Image

എല്‍സി കൊച്ചമ്മ ഞങ്ങളുടെ സ്‌നേഹഭാജനം: പിറന്നാള്‍ സന്ദേശം

Published on 15 June, 2013
എല്‍സി കൊച്ചമ്മ ഞങ്ങളുടെ സ്‌നേഹഭാജനം: പിറന്നാള്‍ സന്ദേശം
 (ജൂണ്‍ 16)

എല്‍സി കൊച്ചമ്മ

മലയാളം വായനക്കാര്‍ക്ക് സുപരിചതയും അവരുടെ സ്‌നേഹബഹുമാനങ്ങള്‍ക്ക് ഉടമയുമായ പ്രശസ്ത കവയിത്രി ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തിലിന്റെ ജന്മദിനമാണു ജൂണ്‍ 16. അനുഗ്രഹങ്ങളുടേയും ആശംസകളുുടേയും സ്‌നേഹോപഹാരങ്ങളുമായി ഉറ്റവരും മിത്രങ്ങളും ഒത്ത് ചേരുന്ന ഈ സുദിനത്തില്‍ അവര്‍ക്കായി അക്ഷരങ്ങളെകൊണ്ട് ഒരു പൊന്നാട നെയ്യുകയാണു ഞങ്ങള്‍ സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍. കൊച്ചമ്മയുടെ ഈ ജന്മമാസത്തില്‍ ന്യൂയോര്‍ക്ക് വിചാരവേദി അവരെ അനുമോദിക്കാനായി സംഘടിപ്പിച്ച സന്തോഷവേളയിലേക്ക് ഒരിക്കല്‍ ഞങ്ങളെ ക്ഷണിച്ചപ്പോള്‍ ഞങ്ങളുടെയെല്ലാം സ്‌നേഹഭാജനമായ കൊച്ചമ്മ എന്ന അനുഗ്രുഹീത കവയിത്രിയോടൊപ്പം ചിലവഴിക്കാന്‍ അന്ന് ലഭിച്ച അനര്‍ഘ നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ആഘോഷങ്ങളുടെ ആരവങ്ങളും, അലങ്കാരങ്ങളും പൊഴിച്ചുകൊണ്ട് സജീവമായി നിറഞ്ഞ് നില്‍ക്കുന്നു. നമുക്ക് പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങള്‍ അനുഭൂതിദായകങ്ങളാണ്.

 പ്രതിവര്‍ഷം കൊണ്ടാടുന്ന ഈ ദിവസത്തിന്റെ ഓര്‍മ്മകളിലൂടെ വര്‍ഷങ്ങള്‍ അങ്ങനെ കൊഴിഞ്ഞ് വീഴുന്നു. കൊച്ചമ്മയുടെ ജനന തീയ്യതി പ്രകാരം നാട്ടില്‍ അപ്പോള്‍ ആടിമാസ കാലമാണു. വര്‍ഷമേഘ സുന്ദരിമാര്‍ പ്രതിദിനം ഭൂമി ദേവിയെ കുളിപ്പിച്ചൊരുക്കുന്ന നീരാട്ടു കാലം. ഓരോ ജനനവും ഒരു നക്ഷത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനുഷ്യര്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ ആകാശത്ത്് നിന്ന് ഭൂമിയിലേക്ക് സൂക്ഷിച്ചു നോക്കിയ ഒരു നക്ഷത്രം ഭൂമിയുടെ ഭംഗി കണ്ട് അവയെകുറിച്ച് പാടാന്‍ വേണ്ടി ഭൂമിയില്‍ കൊച്ചമ്മയായി പിറന്നതാകാം.

അമേരിക്കയിലെ ഒരു കവി അവരെ കാവ്യ നഭസ്സിലെ നക്ഷത്രം എന്ന് വിളിക്കുകയൂണ്ടായി.. അതേ, അവര്‍ കവിതകള്‍ എഴുതി കൊണ്ടിരുന്നു. ജീവിതം ചക്രം തിരിഞ്ഞപ്പോള്‍ പത്‌നിയായ്, അമ്മയായ് എന്നിട്ടും കവിത രചന തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ചിലരെ ഈശ്വരന്‍ ഭൂമിയില്‍ ജനിപ്പിക്കുന്നത് ഒരുദ്ദേശ്യത്തോടെയാണു. അതിന്റെ സാക്ഷാത്കാരമാണ് അവരുടെ ജീവിത ലക്ഷ്യം. ഉല്‍ക്രുഷ്ടമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണു ശ്രീമതി ശങ്കരത്തില്‍. അവരുടെ കാവ്യാവിഷ്കാരങ്ങള്‍ എല്ലാം തന്നെ നന്മയുടെയും ഉദാത്തമായ ആദര്‍ശങ്ങളുടേയും സ്‌നേഹസ്പര്‍ശനമേറ്റവയാണ്.

സ്‌നേഹത്തിന്റെ മധുരം ചേര്‍ത്തുണ്ടാക്കിയ കേക്കില്‍ ജന്മദിനം സന്തോഷപ്രദമാകട്ടെ എന്ന ശുഭ വാചകം എഴുതിചേര്‍ക്കുകയും മെഴുക് തിരികള്‍ ഊതികെടുത്തുകയും ചെയ്യുമ്പോള്‍ ഒരു വര്‍ഷം പതുക്കേ കടന്നുപോകുന്നു. ആഹ്ലാദ നിര്‍ഭരമായ അത്തരം നിമിഷങ്ങള്‍ കൊച്ചമ്മയുടെ ജീവിതത്തില്‍ അനവധി ഉണ്ടാകട്ടെയെന്നാശംസിക്കുന്നു. കെടുത്തുന്ന മെഴുക് തിരികളുടെ പുകചുരുളുകള്‍ അദ്രുശ്യമായി അന്തരീക്ഷത്തില്‍ അലിയുന്നതായി നമുക്ക് തോന്നുമെങ്കിലും പിറന്നാളുകാരുടെ മനസ്സിലെ ആഗ്രഹം അവ ഈശ്വരനില്‍ എത്തിക്കുന്നു എന്നാണു വിശ്വാസം. ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ കൊച്ചമ്മയുടെ ജീവിത കാമനകള്‍ എല്ലാം സഫലമാകാനും ഞങ്ങള്‍ നേര്‍ച്ചകള്‍ നേരുന്നു.

അമേരിക്കയില്‍ മലയാള സംഘടനകള്‍ പ്രചരിക്കുന്നതിനു മുമ്പെ, അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്ന പദം കേള്‍ക്കാന്‍ തുടങ്ങുന്നതിനുമുമ്പെ ഞങ്ങളുടെ എല്‍സി കൊച്ചമ്മ എഴുതാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെപോലെ അച്ചടി വിദ്യകള്‍ എളുപ്പമാകുന്നതിനുമുമ്പ് ഇവിടെ നിന്നും അന്നിറങ്ങിയ എല്ലാ സോവനീറുകളിലും ആദ്യ കാല പ്രസിദ്ധീകരണങ്ങളിലും കൊച്ചമ്മ എഴുതി. കൊച്ചമ്മ അമേരിക്കയില്‍ വരുന്നതിനു മുമ്പെ എഴുത്തുകാരിയായിരുന്നു. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റരായിരുന്ന പിതാവും ഉന്നത വിദ്യാഭസം നേടിയിരുന്ന മുതിര്‍ന്ന സഹോദരങ്ങളും അടങ്ങിയ വീട്ടില്‍ കൊച്ചമ്മയുടെ സര്‍ഗ്ഗ ഭാവനകള്‍ക്ക് വളരാന്‍ പറ്റിയ സാഹ്യചര്യമായിരുന്നു.

 കൊച്ചമ്മ ആ വരദാനത്തെ പരിപോഷിപ്പിച്ച് വന്നു. ഗീതാഞ്ജലി വിവര്‍ത്തന ത്തിനു നിമിത്തമായത് കൗമാര കാലത്ത് അപ്പച്ചനില്‍ നിന്നും അതെ കുറിച്ച് കേട്ട അറിവായിരുന്നു എന്നു കൊച്ചമ്മ ആ പുസ്തകത്തില്‍ പറയുന്നുണ്ട്. അമേരിക്കന്‍ മലയാളികളുടെ സംയുക്ത സംഘടനയായ ഫൊക്കാന നടത്തിയ ആദ്യത്തെ കവിത മത്സരത്തില്‍ കൊച്ചമ്മ അവാര്‍ഡിനര്‍ഹയായത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ?

മലയാളികള്‍ക്ക് പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായ ഈ കവയിത്രിയില്‍ നിന്നും ഇനിയും മേന്മേറിയ കലാശില്‍പ്പങ്ങള്‍ ഉണ്ടാകുമെന്ന് നമുക്കാശിക്കാം. അതിനായി ജന്മദിനത്തില്‍ മാത്രമല്ല എല്ലാ ദിവസങ്ങളിലു കൊച്ചമ്മയുടെ ആയുരാരോഗ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.

ദീര്‍ഘായുസ്സും നെടുമംഗല്യവും നേര്‍ന്നുകൊണ്ട്,

ഇ-മലയാളിയും അഭ്യുദയകാംക്ഷികളും


ശുഭം
എല്‍സി കൊച്ചമ്മ ഞങ്ങളുടെ സ്‌നേഹഭാജനം: പിറന്നാള്‍ സന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക