Image

യൂറോ സാമ്പത്തിക സ്ഥിരതാ പാക്കേജിന്‌ ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ജോസ്‌ കുമ്പിളുവേലില്‍ Published on 29 September, 2011
യൂറോ സാമ്പത്തിക സ്ഥിരതാ പാക്കേജിന്‌ ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത നാണയമായ യൂറോയുടെ സ്ഥിരതാ പാക്കേജിന്‌ ജര്‍മന്‍ പാര്‍ലമെന്റ്‌(ബുണ്‌ടസ്‌ടാഗ്‌) അംഗീകാരം നല്‍കി. വ്യാഴാഴ്‌ച ജര്‍മന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയും തുടര്‍ന്നു നടന്ന വോട്ടെടുപ്പിലും ചാന്‍സലര്‍ മെര്‍ക്കല്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ്‌ പ്രതിപക്ഷം ആഞ്ഞടിച്ചത്‌. വോട്ടെടുപ്പില്‍ 523 അംഗങ്ങള്‍ European Financial Stability Facility (EFSF) പാക്കേജിനെ അനുകൂലിച്ചു വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 85 അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന്‌ അംഗങ്ങള്‍ നിഷ്‌പക്ഷത പാലിച്ചു. ആകെ 620 അംഗങ്ങളാണ്‌ പാര്‍ലമെന്റിലുള്ളത്‌. ജര്‍മന്‍ പാര്‍ലമെന്റിന്റെ അധോസഭ (ബുണ്‌ടസ്‌ടാഗ്‌) യുടെ പിന്തുണയില്‍ 440 ബില്യന്‍ യൂറോയാണ്‌ ബെയില്‍ ഔട്ട്‌ ക്രെഡിറ്റ്‌ ഗാരന്റിയായി അംഗീകരിച്ചിരിയ്‌ക്കുന്ന എക്‌സ്‌പാന്‍ഷന്‍ ഫണ്‌ട്‌.

യൂറോസോണിലെ പ്രബലകക്ഷിയായ ജര്‍മനിയ്‌ക്ക്‌ ഇക്കാര്യത്തില്‍ ഒരുവിധേനയും തലയൂരാന്‍ മേലാത്ത സാഹചര്യത്തിലാണ്‌ പാര്‍ലമെന്റ്‌ ഇത്തരമൊരു അംഗീകാരം നല്‍കിയത്‌. ജര്‍മനിയ്‌ക്ക്‌ ഏറെ തലവേദന സൃഷ്‌ടിച്ചിരുന്ന ഈ പ്രശ്‌നം തല്‍ക്കാലം കെട്ടടങ്ങിയിരിയ്‌ക്കയാണ്‌.

ഭാവിയിലേയ്‌ക്ക്‌ ജര്‍മനിയ്‌ക്കും യൂറോപ്യന്‍ യൂണിയനും വേണ്‌ടി ബുണ്‌ടസ്‌ടാഗില്‍ നടന്ന സുപ്രധാനമായ ഒരു തീരുമാനമാണ്‌ നാം കൈക്കൊണ്‌ടതെന്ന്‌ വോട്ടെടുപ്പിനു ശേഷം മെര്‍ക്കല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

കഴിഞ്ഞ കുറെ ആഴ്‌ചകളായി യൂറോയുടെ അസ്ഥിരതയില്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി യൂറോ സോണിലെ മറ്റു രാജ്യക്കാരും വിചാരണ ചെയ്യുകയായിരുന്നു. കടക്കെണിയില്‍ നട്ടംതിരിഞ്ഞ ഗ്രീസിനെയും, പോര്‍ച്ചുഗലിനെയും, സ്‌പെയിനിനെയും താങ്ങിനിര്‍ത്താന്‍ ജര്‍മനി നടത്തിയ ശ്രമം ലക്ഷ്യം കണ്‌ടിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കടുത്ത സാമ്പത്തിക അച്ചടക്കം എല്ലാ അംഗരാജ്യങ്ങളും പ്രാബല്യത്തിലാക്കണമെന്ന്‌ ജര്‍മനി ഉപദേശിച്ചിരുന്നു.
യൂറോയെ രക്ഷിക്കാനുള്ള പാക്കേജ്‌ വര്‍ധിപ്പിക്കാന്‍ ജര്‍മനി നടത്തുന്ന നീക്കങ്ങളോട്‌ പൗരന്‍മാര്‍ക്ക്‌ എതിര്‍പ്പെന്നു സര്‍വേ ഫലം. വിഷയം പാര്‍ലമെന്റില്‍ വോട്ടിനിടാനിരിക്കെയാണ്‌ ജനഹിതം എതിരാണെന്ന്‌ സെഡ്‌ഡിഎഫ്‌ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്‌.

എന്നാല്‍ ജര്‍മനിയുടെ ക്രെഡിറ്റ്‌ ഗാരന്റിയില്‍ വര്‍ധന വരുത്താന്‍ ഉദ്ദേശിച്ച പദ്ധതിയെ മിക്ക ജര്‍മന്‍കാരും എതിര്‍ത്തിരുന്നു. തുടര്‍ന്ന്‌ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും ഇതിനെ എതിര്‍ത്തപ്പോള്‍, 19 ശതമാനം പേര്‍ മാത്രമാണ്‌ അനുകൂലിച്ചത്‌. എതിര്‍പ്പു പ്രകടിപ്പിച്ചവരില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്നുമുള്ളവര്‍ ഉള്‍പ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്ത കണ്‍സര്‍വേറ്റീവുകളില്‍ 70 ശതമാനവും എതിര്‍പ്പ്‌ രേഖപ്പെടുത്തിയപ്പോള്‍, സോഷ്യല്‍ ഡെമോക്രാറ്റുകളില്‍ 73 ശതമാനം പേരും, ഇടതുപക്ഷക്കാരില്‍ 71 ശതമാനം പേരും, ഗ്രീന്‍ പാര്‍ട്ടി അനുഭാവികളില്‍ 67 ശതമാനം പേരും, പൈറേറ്റ്‌ പാര്‍ട്ടിക്കാരില്‍ 82 ശതമാനം പേരും എതിര്‍ത്തു.
യൂറോ സാമ്പത്തിക സ്ഥിരതാ പാക്കേജിന്‌ ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക