Image

വിമന്‍സ് കോഡ് ബില്‍ -ജസ്റ്റിസ് കൃഷ്ണയ്യരുടെ രഹസ്യ അജണ്ട മറനീക്കി പുറത്തുവന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 29 September, 2011
വിമന്‍സ് കോഡ് ബില്‍ -ജസ്റ്റിസ് കൃഷ്ണയ്യരുടെ രഹസ്യ അജണ്ട മറനീക്കി പുറത്തുവന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

തിരുവനന്തപുരം: വിമന്‍സ് കോഡ് ശുപാര്‍ശകള്‍ക്കെതിരെ നിയമപരിഷ്‌കരണസമതിയിലെ അംഗങ്ങള്‍ തന്നെ പരസ്യമായി രംഗത്തുവന്നിരിക്കുമ്പോള്‍ സമതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കൊച്ചിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ നടത്തിയ പ്രസ്താവനയിലൂടെ ക്രൈസ്തവസഭയ്ക്കു നേരെയുള്ള അദ്ദേഹത്തിന്റെ രഹസ്യ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആക്ഷേപിച്ചു.

തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളെല്ലാം അതേപടി നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്, അത് നിയമമല്ല എന്നുള്ളത് ജസ്റ്റിസ് കൃഷ്ണയ്യര്‍ക്കുമറിവുള്ളതാണ്. ജനഹിതം മാനിക്കേണ്ട സര്‍ക്കാര്‍ ജനദ്രോഹനിര്‍ദ്ദേശങ്ങളെ തള്ളിക്കളയുവാന്‍ ബാധ്യസ്ഥരാണ്. ഇത് സഭയുടെയോ സമുദായങ്ങളുടെയോ മാത്രം പ്രശ്‌നമല്ല. ജീവന്റെ മൂല്യങ്ങളിന്മേലും മാതൃത്വത്തിന്മേലുമുള്ള കടന്നാക്രമണത്തിനെതിരെയുള്ള പൊതു സമൂഹത്തിന്റെ വികാരമാണ്. അതിനെതിരെ ജസ്റ്റിസ് കൃഷ്ണയ്യര്‍ രോഷം കൊള്ളുന്നത് സാംസ്‌കാരിക അധ:പതനവും, രഹസ്യ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ സാധിക്കാത്തതിലുള്ള വികാരപ്രകടനവുമാണ്. ഇത്തരം കുത്സിത നീക്കങ്ങളും നിലപാടുകളും തിരിച്ചറിയുവാനും മനസിലാക്കി പ്രവര്‍ത്തിക്കുവാനുമുള്ള അറിവും പക്വതയും കൈമുതലായുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളതെന്ന് ആരും മറക്കരുതെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

രണ്ടു കുട്ടികളില്‍ കൂടുതലായാല്‍ മാതാപിതാക്കള്‍ക്ക് ജയിലറയും, പിഴയും നിര്‍ദ്ദേശിക്കുവാന്‍ മന:സാക്ഷിയുള്ള ആര്‍ക്കെങ്കിലും സാധിക്കുമോ? ഗര്‍ഭഛിദ്രം അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശം കൊടും ക്രൂരതയല്ലേ? കുടുംബഭദ്രതയും സാംസ്‌കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്ന കേരളമക്കള്‍ക്ക്തന്നെ അപമാനമായിരിക്കുകയാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള സമതിയുടെ നിര്‍ദ്ദേശങ്ങള്‍ . പന്ത്രണ്ടംഗ സമതിയിലെ ഭൂരിപക്ഷ അംഗങ്ങളും അറിയാതെയും പഠനമോ, ചര്‍ച്ചകളോ ഇല്ലാതെയും തട്ടിക്കൂട്ടിയ ഈ നിര്‍ദ്ദേശങ്ങളുടെ പിന്നില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമമല്ല, അതിനുപരിയായുള്ള രഹസ്യ അജണ്ടകള്‍ ഉണ്ടെന്നുള്ളത് ഇതിനോടകം വ്യക്തമായിരിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കമ്മീഷനിലെ പല അംഗങ്ങളും പരസ്യമായി രംഗത്തുവന്നിരിക്കുന്നത് സര്‍ക്കാരും പൊതുസമൂഹവും ഗൗരവമായി കാണേണ്ടതാണെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

വിവിധ സമുദായങ്ങളും പൊതുസമൂഹവും സ്‌നേഹത്തോടും, ഐക്യത്തോടും സഹവസിക്കുന്ന കേരളത്തില്‍ ചേരിതിരിവും, വിദ്വേഷവും പരത്തുവാനാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ വിമന്‍സ് കോഡ് കരട് ബില്ലിലൂടെ ശ്രമിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ അധ്യക്ഷനായി സമര്‍പ്പിച്ച നിയമപരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ പെട്ടിയില്‍വെച്ചു പൂട്ടേണ്ടിവന്ന സാഹചര്യം മറക്കരുത്. വിമന്‍സ് കോഡിലെ വിവാദനിര്‍ദ്ദേശങ്ങള്‍ ഒഴിച്ചുള്ളവ നടപ്പിലാക്കുന്നതില്‍ ആരും എതിരല്ല. പിടിവാശിയും അടിസ്ഥാനരഹിമായ ആരോപണവുമല്ല, സമുന്വയവും സൗഹാര്‍ദ്ദചര്‍ച്ചകളുമാണ് ഇത്തരം പ്രശ്‌നങ്ങളിലുണ്ടാകേണ്ടത്. സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്ന വിമന്‍സ് കോഡ് കരട് ബില്ലിലെ വിവാദനിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുവാന്‍ ആരുശ്രമിച്ചാലും ശക്തമായി എതിര്‍ക്കുമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വ്യക്തമാക്കി.


അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക