Image

ക്രിസ്തുവിനെ ചുവരില്‍ തൂക്കി സായൂജ്യമടയുന്നവര്‍ - പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 01 June, 2013
ക്രിസ്തുവിനെ ചുവരില്‍ തൂക്കി സായൂജ്യമടയുന്നവര്‍ - പി.പി.ചെറിയാന്‍
ക്രൈസ്തവ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളി ക്രിസ്തുവിനെ പൂജാവിഗ്രഹമായി എവിടെയാണ് പ്രതിഷ്ഠിക്കേണ്ടത് എന്നുള്ളതാണ്. ക്രൈസ്ത്വ വിശ്വാസത്തില്‍ ക്രിസ്തുവിനുള്ള യഥാര്‍ത്ഥ വാസസ്ഥലം മനുഷ്ഹൃദയമാണ്. ക്രിസ്തു വസിക്കുന്ന ഹൃദയത്തില്‍ നിന്നും പക, പിണക്കം, വിദ്വേഷം, ക്രോധം, ഈര്‍ഷ്യ, അസൂയ, പരിഹാസം, ഇവയൊന്നും പുറപ്പെടുമെന്ന് കരുതാനാവില്ല-മറിച്ച് സംഭവിക്കുന്നുവെങ്കില്‍ ക്രിസ്തു വാസം ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം. സത്യം മനസ്സിലാക്കിയിട്ടും വീണ്ടും ഈ വക പ്രവര്‍ത്തിക്കുന്നതിന് കഠിനമായ ശിക്ഷാവിധി ഉണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്. "മനുഷ്യന്‍ പാപിയാണ്. പാപിയായ മനുഷ്യഹൃദയത്തില്‍ നിന്നും ഇത്തരം വികാര പ്രകടനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലേ" എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. ളരെ ശരിയാണെന്നു പ്രത്യക്ഷത്തില്‍ തോന്നാം. "വിഷപാമ്പുകള്‍ വസിക്കുന്നു എന്ന് ബോധ്യമുള്ള ഒരു മാളത്തിലേക്ക് അറിഞ്ഞുകൊണ്ടു ആരും കൈ കടത്തി പരിശോധിക്കാറില്ല-" ബലഹീനനായ മനുഷ്യന്‍ പാപവികാരങ്ങള്‍ക്കു അടിമപ്പെടുമെന്നും, അതില്‍ നിന്നും അവന് മോചനം ലഭിക്കേണ്ടത് ആവശ്യമാണെന്നും അറിഞ്ഞു കൊണ്ടു തന്നെയാണ് ഇവരെ വീണ്ടെടുക്കുന്നതിന് ക്രിസ്തു ലോകത്തില്‍ അവതരിച്ചത്. മറ്റു മതസ്ഥരില്‍ നിന്നും ക്രൈസ്തവരെ വേര്‍തിരിക്കുന്നതും ഇതേ വിശ്വാസം തന്നെയാണ്.

ക്രൈസ്തവ രാഷ്ട്രമായി അറിയപ്പെടുന്ന അമേരിക്കയിലെക്ക് കേരളത്തില്‍ നിന്നും കുടിയേറി പാര്‍ക്കുന്ന മലയാളികളില്‍ പ്രബലമായ മതവിഭാഗം. ക്രൈസ്തവവരാണെന്നുള്ളതില്‍ തര്‍ക്കമില്ല. ഇവരുടെ സംഖ്യ ആദ്യത്തേതില്‍ നിന്നും പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു.

ആദ്യകാലങ്ങളില്‍ ജാതി-മത-വിഭാഗീയ ചിന്തകള്‍ക്കതീതമായി ഒരേ ആത്മാവില്‍ ഒരേ ചിന്തയില്‍ ആരാധിച്ചിരുന്നവര്‍ ഇന്ന് സ്വന്തമായി ദേവാലയങ്ങള്‍ പടുത്തുയര്‍ത്തി അവരവരുടേതായ വിശ്വാസ-ആചാരങ്ങള്‍ക്കനുസൃതമായി ആരാധനകള്‍ ആരംഭിച്ചിരിക്കുന്നു. ഇവര്‍ക്ക് ആത്മീയ നേതൃത്വം നല്‍കുന്നതിനും, സഭകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും പുരോഹിതരും, പൗരോഹിത്യ ശ്രേഷ്ഠരും ഇവിടേക്കു കുടിയേറുകയോ, അയയ്ക്കപ്പെടുകയോ ചെയ്യുന്നു.

ഇവിടെയാണ് പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്. ഇവരുടെ പ്രവര്‍ത്തനഫലമായി അമേരിക്കയിലെ ക്രൈസ്തവരില്‍ യഥാര്‍ത്ഥ ക്രൈസ്തവരുടെ എണ്ണത്തിലാണോ, അഭിനവ ക്രൈസ്തവരുടെ എണ്ണത്തിലാണോ യഥാര്‍ത്ഥ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്?

അനീതിയും, അക്രമണങ്ങളും, അന്യായവും, ചതിയും ഒരു വിഭാഗം ക്രൈസ്തവരെന്ന് അഭിമാനിക്കുന്നവരില്‍ കൊടികുത്തിവാഴുന്ന ധനവാന്മാര്‍ക്കും, ഉന്നത സ്ഥാനമാനങ്ങള്‍ ഉള്ളവര്‍ക്കും അമിത പ്രാധാന്യം നല്‍കുന്നതിന് സാമൂഹ്യ- മതനേതാക്കന്മാര്‍ ഒരു പോലെ മത്സരിക്കുന്നു. സമ്പന്നരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള തത്രപാടില്‍ സാധാരണക്കാരുടേയും, ദരിദ്രരുടേയും നീതി നിഷേധിക്കപ്പെടുന്നു. ഇവരുടെ ഒറ്റപ്പെട്ട ദീനരോധനം ശ്രവിക്കുന്നതിനോ, പരിഹാരം നിര്‍ദ്ദേശിക്കുന്നതിനോ, സമാശ്വസിപ്പിക്കുന്നതിനോ സാമൂഹ്യ-മതനേതാക്കന്മാര്‍ക്ക് സമയമോ, താല്പര്യമോ ഇല്ല. ഭൗതിക വളര്‍ച്ചയുടെ പടവുകള്‍ താങ്ങുന്നതിനിടെ ചവിട്ടി മെതിക്കപ്പെടുന്നത് ആത്മീയതയുടെ പ്രത്യയശാസ്ത്രങ്ങളെയാണ്.

മനുഷ്യ ഹൃദയങ്ങളില്‍ നിന്നും ക്രിസ്തുവിന്റെ സ്ഥാനം സാവകാശം അകന്നുപോയി കൊണ്ടിരിക്കുന്നു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല- ചടങ്ങുകള്‍ക്കും, പെരുന്നാളുകള്‍ക്കും, "വിശ്വാസ സമൂഹം" കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ഇത് അപകടകരമായ ഭാവിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ ആലപിക്കുന്ന ഒരു ഗാനം ഇങ്ങനെ തുടങ്ങുന്നു. "ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍ അത്ഭുതം ലോകത്തില്‍ നടന്നീടുവാന്‍." ഇതില്‍ എത്രമാത്രം ആത്മാര്‍ത്ഥത പാടുന്നവര്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആദ്യ നൂറ്റാണ്ടില്‍ ഉപേക്ഷിച്ച അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ഇന്നത്തെ തലമുറയിലേക്ക് വീണ്ടും കടന്നു വരുന്നു. ഇതിനെതിരെ പ്രതികരിക്കുവാന്‍ ജനങ്ങള്‍ ഉണരേണ്ടിയിരിക്കുന്നു. ജനം നാശത്തിലേക്കു നിലം പതിക്കുന്നത് കണ്ടു നിര്‍ജ്ജീവരായി ഇരിക്കുന്നതിനല്ല മറിച്ചു കര്‍മ്മനിരതരായി ഇവരെ കൈപിടിച്ചു ഉയര്‍ത്തേണ്ട ഉത്തരവാദിത്വമാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍ ഏറ്റെടുക്കേണ്ടത്.

തോമസ് അപ്പോസ്തലന്റെ പിന്തുടര്‍ച്ചാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വേരൂന്നി ലോകത്തിന്റെ അഞ്ചു വന്‍കരകളിലും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു ക്രൈസ്തവ സഭാ, കുരിശൂ മുത്തപ്പന്റെ പ്രിതിഭ ദേവാലയത്തില്‍ നിന്നും എടുത്തുമാറ്റി ജീവനുള്ള ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞു. നിരവധി ത്യാഗങ്ങള്‍ സഹിച്ചു യഥാര്‍ത്ഥ ആത്മീയ ആരാധനക്ക് നേതൃത്വം നല്‍കിയതിലൂടെ നവീകരണത്തിന്റെ നൂതനപാത വെട്ടി തുറന്ന സഭ, അമേരിക്കയില്‍ കുടിയേറിയ ക്രൈസ്തവരില്‍ ഭൂരിപക്ഷം അവകാശപ്പെടുന്ന സഭ, ഒന്നുമില്ലായ്മയില്‍ നിന്നും ആരംഭിച്ചു. സ്വദേശീയരുടെ ദേവാലയങ്ങളെപോലും വെല്ലുന്ന പ്രൗഢ ഗംഭീരമായി തലയുയര്‍ത്തി നില്‍ക്കുന്ന ദേവാലയങ്ങള്‍ പണിതുയര്‍ത്തി സഭ, ഈ സഭയുടെ കീഴിലുള്ള ഒരു ദേവാലയത്തില്‍ നടന്ന ഒരു സംഭവം അടുത്തയിടെ ഒരു സുഹൃത്തു വിവരിച്ചു.

ദേവാലയ പ്രവേശന കവാടത്തിലൂടെ വിശാലമായ ഫോയറിലേക്ക് പ്രവേശിക്കുമ്പോള്‍ ഭിത്തിയില്‍ ഒരു രേഖാ ചിത്രം ഫ്രെയിം ചെയ്തു സ്ഥാപിച്ചിരിക്കുന്നു. അതിനു മുകളിലേക്കു നോക്കി ഭക്തിസാന്ദ്രതയില്‍ തൊഴുകയ്യോടെ നോക്കി നില്‍ക്കുന്ന ഒരു ഭക്തനോടു ചോദിച്ചു. ഇത്തരത്തിലുള്ള വണങ്ങളോ, ഭക്തിപ്രകടനമോ സഭയുടെ വിശ്വാസാചാരങ്ങള്‍ക്ക് യോജിച്ചതാണോ?- മറുപടി പെട്ടെന്നായിരുന്നു. നിങ്ങള്‍ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ- "ക്രിസ്തു അതില്‍ നിന്നും ഇറങ്ങിവരുന്നതായി കാണാം." ഒരക്ഷരം പോലും ഉരിയാടാതെ നിര്‍ന്നിമേഷനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇത് സ്ഥാപിച്ചവരെ കുറിച്ചു അന്വേഷിക്കുന്നതിനും സുഹൃത്ത് അല്പം സമയം മന:പൂര്‍വ്വം ചിലവിട്ടു. ദേവാലയത്തിനകത്തു നടക്കുന്ന മലയാള ഭാഷയിലുള്ള പാരമ്പര്യ ആരാധനകളില്‍ പങ്കെടുക്കാതെ, ഭാഷയുടെ അതിര്‍വരമ്പുകള്‍ തീര്‍ത്ത് പ്രത്യേക ആരാധനകള്‍ വേണമെന്ന മുറവിളി കൂട്ടുന്ന ഒരു കൂട്ടം യുവാക്കളുടെ ദിവസങ്ങളോളം നീണ്ട പരിശ്രമ ഫലമാണത്രെ ഈ ചിത്രപ്രതിഷ്ഠ. കാര്യങ്ങള്‍ അവിടെ കൊണ്ടും അവസാനിച്ചില്ല. മുതിര്‍ന്ന മലയാളികളില്‍ പ്രകടമാകുന്ന ഗ്രൂപ്പുകളിലൊന്നും ഉള്‍പ്പെടാതെ കഴിഞ്ഞിരുന്ന യുവതലമുറയില്‍ ഗ്രൂപ്പിയിസം എന്ന വിഷം കുത്തിവെച്ചാണത്രെ ചില അഭിനവ സംരക്ഷകര്‍ യുവാക്കളെ കൊണ്ടു ഈ സാഹസകൃത്യം നിര്‍വ്വഹിപ്പിച്ചത്. ഇവരുടെ ചൊല്‍പടിക്ക് യുവജനങ്ങളെ കൊണ്ടുവരിക എന്ന ഗൂഢോദ്വേശ്യം യുവജനങ്ങള്‍ മനസ്സിലാക്കന്ന തലത്തിലേക്ക് വളര്‍ന്നിട്ടില്ല എന്നതാണ് ഇവരുടെ പ്രവര്‍ത്തിക്കാധാരം.

ഈ പ്രവര്‍ത്തിയില്‍ മനം നൊന്ത ചിലരെങ്കിലും ഇതിനെ ചോദ്യം ചെയ്യാന്‍ മുന്നോട്ടു വന്ന എന്നുളളത്. അല്പം ആശക്കു വക നല്‍കുന്നു. ഇവര്‍ക്ക് ഊറ്റമായ പിന്തുണ നല്‍കുവാന്‍ ബാധ്യസ്ഥരായ, യുവജനങ്ങള്‍ക്ക് ആത്മീയ നേതൃത്വവും, സഭയുടെ പാരമ്പരവും, പകര്‍ന്ന് നല്‍കുവാന്‍ ചുമതലപ്പെടുത്തി അയക്കപ്പെട്ടവരോ, ആകമാന സഭക്ക് നേതൃത്വം നല്‍കുന്നവരോ ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയും, മൗനം ദീക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുന്നു എന്ന നഗ്ന സത്യം പറയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല.

ഒരിക്കല്‍ ഉപേക്ഷിച്ച അനാചാരങ്ങളും, അനാരോഗ്യകരമായ പാരമ്പര്യങ്ങളും വീണ്ടും സഭകളിലേക്കു കടന്നു വരുന്നതു ദൂരവ്യാപകമായ ദോഷഫലങ്ങള്‍ സൃഷ്ടിക്കുമെന്നതു നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഇത്തരം പ്രവണതകള്‍, അതു ആരുടെ ഭാഗത്തു നിന്നായാലും കണ്ടില്ലെന്ന് നടിക്കുന്നത് സഭയുടെ തായ് വേരു അറക്കുന്നതിന് സമമാണ്. ഇതു സഭയുടെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തും.

ഇതു ഒരു പ്രത്യേക സഭയുടെ മാത്രം കാര്യമല്ല. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളിലും ഇത്തരം പ്രവണതകള്‍ തലപൊക്കുന്നുണ്ട്.

ഇതിനെതിരെ പ്രതികരിക്കുവാന്‍ അല്പമെങ്കിലും യഥാര്‍ത്ഥ ക്രൈസ്തവ ഭക്തി അവശേഷിക്കുന്നവരുണ്ടെങ്കില്‍ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നെല്ലും പതിരും വേര്‍തിരിക്കുന്നതിനുള്ള സമയവും സമാഗതമായിരിക്കുന്നു. ക്രിസ്തുവിനെ ചുമരില്‍ തൂക്കി സായൂജ്യമടയുന്നവരെല്ലാം, ക്രിസ്തുവിനെ ജീവിതത്തില്‍ സ്വീകരിച്ചു അതിനനുസൃതമായ ഫലങ്ങള്‍ പുറപ്പെടുവിപ്പിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനുള്ള ഉത്തരവാദിത്വമാണ് യഥാര്‍ത്ഥ ക്രൈസ്തവരില്‍ നിക്ഷിപ്തമായിരിക്കുന്നത്.
ക്രിസ്തുവിനെ ചുവരില്‍ തൂക്കി സായൂജ്യമടയുന്നവര്‍ - പി.പി.ചെറിയാന്‍
Join WhatsApp News
abraham 2013-06-03 22:00:26
Thought provoking!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക