Image

അധ്യാപകനെതിരായ ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണപിള്ളയും മകനുമെന്ന് വി.എസ്‌

Published on 29 September, 2011
അധ്യാപകനെതിരായ ആക്രമണത്തിന് പിന്നില്‍ ബാലകൃഷ്ണപിള്ളയും മകനുമെന്ന് വി.എസ്‌
തിരുവനന്തപുരം: കൊട്ടാരക്കര വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയും മന്ത്രി കെ.ബി ഗണേഷ് കുമാറുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ആസ്പത്രിയില്‍ കഴിയുന്ന പിള്ളയ്ക്ക് ഗൂഢാലോചന നടത്താന്‍ സൗകര്യമുണ്ടെന്ന് വി.എസ് പറഞ്ഞു.

മുന്‍ മന്ത്രി ബാലകൃഷ്ണപിള്ള തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അധ്യാപകന്റെ ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. അതില്‍ അധ്യാപകന്റെ ഭാര്യയ്ക്ക് അനുകൂലമായ വിധിയുണ്ടായി. ഇതിന്റെ ശത്രുതയാവാം സംഭവത്തിന് പിന്നില്‍.

മന്ത്രി കെ.ബി ഗണേഷ് കുമാറും പിതാവുമാണ് അക്രമം സംഘടിപ്പിച്ചതെന്നത് വ്യക്തമാണ്. യാതൊരു മനുഷ്യത്വവുമില്ലാത്ത ആളുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് അക്രമം നടത്തിയത്. സ്‌കൂള്‍ മാനേജര്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹത്തിന്റഎ മകന്‍ കെ.ബി ഗണേഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാണ്. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകനെ സന്ദര്‍ശിച്ചശേഷമാണ് വി.എസ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക