Image

സ്വപ്നാടനം(നോവല്‍ ഭാഗം-19)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 18 June, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-19)- നീന പനയ്ക്കല്‍
പത്തൊമ്പത്
ബാത്ത്‌റൂമില്‍ നിന്ന് ബീന വളരെനേരം കരഞ്ഞു. ശിരസ്സില്‍ വീണു കൊണ്ടിരുന്ന ഇളം ചൂടുവെള്ളത്തില്‍ കണ്ണീര്‍ കലര്‍ന്നു താഴേയ്‌ക്കൊഴുകി.
എനിക്കിനി ഇവിടെ കഴിയാന്‍ വയ്യ. എന്നെ നശിപ്പിക്കുന്ന, എന്റെ മനസ്സമാധാനം കെടുത്തുന്ന ഓര്‍മ്മകള്‍ എന്നെ എപ്പോഴും മഥിച്ചു കൊണ്ടിരിക്കും. സൂസനെ കാണുമ്പോള്‍ എല്ലാം ഓര്‍മ്മ വരും.
സോപ്പു പതയ്ക്കുമ്പോള്‍ കണ്ണുകള്‍ അവളുടെ ശരീരമാകെ ഓടിനടന്നു. ഈ ചൊറിഞ്ഞുണങ്ങിയ പാടുകള്‍ എന്റെ ദേഹത്തുനിന്നു പോകുമോ? എന്റെ മനസ്സിലെ മുറിവ് എന്നെങ്കിലും ഉണങ്ങുമോ?
കുളി കഴിഞ്ഞ് അവള്‍ പുറത്തേക്കു വന്നു. മേശപ്പുറവും കട്ടിലുമൊക്കെ വൃത്തിയാക്കിയിരിക്കുന്നു. അവള്‍ ഒന്നു ഞെട്ടുന്നതും എന്തിനോ വേണ്ടി ക്ലാസ്‌നോട്ടുകള്‍ക്കിടയില്‍ തപ്പുന്നതും കണ്‍കോണിലൂടെ മേരിക്കുട്ടി കണ്ടു.
ജോസ് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.
ഹോസ്പിറ്റലില്‍നിന്നും വന്നതല്ലേയുള്ളൂ, ഇപ്പോള്‍ ഒന്നും ചോദിക്കേണ്ട എന്നു മേരിക്കുട്ടി പറഞ്ഞതനുസരിച്ച് ഗൈനക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ബീനയുടെ ക്ലാസ്‌നോട്ടുകള്‍ക്കിടയില്‍ വെച്ചിരുന്നു.
ബീന തെരഞ്ഞത് അവള്‍ക്കു കിട്ടി. അവള്‍ അത് സൂത്രത്തില്‍ പാന്റിന്റെ പോക്കറ്റില്‍ തിരുകി.
ജോസ് പുറത്തുനിന്നു കയറിവന്നു. അയാളുടെ കണ്ണുകള്‍ കലങ്ങിച്ചുവന്നിരുന്നു. ബീന ഡാഡിയുടെ മുഖം ശ്രദ്ധിച്ചു.
'ഡാഡി കരയുകയായിരുന്നോ?' അവള്‍ ചെന്നു ജോസിന്റെ കൈയില്‍ പിടിച്ചു. അയാളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി.
'എന്തിനാ ഡാഡി കരയുന്നത്?' അവളുടെ സ്വരം പതറി. അവള്‍ മമ്മിയെ നോക്കി. കര്‍ചീഫ് കടിച്ചമര്‍ത്തി കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു മേരിക്കുട്ടി.
'എന്തിനാ നിങ്ങള്‍ രണ്ടുപേരും കരയുന്നത്?' അല്പം ഭയം തോന്നി ബീനക്ക്. ഞാന്‍ മരിക്കുകയാണോ? ഡോക്ടര്‍ എന്തു പറഞ്ഞു? അശുഭകരമായതു വല്ലതും…?'
അല്പസമയം നിശ്ശബ്ദയായിരുന്നശേഷം മേരിക്കുട്ടി ചോദിച്ചു: 'ഇവിടെ എന്തൊക്കെയാണ് നടന്നത് ബീനാ? നിന്റെ ഗൈനക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ഞങ്ങള്‍ കണ്ടു. നീ പ്രഗ്നന്റാണോ എന്നറിയാനും നിനക്ക് എച്ച്.ഐ.വി. പോലുള്ള രോഗങ്ങളുണ്ടോ എന്നറിയാനും ഉള്ള ടെസ്റ്റുകള്‍ നടത്തിയിരിക്കുന്നല്ലോ. എന്തു ജീവിതമാ നീയിവിടെ നയിച്ചത്?' മേരിക്കുട്ടിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ല.
ബീനയുടെ മുഖം വിളറി. ശരീരം വിയര്‍പ്പില്‍ മുങ്ങി. ലജ്ജകൊണ്ട് തലകുനിഞ്ഞു. എന്തു പറയണമെന്നറിയാതെ സാവധാനം നടന്നു ചെന്നു കട്ടിലില്‍ ഇരുന്നു. ഇരുകൈകളും കൊണ്ട് മുഖം പൊത്തി.
'ഐം ആം സോറി …മാം, ഡാഡ്, ഐ ആം സോറി.'
അവള്‍ ജോസിന്റെ അടുത്തു ചെന്നു. 'ഡാഡ് പ്ലീസ് ഫോര്‍ഗീവ് മീ…' ബീന കരയാന്‍ തുടങ്ങി. 'നിങ്ങളുടെ രണ്ടുപേരുടേയും ഉപദേശങ്ങള്‍ സ്വീകരിക്കാതിരുന്നതിന്, അനുസരിക്കാതിരുന്നതിന്, പലപ്പോഴും നിങ്ങളെ വേദനിപ്പിച്ചതിന് എനിക്കു തക്ക ശിക്ഷ കിട്ടി. ഞാന്‍ പാഠം പഠിച്ചു ഡാഡീ. അഴുക്കില്‍ വീണു, ചതിയില്‍ പെട്ടുപോയി മമ്മീ…' അവള്‍ ഉറക്കെ നിലവിളിച്ചു കരഞ്ഞു. 'പ്ലീസ് ഫോര്‍ഗീവ് മീ…'
ആ കരച്ചില്‍ കണ്ടുനില്‍ക്കാന്‍ മേരിക്കുട്ടിക്കായില്ല.
അവള്‍ ബീനയെ മാറോടണച്ചു.
മൂന്നുപേരും വളരെയധികം കരഞ്ഞു.
കരച്ചിലടങ്ങിയപ്പോള്‍ ബീന മേരിക്കുട്ടിയെ ഉമ്മവെച്ചു. 'നിങ്ങള്‍ രണ്ടുപേരും എന്നോട് ക്ഷമിച്ചെങ്കില്‍, ഞാന്‍ വീട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. ഇനിയുള്ള കാലം മുഴുവന്‍ എനിക്കെന്റെ ഡാഡിയോടും മമ്മിയോടുമൊപ്പം താമസിക്കണം.'
കരച്ചിലിനിടയിലും മേരിക്കുട്ടിയുടെ ചുണ്ടില്‍ പുഞ്ചിരി മിന്നി. പശ്ചാത്താപത്തേക്കാള്‍ വലിയ പ്രായശ്ചിത്തമില്ലല്ലോ.
'നിന്നോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു ബീനാ.' ജോസ് അവളെ ആശ്ലേഷിച്ച് നെറുകയില്‍ ചുംബിച്ചു. 'നീ വീട്ടിലേക്കു വരുമെങ്കില്‍ അതില്‍പ്പരം സന്തോഷം വേറൊന്നുമില്ല ഞങ്ങള്‍ക്ക്.'
അവര്‍ ബീനയുടെ സാധനങ്ങള്‍ അടുക്കിവെക്കാനാരംഭിച്ചു.
ആു.ഹാളിന്റെ വാന്‍ ബീനയുടെ മുറിയുടെ മുന്നില്‍ വന്നു നില്‍ക്കുന്നതു കണ്ട് സൂസന്‍ അമ്പരന്നു. അവള്‍ ഓടി ബീനയുടെ അടുത്തു ചെന്നു.
'ബീനാ നീ പോവുകയാണോ? എന്നന്നേക്കുമായി?'
ഒന്നു മിണ്ടാതെ ബീന അവളെ തുറിച്ചുനോക്കി.
'നീ പോകുന്നതിനു കാരണക്കാരന്‍ ബോബിയാണെന്നറിയാം' സൂസന്‍ തേങ്ങി. അവനുവേണ്ടി ഡാഡിയും മമ്മയും ഡെബിയും ഞാനും നിന്നോട് ക്ഷമ ചോദിക്കുന്നു. ഞങ്ങളെല്ലാവരും ദുഃഖിതരാണ് ബീന. ഡാഡി ബോബിയെ കണക്കിനു ശിക്ഷിച്ചു. അലക്‌സിനെ തുരത്തി. നിന്നെ ദ്രോഹിച്ചതിന്, ജീവിതത്തിലൊരിക്കലും അവന്റെ ആഗ്രഹം നടക്കാനാവാത്തവണ്ണം ശിക്ഷ നടപ്പാക്കുകയും ചെയ്തു. സത്യമാണ് ബീന. പ്ലീസ് എന്നെ വിശ്വസിക്കൂ.
ഒന്നും അവളുടെ ചെവിയിലൂടെ കടന്നുപോയില്ല എന്നു തോന്നിപ്പിക്കുമാറ്, യാതൊരു ഭാവമാറ്റവും ബീനയില്‍ ഉണ്ടായില്ല. അവള്‍ മുറിക്കകത്തുകയറി വാതിലടച്ചു കളഞ്ഞു.
പുറപ്പെടാന്‍ സമയമായി. ബീന അവസാനമാണ് വാനില്‍ കയറിയത്. വാനിലിരുന്ന് അവള്‍ പുറത്തേക്ക് നോക്കി. സൂസന്‍ അപ്പോഴും വാതിലിനരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
എനിക്കവളെ വെറുക്കാതെ വയ്യ. ബീന മനസ്സില്‍ പറഞ്ഞു. അവളേയും അവളുടെ വര്‍ഗ്ഗത്തേയും താനിന്നു വെറുക്കുന്നു. മലയാളികളെ എനിക്കു പുച്ഛമായിരുന്നു. വെളുത്തവരില്‍ ഒരാളാവാനായിരുന്നു വ്യഗ്രത. ആ വ്യഗ്രത തന്നെ എവിടെ കൊണ്ടുച്ചെന്ന് എത്തിച്ചിരിക്കുന്നു. അനന്യസാധാരണത്വം കല്പിച്ച് ഒരു പെഡസ്റ്റലില്‍ കയറ്റിവെച്ച് ആരാധിച്ച അവളുടെ കുടുംബം! അധമപാതാളത്തിലാണഅ അതിന്റെ സ്ഥാനമെന്ന് താനിന്നറിയുന്നു. സൂസന്‍ നിഷ്‌കളങ്കയായിരിക്കാം. പക്ഷേ അവളും ആ കുടുംബത്തിലൊരാള്‍ തന്നെ.
ബീനയുടെ കണ്ണില്‍നിന്നും ഒരു മുത്തുമണി അടര്‍ന്നു വീണു. ആാത്രക്കിടയില്‍ വഴിയരികിലുള്ള ഒരു റെസ്റ്റ്ഏരിയയില്‍ വാന്‍ നിര്‍ത്തി. മൂന്നുപേരും ഫ്രഷപ്പ് ചെയ്തു. ബീന ഒരു നേര്‍പ്പിച്ച സൂപ്പും ജോസും മേരിക്കുട്ടിയും പിസായും കഴിച്ചു. ജോസ് സൂസിയെ വിളിച്ചു. ബീനയെക്കൂടി തങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരികയാണെന്നറിയിച്ചു. സൂസിക്ക് സന്തോഷമാവുമെന്ന് അയാള്‍ക്കറിയാമായിരുന്നു.
വീട്ടിലെത്തിയപ്പോള്‍ രാത്രിയേറെയായി. ജോസ് സൂസിയെ വീണ്ടും വിളിച്ചു: 'ബീന വിശ്രമിക്കയാണ്. നിനക്കിങ്ങോട്ടു വരണമെങ്കില്‍ ഞാന്‍ അങ്ങോട്ടുവന്നു കൂട്ടിക്കൊണ്ടുവരാം. ഈ സമയത്ത് നീ തനിയെ ഡ്രൈവ് ചെയ്യണ്ട.'
'വേണ്ടച്ചായാ. ബിന്ദുമോള്‍ വന്നിട്ട് ഞങ്ങളെല്ലാവരും കൂടി അങ്ങോട്ടു വരാം.'
വെള്ളിയാഴ്ച സീനയോടൊപ്പം ബിന്ദുവന്നു. പിറ്റേദിവസം തന്നെ അവളേയും കൂട്ടി സൂസി ബീനയെ കാണാന്‍ ചെന്നു.
പത്തുമിനിട്ടുപോലും ബീന അവരുടെ ഒപ്പം ഇരുന്നില്ല. ഞാന്‍ വളരെ ക്ഷീണിതയാണ്. എന്ന് പറഞ്ഞുകൊണ്ടവള്‍ ബെഡ്‌റൂമിലേക്കു പോയി.
'ബീനക്ക് നമ്മളെ കണ്ട ക്ഷീണമാ അമ്മേ.' ബിന്ദു അമ്മയുടെ ചെവിയില്‍ പറഞ്ഞു.
മേരിക്കുട്ടിയും ജോസും ബിന്ദുവിനോട് വളരെനേരം സംസാരിച്ചിരുന്നു. അവളുടെ നിഷ്‌ക്കളങ്കമായ ചിരിയുടെ അലകള്‍ ബീനയുടെ മുറിയില്‍ എത്തി.
എന്തെന്നില്ലാത്ത ഒരു അസൂയ ബീനയുടെ ഹൃദയത്തില്‍ നിറഞ്ഞു തിങ്ങി.
ബീന പഴയ കോളേജിനെക്കുറിച്ച് ഓര്‍ക്കാന്‍ വിസമ്മതിച്ചു. ആ കോളേജും ഡോര്‍മിറ്റോറിയും സൂസനും എല്ലാ പണ്ടെന്നോ കണ്ട ദുഃസ്വപ്നം പോലെ മാത്രം!
ബിന്ദു പഠിക്കുന്ന അതേ കോളേജിലേക്ക് ബീന മാറ്റം വാങ്ങി. ക്രെഡന്‍ഷ്യല്‍സ് എല്ലാം ട്രാന്‍സ്ഫര്‍ ചെയ്തു.
റീത്താന്റിയോട് ബീനയെ കൊണ്ടുവന്ന കാര്യം മേരിക്കുട്ടി പറഞ്ഞിരുന്നു. ബിന്ദുവിന്റെ അതേ കോളേജിലാണ് അവള്‍ ചേര്‍ന്നതെന്നും മകളെ തിരികെക്കിട്ടിയ സന്തോഷത്തിലാണ് മേരിക്കുട്ടിയെന്നും.
ഒരു ദിവസം റീത്താന്റി മേരിക്കുട്ടിയോട് ബീനയെ കാണണമെന്ന് ആവശ്യപ്പെട്ടു. 'എനിക്കു തീരെ സുഖമില്ല മേരിക്കുട്ടി. ഇനി എത്രനാള്‍ ശേഷിക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം. എനിക്ക് ബീനയെ ഒന്നു കാണണം. വന്നിട്ട് ഇതുവരെ നിങ്ങളാരും ഇങ്ങോട്ടു വന്നില്ലല്ലോ.'
ഞങ്ങളിന്നുതന്നെ വരാം ആന്റി.
ജോസും മേരിക്കുട്ടിയും ബീനയും കൂടി റീത്താന്റിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. വാര്‍ദ്ധക്യത്തിന്റെ അരുതായ്കയും വാതത്തിന്റെ ഉപദ്രവും റീത്താന്റിയെ വല്ലാതെ അവശയാക്കിയിരുന്നു.
ആന്റിയിനി ഒറ്റക്ക് ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കണ്ട. ഞങ്ങള്‍ ആന്റിയെ കൊണ്ടുപോകയാണ്. റീത്താന്റിയുടെ അവശതകണ്ട് ജോസിന്റെ മനസ്സലിഞ്ഞു.
വേണ്ട ജോസേ. ആര്‍ക്കുമൊരു ഭാരമാവാന്‍ എനിക്കുദ്ദേശ്യമില്ല.
'ഞങ്ങള്‍ക്ക് ഭാരമോ?' മേരിക്കുട്ടി പരിഭ്രമിച്ചു. 'എന്താണ് ആന്റിയീ പറയുന്നത്.'
റീത്താന്റി വീട്ടില്‍ വന്നു താമസിക്കുന്നതാണ് എനിക്കുമിഷ്ടം. ബീന പറഞ്ഞു. എന്നെ നിരാശപ്പെടുത്തല്ലേ ആന്റീ. അവള്‍ റീത്താന്റിയെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മകള്‍ കൊടുത്തു.
ദുര്‍ബലമായ കൈകള്‍കൊണ്ട് റീത്താന്റിയവളെ മുറുകെ പിടിക്കാന്‍ ശ്രമിച്ചു. 'വേണ്ട കുഞ്ഞേ.. ആന്റിക്ക് ഇവിടെയാണ് സുഖം.'
അപ്പാര്‍ട്ട്‌മെന്റ് ക്ലീന്‍ ചെയ്യാനും ഭക്ഷണമുണ്ടാക്കി കൊടുക്കുവാനുമായി ഒരു പാര്‍ട്ട് ടൈം മെയ്ഡ് വരുന്നുണ്ട്.
എല്ലാ ആഴ്ചയും ജോസോ മേരിക്കുട്ടിയോ റീത്താന്റിയെ കാണാന്‍ പോകും. വീക്കെന്റില്‍ ബീനയും. കുറെനേരം അവരോടൊപ്പം ചെലവഴിക്കും. അത് അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു.
ദിവസങ്ങള്‍ ആഴ്ചകളായി…മാസങ്ങളായി…
റീത്താന്റിയുടെ ആരോഗ്യനില വഷളായി. അവരുടെ പ്രതിഷേധം വകവെക്കാതെ ജോസ് അവരെ ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റു ചെയ്തു.
ജോസിന് പരിചയമുള്ള ഡോക്ടറായിരുന്നു റീത്താന്റിയെ ചികിത്സിച്ചത്. 'ചികിത്സകൊണ്ട് ഭേദപ്പെടുന്ന രോഗമല്ല മിസ്സിസ് ആന്റണിയുടേത്. അവരെ വീട്ടില്‍ കൊണ്ടുപോവുക.' ഡോക്ടര്‍ ജോസിനോടു പറഞ്ഞു. 'മെഷീനില്‍ ഇട്ട് അവരുടെ ജീവന്‍ നീട്ടരുതെന്ന് അവരെന്നോടു പറഞ്ഞു. നിങ്ങളോടും പറഞ്ഞുകാണും എന്നു വിശ്വസിക്കുന്നു. അവര്‍ ഇവിടെ കിടക്കേണ്ട ഒരാവശ്യവുമില്ല.'
ആശുപത്രിയില്‍ നിന്ന് റീത്താന്റിയെ സ്വന്തം വീട്ടിലേക്ക് അവര്‍ കൊണ്ടുവന്നു. ഒരു മുറി അവര്‍ക്കുവേണ്ടി പ്രത്യേകം ഒരുക്കി. ഒരു ലിവ്-ഇന്‍-നേഴ്‌സിനെ നിയമിച്ചു.
റീത്താന്റിക്ക് വലിയ സന്തോഷമായി. എന്നും അവര്‍ക്ക് മേരിക്കുട്ടിയേയും ജോസിനേയും കാണാം. നേഴ്‌സും എല്ലാസമയവും കൂടെയുണ്ട്.
ബീന വന്നാല്‍ മുഴുവന്‍ സമയവും അവള്‍ റീത്താന്റിയുടെ മുറിയിലായിരിക്കും. അവിടെയിരുന്ന് അവള്‍ പഠിക്കും. ബീനയെക്കാണുമ്പോള്‍ റീത്താന്റിക്കും ഉത്സാഹമാവും. അവള്‍ക്കുവേണ്ടി അല്പം സൂപ്പോ, ഒരു കഷ്ണം പഴമോ കഴിക്കും.
പള്ളിയിലെ അച്ചനുള്‍പ്പെടെ അനേകംപേര്‍ നിത്യവും റീത്താന്റിയെ സന്ദര്‍ശിച്ചിരുന്നു.
'എനിക്ക് കുര്‍ബാന കൊള്ളണം'. ഒരിക്കലവര്‍ ജോസിനോടു പറഞ്ഞു. അധികം താമസിയാതെ അച്ഛന്‍ വീട്ടില്‍ വെച്ചു റീത്താന്റിക്ക് കുര്‍ബാന നല്‍കി.
ഇത് അന്ത്യകുര്‍ബാനയാണോ? ബീന സ്വയം ചോദിച്ചു.
ഞാനിനി ഡോമില്‍ താമസിക്കുന്നില്ല. എല്ലാ ദിവസവും പോയി വരാം. ഡോമിന്റെ ഫീസ് കൊടുത്തതായതുകൊണ്ട് അധികൃതര്‍ക്ക് പരാതി കാണുകയില്ലല്ലോ.
അടുത്ത രണ്ടുദിവസങ്ങളില്‍ റീത്താന്റിക്ക് നല്ല സുഖം തോന്നി. മുഖത്ത് നല്ല തേജസ്. ബീനയത് ശ്രദ്ധിച്ചു.
മൂന്നാം ദിവസം രാത്രി മേരിക്കുട്ടിയുടെ ബെഡ്‌റൂം വാതിലില്‍ നേഴ്‌സ് മുട്ടി. 'വരൂ'. അവര്‍ വിളിച്ചു.
മേരിക്കുട്ടി ഓടിച്ചെന്നു. ഒപ്പം ജോസും.
കണ്ണുകള്‍ രണ്ടും സീലിംഗില്‍ നട്ട് റീത്താന്റി കിടന്നിരുന്നു. മേരിക്കുട്ടി കിടക്കയില്‍ ഇരുന്നു. അവളുടെ കൈയില്‍ മുറുകെ പിടിക്കാന്‍ ആന്റി ശ്രമിച്ചു.
എന്തോ സംസാരിക്കാന്‍ അവര്‍ വായ തുറന്നു. ശബ്ദം പുറത്തുവന്നില്ല.
'കുടിക്കാനെന്തെങ്കിലും വേണോ?' മേരിക്കുട്ടി ചോദിച്ചു. വേണ്ട എന്നവര്‍ തലയാട്ടി. എന്തോ സംഭവിക്കാന്‍ പോവുകയാണെന്ന് മേരിക്കുട്ടിക്കു മനസ്സിലായി. അവളുടെ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ധാരധാരയായി ഒഴുകി.
റീത്താന്റി ജോസിന്റെ മുഖത്തേക്ക് നോക്കി.
'ഞാന്‍ ഒരു വില്‍പ്പത്രം ഉണ്ടാക്കിയിട്ടുണ്ട്.' വളരെ വിഷമിച്ച് അവര്‍ സംസാരിച്ചു. 'ന്യൂമന്‍ ആന്റ് ന്യൂമന്‍ എന്ന ലാഫേമിനെ വിളിച്ച് എന്റെ മരണം അറിയിക്കണം.'
ക്വാസം കഴിക്കാന്‍ അവര്‍ വളരെ പ്രയാസപ്പെട്ടു. ശ്യൂന്യതയിലേക്ക് തുറിച്ചു നോക്കിക്കൊണ്ടവര്‍ പുലമ്പി.
'അതാ അപ്പച്ചന്‍. അതാ അമ്മച്ചി. അതാ എന്റെ ആന്റണി. എല്ലാവരും എന്നെ വിളിക്കുന്നു.'
മേരിക്കുട്ടി ഉറക്കെയുറക്കെ കരഞ്ഞു.
കരച്ചില്‍കേട്ട് ബീനയുണര്‍ന്നു. അവള്‍ ഓടി റീത്താന്റിയുടെ മുറിയിലെത്തി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
റീത്താന്റി ശാന്തമായി ഉറങ്ങുകയാണ്.
നേഴ്‌സ് മരണം തിട്ടപ്പെടുത്തിയശേഷം ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ വന്നു. പേപ്പറുകളെല്ലാം ശരിയാക്കി. റീത്താന്റിയുടെ ഭൗതികശരീരം മോര്‍ച്ചറിയിലേക്കു മാറ്റി.
അതിരാവിലെ ജോസ് സൂസിയേയും അന്നയേയും വിളിച്ചു മരണമറിയിച്ചു. അവരോടൊപ്പം ഫിലിപ്പ്‌സാറും ജോസിന്റെ വീട്ടില്‍ വന്നു. അച്ചനേയും മറ്റു വേണ്ടപ്പെട്ട എല്ലാവരേയും സുഹൃത്തുക്കളേയും വിളിച്ച് മരണമറിയിക്കുന്ന ചുമതല ഫിലിപ്പുസാര്‍ ഏറ്റെടുത്തു.
ജോസ് ബിന്ദുവിനെ അവളുടെമുറിയിലേക്ക് വിളിച്ചു. ശവസംസ്‌കാരം ശനിയാഴ്ചയേ ഉള്ളൂ. അതുകൊണ്ട് വെള്ളിയാഴ്ച വൈകീട്ട് ബിന്ദുവും സീനയും വന്നാല്‍ മതിയാവും.
സംസ്‌കാരത്തിന്റെ അന്ന് ബന്ധിമിത്രാദികള്‍ കാണാനും ആദരവ് അര്‍പ്പിക്കുവാനുമായി റീത്താന്റിയുടെ ശരീരം ഫ്യൂണറല്‍ ഹോമില്‍ വെച്ചു. ആര്‍ട്ടിസ്റ്റിന്റെ വിദഗ്ദ്ധ കരങ്ങള്‍ റീത്താന്റിയുടെ മുഖം ഉറങ്ങിക്കിടക്കുന്ന ഒരു മദ്ധ്യവയസ്‌കയുടേതുപോലെ ശാന്തവും മനോഹരവും ആക്കി.
പൂക്കളുടേയും പനിനീരിന്റേയും സുഗന്ധം ഹാളില്‍ നിറഞ്ഞുനിന്നു.
അന്തിമോപചാരം അര്‍പ്പിക്കാനായി മെരിലാണ്ടിലെ മലയാളികള്‍ ജാതിമതഭേദമില്ലാതെ എത്തി.
സംസ്‌കാരത്തിനുശേഷം ഏറ്റവും അടുത്ത സ്‌നേഹിതര്‍ ജോസിന്റെ വീട്ടില്‍ കൂടി. സൂസിയും അന്നയും കൂടി ആഹാരത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തു.
മേരിക്കുട്ടിയും ബീനയും കരഞ്ഞുകൊണ്ടേയിരുന്നു.
മേരിക്കുട്ടിക്ക് ഒന്നിലും ഉത്സാഹമില്ലാതെയായി.
ബീന പതിവിലേറെ മൂകയുമായി.
ഏഴടിയന്തിരം കഴിഞ്ഞു.
റീത്താന്റിയുടെ മരണം ന്യൂമന്‍ ആന്റ് ന്യൂമനില്‍ അറിയിക്കുന്ന ചുമതല മേരിക്കുട്ടിക്കായിരുന്നു.
ആ ശനിയാഴ്ച ന്യൂമന്‍ ഫയലുകളുമായി ജോസിന്റെ വീട്ടിലെത്തി. പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞ് അയാള്‍ വില്‍പ്പത്രത്തിന്റെ കോപ്പികള്‍ പുറത്തെടുത്തു. ഒരു കോപ്പി മേരിക്കുട്ടിക്കും മറ്റൊന്ന് ബീനക്കും കൊടുത്തു.
ഡിട്രോയിറ്റിലെ വീടുവിറ്റ തുക ബാങ്കില്‍ക്കിടക്കുന്നതും അപ്പാര്‍ട്ട്‌മെന്റില്‍ കിടക്കുന്ന എല്ലാ സാധനങ്ങളും റീത്താ ആന്റണി മേരിക്കുട്ടിക്ക് നല്‍കുന്നു.
ഫോണ്‍ കമ്പനികളിലും ഇലക്‌ട്രോണിക്‌സിലും ഐ.ബി.എമ്മിലും അവര്‍ക്കുള്ള ഷെയറുകളും സീയേഴ്‌സ്, എക്‌സോണ്‍ എന്നിവയിലുള്ള ഷെയറുകളും സ്റ്റോക്കുകളും ബോണ്ടുകളും സെയ്ഫ് ഡെപ്പോസിറ്റ് ബോക്‌സിലുള്ള, ജൂവലറിയും മറ്റെല്ലാ സാധനങ്ങളും അവരുടെ മാസപുത്രിയായ ബീനക്ക്. ഇരുപത്തിഒന്നു വയസ്സു തികയുന്ന അന്നുമുതല്‍ ഇതെല്ലാം അവള്‍ക്ക് അവകാശപ്പെടാവുന്നതാണ്.
വില്‍പ്പത്രത്തിന്റെ നാനാവശങ്ങളെക്കുറിച്ച് അവര്‍ വളരെ നേരം സംസാരിച്ചിരുന്നു.
ഇനി ചോദ്യങ്ങളൊന്നുമില്ലെങ്കില്‍ … ന്യൂമന്‍ പോകാനായി എഴുന്നേറ്റു.
'എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്… ജിജ്ഞാസകൊണ്ടാണ്. ബീന ന്യൂമനെ നോക്കി. 'ഈ സ്റ്റോക്കുകളും ഷെയറുകളും ഒക്കെക്കൂടി എത്ര ഡോളര്‍ വരും? അറിയാന്‍ മാര്‍ഗ്ഗമുണ്ടോ?'
'നീയെന്താ അത് ചോദിക്കാത്തതെന്ന് അതിശയിക്കുകയായിരുന്നു ഞാന്‍ . അതറിയാന്‍ ഒരു പ്രയാസവുമില്ല. മിനിട്ടുകളുടെ ആവശ്യമേയുള്ളൂ. നിങ്ങളുടെ ഫോണ്‍ ഞാനൊന്നുപയോഗിച്ചോട്ടെ.'
ന്യൂമന്‍ നാലഞ്ചു ഫോണ്‍കോളുകള്‍ നടത്തി.
'ഇന്നുള്ള ക്യാഷ് വാല്യൂ അല്പനേരത്തിനുള്ളില്‍ അറിയാന്‍ സാധിക്കും. ജിം ഈഗിള്‍ എന്നൊരാള്‍ നിന്നെ വിളിക്കും. എല്ലാ മംഗങ്ങളും നേരുന്നു. അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും. ഞാനിറങ്ങട്ടെ.' ന്യമന്‍ പോയി.
ബീന ഫോണിലേക്കും നോക്കിയിരുന്നു. അവളുടെ മനസ്സില്‍ ചിന്തകള്‍ കാടുകയറി. എത്ര ഡോളര്‍ കാണും സ്റ്റോക്കുകളും ബോണ്ടുകളും ഷെയറുകളും ഒക്കെക്കൂടി? ഒരു ഹണ്ട്രഡ് തൗസന്റ്(ഒരു ലക്ഷം) വരുമോ? കിട്ടിയാല്‍ അത് എന്തു ചെയ്യണം? ചെലവാക്കണോ അതോ വീണ്ടും വല്ല മ്യൂച്ചല്‍ ഫണ്ടിലും ഇടണോ?
ഡോളറിനുവേണ്ടി എന്തുമാത്രം വഴക്കുണ്ടാക്കിയിട്ടുണ്ട് താന്‍ മമ്മിയോടും ഡാഡിയോടുമെല്ലാം ഒരാവശ്യവുമില്ലാതെ വില പിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടുക ഒരു ഹോബിയായിരുന്നല്ലോ.
ഇപ്പോള്‍ എന്തുകൊണ്ടോ പണം ചെലവിടുന്നതില്‍ ഭ്രാന്തില്ല. ഒന്നും വാങ്ങിക്കൂട്ടണമെന്നും ഇല്ല.
ഒന്നേയുള്ളൂ ലക്ഷ്യം. പഠിക്കണം. ഒരു നല്ല ഡോക്ടറാകണം. പെട്ടെന്ന് ഫോണ്‍ ബെല്ലടിക്കുന്നതുകേട്ട് ബീന ഞെട്ടി.
ജിം ഈഗിളാണ്.
'മിസ് ബീന,' അയാള്‍ പറഞ്ഞു: 'ഞങ്ങളുടെ കണക്കനുസരിച്ച് സ്റ്റോക്കുകളും ബോണ്ടുകളും ഷെയറുകളും എല്ലാം കൂടി ഒന്നര മില്യന്‍ ഡോളറുണ്ട്.'
“ഓ!!! താങ്ക്യൂ വെരിമച്ച്.”
ബീനക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല.
ഒന്നരമില്യണ്‍. ഐ ആം റിച്ച്, ഐ ആം റിച്ച്. അവള്‍ വിളിച്ചുക്കൂവി.
മേരിക്കുട്ടി ഓടിവന്നു. ജോസും. 'ഡാഡീ, മമ്മീ, ഐ ആം റിച്ച്. ഒന്നരമില്യണ്‍ ഡോളറിന് അവകാശിയാണ് ഞാന്‍.'
ജോസും മേരിക്കുട്ടിയും ബീനയെ ആലിംഗനം ചെയ്തു.
'ബീനാ, മോളേ, നീയൊരു ധനികയാകാന്‍ പോവുകയാണ്. ഡോളര്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കണേ.'
'ശരി ഡാഡി.'
ബീന വീണ്ടും ഡോമില്‍ താമസം തുടങ്ങി. കോളേജില്‍ വെച്ച് ബിന്ദുവിനെ കാണാറുണ്ടെങ്കിലും അവള്‍ അടുക്കാന്‍ പോയില്ല. സൂസിയോടും പതിവുള്ള അകലം സൂക്ഷിച്ചു.
വില്‍പ്പത്രത്തിന്റെ കാര്യമൊന്നും ആരോടും പറയണ്ട എന്ന് ബീന നിര്‍ബന്ധം പിടിച്ചു. ആരോടും എന്ന് പറഞ്ഞത് സൂസിയേയും ബിന്ദുവിനേയും ഉദ്ദേശിച്ചാണെന്ന് ജോസിനു മനസ്സിലായി. അയാള്‍ക്ക് മനസ്സുനൊന്തു.
ഒരു ദ്രോഹവും അവളോട് ചെയ്യാത്ത മനുഷ്യരെ ഇങ്ങനെ വെറുക്കാന്‍ ബീനക്കു സാധിക്കുന്നതെങ്ങനെ?
മാസങ്ങള്‍ കടന്നുപോയി.
ഒരു ശനിയാഴ്ചയായിരുന്നു ബീനയുടെ ഇരുപത്തിയൊന്നാം പിറന്നാള്‍. അമേരിക്കയില്‍ ജനിച്ചുവളരുന്ന പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു സുപ്രധാന ദിനമാണന്ന്. അന്ന് പാര്‍ട്ടികള്‍ നടക്കും. ലിക്കറുകള്‍ ഒഴുകും.
പക്ഷെ പാര്‍ട്ടിയില്‍ ബീനക്കു താല്പര്യമുണ്ടായിരുന്നില്ല.
പാര്‍ട്ടികളെക്കുറിച്ച് ഓര്‍ക്കാനവള്‍ ഇഷ്ടപ്പെട്ടില്ല.
കഴിഞ്ഞുപോയ ഒരു ദുഃസ്വപ്നമായത് തീരട്ടെ.
ശനിയാഴ്ച ഉച്ചയോടുകൂടി അഡ്വക്കേറ്റ് ന്യൂമന്‍ ബീനയെ വിളിച്ചു.
'നിന്റെ ഇരുപത്തൊന്നാം പിറന്നാളാണല്ലോ ഇന്ന്. അഭിനന്ദനങ്ങള്‍.'
'നന്ദി. വളരെ നന്ദി. മി. ന്യൂമന്‍.'
'മിസ് ബീന, നിങ്ങള്‍ക്കവകാശപ്പെട്ട സെയിഫ് ഡെപ്പോസിററ് ബോക്‌സിന്റെ താക്കോലും ട്രാന്‍സ്ഫര്‍ പേപ്പറുകളും ഓഫീസിലുണ്ട്. ഏതു സമയത്തും നിനക്ക് വന്ന് അതെടുക്കാം.'
'താങ്ക്‌യൂ. ഞാന്‍ എത്രയും വേഗം വരാം. എത്രമണിവരെ ഓഫീസ് തുറന്നിരിക്കും?'
'ശനിയാഴ്ചയായതുകൊണ്ട് അഞ്ചു മണിവരേയുള്ളൂ.'
'ശരി. ഞാനുടനെ എത്താം.'
മി.ന്യൂമന്‍ വിളിച്ചകാര്യം അവള്‍ ഡാഡിയോടും മമ്മിയോടും പറഞ്ഞു.
'ന്യൂമന്റെ ഓഫീസിലേക്കു പോകാന്‍ കൂട്ടുവേണോ?' ജോസ് കളിയാക്കി.
'വേണ്ട. ഞാന്‍ തനിയെ പൊയ്‌ക്കൊള്ളാം. പ്രായപൂര്‍ത്തിയായ പെണ്ണാണ് ഞാന്‍.' അവള്‍ തിരിച്ചും കളിയാക്കി.
കൃത്യം മൂന്നുമണിക്ക് ന്യൂമന്റെ ഓഫീസിനു മുന്നിലുള്ള കാളിംഗ് ബെല്ലിന്റെ സ്വിച്ചില്‍ ബീന വിരലമര്‍ത്തി.
സെക്രട്ടറി വന്നു വാതില്‍ തുറന്നു.
'ഞാന്‍ ബീന ജോസഫ്. മിസ്റ്റര്‍ ന്യൂമന്‍ എന്നെ പ്രതീക്ഷിക്കുന്നുണ്ട്.' ബീന സെക്രട്ടറിയോടു പറഞ്ഞു.
'പ്ലീസ് കം'. അവള്‍ ന്യൂമന്റെ മുറിയിലേക്ക് ആനയിക്കപ്പെട്ടു.
'ഹലോ മിസ് ബീന. വീണ്ടും കണ്ടതില്‍ സന്തോഷമുണ്ട്. ദയവായി ഇരിക്കൂ.' അവള്‍ക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് ന്യൂമന്‍ പറഞ്ഞു.
നന്ദി പറഞ്ഞിട്ട് ബീന കുഷനിട്ട വലിയ കസേരയില്‍ ഇരുന്നു.
'കുടിക്കാന്‍ എന്തെങ്കിലും?'
'നോ. താങ്ക്‌സ്.'
'ഒരിക്കല്‍ക്കൂടി, നിന്റെ ഇരുപത്തൊന്നാം പിറന്നാളിന് ആശംസകള്‍. ഇതാ നിന്റെ സെയ്ഫ് ഡെപ്പോസിറ്റ് ബോക്‌സിന്റെ താക്കോലും മറ്റു പേപ്പറുകളും. രജിസ്റ്ററില്‍ ഒപ്പിട്ടു വാങ്ങൂ.'
ഒരു മന്ദഹാസത്തോടെ ബീന രജിസ്ട്രറ്ററില്‍ ഒപ്പിട്ടു. ബീനക്കു ഒരു വലിയ കവര്‍ ന്യൂമന്‍ കൊടുത്തു.
കവര്‍ തുറന്ന് ചുവന്ന വെല്‍വെറ്റു പൊതിഞ്ഞ ഒരു ബോക്‌സ് അവള്‍ പുറത്തെടുത്തു. ബാങ്കിന്റെ പേരും സെയ്ഫ് ഡെപ്പോസിറ്റ് ബോക്‌സിന്റെ നമ്പരും അടങ്ങഇയ കാര്‍ഡിനോടൊപ്പം തിളങ്ങുന്ന വലിയ താക്കോല്‍.
'താങ്കയൂ വെരിമച്ച്. മി. ന്യൂമന്‍.'
യൂ ആര്‍ വെരി വെല്‍ക്കം. ഭാവിയിലുള്ള നിന്റെ എല്ലാ ഇടപാടുകളും ഈ സ്ഥാപനം വഴി നടത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിനക്ക് എല്ലാ കാര്യങ്ങളിലും വിദഗ്‌ദ്ധോപദേശം നല്‍കാന്‍ ലേറ്റ് മിസ്സിസ് ആന്റണി ഞങ്ങളുടെ ലാഫേമിനോട് അപേക്ഷിച്ചിട്ടുണ്ട്. നിന്നെ സേവിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അതൊരു ബഹുമതിയായിരിക്കും.'
'തീര്‍ച്ചയായും. താങ്ക്‌സ്, ബൈ...'
ബീന വീട്ടില്‍ ചെന്ന് താക്കോല്‍ മമ്മിയേയും ഡാഡിയേയും കാണിച്ചു.
'എന്നാണ് നീ ബാങ്കില്‍ പോകുന്നത് മോളേ?'
'തിങ്കളാഴ്ച.'
'കേളേജില്‍ പോകണ്ടേ?'
'ഉച്ച കഴിഞ്ഞേ ക്ലാസുള്ളൂ. രാവിലെ ഒന്‍പതിനു ബാങ്കു തുറക്കുമല്ലോ. ബാങ്കില്‍നിന്നും വന്നിട്ട് ഒരു ടാക്‌സി പിടിച്ചു ഞാന്‍ ഡോമില്‍ എത്തിക്കോളാം.'
തിങ്കളാഴ്ച രാവിലെ അവള്‍ ബാങ്കിലേക്കു പുറപ്പെട്ടു. സേഫ് ഡെപ്പോസിറ്റ് ബോക്‌സില്‍ എന്തൊക്കെയാവും റീത്താന്റി കരുതി വെച്ചിട്ടുള്ളത്?
പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ ഇട്ടശേഷം ബാങ്കിലേക്കു നടക്കുമ്പോള്‍ അവളുടെ ഹൃദയം ആകാംക്ഷമൂലം അതിദ്രുതം മിടിക്കുന്നുണ്ടായിരുന്നു.

Previous page link: http://www.emalayalee.com/varthaFull.php?newsId=52376

സ്വപ്നാടനം(നോവല്‍ ഭാഗം-19)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക