Image

മോഡിക്കെതിരെ മൊഴിനല്‍കിയ ഐ.പി.എസ്. ഓഫീസറെ അറസ്റ്റുചെയ്തു

Published on 30 September, 2011
മോഡിക്കെതിരെ മൊഴിനല്‍കിയ ഐ.പി.എസ്. ഓഫീസറെ അറസ്റ്റുചെയ്തു
ഗാന്ധിനഗര്‍ ‍: ഗുജറാത്ത് കലാപം സംബന്ധിച്ച് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴിനല്‍കിയ ഐ.പി.എസ്. ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പോലീസ് അറസ്റ്റുചെയ്തു. സപ്തംബര്‍ 18-ന് ഇദ്ദേഹത്തിന് കുറ്റപത്രം നല്‍കിയിരുന്നു.

സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഗുജറാത്ത് കലാപകാലത്ത് ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് നരേന്ദ്ര മോഡി ആവശ്യപ്പെട്ടതായി ഭട്ട് വെളിപ്പെടുത്തിയത്.

ഗോധ്രയില്‍ കാര്‍സേവകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി കത്തിച്ച സംഭവം നടന്ന ഫിബ്രവരി 27ന് വൈകിട്ട് ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തിരിച്ചടിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടുവെന്ന് സത്യവാങ്മൂലത്തില്‍ സഞ്ജീവ് ഭട്ട് ചൂണ്ടിക്കാട്ടിയത്. പ്രത്യേകാന്വേഷണസംഘത്തിന് താന്‍ നല്‍കിയ മൊഴി അവര്‍ ഗുജറാത്ത് സര്‍ക്കാറിന് നല്‍കിയെന്നും ഭട്ട് പറഞ്ഞു.

ഗുജറാത്തില്‍ 2002ല്‍ കലാപം നടന്ന സമയത്ത് ഗാന്ധിനഗറിലെ സ്‌റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ട്. 1988 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഭട്ട്. ഇപ്പോള്‍ ജുനാഗഢിലെ സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പലാണ് ഇദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക