Image

എട്ടാം നിലയില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു; പിന്നാലെ ചാടി മാതാവ് ജീവനൊടുക്കി

Published on 28 September, 2011
എട്ടാം നിലയില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു; പിന്നാലെ ചാടി മാതാവ് ജീവനൊടുക്കി
ദുബൈ: കണ്‍മണി കണ്‍മുന്നില്‍ വീണ് മരിച്ചതിന്‍െറ മനോവിഷമത്തില്‍ മാതാവ് എട്ടാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഇരുവരും പിടഞ്ഞുമരിച്ചത് 14കാരിയായ മൂത്ത മകളുടെ മുന്നിലും. ജുമൈറ ലേക് ടവേഴ്സിലെ മാഗ് 214 കെട്ടിടത്തില്‍ ഇന്നലെ രാവിലെയാണ് അതിദാരുണ സംഭവം. കെട്ടിടത്തിലെ എട്ടാം നിലയിലെ അപാര്‍ട്ട്മെന്‍റില്‍ നിന്നാണ് അഞ്ച് വയസ്സുകാരന്‍ താഴെ നില്‍ക്കുകയായിരുന്ന മാതാവിന്‍െറയും സഹോദരിയുടെയും മുന്നിലേക്ക് വീണ് പിടഞ്ഞുമരിച്ചത്. മനം പിളര്‍ക്കുന്ന ഈ കാഴ്ച കണ്ട് മനോനില തെറ്റിയ പോലെ പെരുമാറിയ മാതാവ് മുകളിലേക്ക് ഓടിക്കയറിയ ശേഷം മകന്‍ വീണ അതേ ജനാലയിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് ദുബൈ പൊലീസിലെ സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

ഇറാന്‍ സ്വദേശികളാണ് ഇവര്‍. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. 14 വയസ്സുകാരിയായ മകളെ സ്കൂളിലയക്കുന്നതിന് താഴെ പോയതായിരുന്നു മാതാവ്. ഈ സമയത്ത് അഞ്ച് വയസ്സുകാരന്‍ മാത്രമേ അപാര്‍ട്മെന്‍റില്‍ ഉണ്ടായിരുന്നുള്ളൂ. ഇരുവരും സ്കൂള്‍ ബസ് കാത്തുനില്‍ക്കേ അപാര്‍ട്ട്മെന്‍റിന്‍െറ ജനാലക്കരികില്‍ ബാലന്‍ നില്‍ക്കുന്നത് കണ്ടു. മാതാവും കെട്ടിടത്തിലെ കാവല്‍ക്കാരനും മാറിനില്‍ക്കാന്‍ വിളിച്ചുപറഞ്ഞിട്ടും കുട്ടി മാറാന്‍ തയാറായില്ല. തുടര്‍ന്ന് മകനെ കൂട്ടിക്കൊണ്ടുവരാനായി മാതാവ് മുകളിലേക്ക് പോയി. ഈ സമയം ബാലന്‍ താഴെ വീഴുകയായിരുന്നു. ബാലനെ പിടിക്കാന്‍ കാവല്‍ക്കാരന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

അപാര്‍ട്മെന്‍റില്‍ എത്തി ബാലനെ കാണാതെ താഴേക്ക് എത്തിയ മാതാവ് വീണ് മരിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്. ഉടന്‍ അലറി വിളിച്ച് അപാര്‍ട്ട്മെന്‍റിലേക്ക് ഓടിക്കയറിയ ഇവര്‍ മകന്‍ വീണ അതേ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ റാശിദ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശ യാത്രയിലായിരുന്ന ഗൃഹനാഥന്‍ തിരിച്ചെത്തിയ ശേഷം മരണാനന്തര നടപടികള്‍ തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവും സഹോദരനും കണ്‍മുന്നില്‍ വീണ് മരിച്ചതിന്‍െറ നടുക്കത്തില്‍ നിന്ന് 14കാരിയും മുക്തയായിട്ടില്ല. ഒരു മാസം മുമ്പാണ് കുടുംബം ഇവിടെ താമസിക്കാനെത്തിയതെന്ന് അയല്‍ക്കാര്‍ പറഞ്ഞു.  

ബാലനെ പിടിക്കാനുള്ള ശ്രമം നടക്കില്ളെന്ന് അറിഞ്ഞപ്പോള്‍ കാവല്‍ക്കാരന്‍ വീഴ്ചയുടെ ആഘാതം കുറക്കാന്‍, കുട്ടി വീഴാന്‍ സാധ്യതയുള്ള സ്ഥലത്തേക്ക് ചാടിയെങ്കിലും ആ ശ്രമവും വിഫലമായി. ഗുരുതരമായി പരിക്കേറ്റ കാവല്‍ക്കാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഭവം അറിഞ്ഞയുടന്‍ ദുബൈ പൊലീസ് ഉപമേധാവി മേജര്‍ ജനറല്‍ ഖാമിസ് അല്‍ മസീനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ദുബൈ പൊലീസ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ഓപറേഷന്‍സ് റൂമിലിരുന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാന്‍ ദുബൈ പൊലീസിലെ വിക്ടിം കെയര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക