Image

ദിലീപും മഞ്‌ജുവും വേര്‍പിരിയുന്നുവോ?

ഇ മലയാളി ലേഖകന്‍ Published on 04 June, 2013
ദിലീപും മഞ്‌ജുവും വേര്‍പിരിയുന്നുവോ?
മലയാളത്തിലെ താര ദമ്പതികളായ ദിലീപും മഞ്‌ജു വാര്യരും വേര്‍പിരിയുകയാണോ? സൈബര്‍ ലോകത്തും , മലയാള എന്റര്‍ടെയിന്‍മെന്റ്‌ മീഡിയാ ഡെസ്‌കുകളിലും സജീവമായി നടക്കുന്ന ചര്‍ച്ചയാണിപ്പോള്‍ ദിലീപിന്റെയും മഞ്‌ജുവിന്റെയും വിവാഹ മോചനം. നാലു മാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ഉടന്‍ തന്നെ കുടുംബ കോടതിയെ സമീപിക്കുമെന്നുംവരെ ഗോസിപ്പുകള്‍ കേള്‍ക്കുന്നു. ഒപ്പം ഉടന്‍ തന്നെ മഞ്‌ജു സിനിമയിലേക്ക്‌ തിരിച്ചെത്തുമെന്നും പറയപ്പെടുന്നു.

മലയാളത്തിലെ മുന്‍നടിയും ഛായാഗ്രാഹകന്‍ രാജീവ്‌ രവിയുടെ ഭാര്യയുമായ ഗീതുമോഹന്‍ദാസ്‌ മഞ്‌ജുവിനെ നായികയാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തയാറെടുക്കുന്നു. മഞ്‌ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ കൂടിയാണ്‌ ഗീതുമോഹന്‍ദാസ്‌. `കേള്‍ക്കുന്നുണ്ടോ' എന്ന സമാന്തര ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായിക കൂടിയാണ്‌ ഗീതുമോഹന്‍ദാസ്‌. എന്തായാലും മഞ്‌ജുവാര്യര്‍ വീണ്ടും വെള്ളിത്തരയിലെത്തുമോ എന്ന്‌ അധികം വൈകാതെ അറിയാം. എന്നാല്‍ ദിലീപിന്റെയും മഞ്‌ജുവിന്റെയും വിവാഹജീവിതത്തെ ബന്ധിപ്പിക്കുന്ന ഗോസിപ്പുകളാണ്‌ ഉത്തരമില്ലാതെ നില്‍ക്കുന്നത്‌.

താരദാമ്പത്യങ്ങള്‍ക്കിടയില്‍ വിവാഹ മോചനകള്‍ ഒരു പുതുമയുമല്ല. കാവ്യയും, മംമ്‌തയും, ജ്യോതിര്‍മയിയുമൊക്കെ വിവാഹ ജീവിതത്തില്‍ നിന്നും പിന്മാറിയവരാണ്‌. ഏറെക്കാലം മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്‌ മനോജ്‌.കെ.ജയന്റെയും ഉര്‍വശിയുടെയും വഴിപിരിയല്‍. താരദാമ്പത്യങ്ങളില്‍ (ജയറാം - പാര്‍വ്വതി, ബിജുമേനോന്‍ - സംയുക്താ വര്‍മ്മ) പലപ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്‌. ചിലത്‌ വാസ്‌തവമാകും, ചിലത്‌ പെരുംനുണകളും. ദിലീപും മഞ്‌ജുവും വിവാഹ മോചനത്തിലേക്ക്‌ പോകുന്നു എന്ന ഗോസിപ്പ്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഒരുപാട്‌ നാളുകളായി. മഞ്‌ജു ആത്മഹത്യക്ക്‌ ശ്രമിച്ചുവെന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. എല്ലാം വെറും കെട്ടുകഥകളെന്ന്‌ പിന്നീട്‌ പ്രേക്ഷകരും തിരിച്ചറിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവാദങ്ങളില്‍ അല്‌പം കഴമ്പുണ്ടെന്ന്‌ തന്നെയാണ്‌ ഇരുവരോടും അടുത്തു നില്‍ക്കുന്നവര്‍ പറയുന്നതത്രേ. കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ലീഷ്‌ പത്രത്തില്‍ ഇരുവരും വേര്‍പിരിയാന്‍ തയാറെടുക്കുന്നുവോ എന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെ കേട്ടത്‌ സത്യമാകുമോ എന്നാണ്‌ പ്രേക്ഷകരും ഉറ്റുനോക്കുന്നത്‌. നാലുമാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ്‌ സിനിമ മേഖലയിലെ ചിലര്‍ തന്നെ പറയുന്നുമുണ്ട്‌. മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ പേരുപറഞ്ഞ,്‌ ഇവരുടെ ദാമ്പത്യത്തില്‍ സ്‌പര്‍ദ വളര്‍ത്തിയത്‌ ഇരുവര്‍ക്കും അടുപ്പമുള്ള ഒരു യുവ നടിയാണെന്നും പറഞ്ഞു കേള്‍ക്കുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിടവാങ്ങിയ മഞ്‌ജു എല്ലാ തിരക്കുകളില്‍ നിന്നും വിട്ടുമാറി ഒരു വീട്ടമ്മയുടെ റോളില്‍ മാത്രമായിരുന്നു ഏറെക്കാലം. ഇരുവരുടെയും വിവാഹ ശേഷം ദിലീപ്‌ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവയിലേക്ക്‌ കുതിച്ചുയര്‍ന്നതോടെ ഇവരുടെ ദാമ്പത്യത്തിന്റെ കരുത്തിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്‌തു. ദിലീപ്‌ എന്ന നടന്റെയും താരത്തിന്റെയും വളര്‍ച്ചക്ക്‌ പിന്നില്‍ മഞ്‌ജുവെന്ന കലാകാരിയുടെ പിന്തുണ എപ്പോഴുമുണ്ടെന്ന്‌ ദിലീപ്‌ മിക്ക അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ ആദ്യമായി ദിലീപ്‌ തുടങ്ങിയ വിതരണക്കമ്പിനിക്ക്‌ മഞ്‌ജുനാഥ്‌ എന്ന പേരിടാന്‍ കാരണവും. പക്ഷെ ചലച്ചിത്ര ലോകത്തേക്ക്‌ തിരിച്ചുവരാന്‍ താത്‌പര്യമില്ലതെ കുടുംബ ജീവിതത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു മഞ്‌ജു ഏറെക്കാലം.

എന്നാല്‍ സമീപകാലത്താണ്‌ മഞ്‌ജുവാര്യര്‍ വീണ്ടും മാധ്യമങ്ങളിലേക്ക്‌ തിരിച്ചെത്തിയത്‌. മികച്ച നര്‍ത്തകിയായിരുന്ന മഞ്‌ജു വീണ്ടും നൃത്തത്തിലേക്ക്‌ മടങ്ങിക്കൊണ്ടായിരുന്നു മാധ്യമങ്ങളില്‍ സ്ഥാനം നേടിയത്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24ന്‌ മഞ്‌ജു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുച്ചിപ്പുടി അവതരിപ്പിച്ചുകൊണ്ട്‌ നൃത്ത ലോകത്തേക്ക്‌ മടങ്ങി വന്നു. മഞ്‌ജുവിന്റെ വരവ്‌ മാധ്യമങ്ങള്‍ അകമഴിഞ്ഞ്‌ പ്രോല്‍സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്‌തു. പിന്നീട്‌ തിരുവനന്തപുരത്തും കോഴിക്കോടും നൃത്തം അവതരിപ്പിച്ച മഞ്‌ജുവിന്‌ ആരാധകരുടെ മികച്ച പിന്തുണ തന്നെയാണ്‌ എല്ലായിടത്തു നിന്നും ലഭിച്ചത്‌. എന്നാല്‍ മഞ്‌ജു വീണ്ടും നൃത്തത്തിലേക്ക്‌ മടങ്ങുന്നത്‌ പലര്‍ക്കും താത്‌പര്യമില്ലാത്ത കാര്യമായിരുന്നുവെന്ന്‌ പറയപ്പെടുന്നു. മഞ്‌ജുവിന്‌ വീണ്ടും നൃത്തം ചെയ്യാന്‍ തീരുമാനിച്ച വേദികളില്‍ നിന്നും പിന്‍വാങ്ങാന്‍ സമര്‍ദ്ദങ്ങളുണ്ടായിരുന്നുവത്രേ. ഇതിനിടെ മഞ്‌ജു അഭിനയത്തിലേക്ക്‌ മടങ്ങി വന്നാല്‍ മികച്ച കഥാപാത്രങ്ങള്‍ ഒരുക്കുമെന്ന്‌ പറഞ്ഞ്‌ ചില മുന്‍നിര സംവിധായകരും രംഗത്ത്‌ വന്നിരുന്നു.

മഞ്‌ജുവിന്റെ നൃത്ത വേദികളില്‍ ദിലീപ്‌ എത്താതിരുന്നത്‌ ഗോസിപ്പുകള്‍ക്ക്‌ ശക്തി പകര്‍ന്നു. അതുപോലെ തന്നെ അടുത്തിടെ ദിലീപ്‌ ആരംഭിച്ച റെസ്റ്റോറന്റ്‌ സംരംഭത്തിന്റെ ഉദ്‌ഘാടനത്തിന്‌ മഞ്‌ജുവിന്റെ സാന്നിധ്യവുമുണ്ടായിരുന്നില്ല. സമീപകാലത്തെങ്ങും ഇരുവരും ഒരുമിച്ച്‌ പൊതുചടങ്ങുകളിലും പങ്കെടുത്തിട്ടില്ല.

കൊച്ചിയില്‍ ഒരു ഡാന്‍സ്‌ സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്‌ജുവിന്‌ താത്‌പര്യമുണ്ടായിരുന്നുവെന്നതും ഇത്‌ സംബന്ധിച്ചാണ്‌ പല പ്രശ്‌നങ്ങളുമുണ്ടായതെന്നും പറയപ്പെടുന്നു. ബാങ്ക്‌ ലോണ്‍ സ്വീകരിച്ച്‌ സ്വന്തം നിലയില്‍ സ്‌കൂള്‍ ആരംഭിക്കാനായിരുന്നു മഞ്‌ജു താത്‌പര്യപ്പെട്ടത്‌. എന്നാല്‍ ബാങ്ക്‌ ഗ്യാരന്റി നില്‍ക്കാന്‍ ദിലീപ്‌ തയാറായില്ലെന്നും ഇതാണ്‌ ഇരുവര്‍ക്കുമിടയില്‍ പുതിയ പ്രശ്‌നങ്ങളായതെന്നും പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ഇതിനൊപ്പം കഴിഞ്ഞ മാസം ഒരു ചലച്ചിത്ര മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ വിവാഹം വളരെ നേരത്തെ നടന്നുവെന്നതില്‍ അല്‌പം ദുഖമുണ്ടെന്ന്‌ മഞ്‌ജു തുറന്നു പറഞ്ഞിരുന്നു. സിനിമയിലേക്ക്‌ താന്‍ തിരിച്ചുവന്നേക്കാം എന്നും അഭിമുഖത്തില്‍ മഞ്‌ജു സൂചിപ്പിച്ചിരുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ എന്താണ്‌ പ്രതികരണം എന്ന ചോദ്യത്തിന്‌ മറുപടിയില്ലാതെ മഞ്‌ജു ഒഴിഞ്ഞു മാറുകയും ചെയ്‌തിരുന്നു.

മലയാളം കണ്ട ഏറ്റവും കഴിവുള്ള നടിമാരില്‍ ഒരാളായിരുന്നു മഞ്‌ജുവാര്യര്‍ എന്നതില്‍ രണ്ടുപക്ഷമുണ്ടാവില്ല. അതുകൊണ്ടാണ്‌ 1999ല്‍ സിനിമയില്‍ നിന്നും വിട പറഞ്ഞിട്ടുപോലും ഇന്നും മഞ്‌ജു മലയാളിയുടെ മനസില്‍ ചിരപ്രതിഷ്‌ഠ നേടി നില്‍ക്കുന്നത്‌. ഇതില്‍ ഏറ്റവും കൗതുകമുള്ള മറ്റൊരു കാര്യം കൂടിയുണ്ട്‌. മഞ്‌ജു വാര്യര്‍ അഭിനയിച്ച സിനിമകള്‍ വെറും ഇരുപത്‌ എണ്ണം മാത്രമാണ്‌. മലയാളിയുടെ പ്രീയപ്പെട്ട നായികമാര്‍ ഉര്‍വശിയും, രേവതിയും, ശോഭനയുമൊക്കെ എത്രയോ സിനിമകള്‍ മലയാളത്തിലും മറ്റു ഭാഷകളിലുമായി ചെയ്‌തിരിക്കുന്നു. എന്തിന്‌ കാവ്യ പോലും എണ്‍പതോളം സിനിമകളില്‍ വേഷമിട്ടിരുന്നു.

എന്നാല്‍ വെറും നാല്‌ വര്‍ഷം മാത്രമാണ്‌ മഞ്‌ജു വാര്യര്‍ എന്ന അഭിനേത്രിയുടെ ചലച്ചിത്ര ജീവിതം. 1995ല്‍ സാക്ഷ്യം എന്ന മോഹന്‍ സംവിധാനം ചെയ്‌ത ചിത്രത്തിലൂടെ മഞ്‌ജുവാര്യര്‍ കാമറക്ക്‌ മുമ്പിലെത്തുന്നത്‌. എന്നാല്‍ ഈ ചിത്രം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. മഞ്‌ജുവിനെ ആരും തിരിച്ചറിഞ്ഞുമില്ല. എന്നാല്‍ മലയാളത്തിന്റെ അനുഗ്രഹീത ചലച്ചിത്രകാരന്‍ ലോഹിതദാസാണ്‌ മഞ്‌ജുവിലെ പ്രതിഭയെ തിരിച്ചറിഞ്ഞതും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിച്ചതും. 1996 ല്‍ സല്ലാപം എന്ന ലോഹിതദാസ്‌ ചിത്രത്തില്‍ മഞ്‌ജു നായികയായി തിളങ്ങി. അതോടെ അഭിനയത്തിളക്കം പേറിയ ഒരു നായികയുടെ വരവ്‌ മലയാളം കണ്ടു. തുടര്‍ന്ന്‌ പ്രമുഖ സംവിധായര്‍ക്കൊപ്പം ശ്രദ്ധേയമായ 18 സിനിമകള്‍ കൂടി. ഒരു സിനിമയും വെറുതെയൊരു സിനിമക്ക്‌ വേണ്ടി ചെയ്‌തിട്ടില്ല മഞ്‌ജു. എല്ലാ സിനിമയും മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച സിനിമകള്‍ തന്നെ. കളിയാട്ടവും, കന്മദവും, ആറാം തമ്പുരാനും, ദയയും, സമ്മര്‍ ഇന്‍ ബത്‌ലഹേമും, പത്രവുമെല്ലാം മികച്ച അഭിനയ കാഴ്‌ചകളിലൂടെ കടന്നു വന്ന ചിത്രങ്ങള്‍. അതുകൊണ്ടു തന്നെ മഞ്‌ജു വീണ്ടും വെള്ളിത്തിരയിലേക്ക്‌ മടങ്ങിയെത്തണമെന്ന്‌ മലയാളി ആഗ്രഹിക്കുന്നുണ്ട്‌. മഞ്‌ജു തീര്‍ച്ചയായും നല്ല സിനിമകളിലൂടെ വീണ്ടും അഭിനയത്തിലേക്ക്‌ തിരിച്ചു വരുകയും ചെയ്യട്ടെ. പക്ഷെ അതൊരിക്കലും അവരുടെ കുടുംബ ജീവിതത്തെ അലോസരപ്പെടുത്താതിരിക്കട്ടെ. നല്ല കഥകളും ജീവിതങ്ങളും ഇഷ്‌ടപ്പെടുന്ന മലയാളിയും അങ്ങനെ തന്നെയാണ്‌ തീര്‍ച്ചയായും ആഗ്രഹിക്കുന്നത്‌.
ദിലീപും മഞ്‌ജുവും വേര്‍പിരിയുന്നുവോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക