Image

പാമോയിലും ജൂഡീഷ്യറിയും പിന്നെ പി.സി.ജോര്‍ജ്ജും

ജോസ്‌ കാടാപുറം Published on 28 September, 2011
പാമോയിലും ജൂഡീഷ്യറിയും പിന്നെ പി.സി.ജോര്‍ജ്ജും

മാധ്യമങ്ങളിലൂടെ വ്യക്തിപരമായി നിരന്തരം തന്നെ ആക്ഷേപിക്കുന്നതില്‍ മനംനൊന്ത്‌ പാമോലിന്‍ കേസിലെ വിജിലന്‍സ്‌ ജഡ്‌ജി പി.കെ. ഹനീഫ ഈ കേസ്‌ മറ്റെതെങ്കിലും കോടതിയിലേക്ക്‌ മാറ്റണമെന്ന്‌ ഹൈകോടതിയോട്‌ അപേക്ഷിച്ചു. ഹൈകോടതിയോട്‌ ഈ കാര്യം പറയുമ്പോള്‍ ജഡ്‌ജി പറഞ്ഞത്‌..ഈ കേസിനാസ്‌പദമായ കാര്യങ്ങള്‍ നിയമപരമായി പഠിച്ചതിനുശേഷമാണ്‌ ഉമ്മന്‍ ചാണ്ടിയെ പ്രതിപട്ടികയില്‍ ചേര്‍ത്ത്‌ പുനരന്വേഷണത്തിന്‌ ഉത്തരവിട്ടതെന്നാണ്‌. 8 പേരാണ്‌ പാമോലിന്‍ കേസിലെ പ്രതികള്‍ അതിലൊരാള്‍ ടി.എച്ച്‌ മുസ്‌തഫ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി പുനരന്വേഷണകണത്തിന്‌ ഉത്തരവിട്ടത്‌.മുമ്പ്‌ പാമോയിലിന്‍ കേസ്സില്‍ അഴിമതി ഉണ്ടെന്ന്‌ കണ്ടെത്തിയത്‌ എം.എം.ഹസന്‍ കമ്മറ്റിയാണ്‌.മുസ്‌തഫ പറയുന്നത്‌ താന്‍ ഈ കേസ്സില്‍ പ്രതിയാണെങ്കില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും പ്രതിയാകേണ്ടതാണെന്നാണ്‌.


കാരണം പവര്‍ ആന്റ്‌ എനര്‍ജി കമ്പനിയെ എജന്റാക്കി തീരുമാനിച്ചതും അവര്‍ക്ക്‌ ടീം കമ്മീഷന്‍ നല്‌കിയതുമെല്ലാം ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഒപ്പ്‌ വച്ചതിന്റെ ബലത്തിലാണെന്ന്‌ കോടതി കണ്ടെത്തി ടെന്‍ണ്ടര്‍ വിളിക്കാതെയാണ്‌ പവര്‍ ആന്റ്‌ എനര്‍ജി കമ്പനിക്ക്‌ ഇറക്കുമതി ചുമതല ഏല്‍പ്പിക്കുന്നത്‌?പാമോലിന്‍ ഇറക്കുമതിയില്‍ അഴിമതി ഉണ്ടെന്ന്‌ വിജിലന്‍സ്‌ മുമ്പ്‌ കണ്ടെത്തിയിരുന്നു?ഇതൊക്കെ കൊണ്ടാണ്‌ വിജിലന്‍സ്‌ ജഡ്‌ജി പി.കെ. ഫനീഫ പറയുന്നത്‌ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ തള്ളികളയാന്‍ പറ്റുന്നതല്ലെന്നും!!

പ്രശനങ്ങള്‍ ഇങ്ങനെയായിരിക്കെ തനിക്കിഷ്‌ടമില്ലാത്തവര്‍ക്കെതിരെ ഏത്‌ വിധേയനയും ചെളി വാശിയെറിയാന്‍ മടിയ്‌ക്കാത്ത സാക്ഷാല്‍ പി.സി.ജോര്‍ജ്‌ ബഹു: മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും സഹായത്താല്‍ ജൂഡിഷ്യറിക്കെതിരെ ചെളിവാരിയെറിഞ്ഞു.കേസ്സിന്റെ ചാര്‍ജുള്ള ജഡ്‌ജിയെ വ്യക്തിപരമായി അധിഷേപിച്ചു..നിയമറിയില്ലെന്ന്‌ കുറ്റപ്പെടുത്തി!! ഇങ്ങനെ ഒക്കെ മാധ്യമങ്ങളിലൂടെ അധിഷേധിച്ചപ്പോള്‍ ജഡ്‌ജി സത്യസദ്ധമായി ജോലി ചെയ്യാന്‍ നിര്‍വ്വാഹമില്ലാതെ ഹൈകോടതിയോട്‌ കേസ്സ്‌ തന്റെ ഡസ്‌കില്‍ നിന്നും മാറ്റണമെന്ന്‌ അപേക്ഷിച്ചു.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്‌ നേതാവായ ടി.എച്ച്‌.മുസ്‌തഫ കോടതിയില്‍ പറഞ്ഞത്‌ കോടതി പരിശോധിച്ചിട്ടാണ്‌ തുടരന്വേഷണത്തിന്‌ ഉത്തരവിട്ടത്‌..വിജിലന്‍സിന്‌ മുഖ്യമന്ത്രിയ്‌ക്ക്‌ വേണ്ടി വീട്ട്‌വേലചെയ്യാം. പക്ഷേ കോടതിക്കത്‌ പറ്റില്ലല്ലോ..!!.

 

വിധിയില്‍ അപാകതയുണ്ടെങ്കില്‍ ആര്‍ക്കും മേല്‍ കോടതിയെ സമീപിക്കാം..പക്ഷേ അങ്ങനെ പോയാല്‍ ഉമ്മന്‍ചാണ്ടിക്ക്‌ തന്റെ പങ്ക് കോടതിയില് ‍ബോധിപ്പിക്കണം. ആ സമയം പല ഗൂഢാലോചനയും പൊളിയും. അതുകൊണ്ടായിരിക്കാം. ചീഫ്‌ വിപ്പിനെ കൊണ്ട്‌ ജഡ്‌ജിക്കെതിരെ പരാമര്‍ശം നടത്തിപ്പിച്ചത്‌. ഒരു പൗരനെന്ന നിലയില്‍ പി.സി.ജോര്‍ജിത്‌ കോടതിയെ വിമര്‍ശിക്കാം പക്ഷേ ഒരു ജഡ്‌ജിയെ വ്യക്തിപരമായി അധിക്ഷേപിക്കാമോ? തനിക്കെതിരെ വിധി പറയുന്ന ജഡ്‌ജിയെ ചീത്തപറഞ്ഞാല്‍ , ഗുണ്ടായിസവും മാഫിയാ പ്രവര്‍ത്തനവും കൊണ്ട്‌ ഇല്ലായ്‌മ ചെയ്‌താല്‍ ഇന്‍ഡ്യന്‍ നീതി ന്യായവ്യസ്ഥയുടെ ഭാവിയെന്താകും!!

ജോര്‍ജുമാര്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയം, രാഷ്‌ട്രീയ ധാര്‍മ്മികയുടെ വഴിയെ പോകുന്നതാണോ? സ്വന്തം പാര്‍ട്ടിക്കാരന്‍ പി.ജെ ജോസഫിനെ തകര്‍ക്കാന്‍ എസ്‌.എം.എസ്‌. കഥയിലൂടെ കോടതിയിലെത്തിച്ചുള്ള ജോര്‍ജും അശ്ശീല ക്രൈം വാരികക്കാരനും  കൂടിയായിരുന്നു. രാഷ്‌ട്രീയ ദുരാചാരങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്ന ഒരാളെ കൂട്ടുപിടിച്ച്‌, കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിലവാരം പൊതുസമൂഹം ചിന്തിക്കേണ്ടതാണ്‌?

ജോര്‍ജുമാര്‍ ഉയര്‍ത്തുന്നു വെല്ലുവിളി കേരളീയ നന്മക്കെതിരെയാണ്‌. നീതിപീഠത്തിന്റെ ന്യായങ്ങളോട്‌, ശരികളോടാണ്‌ ജോര്‍ജ്‌ മുക്രയിടുന്നത്‌.. മുന്നണി നേതാക്കള്‍ക്കെതിരെ അശ്ശീല മാസികക്കാരെ വരെ കൂട്ടുപിടിച്ച്‌ ജോര്‍ജ്‌ ചെളി വാരിയെറിയും. അശ്ശീല നൃത്തം ചവിട്ടും ആര്‍ക്കും ഒന്നും ചെയ്യുവാന്‍ പറ്റില്ല. പറയാന്‍ പറ്റില്ല കാരണം ആള്‍ ജോര്‍ജല്ലേ വെറും ജോര്‍ജല്ല, പുലിയാണടാ, പുലി.

 

താന്‍ മരിച്ചാല്‍ റീത്ത്‌ വയ്‌ക്കാന്‍ പോലും മാണി കാലുകുത്തരുതെന്ന്‌ ഒസ്യത്തെഴുതി വച്ചയാളാണ്‌ ഈ ജോര്‍ജ്‌. മാണിയും, മറ്റു നേതാക്കളും ഒന്നും ജോര്‍ജിനെ വിമര്‍ശിക്കില്ല. വയസ്സു കാലത്ത്‌ മറ്റൊരു എസ്‌.എം.എസ്‌ കേസ്സില്‍പ്പെടാന്‍ മാണിസാറിന്‌ താല്‌പര്യമില്ലാത്തതായിരിക്കാം!! അതല്ലെങ്കില്‍ ജോര്‍ജിന്റെ തോളില്‍ കയ്യിട്ട്‌, ഈ നേതാക്കളൊക്കെ ചെയ്‌തുകൂട്ടിയ വലിയ വിശുദ്ധ പാപങ്ങള്‍ വിളിച്ചു പറഞ്ഞാലോയെന്ന്‌ ഭയം കൊണ്ടാണോ?!!

ജോര്‍ജിനെ നാറുന്നുണ്ട്‌. ഈ നാറ്റം ഇപ്പോള്‍ യൂഡിഎഫിന്റേത്‌ കൂടിയാണ്‌. ഭൂരിപക്ഷം കിണറിന്റെ വക്കത്താണ്‌. പുറത്തുപോയാല്‍ ജോര്‍ജ്‌ കൂടുതല്‍ അപകടകാരിയാകുമെന്ന്‌ ഭയന്ന്‌ ഈ ദുര്‍ഗന്ധം ചുമക്കാനാണ്‌ യൂഡിഎഫിന്റെ തീരുമാനമെങ്കില്‍ കേരളീയന്റെ സംസ്‌കാരിക നിലവാരത്തിന്റെയും  ക്ഷമാശീലത്തിന്റെയും പ്രശ്‌നമായി അത്‌ മാറും.

 

അപ്പോള്‍ ജഡ്‌ജിമാര്‍ക്ക്‌ ധൈര്യം പകരാന്‍ പൊതുസമൂഹം കൂടെ ഉണ്ടാകും..ജഡ്‌ജിമാര്‍ പിന്‍മാറിയാലും നീതിപീഠം പിന്‍മാറില്ലെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

പാമോയിലും ജൂഡീഷ്യറിയും പിന്നെ പി.സി.ജോര്‍ജ്ജും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക