Image

പാക്‌ സ്വദേശിയുടെ മരണം: 17 ഇന്ത്യക്കാരുടെ കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക്‌

Published on 27 September, 2011
പാക്‌ സ്വദേശിയുടെ മരണം: 17 ഇന്ത്യക്കാരുടെ കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക്‌
ഷാര്‍ജ: പാക്കിസ്‌ഥാന്‍ സ്വദേശി മിര്‍സ നാസിര്‍ഖാന്‍ കൊല്ലപ്പെട്ട കേസില്‍ ദയാധനം നല്‍കി വധശിക്ഷയില്‍ നിന്നൊഴിവായ 17 ഇന്ത്യക്കാരുടെ കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കു വിട്ടു. കീഴ്‌ക്കോടതിയുടെ വിധിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ സുപ്രീംകോടതിയിലേക്കു കേസ്‌ കൈമാറിയത്‌.

സംഭവത്തില്‍ പരുക്കേറ്റ രണ്ടു പാക്കിസ്‌ഥാനികള്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടതോടെ 17 പേരെയും വീണ്ടും സെന്‍ട്രല്‍ ജയിലിലേക്ക്‌ അയച്ചിരുന്നു. ദിയാധനം നല്‍കി കേസ്‌ ഒത്തു തീര്‍പ്പായതിനെ തുടര്‍ന്ന്‌ 17 പേരും കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിക്കാനിരിക്കയായിരുന്നു. അതിനിടെയാണ്‌ സംഭവത്തില്‍ പരുക്കേറ്റ മുഷ്‌താഖ്‌ അഹമ്മദ്‌, സഹോദരന്‍ ഷാഹിദ്‌ ഇഖ്‌ബാല്‍ എന്നിവരാണ്‌ 20 ലക്ഷം ദിര്‍ഹം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌. തലയ്‌ക്കും കൈകള്‍ക്കും പരുക്കേറ്റ തങ്ങള്‍ക്ക്‌ ജോലി ചെയ്‌ത്‌ ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന്‌ ഇവര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഔട്ട്‌ജയിലില്‍ കഴിയുകയായിരുന്ന 17 പേരെയും വീണ്ടും സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

കീഴ്‌ക്കോടതി വിധി പ്രസ്‌താവിച്ചപ്പോള്‍ പരുക്കേറ്റവരുടെ കാര്യത്തെക്കുറിച്ചു പരാമര്‍ശിച്ചില്ലെന്ന സാങ്കേതിക പ്രശ്‌നം പരിഹരിക്കാനാണ്‌ സുപ്രീംകോടതിയിലേക്കു കൈമാറിയത്‌. ഇതു പരിഹരിച്ച്‌ തിരിച്ച്‌ കീഴ്‌ക്കോടതിയിലേക്ക്‌ അയച്ചതിനു ശേഷമായി ഇന്ത്യക്കാരുടെ മോചന നടപടികള്‍ പൂര്‍ത്തിയാവുക.

സജ വ്യവസായ മേഖലയില്‍ 2009 ജനുവരിയില്‍ അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മിര്‍സ നാസിര്‍ ഖാന്‍ കൊല്ലപ്പെട്ടതാണ്‌ കേസിനാസ്‌പദമായ സംഭവം. അറസ്‌റ്റിലായ 16 പഞ്ചാബ്‌ സ്വദേശികളും ഒരു ഹരിയാനക്കാരനും കുറ്റക്കാരാണെന്ന്‌ കണ്ടെത്തി 2010 മാര്‍ച്ച്‌ 29ന്‌ പ്രാഥമിക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ഇടപെട്ട്‌ കോണ്‍സുലേറ്റ്‌ മുഖേന ഇവര്‍ക്കു മുഹമ്മദ്‌ സല്‍മാന്‍ അഡ്വക്കറ്റ്‌സ്‌ ആന്‍ഡ്‌ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെ സേവനം ലഭ്യമാക്കി.

ദുബായിലെ ഇന്ത്യന്‍ വ്യവസായി എസ്‌.പി.സിങ്‌ ഒബ്‌റോയിയാണ്‌ എട്ടുകോടി പാക്കിസ്‌ഥാന്‍ രൂപയ്‌ക്കു തുല്യമായ 34 ലക്ഷം ദിര്‍ഹം നല്‍കിയത്‌. ഇതില്‍ 45,000 ദിര്‍ഹം കുടുംബാംഗങ്ങള്‍ക്കു നേരത്തെ കൈമാറിയിരുന്നു. ബാക്കി തുകയായ 33,55,000 ദിര്‍ഹം കോടതിയെ ഏല്‍പിക്കുകയും ചെയ്‌തു.

ഇത്തരം കേസില്‍ കുറഞ്ഞത്‌ മൂന്നു വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്നാണ്‌ യുഎഇ ക്രിമിനല്‍ചട്ടം. ശരീഅത്ത്‌ നിയമമനുസരിച്ച്‌ ഒരു വര്‍ഷത്തെ ശിക്ഷാ കാലാവധി ഒന്‍പത്‌ മാസമായാണ്‌ കണക്കാക്കുക. ഇതനുസരിച്ച്‌ 27 മാസത്തെ തടവില്‍ 26 മാസവും വിചാരണ വേളയില്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പ്രതീക്ഷ.
പാക്‌ സ്വദേശിയുടെ മരണം: 17 ഇന്ത്യക്കാരുടെ കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക