്ടച്ചെടിയും ശവംനാറിയുമൊക്കെയായി മാറുകയായിരുന്നു.

ശവക്കോട്ടയില്‍ മാത്രം വളരുന്ന ഒന്നാണിതെന്ന തെറ്റിധാരണയാണ് കേരളത്തിലെ വീട്ടുമുറ്റങ്ങളില്‍ ഈ ചെടിയെ അധികം കാണാത്തതിന്റെ കാരണം. പൂവിനുള്ളഇലെ വിത്ത് വീണഅ കിളിര്‍ക്കുന്നതാണ് ഉഷമലരിയുടെ രീതി. റീത്തുകളിലും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ശ്മശാനങ്ങളില്‍ എത്തപ്പെട്ട്, വിത്ത് വീണിടം അവരുടെ ലോകമായി. അങ്ങനെ അവര്‍ നമുക്കിടയില്‍ ശവക്കോട്ടച്ചെടിയായി മരണത്തെ ഭയത്തോടെ കാണുന്ന, ശവക്കോട്ടകളെ ആത്മാക്കള്‍ വിഹരിക്കുന്ന സ്ഥലമായി കണ്ട് അകലം പാലിക്കുന്നവര്‍, ആ പാവം പൂച്ചെടിയോടും അടുക്കാന്‍ കൂട്ടാക്കിയില്ല. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്ന് പഠിച്ച കേരളീയര്‍ ശവങ്ങള്‍ക്കൊപ്പം വസിക്കുന്ന ചെടിക്ക് ആ മണമുണ്ടെന്ന അനുമാനത്തില്‍ എത്തിയതുമാകാം.
ഉഷമലരിച്ചെടിയുടെ ഔഷധഗുണം കണക്കിലെടുത്ത് തമിഴ്‌നാട്ടിലും മറ്റും ഇതിന്റെ കൃഷി തന്നെയുണ്ട്. ഇലകളുടെ നീര് പ്രമേഹത്തിന് ശമനം നല്‍കും. ആദവും ഹൗവയുമായി കരുതപ്പെടുന്ന ചുവപ്പും വെള്ളയും നിറത്തിലെ രണ്ടിനങ്ങള്‍ക്കാണ് ഔഷധഗുണം. ആല്‍ക്കലോയിഡുകള്‍ വേര്‍തിരിച്ചറിയണമെന്ന് മാത്രം. വിഷാംശം നീക്കം ചെയ്യാന്‍ പ്രത്യേകം ശുദ്ധം ചെയ്‌തെടുക്കണം. നിരവധി നിറങ്ങളിലുള്ള ഇനങ്ങള്‍ വികസിപ്പിചെടുത്ത് വിദേശരാജ്യങ്ങളില്‍ അലങ്കാരച്ചെടിയായി പൂന്തോട്ടങ്ങളിലും ഇവ സ്ഥാനം പിടിച്ചുകഴിഞ്ഞു.

ഇന്ന് ലോകം ഭയക്കുന്ന, ഇല്ലാതാകാന്‍ പ്രാര്‍ത്ഥിക്കുന്ന അര്‍ബുദം പോലുള്ള രോഗത്തിനുളള മരുന്നും ഉഷമലരിയില്‍ നിന്നാണ് എടുക്കുന്നത്. രക്താര്‍ബുദ ചികിത്സയില്‍ ഡല്‍ഹിയിലെ 'ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ' പോലും ഉപയോഗിക്കുന്ന ഔഷധം ഉഷമലരിച്ചെടിയുടെ വേരില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നതാണ്.

മരണം നിഴല്‍പോലെ പിന്തുടരുന്ന രോഗത്തിന്റെ മരുന്ന് ഈചെടിയില്‍ ദൈവം കരുതിവെച്ചത് കാലത്തിന്റെ വലിയൊരു തിരുത്തലാകാം. ജീവന്‍ രക്ഷിക്കുന്ന സുഹൃത്തായി മാറുമ്പോള്‍ വിരിയുന്ന പുതിയ പ്രകാശം മധുരമായ ഒരു പകരം വീട്ടലാണ്. ഞാന്‍ ശവംനാറിയല്ല എന്ന് ഉറക്കെയുള്ള പ്രഖ്യാപനമാണത്.
ഞാന്‍ ഉഷമലരി; ശവം നാറിയല്ല - മീട്ടു റഹ്മത്ത് കലാംഞാന്‍ ഉഷമലരി; ശവം നാറിയല്ല - മീട്ടു റഹ്മത്ത് കലാംഞാന്‍ ഉഷമലരി; ശവം നാറിയല്ല - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
വിദ്യാധരൻ 2013-06-25 04:27:20
പൂവിന്റെ ദോഷം കൊണ്ടല്ല അതിനെ ശവം നാറി എന്ന് വിളിക്കുന്നത്‌. ചില നാറികളെ (ഉദാഹരണം രാഷ്ട്രീയക്കാരു, ബലാൽസംഗക്കാര് ജോസഫു, കുഞ്ഞാലി, കുരിയാൻ തുടങ്ങിയവരെ) ചത്തു കഴിഞ്ഞു കുഴിച്ചു മൂടിയാലും നാറ്റം വമിച്ചുകൊണ്ടിരിക്കും . ഈ നാറ്റം നിർദോഷി കളായ മനുഷ്യർക്ക്  ശല്യം ആകാതിരിക്കാൻ ഈശ്വരൻ ബലി പുഷ്പങ്ങളായി ശവകൊട്ടകളിൽ സൃഷ്ട്ടിച്ചു ആക്കിയിരിക്കുക്കയാണ്.  സ്വന്ത ഗുണം ബലികഴിച്ചു നമ്മളുടെ മൂക്കിനെ ഈ പരനാറികളിൽ നിന്നും കാത്തു സൂക്ഷിക്കുന്ന പൂക്കളെ എല്ലാ വീടിന്റെയും മുറ്റത്തു വച്ച് വളർത്തിയാൽ ഇവന്മാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഓടികൊള്ളും 


KRISHNANKUTTY NAIR 2013-06-26 04:13:10
നല്ല ലേഖനം. പിന്നെ ഈ ചെടിയ്ക്ക് ഞങ്ങളുടെ നാട്ടിലെ പേര് കാശിതെറ്റി  എന്നാണ്.
KRISHNANKUTTY NAIR 2013-06-26 04:26:42
സോറി, എഴുതിയപ്പോള്‍ ഒരു തെറ്റുപറ്റി, കാശിതെറ്റിയല്ല, കാശിത്തെറ്റിയാണ്. 
Jo Geo 2013-06-26 12:25:24
Thank you very much Meetu.It is not 'savam nari' but 'prathyasa poovu'or 'jeevamrutham' for cancer patients.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക