Image

കാലമേ നീയും ഒരു മലയാളിയോ? (കവിത)- മഹാകപി വയനടന്‍

മഹാകപി വയനടന്‍ Published on 27 May, 2013
കാലമേ നീയും ഒരു മലയാളിയോ? (കവിത)- മഹാകപി വയനടന്‍

മുഖവുര:

എന്‍റെ ആദ്യ കൃതിയായ "അമേരിക്കന്‍ മലയാളി മാഹാത്മ്യം" എന്ന മഹാകാവ്യം, പാലക്കാട്ടുള്ള എന്‍റെ കൂട്ടുകാരന്‍ ദേവദാസിന് (ദേവന്‍ ) അയച്ചുകൊടുത്തിരുന്നു. ഒരുദിവസം ദേവന്‍ എന്നെ വിളിച്ച് പ്രസ്തുത കൃതിയിലെ അല്പസ്വല്പം തെറ്റുകള്‍ കാട്ടിത്തരുകയും, കേരളത്തെക്കുറിച്ചും. കേരളീയരെക്കുറിച്ചും ഒരു കവിത എഴുതാമോയെന്നും ചോദിച്ചു. അശ്ളീലം എഴുതിപ്പിടിപ്പിക്കലല്ല എന്‍റെ പണിയെന്ന് തമാശരൂപേണ മറുപടി പറഞ്ഞ്‌ ഞങ്ങള്‍ ഒത്തിരി ചിരിച്ചു.

രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, രണ്ടുമലയളികളുടെ കൂട്ടായ പ്രവൃത്തിമൂലം ഏറെ ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു മാദമ്മയുമായി പരിചയപ്പെടാനിടയായി. ആ സ്ത്രീയുടെ സങ്കടവും ശപിക്കലുമൊക്കെ കേട്ട ഞാന്‍, അവരെ ആശ്വസിപ്പിക്കുവാനായി എനിക്ക് തോന്നിയതിങ്ങനെ പറഞ്ഞു. "നിങ്ങളോടിങ്ങനെ ചെയ്തവര്‍ ഉണ്ടാക്കുന്ന പണം കൊണ്ടുപോയി ബാങ്ക് നിറയ്ക്കുംഎന്നാല്‍ നിങ്ങളുടെ ശാപം കൊണ്ടുപോയെങ്ങു നിറയ്ക്കും?" കുറച്ചുനേരം എന്നെ തുറിച്ചുനോക്കിയിട്ട്‌ മാദാമ്മ ചോദിച്ചു "അപ്പോള്‍ നിങ്ങള്‍ ഒരു മലയാളി ആല്ലേ?" പ്രജ്ഞ തിരിച്ചുകിട്ടിയപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്‌ ദേവന്‍ ചോദിച്ച കാര്യമാണ് (കേരളത്തെക്കുറിച്ചും, മലയാളിയെക്കുറിച്ചും കവിതയെഴുതാമോയെന്നുചോദിച്ചത്) ഇന്നാകുന്ന ബാങ്ക് നിറയ്ക്കുന്നതിനൊപ്പം അടുത്ത തലമുറയെ ശാപംകൊണ്ട് നിറയ്ക്കുന്ന മലയാളികളുള്ള കേരളം. അങ്ങനെയുള്ള സ്ഥലത്തുനിന്ന് വരുന്നവരുടെയെല്ലാം സ്വഭാവവും ഒരേപോലെയയിരിക്കുമെന്നു മദാമ്മ സംശയിച്ചതില്‍ എന്താണ് തെറ്റ്. അന്തമായ അനുകരിക്കല്‍ കേരളിയന്‍റെ രക്തത്തിലുള്ളതാണല്ലോ!

ഇരുന്നൂറോളം ശ്ലോകങ്ങള്‍ മനസിലെഴുതി, അക്ഷരസ്പര്‍ശമുണ്ടായവ അമ്പതില്‍ താഴെമാത്രം. അതില്‍, കൈപ്പത്തിചേദകങ്ങളായ, ശിരസ്ച്ചേദകങ്ങളായ, നഗ്നയാഥാര്‍ത്യങ്ങളായ ചില ശ്ലോകങ്ങള്‍ മുറിച്ചുമാറ്റിയതിനാല്‍ ആശയപ്രവാഹഗതിയില്‍ ഏച്ചുകെട്ട് അനുഭവപ്പെട്ടേക്കാം. പന്തം പ്രകാശദായകം മാത്രമല്ല, ഉപയോഗിക്കുന്നവന്‍റെ വൈദഗ്ദ്ധ്യമനുസരിച്ച്, സര്‍വതും ചാമ്പലാക്കുവാന്‍ കെല്‍പ്പുള്ള ആയുധവുമാണല്ലോ. തിരിച്ചറിവിന്‍റെ, നന്മയുടെ പ്രകാശം പരത്തുകമാത്രമാണ് ഈ കവിത കൊണ്ടുദ്ദേശിക്കുന്നത്.

കൂട്ടുന്നപണം കൊണ്ടുവന്നു നിലവറ നിറയ്ക്കാം 
കിട്ടുന്ന ശാപം കൊണ്ടുവന്നെന്തു നിറയ്ക്കും?
മുട്ടുമ്പോള്‍ തുറക്കുന്ന വാതില്‍ തള്ളിത്തുറന്ന് വഴി 
മുട്ടുമ്പോള്‍ തുറിച്ചു നോക്കി നില്‍ക്കുകയില്ലേ?

കഞ്ഞിയിലങ്ങ് ഉപ്പുചേര്‍ത്ത് ആവോളം കഴിക്കാം 
കഞ്ഞിയങ്ങ് ഉപ്പില്‍ ചേര്‍ത്ത് എത്രോളം കഴിക്കും?
പഞ്ഞിയതു നിറച്ചൊരു തലയിണ തീര്‍ക്കാം 
പഞ്ഞത്തില്‍  തുണയായി ആരുകൂടെ നില്‍ക്കും

പാലിലും കീടനാശിനി ആവോളമുള്ള നാട്ടില്‍
കൂലംകുത്തി ഒഴുകിയ പുഴകള്‍ പഴങ്കഥയൊ?
പാലുചുരത്തും മരങ്ങള്‍ നിറഞ്ഞ നാട്ടില്‍ 
പാലിക്കാപൗരധര്‍മ്മമാരും ഇതോ ദൈവത്തിന്‍ നാട്‌?

 വല്ലാത്തൊരു നാടിത് നന്നാകുമൊരു ദിനമെന്ന്
ഇല്ലാത്തൊരു കിനാവു കണുകയോ ഞാനിന്ന്?
നല്ലതൊന്നുമില്ലാത്ത നാടെന്നൊരു കവി പാടി 
ഇല്ല നന്നാവില്ലീനാട് ഇതൊരു തീരാശപാമോ?

കര്‍ണ്ണഗുരു മാതാവിന്‍ നിണംവീണ മഴുവൊന്നില്‍ 
ജീര്‍ണ്ണസംസ്കര മണ്ണടിഞ്ഞു കൂടിയ കരയോ?
വര്‍ണ്ണനാതീതം ആശങ്ക പടര്‍ന്ന്  എവിടേയും 
കര്‍ണ്ണകഠോര മുദ്രാവാക്യം വിളയുന്ന തുരുത്തോ?

തട്ടിപ്പ് വിളയിച്ചൊരു ചാക്കില്‍ കെട്ടിയെടുത്താല്‍
തിട്ടമത് വിറ്റുകാശാക്കാന്‍ പറ്റിയ ചന്തയോ ? 
തോട്ടം വിളയിച്ചത് വെട്ടി നിരത്തിയവരിപ്പോള്‍ 
നട്ടംതിരിയുന്നോ വിളഞ്ഞ നെല്‍പ്പാടം കൊയ്യാന്‍?

 പൊന്നോണത്തിനും ഉണ്ണി പിറന്ന ദിനത്തിലും
ചെന്നെത്തിടും മദ്യശാലയില്‍ ഇതും ജീവിതമോ? 
പൊന്നുമക്കളിതു കണ്ടുപഠിച്ചിട്ട്‌ കുറുക്കുവഴി തേടും
ഇന്നു കൈവരിച്ചെന്നു പറയും സാക്ഷരതയോ?

മൂത്രച്ചാലിനും അണകെട്ടി തത്ര കോടികള്‍
സൂത്രത്തില്‍ ഒപ്പിക്കുന്നവരോ ഭരണകര്‍ത്താക്കള്‍ 
തത്രപ്പാടെന്നു പറയും തന്ത്രത്തില്‍ കാര്യംനേടും
രാത്രി കഴിപ്പാന്‍ പെണ്‍ കുരുന്നുകള്‍ പേരോ വാണിഭം?

 തന്ത്രിയെന്നാല്‍ ശൂലഗാത്രം പൂജിക്കുന്നവനിവിടെ 
തന്ത്രത്തിന്‍റെ മന്ത്രം പഠിക്കുന്നവരോ ഹിന്ദുക്കള്‍? 
മന്ത്രമത് പൊരുളിന്‍റെ, അറിവിന്‍റെ, ഉരുവിട്ട 
ഇന്ദ്രതുല്യ മഹര്‍ഷിമാരിവിടെ അസുരന്മാരോ?

ഏതോ അനങ്ങാമേനിയൊന്ന്‌ ഉദ്ഘോഷിക്കവെ കൂടിയ 
പതിനായിരങ്ങളോ ഇവുടുത്തെ ക്രിസ്ത്യാനികള്‍?
പതിവായി നെറ്റി വിയര്‍ത്ത് അപ്പമുണ്ടാക്കി 
കൊതിയോടെ ഭഷിപ്പാന്‍ പറഞ്ഞവനോ നികൃഷ്ടന്‍?

കള്ളക്കടത്തും കരിഞ്ചന്തയും നടത്തിയും 
പള്ളിപണുത്  ഉള്ളില്‍ ഒളിക്കുന്നവനോ മുസ്ലിം?
ഉള്ളത് സക്കാത്തുകൊടുത്ത് പുണ്യം നേടി 
അള്ളാഹുതുല്യനാകാന്‍ പറഞ്ഞവനൊ ഹിമാറ്?

ഈശ്വരനു പറ്റിയ തെറ്റോ, ലൂസിഫെറിന്‍ മക്കളൊ 
നശീകരണ അലകളോ, നശൂല തിമിരങ്ങളോ?
അശാന്തി കൊയ്യാന്‍ കാപട്യം വിതയ്ക്കും കര്‍ഷകനൊ
ഈശ്വരനെവിറ്റ് കാശാക്കി നരകം പണിയുന്നവരോ?

പ്രജ്ഞയറ്റ മനുഷ്യത്വത്തിന് ഔഷധം ഇവിടെ 
അജ്ഞത മതത്തില്‍ ചാലിച്ച രാഷ്‌ട്രീയകക്ഷായമോ?
അഞ്ജനമരച്ച്  അറിവിന്‍ ജാലകങ്ങളില്‍ പൂശി 
വിജ്ഞാന ശ്രേഷ്ഠരെന്ന് അമറുന്നവരോ മലയാളി?

മാറാരോഗ വാഹികളാം പ്രാണിയെ തുരത്തുന്ന 
ചെറുമാക്രിയേയും പിടിച്ച്‌ കയറ്റി അയച്ചിട്ടോ?
മാറില്‍പറ്റിയ വികൃത പുതുതലമുറ കുഞ്ഞിന്‍ 
മാറാരോഗത്തിന് ഔഷധം തിരക്കുന്നോ വിദേശത്ത്?

ഇത്തിള്‍കണ്ണികള്‍ നാട്ടു നനച്ച് പിടിപ്പിച്ചിട്ടോ
അത്താഴത്തിനരിക്ക് ആന്ധ്രയിലേക്ക് കൈ നീട്ടുമ്പോള്‍ 
മത്തുപിടിച്ച്നശിച്ച യുവത്വം വിദേശക്കാട് കേറവേ
ഒത്തുപിടിച്ചങ്ങ്‌ മനുഷ്യത്വം പിഴിയുന്നവര്‍ ആര്?

വിദ്യാര്‍ത്ഥിയാകുന്നത് ഇവിടെ സമരം ചെയുവാന്‍ 
വിദ്യയഭ്യസ്സിക്കുന്നത് ഇവിടെ അഭ്യാസം കാട്ടാനോ?
അദ്ധ്യയന വിഷയം ഒരുകിളവന്‍റെ ക്രുരത അതൊരു 
വിദ്യാര്‍ത്ഥിമിടുക്കനെ കൊന്നവ്‍റെ  ചരിത്രമോ?

കൂട്ടായ്മകളിവിടെ സുലഭം അത് ശാലകളുടെ 
കട്ടപ്പുക കണ്ട് നിര്‍വൃതി അടയുന്നവരുടെയോ?
കട്ടവനെ പിടിയ്ക്കേണ്ട കാക്കികളോ ബാക്കിയും 
തട്ടിയെടുത്ത് ജീവിതം ഇരുട്ടിലാക്കും ഉലക്കകളോ? 

വൈദ്യനകാന്‍ ബുദ്ധി വേണ്ട ചാക്കുനിറയെ സ_
മ്പാദ്യം കൊടുത്ത് പഠിച്ചാല്‍ മിടുക്കനാകുമോ? 
വൈദ്യരുണ്ടിവിടെ തഴുതാമ പോലും കാണാത്തവര്‍ 
ചോദ്യചിഹ്നമാക്കിടും ചെന്നുപെട്ടാല്‍, ഇത് തിരുമ്മലോ

നോക്കുകൂലിയും ഇവിടെ ഒരു വരുമാനമാര്‍ഗം 
നോക്കുകുത്തി ഉള്ളവന്‍ ഒരുനാള്‍ കോടീശ്വരനോ?
തേക്കും, ആട്, മാഞ്ചിയം, ബന്ദും ദുസഹമിവിടെ
തോക്കുമുനയില്‍ നില്‍ക്കുന്നത് എത്രയോ ഭേദം?

നിഷ്ഫലാകല എന്നു നൊന്തുപാടിയ പാലാ
കഷ്ടപ്പെട്ടും സ്വര്‍ണ്ണം നേടുവെന്നതു കേട്ടജനമോ?
അക്ഷരം വൈരി, നൊന്തുപാടുന്നു വയനാടന്‍ 
സാക്ഷരത നേടിയത്  പരസ്യങ്ങള്‍ വായിയ്ക്കാനോ?

മഞ്ചാടിമരച്ചോട്ടില്‍ കുപ്പിവള കിലുങ്ങാറുണ്ടോ
അഞ്ചാറു കുന്നിമണി കരുതിയ കുട്ടിയുണ്ടോ? 
അഞ്ചാമദ്ധ്യായത്തില്‍  ഒളിപ്പിച്ച പീലിപ്പെണ്ണും
പഞ്ചവര്‍ണ്ണകിളി കൊഞ്ചാനെത്തും വാഴക്കുട്ടവും

പൊന്നാഞ്ഞിലി എവിടെ, നാട്ടുമാവ് എവിടെ 
പിന്നെവിടെ ബാല്യം തിമര്‍ത്ത് പിടച്ചുകയറും
പൊന്നിലഞ്ഞിയില്ല, മുല്ലത്തറയും ഒട്ടു നേരവും 
പിന്നെങ്ങനെ ബാലത്വം കാട് കയറാതിരിയ്ക്കും

അരനിമിഷ പരിപാടിയ്ക്ക് അരനാഴികപ്പരസ്യം ആ 
അരസികത്വ ദൃശ്യപ്പെട്ടി ഒരു പാല്‍ക്കുപ്പിയോ?
അരുമകുഞ്ഞിനൊരു മുത്തശ്ശിക്കഥ ഇന്നിവിടെ 
അരനൂറ്റാണ്ട് നീളും കരച്ചില്‍ പരമ്പരകളോ

കാലില്‍ തലയുമായൊരു കുഞ്ഞെങ്ങോ ജനിയ്ക്കുന്നു 
തലയില്‍ വക്രത മുറ്റിയവരോ മലയാളികള്‍?
കാലവും വഴിതെറ്റി സഞ്ചരിയ്ക്കുന്നല്ലോ എന്തേ 
കാലമേ നീയുമൊരു തനി മലയാളിയോ?

 

സൂചിക:_______________________________________________ 

കര്‍ണ്ണഗുരു മാതാവ്: കര്‍ണ്ണന്‍റെ ഗുരുവായ പരശുരാമന്‍റെ അമ്മ

ശൂലഗാത്രം : വേശ്യയുടെ ശരീരം

വിദ്യാര്‍ത്ഥിമിടുക്കന്‍: പ്രൊഫ്. ഈച്ചരവാര്യരുടെ മകന്‍(രാജന്‍)

കൂട്ടായ്മ: യൂണിയന്‍

കാക്കികള്‍: പൊലീസുകാര്‍

തഴുതാമ: ഒരു പച്ചമരുന്ന്

പാലാ: മഹാകവി പാലാനാരായണന്‍ നായര്‍

വയനാടന്‍: മഹാകപി വയനാടന്‍

ദൃശ്യപ്പെട്ടി: ടെലിവിഷന്‍

കരച്ചില്‍ പരമ്പരകള്‍: മലയാളം ടി. വി. സീരിയലുകള്‍

കാലമേ നീയും ഒരു മലയാളിയോ? (കവിത)- മഹാകപി വയനടന്‍
Join WhatsApp News
Sudhir Panikkaveetil 2013-05-31 07:21:56
കാലം മാറും , മലയാളി ഒരിക്കലും മാറുകയില്ല  !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക