Image

അഫ്‌സല്‍ ഗുരുവിന് മാപ്പു നല്‍കണമെന്ന പ്രമേയം കാഷ്മീര്‍ നിയമസഭയില്‍ ബഹളത്തിനിടയാക്കി

Published on 28 September, 2011
അഫ്‌സല്‍ ഗുരുവിന് മാപ്പു നല്‍കണമെന്ന പ്രമേയം കാഷ്മീര്‍ നിയമസഭയില്‍ ബഹളത്തിനിടയാക്കി
ശ്രീനഗര്‍ : പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അഫ്‌സല്‍ ഗുരുവിന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു-കാഷ്മീര്‍ നിയമസഭയില്‍ ബഹളത്തിനിടയാക്കി. സ്വതന്ത്ര അംഗമായ റഷീദ് ആണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്.

രാവിലെ സഭ സമ്മേളിച്ച ഉടന്‍ ജമ്മു മേഖലയില്‍ നിന്നുള്ള പ്രതിപക്ഷ അംഗങ്ങള്‍ വിഷയമുയര്‍ത്തിയിരുന്നു. പ്രമേയം മേശപ്പുറത്ത് വക്കുകയോ ചര്‍ച്ചയ്‌ക്കെടുക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ നടുത്തളത്തിലിറങ്ങി. രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി ചര്‍ച്ചയ്ക്ക് വിധേയമാക്കാനുളള അവകാശം നിയമസഭയ്ക്കില്ലെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ശാന്തരാകാന്‍ സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സഭ അര മണിക്കൂറത്തേക്ക് നിര്‍ത്തിവക്കേണ്ടതായും വന്നു.

രാജീവ് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതേ രീതിയില്‍ അഫ്‌സല്‍ ഗുരുവിന്റെ കാര്യവും പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ചാല്‍ എന്തായിരിക്കും പ്രതികരണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരത്തെ ആരാഞ്ഞിരുന്നു. എന്നാല്‍ ഒമറിന്റെ പ്രസ്താവനയുമായി തന്റെ പ്രമേയത്തിന് ബന്ധമില്ലെന്ന് റഷീദ് പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക