Image

മീനു എലിസബത്തിന്റെ 'തത്സമയം' പംക്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍

Published on 01 June, 2013
മീനു എലിസബത്തിന്റെ 'തത്സമയം' പംക്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍
അമേരിക്കന്‍ മലയാളികള്‍ക്കു വായനയുടെ പുതിയ അനുഭവവും ഉള്‍കാഴ്ചയുടെ നൂതനലോകവും പകര്‍ന്നു നല്‍കിയമീനു എലിസബത്തിന്റെ തത്സമയം എന്ന കോളം മലയാളം പത്രത്തില്‍ ഒരു വര്‍ഷം പിന്നിടുന്നു.
നാട്ടില്‍ നിന്നുള്ള എഴുത്തുകാര്‍ മികച്ച കോളങ്ങള്‍ മലയാളം പത്രത്തില്‍ എഴുതിയിട്ടുണ്ട്. മറിയ ജെറോം മുതല്‍ റോസ് മേരിവരെ. പക്ഷെ അവര്‍ക്ക് തുല്യമോ അതിലേറെ മികച്ചതോ ആയ സ്രുഷ്ടികള്‍ അമേരിക്കന്‍ മലയാളിയില്‍ നിന്നു ലഭിക്കുന്നത് ഇതാദ്യം.
മുന്ന് പതിറ്റാണ്ടായി അമേരിക്കയില്‍ താമസിക്കുന്ന വ്യക്തി അപൂര്‍വ സുന്ദരമായ മലയാളത്തില്‍ കേരളവും പ്രവാസസ ജീവിതവും സമന്വയിപ്പിക്കുന്നതും പ്രവാസത്തിന്റെ കണ്ണുകളിലൂടെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യുന്നതും പുത്തന്‍ അനുഭൂതിയായി.
അതുകൊണ്ടു തന്നെ ഈ പംക്തി ജനം ഹ്രുദയ പുര്‍വം സ്വീകരിക്കുകയും ചെയ്തു. (ക്ലീഷെ ഉപയോഗിച്ച് പറഞ്ഞാല്‍, ജനം നെഞ്ചോടേറ്റി)
മീനുവിന്റെ സ്രുഷ്ടികളില്‍ കുടുതല്‍ അവര്‍ കണ്ടു മുട്ടിയ മനുഷ്യരും ചുറ്റുപാടുകളുമാണു. അപ്പന്‍ കാണാതെ വള്ളത്തിലിരുന്നു കള്ളു മോന്തിക്കുടിച്ച കുട്ടിയും, വലിയ പണക്കാരിയായിരുന്ന ബന്ധു വിവാഹ ബന്ധങ്ങള്‍ തകര്‍ന്നു മാനസിക തകര്‍ച്ചയില്‍ ജീവിതം തള്ളി നീക്കിയതും, അമേരിക്കയിലെ നേഴ്‌സുമാരുടെ കിതപ്പും കുതിപ്പും യഥാതഥമായി കോറിയിട്ടതും വായനക്കാരെ ചിരിപ്പിക്കുകയും പിടിച്ചുലക്കുകയും ചെയ്തു.

മലയാളം പത്രത്തില്‍ എഴുതുന്ന മിക്ക ലേഖനങ്ങളും മീനു Eമലയാളിയുമായി പങ്കു വയ്ക്കാറുണ്ട്. കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയായ മീനു കൌമാര പ്രായത്തില്‍ കവിതകളെഴുതിരുന്നു. വിവാഹാനന്തരം വളരെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് അവര്‍ വീണ്ടും എഴുതിത്തുടങ്ങുന്നത്. നാലഞ്ചു വര്ഷങ്ങള്‍ക്ക് മുന്‍പ് മലയാളം പത്രത്തില്‍ കുഴിയാനകള്‍ എന്ന നോവലെറ്റ് എഴുതിയായിരുന്നു തിരിചു വരവ്.

ഭര്‍ത്താവ് ഷാജിയുടെ വലിയ പിന്തുണ തന്റെ എഴുത്തിനുണ്ടെന്ന് മീനു. ഇവര്ക്ക് മൂന്നു മക്കളാണ്. കുടുംബവും, ജോലിയും എഴുത്തും ഒരുമിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുന്ന മീനു ടെക്‌സസിലെ പ്ലേനോയില്‍ ഡയറ്ററി കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.

കഴിഞ്ഞ ഒരു വര്ഷത്തെ ലേഖനങ്ങളിലേക്ക് തിരിഞ്ഞു നോട്ടം നടത്തുകയാണ് എഴുത്തുകാരി 'കഥ ഇതുവരെ'യിലൂടെ...................................

മീനുവിന്റെ മുന്നൂട്ടുള്ള സാഹിത്യ സപര്യക്ക്  Eമലയാളിയുടെ എല്ലാ ഭാവുകങ്ങളും!

എന്റെ പ്രിയപ്പെട്ട തത്സമയം വായനക്കാരെ, നമ്മുടെ കോളം ഒരു വര്ഷം പിന്നിടുകയാണു. തുടക്കക്കാരിയായ എന്നോട് നിങ്ങള്‍ ഇത് വരെ കാണിച്ച സ്‌നേഹത്തിനും സഹകരണത്തിനും വളരെ നന്ദി. വിചാരിച്ചതിലും വളരെ വലിയ ഒരു പ്രതികരണമാണ് തത്സമയത്തിനു കിട്ടിക്കൊണ്ടിരിക്കുന്നത്. ഓരോ ആഴ്ചയിലും പത്രം ഇറങ്ങിക്കഴിയുംപോള്‍ എനിക്ക് വരുന്ന ഈമെയിലുകളും ഫോണ്‍ വിളികളും അതിനു തെളിവായി ഞാന്‍ കണ്ടോട്ടെ. വളരെ കൌതുകത്തോടെ, ആകാംക്ഷയോടെയാണ് ഓരോ കത്തുകളും വായിക്കുന്നത്. വളരെ സ്‌നേഹത്തോടെ എനിക്ക് ധാരാളം പേര്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ട്. തിരുത്തി തരാറുണ്ട്, നിര്‍ദേശങ്ങള്‍ തരാറുണ്ട്. എഴുതാന്‍ വിഷയങ്ങള്‍ പറഞ്ഞു തരാറുണ്ട്. അമേരിക്കയിലെ ഈ തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തിനിടയില്‍, എന്നെ പോലെ, എഴുത്തിന്റെ ലോകത്തിലെക്ക് പുതുതായി കടന്നു വന്ന ഒരുവള്‍ക്ക് വേണ്ടി സമയമെടുത്ത്, അഭിപ്രായങ്ങള്‍ എഴുതാനും ഫോണ്‍ ചെയ്യാനും നിങ്ങള്‍ കാണിക്കുന്ന സന്മനസിനു ഞാന്‍ വീണ്ടും വീണ്ടും നന്ദി പറയട്ടെ. ഇടക്കെപ്പോഴൊക്കെയോ ചില മെയിലുകള്‍ക്ക് മറുപടി അയക്കാന്‍ വിട്ടു പോയിട്ടുണ്ടാങ്കില്‍ സാദരം ക്ഷമിക്കുമല്ലോ.

വീട്ടിലെ ഒരു കുട്ടിയോട് കാണിക്കുന്ന സ്വാതന്ത്ര്യത്തോടെ, എന്നോട് നിര്‍ദേശങ്ങള്‍ പറയുമ്പോള്‍ ചിലരെങ്കിലും പറയാറുണ്ട്...' . 'മീനുവിന്റെ കൊളത്തിന്റെ പേര് തത്സമയം എന്നല്ലേ...അപ്പോള്‍ സമകാലിക സംഭവങ്ങളോടല്ലെ, കൂടുതല്‍ പ്രത്കരിക്കേണ്ടത് എന്ന്... .

തീര്‍ച്ചയായും തത്സമയം നടക്കുന്ന ചില കാര്യങ്ങളോടെങ്കിലും പ്രതികരിക്കുവാനും ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നെ, നിങ്ങളില്‍ കുറച്ചു പേര്‍ക്കെങ്കിലും അറിയാമായിരിക്കുമല്ലോ, മലയാളപത്രത്തിന്റെ ഓഫീസു ന്യൂ യോര്‍ക്കില്‍ ആണെങ്കിലും, ടൈപ്പിംഗും പേജ് സെറ്റിംഗും മുക്കാലും നടക്കുന്നത് കോട്ടയത്താണു. അപ്പോള്‍ മാറ്ററുകള്‍ നമ്മള്‍ ഒരാഴ്ച മുന്‍പെങ്കിലും എത്തിക്കുവാന്‍ ശ്രമിക്കും. അങ്ങിനെയാണു അതിന്റെ രീതി. ഈ സാഹചര്യത്തില്‍ നാട്ടിലോ അമേരിക്കയിലോ അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ പ്രസിധികരിക്കുവാന്‍ സാധിക്കാറില്ല. നാട്ടിലെ, സമരവും, ഹര്ത്താലും, ഇടയ്ക്കിടയ്ക്ക് വരുന്ന ജാതി മത അവധികള്‍, അതുമല്ലങ്കില്‍ അമേരിക്കയിലെ ചില പ്രത്യേക പ്രശ്‌നങ്ങള്‍ (കൊടുംകാറ്റ്, പേമാരി) ഇവ കാരണം, മിക്കപ്പോഴും, പത്രം നിങ്ങള്ക്ക് കിട്ടി വരുമ്പോള്‍ രണ്ടാഴ്ചയെങ്കിലും എടുക്കും.

സമകാലീന സംഭവങ്ങളോടൊപ്പം എന്റെയീ ചെറിയ ജീവിതത്തിലെ ചില നിര്‍ണ്ണായക സംഭവങ്ങളും, രസകരമായ ഓര്‍മ്മകളും, വേദനകളും സന്തോഷങ്ങളും അനുഭവങ്ങളും എല്ലാമാണ് ഇതിലൂടെ പങ്കു വെയ്ക്കുന്നതു. സത്യത്തില്‍ എന്റെ ജീവിതം തന്നെയാണു ഞാന്‍ എഴുത്തിലൂടെ വരച്ചു വെയ്ക്കുന്നതു. എന്റെ ഇന്നലകളിലും ഇന്നിലും നാളെയിലും നിങ്ങളുടെ ഇന്നലകളും ഇന്നും നാളെയും കണ്ടേക്കാം. പല കാരണങ്ങള്‍ കൊണ്ട്, നാം പിറന്ന നാട്ടില്‍ നിന്നും ഉപജീവനം തേടി ഇവിടേയ്ക്ക് വന്നവരാണ് നമ്മള്‍. ചിലര്ക്ക്, ഗ്രിഹാതുരത്വം കൂടുതല്‍ കാണും, ചിലര്ക്ക് കേരളമെന്നു കേള്‍ക്കുന്നതു പോലും ചതുര്‍ത്തിയാണു. ജനിച്ചു വളര്ന്ന മണ്ണിലേക്ക്, ഇടക്കെല്ലാം ഓടിപ്പോകുന്ന എന്റെ മനസിനെ, അക്ഷരങ്ങളിലൂടെ, പകര്‍ത്തുമ്പോള്‍ അവിടേക്ക് ഒരു വെക്കേഷന് പോയ അനുഭവമാണ് പലപ്പോഴും അനുഭവപ്പെടുക.

എഴുതാന്‍ തുടങ്ങിയതില്‍ പിന്നെയുള്ള ചില വായനക്കാരുടെ പ്രതികരണങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.

നേഴ്‌സസ് ദിനത്തെക്കുറിച്ചായിരുന്നു, എന്റെ ആദ്യ ലേഖനം. കൂടുതല്‍ പ്രോത്സാഹനം നിറഞ്ഞ പ്രതികരണങ്ങള്‍ ലഭിച്ചതും അതിനു തന്നെയായിരുന്നു. അമേരിക്കയുടെ മാത്രമല്ല ഗള്‍ഫില്‍ നിന്നും യുറോപ്പില്‍ നിന്നും നിന്നും നേഴ്‌സുമാര്‍ വളരെ നന്ദിയോടെ എനിക്ക് എഴുതിയിരുന്നു. പക്ഷെ ഏതോ നേഴ്‌സിനോടോ, നേഴ്‌സിംഗ് എന്ന പ്രസ്ഥാനത്തോടോ, വ്യ്കിതി വൈരാഗ്യമുള്ള ഒരു മാന്യ ദേഹം, മേലാല്‍ നേര്‌സുമാരെക്കുരിച്ചു, ഒറ്റ വാക്ക് പോലും നല്ലത് പറയരുത് എന്നാ അര്‍ത്ഥത്തില്‍ എനിക്കൊരു എഴുത്തയക്കുകയുണ്ടായി. ചിലരുടെ പ്രതികരണങ്ങള്‍ വളരെ വിചിത്രവും, കൊതുകകരവുമായിരുന്നു.

'ഏനിയുടെ മകള്‍' വായിച്ചിട്ട്, കണ്ണുനീരില്‍ കുതിര്ന്ന പല കത്തുകളും കിട്ടി. ഇന്നും വായനക്കാര് എന്നോട് അതെക്കുറിച്ച് കാണുമ്പോള്‍ അന്വേഷിക്കറുണ്ട്.

രുചിയുടെ മന്ദാരങ്ങള്‍ എന്ന ലേഖനം, നാട്ടിലെ, ഭാഷപണ്ഡിതനും വാഗ്മിയും ആയ ഡോ. സ്‌കറിയ സ്‌കറിയയുടെ ഭാര്യ മേരിക്കുട്ടി സ്‌കറിയാ, വായിക്കാനിടയാവുകയും അതില്‍ നിന്നും ലഭിച്ച പ്രചോദനത്താല്‍ അവരുടെ ആത്മാംശം നിറഞ്ഞ ഒരു പുസ്തകം എഴുതി അടുത്തിട പ്രസിധികരിക്കുയും എന്നക്കൊണ്ട് അതിന്റെ അവതാരിക എഴുതിക്കുകയും ചെയ്തതു വലിയ ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു.

ചില കള്ള് കാര്യങ്ങള്‍ വായിച്ചു, ചില കള്ള്കുടിയന്മാരുടെ ഭാര്യമാര്‍ പത്രത്തിന്റെ ഓഫീസില്‍ വിളിച്ചു പരാതിപ്പെട്ടുവെന്നും അറിയാന്‍ കഴിഞ്ഞു.

ഇതിലെല്ലാത്തിലും വലിയ സുനാമി ഉണ്ടാക്കിയതു, സാഹിത്യത്തിലെ ചില കള്ള നാണയങ്ങളാണു.
പക്ഷെ, ഞാന്‍ ഇന്ന് വരെ വായിച്ചിട്ടോ, കേട്ടിട്ടോ, കണ്ടിട്ടോ, ഇല്ലാത്ത, ചിലര്‌ക്കെങ്കിലും ഈ ലേഖനം വളരെ നീരസം ഉണ്ടാക്കുകയും എന്നെ അവരുടെ ആജന്മ്മ ശത്രു ആയി മറ്റു പത്രങ്ങള്‍ വഴി പ്രക്ക്യപിക്കുകയും ചെയ്തു എന്ന് ചില സുഹൃത്തുക്കള്‍ എന്നെ അറിയിചു. മറ്റു ചിലര്, ഞാന്‍ അറിഞ്ഞവരുടെ പേര് ഉറക്കെ വിളിച്ചു പറയണം എന്ന് ആവശ്യപ്പെടുകയും അങ്ങിനെ ചെയ്തില്ലങ്കില്‍ അമേരിക്കയിലുള്ള എല്ലാ എഴുത്തുകാരും ഈ കള്ള എഴുത്തുകാരാണ് എന്ന് വിചാരിക്കും എന്നായിരുന്നു ഇവരുടെ വാദം.
എന്റെ പ്രിയ സുഹ്രുത്തുക്കളെ അമേരിക്കയിലെ ഭൂരിഭാഗം വരുന്ന എഴുത്തുകാരും, ഇങ്ങിനെയല്ലന്നു, എനിക്കും നിങ്ങള്ക്കും അറിയാം. എന്റെ ലേഖനത്തില്‍ അത് എടുത്തു പറഞ്ഞതുമാണ്, ചിലര്,... എന്ന് പറഞ്ഞാല്‍ എങ്ങിനെയാണോ എല്ലാവരും ആകുന്നതു. ?

മലയാളം പത്രത്തില്‍, ഇതിനു മുന്‍പ് കോളങ്ങള്‍ കൈ കാര്യം ചെയ്തിരുന്നവര്‍, ശ്രീമതിമാരായ റോസി തോമസ്, ചന്ദ്രിക, റോസ് മേരിതുടങ്ങിയവരും ശ്രീ സെഡ് എം. മുഴുരും ഒക്കെയാണ്. മലയാളം പത്രത്തിന്റെ ശ്രീ സി.ആര്‍. ജയന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നതും, ഒരു ഗ്രുഹാതുരത്വം നിറഞ്ഞ കുടുംബ കോളം ആണു. തീര്‍ച്ചയായും, ഞാന്‍ എന്റെ തനതായ ഒരു ശൈലി, കൊണ്ട് വരാന്‍ ശ്രമിചിട്ടുണ്ടെങ്കിലും എനിക്ക് മുന്‍പേ എഴുതിയിരുന്നവര്‍ ഇവര്‍ എല്ലാം ചെയ്തത് പോലെ, കണ്ടതും കേട്ടതും, ചുറ്റും നടന്നതും, നടക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ, എല്ലാ കാര്യങ്ങളും, ആയിരുന്നു ഞാനും വിഷയങ്ങളായി തിരഞ്ഞെടുത്തിരുന്നതു. അതില്‍, കുടുംബവും, കൂട്ടുകാരും, ചാര്‍ച്ചക്കാരും, ബന്ധുക്കളും, അയല്‍ക്കാരും, നാട്ടുകാരും ലോക കാര്യങ്ങളും പട്ടിയും പൂച്ചയും പശുവും കോഴിയും വരാറുണ്ട്. ചില സംഭവങ്ങള്‍ കഴിവതും പേരുകള്‍ മാറ്റി, അല്‍പ്പം വ്യത്യാസങ്ങള്‍ വരുത്തി, പറയാറുണ്ട്.

എഴുത്തിന്റെ മേഖലയിലേക്ക് വരുമ്പോള്‍, തീര്‍ച്ചയും കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു സ്ത്രീ അഭിമുഖികരിക്കേണ്ടി വരുന്ന പ്രശങ്ങള്‍ ഇതും ഇതിന്റെ അപ്പുറവും ആണെന്നുള്ള തിരിച്ചറിവ്, അമേരിക്കയിലും നാട്ടിലുമുള്ള എന്റെ സുഹൃത്ത്ക്കളും അഭ്യുദയ കാംഷികളും ആയ, മുതിരുന്ന എഴുത്തുകാരും, എഴുത്തുകാരികളും, ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടിക്കാണിച്ചു എനിക്ക് ആശ്വാസം പകരാറുണ്ട്. എല്ലാവര്ക്കും വളരെ നന്ദി. ഞാന്‍ നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ, എന്റെ മുന്‍പേ വന്നു പോയിട്ടുള്ള, ഒട്ടു മിക്ക മലയാളി എഴുത്തുകാരികളും നേരിട്ട പ്രശ്‌നങ്ങള്‍ തന്നെയാണ് എന്ന് ഞാന്‍ മനസിലാക്കുന്നു.

നിങ്ങളുടെ പ്രോത്സാഹനം ആണ് എന്റെ എഴുത്തിന്റെ മുന്നോട്ടുള്ള ശക്തി. പലരും വളരെ വാത്സല്യത്തോടും സ്‌നേഹത്തോടും എന്റെ ലേഖനങ്ങളെക്കുറിച്ച് പറയുമ്പോള്‍ എന്റെ കണ്ണ് നിറയാറുണ്ട്. നിങ്ങളുടെ വായനാ ലോകത്തു എന്നെയും കൂടി ചേര്‍ത്ത് നിര്‍ത്തുന്നതില്‍ നന്ദിയും സന്തോഷവും.
എനിക്കി ഈ അവസരം തന്ന മലയാളം പത്രത്തിന് വളരെ നന്ദി.
എന്നെ ഇത്ര നാളും വായിചു, വിലയേറിയ അഭിപ്പ്രായങ്ങളും നിര്‍ദേശങ്ങളും നലികിയ, എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊള്ളട്ടെ. അക്ഷരങ്ങളിലൂടെ നമുക്ക് വീണ്ടും കാണാം.
മീനു എലിസബത്തിന്റെ 'തത്സമയം' പംക്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മീനു എലിസബത്തിന്റെ 'തത്സമയം' പംക്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക