Image

ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സപ്തതി ആഘോഷിച്ചു

എ.സി. ജോര്‍ജ് Published on 07 June, 2013
ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സപ്തതി ആഘോഷിച്ചു
ഹ്യൂസ്റ്റന്‍: പ്രസിദ്ധ സാഹിത്യകാരനും സാമൂഹ്യ, സാംസ്‌ക്കാരിക, കലാപ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ (സപ്തതി) 70-ാം ജന്മദിനം ജൂണ്‍ 2-ാംതീയതി വൈകുന്നേരം ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ കേരള തനിമാ ഇന്ത്യാ റസ്റ്റോറന്റില്‍ വെച്ച് സമുചിതമായി കൊണ്ടാടി. ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീ. മണ്ണിക്കരോട്ടിന്റെ സുഹൃത്തുക്കളും, ആരാധകരും, സംഘടനാ പ്രതിനിധികളും സിവിക് അധികാരികളുമായി നിരവധി പേര്‍ അദ്ദേഹത്തിന്റെ സപ്തതി ആഘോഷത്തില്‍ ആശംസയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് 1974ല്‍ മണ്ണിക്കരോട്ട് അമേരിക്കയിലേക്ക് കുടിയേറി. അമേരിക്കയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദമെടുത്തു. 1980 മുതല്‍ ഹ്യൂസ്റ്റനില്‍ സ്ഥിരതാമസമാക്കി. വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ-സാഹിത്യ-മത സംഘടനകളില്‍ ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. പല ജീവകാരുണ്യ പ്രസ്ഥാനങ്ങളിലും നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ മലയാളഭാഷാ ബോധവല്‍ക്കരണത്തിനും വളര്‍ച്ചക്കും ഉയര്‍ച്ചക്കുമായി 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ' എന്ന സാഹിത്യ സംഘടന സ്ഥാപിച്ചു. അതിന്റെ പ്രസിഡന്റായി തുടരുന്നു. 5 വര്‍ഷത്തോളം 'കേരള നാദം' എന്ന വാര്‍ത്താ സാഹിത്യ മാസിക പ്രസിദ്ധീകരിച്ചു. സുപ്രധാനങ്ങളായ പല സ്മരണികകളുടേയും മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചു. പ്രധാനകൃതികള്‍: ജീവിതത്തിന്റെ കണ്ണീര്‍ (അമേരിക്കയിലെ ആദ്യ മലയാള നോവല്‍), അഗ്നിയുദ്ധം (നോവല്‍), മൗനനൊമ്പരങ്ങള്‍ (കഥകള്‍), അകലുന്ന ബന്ധങ്ങള്‍ (കഥകള്‍), ബോധധാര (ഉപന്യാസങ്ങള്‍), അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം (ചരിത്രം), ഉറങ്ങുന്ന കേരളം (ലേഖനങ്ങള്‍), അമേരിക്ക (നോവല്‍). പുരസ്‌ക്കാരങ്ങള്‍: പ്രഥമ ഫൊക്കാനാ സാഹിത്യ അവാര്‍ഡ് - 1992, ജര്‍ണലിസം അവാര്‍ഡ് - 1996, വിശാല കൈരളി അവാര്‍ഡ് - 1997, കോഴിക്കോട് ഭാഷാ സമന്വയവേദി അവാര്‍ഡ് - 2005, ലിറ്ററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക - 2011 തുടങ്ങിയവ ചിലതു മാത്രമാണ്.
ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സാമൂഹ്യ-സാംസ്‌ക്കാരിക-സാഹിത്യ സേവനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് മംഗളപത്രം എഴുതി പാടി ശ്രീ. മണ്ണിക്കരോട്ടിന് സമര്‍പ്പിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് ശ്രീമതി ജോളി വില്ലി അവിടെ കൂടിയ ഏവര്‍ക്കും സ്വാഗതമാശംസിച്ചു.
എഴുപതിന്റെ നിറവിലെത്തിയ മണ്ണിക്കരോട്ടിന്റെ പ്രവര്‍ത്തനങ്ങളേയും സേവനങ്ങളേയും ജീവിതത്തിന്റെ ചില ഏടുകളേയും, ധന്യമുഹൂര്‍ത്തങ്ങളേയും പരാമര്‍ശിച്ചുകൊണ്ട് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരും സുഹൃത്തുക്കളുമായ കെന്‍മാത്യു, (സിറ്റി കൗണ്‍സില്‍ മെമ്പര്‍), കെ.പി. ജോര്‍ജ്, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, തോമസ് കെ. വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ടി.എന്‍. സാമുവേല്‍, ടോം വിരിപ്പന്‍, ജോര്‍ജ് എബ്രഹാം, പി.ഒ. രാജന്‍, എബ്രഹാം ഈപ്പന്‍, പൊന്നുപിള്ള, ചാക്കോ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജോര്‍ജ് മണ്ണിക്കരോട്ട് സന്നിഹിതരായ എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു.
ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സപ്തതി ആഘോഷിച്ചുജോര്‍ജ് മണ്ണിക്കരോട്ടിന്റെ സപ്തതി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക