Image

ചില കേരളബദ്ധ ചിന്തകള്‍: ഡി. ബാബു പോള്‍

Published on 29 May, 2013
ചില കേരളബദ്ധ ചിന്തകള്‍:   ഡി. ബാബു പോള്‍
`നെടിയ മല കിഴക്കും നേരെഴാത്താഴിമേക്കും വടിവിലെലുകയായി തഞ്ചിടുന്നതിനാല്‍' ഉപഭൂഖണ്ഡത്തിന്‍െറ സംസ്‌കൃതിയില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്ന ഒരു സാംസ്‌കാരിക ഭൂമികയായാണ്‌ കേരളത്തെ നിര്‍വചിക്കുന്നത്‌. ചുണ്ടന്‍വള്ളങ്ങളില്‍ നാവികസേനയെ വിന്യസിച്ച നാടുകള്‍ വേറെ ഏറെ ഉണ്ടാവാനിടയില്ല. കുന്നും കുഴിയും കുളവും തോടും ഒരുക്കിയ ഭൂമിശാസ്‌ത്ര പശ്ചാത്തലത്തില്‍ ഒറ്റക്ക്‌ നില്‍ക്കാന്‍ നിര്‍ബന്ധിതനായ മനുഷ്യന്‍ തലമുറകളിലൂടെ, ക്ഷീരബല ആവര്‍ത്തിക്കുമ്പോലെ അനുഭവങ്ങള്‍ ആവര്‍ത്തിച്ചെടുത്തപ്പോള്‍ ഇത്ര സ്വാര്‍ഥമതിയായി മാറിയതിനും ഉദാഹരണങ്ങള്‍ വേറെ ഏറെ കാണുകയില്ല. അതായത്‌, നമ്മുടെ വര്‍ത്തമാനങ്ങള്‍ നമ്മുടെ മാത്രം വര്‍ത്തമാനങ്ങളാണ്‌. ലോകം ഗ്രാമത്തോളം ചുരുങ്ങിയാലും ഗ്രാമം ലോകത്തോളം വളരുന്നില്ല എന്ന്‌ തോന്നുന്നത്‌ നമ്മുടെ മാനസിക വ്യാപാരങ്ങളെ നമ്മുടെ വര്‍ത്തമാനങ്ങളാണ്‌ നിര്‍വചിക്കുന്നത്‌ എന്നതിനാലാണ്‌.

കേരളത്തില്‍ എന്നും നെല്‍കൃഷി മാത്രമായിരുന്നു പ്രധാനം എന്ന്‌ കരുതരുത്‌. രണ്ടായിരം വര്‍ഷം മുമ്പ്‌ കറുവാപ്പട്ടയും കുരുമുളകും വിറ്റവരാണ്‌ നാം. റോമന്‍ പ്രഭുകുമാരികള്‍ കേരളത്തിലെ സുഗന്ധവ്യഞ്‌ജനങ്ങള്‍ക്കായി സാമ്രാജ്വത്വത്തിന്‍െറ വിഭവങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതായി പ്‌ളീനി പറഞ്ഞിട്ടുണ്ട്‌. കൊല്ലം കുരുമുളക്‌ കയറ്റുമതിയുടെ കേന്ദ്രമായിരുന്നു. സുഗന്ധവ്യഞ്‌ജനങ്ങള്‍ വനോല്‍പന്നങ്ങളായിരുന്നെങ്കിലും കുരുമുളക്‌ വ്യാപകമായി കൃഷി ചെയ്യപ്പെട്ടിരുന്നു. നെല്‍കൃഷി നഷ്ടമാവുകയും തൊഴില്‍രംഗം കലുഷമാവുകയും ചെയ്‌തതിന്‌ ശേഷമാണ്‌ പാടങ്ങള്‍ തരിശിടുകയോ മറ്റുതരത്തില്‍ ഉപയോഗിക്കപ്പെടുകയോ ചെയ്യാന്‍ തുടങ്ങിയത്‌. നമ്മുടെ ഭൂപരിഷ്‌കരണം ഒരു യജമാനന്‍െറ സ്ഥാനത്ത്‌ മറ്റൊരു യജമാനനെ സ്ഥാപിക്കാനല്ലാതെ തൊഴിലാളിയെ വിശ്വാസത്തിലെടുക്കാനോ കര്‍ഷകത്തൊഴിലാളിക്ക്‌ കൃഷിഭൂമിയുടെ അവകാശം നല്‍കാനോ സഹായകമായില്ല. കാര്‍ഷികോല്‍പാദനം വര്‍ധിച്ചില്ല. ജന്മിത്തം രൂപഭാവപരിണാമത്തിന്‌ വിധേയമായതല്ലാതെ അവസാനിച്ചില്ല. നമ്പൂതിരിയുടെ സ്ഥാനത്ത്‌ ഈഴവന്‍ വന്നതില്‍ ഒരു വലിയ സാമൂഹിക വിപ്‌ളവത്തിന്‍െറ നീര്‍ച്ചാല്‍ കാണാമെന്ന്‌ സമ്മതിക്കുമ്പോഴും കാര്‍ഷിക മേഖലയിലെ സാമ്പത്തിക വിപ്‌ളവം ആകാശകുസുമംതന്നെയായി തുടര്‍ന്നു എന്ന്‌ പറയാതെ വയ്യ. ഏതായാലും ഇനി അങ്ങോട്ട്‌ നെല്‍കൃഷി നമുക്ക്‌ ഒരു മുന്‍ഗണന ആയിക്കൂടാ. കുട്ടനാടും തൃശൂരും പാലക്കാടും ഒക്കെ പോലെ വിജയകരമായി നടത്താവുന്ന ഇടങ്ങളില്‍ നടത്തുകതന്നെ വേണം. എന്നാല്‍, നെല്‍കൃഷിയെ ഒരു വിശുദ്ധ പശുവായി കൊണ്ടുനടക്കുന്നത്‌ ന്യായീകരിക്കാവുന്നതല്ല.

അതേസമയം, ഭൂവിനിയോഗത്തിന്‍െറ പാരിസ്ഥിതിക പ്രാധാന്യം അവഗണിക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും. നെല്‍പാടങ്ങള്‍ നികത്തി വിമാനത്താവളങ്ങളും സര്‍വകലാശാലകളും ഉണ്ടാക്കാമെന്ന്‌ കാണിച്ചുതന്നത്‌ കെ. കരുണാകരനാണ്‌. നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നിരിക്കാം. എങ്കിലും സംസ്‌കൃത സര്‍വകലാശാലക്ക്‌ ആസ്ഥാനം പണിയാന്‍ പാടം നികത്തേണ്ടിയിരുന്നില്ല. ഉദ്യോഗത്തിലിരുന്ന കാലത്ത്‌ 1990കളില്‍ ഞാന്‍ അത്‌ തടയാന്‍ ശ്രമിച്ചതാണ്‌. സംസ്‌കൃതത്തിനെതിരെയുള്ള നടപടിയായിട്ടാണ്‌ അത്‌ വ്യാഖ്യാനിക്കപ്പെട്ടത്‌. ശൃംഗേരി, കാഞ്ചി രാമകൃഷ്‌ണ മിഷന്‍ എന്നിവയോട്‌ ചേര്‍ന്നുള്ള സ്ഥലം `ശുദ്ധീകരി'ച്ചെടുക്കുകയായിരുന്നു കരുണാകരന്‍െറയും രാമചന്ദ്രന്‍ നായരുടെയും ലക്ഷ്യമെന്ന്‌ എതിര്‍ഭാഗത്തും വ്യാഖ്യാനിക്കപ്പെട്ടു. സര്‍ക്കാറില്‍ കൃഷിയുടെ ചുമതല വഹിച്ചിരുന്ന മന്ത്രി ജോര്‍ജിനും കമീഷണര്‍ ജോസഫിനും ഇല്ലാത്ത ആവേശം എനിക്കെന്തിനാണ്‌ എന്നാലോചിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഏതായാലും സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ച്‌ എം.എസ്‌.ഡബ്‌ള്യു കോഴ്‌സ്‌ നടത്താന്‍ (ഇപ്പോള്‍ അവിടെ നടക്കുന്ന പ്രധാന പരിപാടി അതാണല്ലോ) മുപ്പൂകൃഷി സാധ്യമായ ഭൂമിതന്നെ വേണമെന്ന്‌ ശഠിച്ചപ്പോള്‍ സര്‍ക്കാര്‍ തെറ്റായ മാതൃക കാട്ടുകയായിരുന്നു.
ഇപ്പറഞ്ഞ രണ്ട്‌ സംഗതികളുടെയും വെളിച്ചത്തില്‍ നമ്മുടെ ഭൂപരിഷ്‌കരണ നിയമവും ഭൂവിനിയോഗ ചട്ടങ്ങളും പുനരവലോകനത്തിന്‌ വിധേയമാക്കേണ്ടതുണ്ട്‌. വല്ലാത്തൊരു ദശാസന്ധിയിലാണ്‌ നാം വന്നുപെട്ടിട്ടുള്ളത്‌. ഒരു ഭാഗത്ത്‌, വികസനത്തിനും നാഗരികതക്കും പരിഷ്‌കാരത്തിനുമുള്ള അഭിനിവേശം; മറുഭാഗത്ത്‌, പ്രകൃതിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠകള്‍. ഇന്‍റര്‍ ജനറേഷനല്‍ ജസ്റ്റിസ്‌ എന്ന തത്ത്വമാണ്‌ ഇവിടെ നിയാമകമാകേണ്ടത്‌ എന്ന്‌ പറയാം. നമ്മുടെ മക്കള്‍ക്കുള്ളത്‌ നാം കവര്‍ന്നെടുക്കരുത്‌. മക്കള്‍ക്കായി ഒഴിവാക്കാവുന്ന കുരിശുകള്‍ ചുമക്കുന്നത്‌ അവിവേകവും അവരോടുതന്നെയുള്ള അനീതിയുമാണുതാനും. ഒരു നൂറ്റാണ്ടിനപ്പുറം ചാന്നാര്‍ സ്‌ത്രീകള്‍ മാറ്‌ മറച്ചിരുന്നില്ല. പുലയരെ പുരക്കകത്ത്‌ കയറ്റിയിരുന്നില്ല. ആലുമ്മൂട്ടില്‍ ചാന്നാര്‍ക്ക്‌ കാറോടിക്കാന്‍ റോഡ്‌ സ്വന്തമായി വെട്ടേണ്ടിവന്നു. ഇന്ന്‌ ആ അവസ്ഥയൊക്കെ മാറി. ശ്രീനാരായണ ഗുരുവിന്‍െറയും അയ്യങ്കാളിയുടെയും പ്രതിമകള്‍ ചരിത്രത്തെ അടയാളപ്പെടുത്തി വഴിയോരങ്ങളില്‍ നിറയുന്നു. അതേസമയം, ജാതിചിന്തയും ജാതിസ്‌പര്‍ധയും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സര്‍വകലാശാലകള്‍ സമുദായങ്ങളുടെ കണക്കില്‍ പങ്കുവെച്ചിട്ടാണ്‌ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌. ദൃശ്യമായതരത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ കീഴാളരെ നിയമിക്കേണ്ടതുണ്ട്‌. എന്നാല്‍, വിവേകവും വിവേചനശക്തിയും ഇല്ലാതെ അവിദ്യാലംകൃതരായ നേതാക്കന്മാരുടെ അസ്ഥിശുഷ്‌ണരസനേന്ദ്രിയങ്ങളെ കുറിച്ചുള്ള ആകുലതയില്‍ ആമഗ്‌നരായി എടുക്കേണ്ടതല്ല ഇത്തരം നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍. ശബരിമലയിലെ മേല്‍ശാന്തിയായി ഒരു ദലിതന്‍ വരുമ്പോഴാണ്‌ ശ്രീനാരായണനും അയ്യങ്കാളിയും ജയിക്കുന്നത്‌; അവരുടെ സമുദായങ്ങളിലെ പിന്നാക്കക്കാരെ പിന്നെയും പിന്നിലാക്കി അതേ സമുദായത്തിലെ വരേണ്യ ന്യൂനപക്ഷം പതിനെട്ടാംപടികള്‍ കയറുമ്പോഴല്ല.

സ്വത്വാന്വേഷണം തെറ്റല്ല. സ്വത്വപ്രഖ്യാപനം അബദ്ധവുമല്ല. എന്നാല്‍, അതിന്‍െറ തുടര്‍ച്ചയായി സമൂഹത്തില്‍ വിദ്വേഷം ഉണരാന്‍ പാടില്ല. പെരുന്നയിലും കണിച്ചുകുളങ്ങരയിലും നിന്ന്‌ ഉയരുന്ന ശബ്ദങ്ങളുടെ അതേ ഡെസിബലില്‍ കാന്തപുരത്തുനിന്നും കാക്കനാട്ടുനിന്നും ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങിയാലോ? അതുകൊണ്ട്‌ എല്ലാ സമുദായങ്ങളിലെയും നേതാക്കന്മാര്‍ പക്വതയും സംയമനവും പാലിക്കണം. പഴയ കാലത്തിന്‍െറ എഞ്ചുവടികള്‍ ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ സമൂഹം കലഹിക്കുന്ന അമീഷുകളുടെ പാളയമായി മാറും. വിനാശത്തിലേക്ക്‌ പിന്നെ ദുരം ഏറെ ഉണ്ടാവുകയില്ല. ഇവരെയൊന്നും സര്‍ക്കാറുകളോ രാഷ്ട്രീയ നേതൃത്വങ്ങളോ ഭയപ്പെടേണ്ടതില്ല. 2009ല്‍ ഇടയലേഖനങ്ങള്‍ ഇറങ്ങുന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും അത്‌ എന്ന്‌ പറഞ്ഞതിന്‌ ചില കത്തനാരന്മാര്‍ എന്നെ ക്രൂശിക്കാന്‍ ശ്രമിച്ചു. ഞാന്‍ ക്രൂശിക്കപ്പെട്ടില്ല. 2011ല്‍ എന്‍െറ പ്രവചനം നിവൃത്തിയാവുകയും ചെയ്‌തു. ഒരു മെത്രാനെയും പേടിക്കേണ്ട എന്നര്‍ഥം. മെത്രാനെയെന്നല്ല, ബാഫഖി തങ്ങളും ശിഹാബ്‌ തങ്ങളും ഇല്ലാത്ത കാലത്ത്‌ ഏതെങ്കിലും തങ്ങളെയും മുസ്ലിയാരെയും പരിധിവിട്ട്‌ ഭയപ്പെടേണ്ടതില്ല. എല്ലാ ഈഴവരും യോഗാംഗങ്ങളല്ല, യോഗാംഗങ്ങളെല്ലാം നടേശന്‍ മുതലാളി പറഞ്ഞാല്‍ കേള്‍ക്കുന്നവരുമല്ല. എല്ലാ നായന്മാരും എന്‍.എസ്‌.എസല്ല. എല്ലാ എന്‍.എസ്‌.എസുകാരും സുകുമാരന്‍ നായര്‍ പറയുന്നത്‌ കേള്‍ക്കണമെന്നുമില്ല. എന്നാല്‍, അവരവരുടെ സമൂഹത്തിനുവേണ്ടി പറയാന്‍ ഇവര്‍ക്കൊക്കെ കടപ്പാടുണ്ട്‌. അവര്‍ പറയട്ടെ. അവരൊക്കെ പറയുന്നത്‌ ആദരവോടെത്തന്നെ കേള്‍ക്കണം. ആള്‍ ഏത്‌ ഷുക്കൂറായാലും; അവരെ വ്യക്തിതലത്തില്‍ ചളിയെറിയരുത്‌. എന്നുവെച്ച്‌ അവരെയാരെയും ഭയപ്പെടേണ്ടതില്ല.

കേരളത്തിന്‍െറ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മറ്റുചില മേഖലകളുണ്ട്‌ ഇനി പരിഗണിക്കാന്‍. അത്‌ മറ്റൊരു ലക്കത്തില്‍ ആവാം.

ശുഭം.
Join WhatsApp News
sicily 2013-06-08 15:05:29
\\\"2009ല്‍ ഇടയലേഖനങ്ങള്‍ ഇറങ്ങുന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും അത്‌ എന്ന്‌ പറഞ്ഞതിന്‌....അവരൊക്കെ പറയുന്നത്‌ ആദരവോടെത്തന്നെ കേള്‍ക്കണം. ആള്‍ ഏത്‌ ഷുക്കൂറായാലും;\\\"

അഗാധമായ അറിവിന്റെ ഉടമയും ആഴത്തിലുള്ള എഴുത്തിന്റെ എടുപ്പുമുള്ള ആദരണീയ   സ്ഥാനത്തിനു അർഹനുമായ
അങ്ങയുടെ എഴുത്തുകൾ എത്ര മനസ്സിരുത്തി വായിച്ചാലും കുബുധികൾക്കെ അതിന്റെ  അന്ത;സത്ത  പിടികിട്ടൂ .
രമേശന്റെ  'പതിനാറടിയന്തിരമെന്നു'  വിശേഷിപ്പിച്ചവരെ 'നടേശൻ മുതലാളി 'ചേർത്തു  ന്യായികരിച്ചതും ,ആദരിച്ചതും 
ആല്മാഭിമാനത്തോടെ അതിനെതിരെ ശുദ്ധമായ ഭാഷയിൽപ്രതികരിച്ച ഷുക്കുറിനെ ചെളി വാരിയെറിയുന്നവനായി
അന്യാ!യികരിച്ചതും  'അബദ്ധ' ചിന്തകളല്ലേ! എന്നുപറഞ്ഞാൽ ''ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം ''. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക