Image

അടൂര്‍ പ്രകാശിനെതിരെയുള്ള കേസിലെ പുനരന്വേഷണം ഹൈക്കോടതി സ്‌റ്റേചെയ്തു

Published on 28 September, 2011
അടൂര്‍ പ്രകാശിനെതിരെയുള്ള കേസിലെ പുനരന്വേഷണം ഹൈക്കോടതി സ്‌റ്റേചെയ്തു
കൊച്ചി: റേഷന്‍ മൊത്തവിതരണ കേന്ദ്രം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കേസിലെ പുനരന്വേഷണം ഹൈക്കോടതി സ്‌റ്റേചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനാണ് സ്‌റ്റേ. കേസില്‍ സര്‍ക്കാരിനും വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്കും മന്ത്രി അടൂര്‍ പ്രകാശിനും കോടതി നോട്ടീസയച്ചു. കേസിലെ പ്രധാനസാക്ഷി അബ്ദുറഹ്മാന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ യു.ഡി.എഫ്. മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അടൂര്‍ പ്രകാശ് ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍.കെ അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടെന്നാണ് കേസ്.

കഴിഞ്ഞ ഫിബ്രവരി 28നാണ് കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. അടൂര്‍ പ്രകാശ്, പേഴ്‌സണ്‍ അസിസ്റ്റന്‍റായിരുന്ന വി.രാജു, ജില്ലാ മുന്‍ സപ്ലൈ ഓഫീസര്‍ ഒ.സുബ്രഹ്മണ്യം, മുന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ആര്‍. സഹദേവന്‍, റേഷന്‍ ഡിപ്പോയ്ക്ക് ലൈസന്‍സ് ലഭിച്ച സമീര്‍ നവാസ് എന്നിവരെ പ്രതി ചേര്‍ത്താണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍ വെച്ചും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക