Image

സ്വപ്നാടനം(നോവല്‍ ഭാഗം-16)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 28 May, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-16)- നീന പനയ്ക്കല്‍
പതിനാറ്
ഡോമില്‍ എത്തിയ ഉടനെ ബീന സൂസന്‍ ഹ്യൂസിനെ വിളിച്ചു. ആരും ഫോണെടുത്തില്ല. മെസേജ് ഇട്ടിട്ട് അവള്‍ ഫോണ്‍ വെച്ചു.

കുളിച്ചു വേഷം മാറി ഒരു പുസ്തകവുമെടുത്ത് അവള്‍ കട്ടിലില്‍ കയറിക്കിടന്നു. വായിക്കാന്‍ ശ്രമിച്ചെങ്കിലും മനസ് നേരെ നിന്നില്ല.

കോളേജ് ജീവിതത്തിലെ ഒരു വര്‍ഷം കടന്നുപോയിരിക്കുന്നു. വീട്ടിലായിരുന്ന രണ്ടുമാസം രണ്ടുവര്‍ഷം പോലെയാണ് അനുഭവപ്പെട്ടത്.

പള്ളിയില്‍ വെച്ചു ബിന്ദുവിനെ കണ്ടു. അവളുടെ തടി കുറെയേറെ കുറഞ്ഞിട്ടുണ്ട്. ആഴ്ചതോറും അവള്‍ വീട്ടില്‍ പോകുമത്രേ. സ്റ്റുപ്പിഡ് ഗേള്‍. ഇപ്പോഴും മമ്മിയുടെ ഏപ്രണ്‍ സ്ട്രിംഗില്‍ തൂങ്ങി നടക്കുന്നു. കൊച്ചു ബേബി ഫൂളിഷ് ഗേള്‍.

ഫോണ്‍ ബെല്ലടിച്ചു.

ബീന ഹീയര്‍. അവള്‍ റിസീവറെടുത്തു പറഞ്ഞു.

'ഹായ് ബീന. നിന്റെ മെസ്സേജ് കിട്ടി. ഒരാഴ്ച നേരത്തെയാണല്ലോ നീ വന്നത്.' സൂസന്റെ സന്തോഷസ്വരം.

'യാ…നിന്റെ ബെര്‍ത്തഡെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍വേണ്ടി മാത്രമാണ് ഞാന്‍ നേരത്തെ വന്നത്.
ഡോമില്‍ തനിച്ചിരുന്ന് നീ എന്തു ചെയ്യാന്‍ പോകുന്നു? എന്തുകൊണ്ട് നിനക്ക് എന്റെ വീട്ടില്‍ വന്നുകൂടാ? പാര്‍ട്ടികഴിഞ്ഞ് നമുക്കൊരുമിച്ചു മടങ്ങാം.'

ബീനക്കു വലിയ സന്തോഷം തോന്നി.

'താങ്ക്യൂ വെരിമച്ച് സൂസന്‍. നിന്റെ വീട്ടിലേക്കു വരാന്‍ എനിക്ക് ഇഷ്ടമാണ്. തീര്‍ച്ചയായും..
ഞാന്‍ ഞങ്ങളുടെ ഷോഫറെ വിടാം. നിനക്കറിയില്ലേ ചാര്‍ലിയെ?

പിന്നില്ലേ. നിന്നെ വീട്ടില്‍ കൊണ്ടുപോകുന്നതും തിരിച്ച് ഡോമില്‍ കൊണ്ടു വിടുന്നതും ചാര്‍ലിയല്ലേ. എത്രയോ തവണ ഞങ്ങള്‍ സംസാരിച്ചിരിക്കുന്നു.

ബീന അപ്പോള്‍തന്നെ വീട്ടിലേക്കു വിളിച്ചു. ഡാഡീ, സൂസന്‍ ഈ ഒരാഴ്ച അവളുടെ വീട്ടില്‍ താമസിക്കാന്‍ എന്നെ ക്ഷണിച്ചിരിക്കുന്നു. ഞാന്‍ അങ്ങോട്ടു പോവുകയാണ്. സൂസന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ഡാഡിക്ക് തന്നിട്ടുണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും എന്നെ അങ്ങോട്ടു വിളിക്കാം. ഡാഡിക്ക് വിരോധമില്ലല്ലോ ഞാന്‍ പോകുന്നതില്‍?

ഇല്ല. പക്ഷെ സൂക്ഷിച്ചോണം കേട്ടോ. പോയി സന്തോഷിച്ചിട്ട് ഡോമില്‍ തിരിച്ചുപോര്. എത്തിയിട്ട് വീണ്ടും എന്നെ വിളിച്ച് വിവരിച്ച് വിശേഷങ്ങളെല്ലാം പറയണം കേട്ടോ.

ഒരു വലിയ ഡഫല്‍ ബാഗു നിറയെ വസ്ത്രങ്ങളും മേക്കപ്പ് സാമഗ്രികളും ആയി ചാര്‍ലിയേയും കാത്ത് ബീന ഇരുന്നു. പാര്‍ട്ടിക്ക് ധരിക്കാനുള്ള പുതിയ ഡ്രസ്സും സൂസനുള്ള സമ്മാനവും അവള്‍ മറക്കാതെ എടുത്തു.

ചാര്‍ലി അവളെ കൊണ്ടുപോകാന്‍ കാറുമായി എത്തി.

സൂസന്റെ വീട്ടിലെത്തിയപ്പോള്‍ മണി അഞ്ചു കഴിഞ്ഞിരുന്നു. അസ്തമന സൂര്യന്റെ കിരണങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന ഗംഭീരമായ ആ നാലുനിലക്കെട്ടിടത്തിനു മുന്നില്‍ കാറില്‍നിന്നും ഇറങ്ങുമ്പോള്‍ ബീനയുടെ കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു.

എ പലേഷ്യന്‍ ഹൗസ്!! വ്വാവ്!

സൂസന്‍ ഓടിവന്ന് അവളെ സ്വീകരിച്ച് കൂട്ടിക്കൊണ്ടു പോയി വീട്ടിലെല്ലാവര്‍ക്കും അവളെ പരിചയപ്പെടുത്തി. ഡാഡി, മമ്മി, ലണ്ടനില്‍ നിന്നും വന്ന ബ്രദര്‍ ബോബി, അനുജത്തി ഡെബി… എല്ലാവരില്‍ നിന്നും ഊഷ്മളമായ സ്വീകരണമാണ് അവള്‍ക്ക് ലഭിച്ചത്.

കുശലാന്വേഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ ബീനക്കുവേണ്ടി ഒരുക്കിയ മുറിയിലേക്ക് സൂസന്‍ അവളെ കൊണ്ടുപോയി. ബീനക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുക്കാനായി യൂണിഫോമിട്ട ഒരു പരിചാരിക തയ്യാറായി നില്‍ക്കുണ്ടായിരുന്നു.

“സപ്പര്‍ ഈസ് റെഡി” ബട്ട്‌ലര്‍ അറിയിച്ചു.

കൂറ്റന്‍ ഡൈനിംഗ് ടേബിളില്‍ നിരത്തിയിരുന്ന ചൈനകളും കട്‌ലറികളും മോണോഗ്രാം ചെയ്ത നാപ്കിനുകളും വൈന്‍ ഗ്ലാസുകളുമെല്ലാം കണ്ട് ബീന അമ്പരന്നു. ഇത്രയും എലിഗന്റ് ആയ ഒരു ഡൈനിംഗ് റൂം സെറ്റപ്പ് ആദ്യമായി കാണുകയാണ്.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ എല്ലാവരും ബീനയോടു സംസാരിച്ചു. അവളുടെ മാതാപിതാക്കള്‍, പഠിത്തം, ഭാവി… എല്ലാറ്റിനെക്കുറിച്ചും അവര്‍ ചോദിച്ചു. അവള്‍ നല്‍കിയ മറുപടി അവരില്‍ മതിപ്പുണ്ടാക്കി.

അത്താഴം കഴിഞ്ഞഅ എല്ലാവരും ലൈബ്രറിയിലേക്കു പോയി. അവിടെയിരുന്നാണ് പുരുഷന്മാര്‍ പുകവലിക്കുന്നതും സ്ത്രീകള്‍ വൈന്‍ സ്പ് ചെയ്യുന്നതും; പ്രത്യേകിച്ചും അതിഥികള്‍ ഉള്ളപ്പോള്‍.
ഒരു കൊച്ചു വൈന്‍ ഗ്ലാസില്‍ ചുവന്ന വൈന്‍ വിനയപൂര്‍വ്വം ഒരു പരിചാരിക ബീനക്ക് നീട്ടി.

'നോ താങ്ക്‌സ്. ഐ ഡോണ്‍ട് ഡ്രിങ്ക്.'

ഓ. കമാണ് ബീന. ഒരു ചെറിയ സിപ് എടുക്ക്. കമ്പനിക്കു വേണ്ടിയെങ്കിലും.
സൂസന്‍ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രം അരമനസ്സോടെ ഒരു ചെറിയ സിപ് വൈന്‍ ബീന എടുത്തു. ചവര്‍പ്പു കലര്‍ന്ന മധുരം.

ബീന ലൈബ്രറിയില്‍ ചുറ്റും കണ്ണോടിച്ചു. ഓക്കുമരത്തിന്റെ തടികൊണ്ടുണ്ടാക്കി പോളിഷ് ചെയ്ത വലിയ ബുക്ക് ഷെല്‍ഫുകളില്‍ ബയന്റിട്ട തടിച്ച പുസ്തകങ്ങള്‍ നിരനിരായി ക്ലാസിക്കുകള്‍, യാത്രാവിവരണങ്ങള്‍, ആത്മകഥകള്‍ …..

എത്ര സുന്ദരമായ ലൈബ്രറി. ഇതുപോലുള്ള വീട്ടില്‍ ഒരു ദിവസമെങ്കിലും താമസിക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യമാണ്.

സൂസന്‍ ഭാഗ്യവതിയാണ്. സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണ രാജകുമാരി.

ജീവിക്കുന്നെങ്കില്‍ ഇങ്ങനെ ജീവിക്കണം താമസിക്കാന്‍ ഇത്ര വലിയ വീടുവേണം. ഭക്ഷണം കഴിക്കാന്‍ ഇതുപോലുള്ള ഡൈനിംഗ് റൂമും സെറ്റപ്പും വേണം. പാചകം ചെയ്യാന്‍ ഷെഫ് വേണം. വിളമ്പാന്‍ മെയ്ഡ്‌സ് വേണം. കാറോടിക്കാന്‍ ഷോഫര്‍ വേണം. തോട്ടത്തില്‍ ഗാര്‍ഡ്‌നര്‍ വേണം. അല്ലാതെ തന്റെ വീട്ടിലെപ്പോലെ…
സൂസന്‍, നിന്റെ പിയാനോ കേട്ടിട്ട് എത്ര നാളായി! പ്ലേ സംതിംഗ് ഫോര്‍ അസ് പ്ലീസ്- ബോബിക്ക് പെങ്ങളുടെ പിയാനോ വായന കേള്‍ക്കാന്‍ കൊതിയായതുപോലെ.
ഓകേ. ബോബി.
സൂസന്‍ പിയാനോയുടെ മുന്നില്‍ ചെന്നിരുന്നു. അവളുടെ വിരലുകള്‍ കീബോര്‍ഡിലൂടെ ഓടിനടന്നു. മനോഹരമായ ഗാനവീചികളുയര്‍ന്നു.
രണ്ടുമൂന്നു നമ്പരുകള്‍ വായിച്ചശേഷം അവള്‍ മതിയാക്കി. നിനക്ക് കുറച്ചുനേരം ഗിററാര്‍ വായിച്ചുകൂടേ ബോബി? മിസ്റ്റര്‍ ഹ്യൂസ് മകനോടു ചോദിച്ചു.
എല്ലാവരുടേയും കണ്ണുകള്‍ ബോബിയിലേക്കു ചെന്നു. പുഞ്ചിരിയോടെ ബോബി ഗിത്താര്‍ കൈയിലെടുത്തു.
പോല്‍ക്ക ഡാന്‍സിന്റെ ട്യൂണ്‍ ലൈബ്രറിയില്‍ ഒഴുകി നിറഞ്ഞു.
സൂസന്റെ ഡാഡിയും മമ്മിയും എഴുന്നേറ്റ് ഡാന്‍സ് ചെയ്യാന്‍ ആരംഭിച്ചു. അല്പനേരപം കഴിഞ്ഞപ്പോള്‍ സൂസന്‍ എഴുന്നേറ്റ് ബീനയുടെ കൈയില്‍ പിടിച്ചു. ചുവടുകള്‍ അിറയില്ലെങ്കിലും സൂസനോടൊപ്പം ഡാന്‍സ് ചെയ്യാനവള്‍ തയ്യാറായി.
ഇനി നിന്റെ ടേണ്‍ ആണ് ബീനാ. ഡെബി അഭ്യര്‍ത്ഥിച്ചു. പ്ലീസ് ഞങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ.

'ഞാന്‍ കുറച്ചു ഗിറ്റാര്‍ പഠിച്ചിട്ടുണ്ട്.' ബീന പറഞ്ഞു.

വണ്ടര്‍ഫുള്‍. ഒരു പ്രേമഗാനം വായിക്കാമോ?

ബോബിയുടെ കൈയില്‍നിന്നും ഗിറ്റാര്‍ വാങ്ങി അതിമനോഹരമായൊരു പ്രേമഗാനം ബീന വായിച്ചു. തീര്‍ന്നപ്പോള്‍ എല്ലാവരും കൈയടിച്ച് അവളെ അഭിനന്ദിച്ചു.

ഓ. മിസ് ബീനാ, നീയെത്ര മനോഹരമായി ഗിത്താര്‍ വായിക്കുന്നു കണ്ണുകളില്‍ ആരാധനയോടെ ബോബി പറഞ്ഞു. എന്നിട്ട് അയാള്‍ സൂസന്റെ നേര്‍ക്കു തിരിഞ്ഞു. നിന്റെ കൂട്ടുകാരി ഇത്ര മനോഹരമായി ഗിത്താര്‍ പ്ലേ ചെയ്യുമെന്ന് നീ ഇതുവരെ പറഞ്ഞില്ലല്ലോ.

സോറി ബ്രദര്‍ ഡീയര്‍, എനിക്കും അറിയില്ലായിരുന്നു ബീന ഗിറ്റാര്‍ വായിക്കുമെന്ന്.

ബീന തിരികെ മുറിയില്‍ ചെന്നപ്പോള്‍ മണി പന്ത്രണ്ടായി. ഉത്സാഹവതിയായിരുന്നു അവള്‍.
ഈ കൊട്ടാരം പോലുള്ള വീടും ഇവിടുത്തെ അന്തേവാസികളും എന്നെ എത്രമാത്രം ആകര്‍ഷിക്കുന്നു! പ്രത്യേകിച്ചും ബോബി. അവന്റെ ബ്രിട്ടീഷ് ആക്‌സെന്റിലുള്ള സംസാരം!! അതു കേള്‍ക്കാന്‍ എന്തു രസമാണ്. ഞാന്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍ അവന്‍ അതില്‍ ആമഗ്നനായി ഇരിക്കുകയായിരുന്നു. ആ നോട്ടം! ഓര്‍ക്കുമ്പോള്‍ മനസ്സിലും ശരീരത്തിലും കുളിരുകോരിയിടുന്നു.

ഞാന്‍ ഇതുവരെ ഇടപെട്ടിട്ടുള്ള ആണ്‍കുട്ടികളേക്കാള്‍ എത്ര വ്യത്യസ്തനാണ് ബോബി.

സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളുമുള്ള അവന്‍ ഒരു റോമന്‍ ദേവനെപ്പോലെ സുന്ദരനാണ്. മറ്റ് ആണ്‍കുട്ടികളോടു തോന്നിയിട്ടുള്ള വികാരമല്ല എനിക്ക് ബോബിയോടു തോന്നുന്നത്.

“ലവ് അറ്റ് ഫസ്റ്റ് സൈറ്റ്” എന്നു പറയുന്നത് ഇതാണോ?

ബീന ജനാലയുടെ അടുത്തേക്കു ചെന്നു. കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി. പ്രകൃതി പൂനിലാവില്‍ മുങ്ങി നില്‍ക്കുന്നു. ആകാശം നിറയെ നക്ഷത്രങ്ങള്‍ മിന്നുന്നു.

നോക്കിനില്‍ക്കെ ഒരു നക്ഷത്രം പൊഴിഞ്ഞു.

നക്ഷത്രം പൊഴിയുന്നതു കണ്ടാല്‍, അപ്പോളാഗ്രഹിച്ച കാര്യംനടക്കുമത്രേ.

നക്ഷത്രം പൊഴിയുമോ? വല്ല മീറ്റിയറും ആയിരിക്കും.

പെട്ടെന്ന് ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് അവള്‍ ജനാലക്കല്‍ നിന്നു മാറി. വേഗം ലൈറ്റിട്ടു. സൂസനായിരിക്കും. അവളോട് ഗുഡ്‌നൈറ്റ് പറഞ്ഞതാണല്ലോ. പിന്നെ എന്തിനാണ്…?
“ഹൂ ഈസ് ഇറ്റ്?” അവള്‍ വിളിച്ചു ചോദിച്ചു. ബീനാ, ഇത് ബോബിയാണ്. ക്യാന്‍ ഐ കം ഇന്‍? അവളുടെ ഹൃദയം അതിവേഗം മിടിക്കാന്‍ തുടങ്ങി.

അവള്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടു.

കിടന്നിട്ട് ഉറക്കം വന്നില്ല. ബീന ഉറങ്ങിയില്ലെങ്കില്‍ വല്ലതും സംസാരിച്ചിരിക്കാമെന്നു കരുതി.
പറ്റില്ല, പൊയ്‌ക്കോളൂ എന്ന് ആ കണ്ണുകളില്‍ നോക്കി പറയാനാവള്‍ക്ക് കഴിഞ്ഞില്ല.

വെല്‍വെറ്റ് കുഷനിട്ട വലിയ കസേരകളലില്‍ അഭിമുഖമായി അവര്‍ ഇരുന്നു. ബോബി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.

എന്താ ബോബി ലണ്ടനില്‍ താമസിച്ചു പഠിക്കുന്നത്? ബീന സംസാരത്തിനു തുടക്കമിട്ടു.

ഡാഡിയുടെ താല്പര്യപ്രകാരമാണ്. എന്റെ അങ്കില്‍ അവിടെയുണ്ട്. അദ്ദേഹത്തിന് മക്കളില്ല. തന്നെയുമല്ല, ഞങ്ങളുടെ കമ്പനിക്ക് രണ്ടുമൂന്നു ബ്രാഞ്ചുകളുണ്ട് അവിടെ. ഇതുകൊണ്ടെല്ലാം കൂടിയാണ് ഞാന്‍ ലണ്ടനില്‍ പോയത്.

പഠിത്ത് കഴിഞ്ഞ് അവിടെത്തന്നെ തുടരുമോ?

കമ്പനികള്‍ ഞാന്‍ നോക്കി തടത്തമെന്നാണ് എല്ലാവരുടേയും ആഗ്രഹം.

ബീനയുടെ പഠിത്തം, മ്യൂസിക്ക് ഇവയെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചു.
 
ഇറ്റീസ് വെരി ലേറ്റ്. ബീന ഉറങ്ങിക്കോ. ഞാന്‍ പോയ്ക്കാം. ബോബി എഴുന്നേറ്റു.

ഉറക്കം വരുന്നില്ല എന്നു പറയണമെന്നു തോന്നി ബീനക്ക്. പക്ഷേ…
അവന്‍ വാതിലിനടുത്തേക്ക് നടന്നു. കതകുതുറന്നു പുറത്തിറങ്ങുന്നതിനു മുന്‍പ് ബീനയുടെ മുഖത്തേക്കു നോക്കി. ഒരു നിമിഷം, മിന്നല്‍ വേഗത്തില്‍ അവന്‍ അവളുടെ അടുക്കല്‍ ചെന്ന് അധരങ്ങളില്‍ അമര്‍ത്തിച്ചുംബിച്ചു. എന്നിട്ട് ഞൊടിയിടയില്‍ വാതില്‍ തുറന്നു പുറത്തു പോവുകയും ചെയ്തു.

അല്പനേരം തരിച്ചു നിന്നുപോയി ബീന. പിന്നെ ഒരു മന്ദസ്മിതത്തോടെ വാതിലടച്ച് ലോക്കു ചെയ്ത് കിടക്കിയിലേക്കു വീണു. കരീരത്തിന്റെ കോരിത്തരിപ്പ് മാറിയില്ല.

ഇഷ്ടപ്പെട്ട പുരുഷന്റെ ആദ്യ ചുംബനം! ആ അനുഭൂതിയില്‍ ഉറങ്ങാതെയവള്‍ കിടന്നു.
നേരം പുലര്‍ന്നപ്പോഴും ആ ചുംബനത്തിന്റെ മധുരം ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.
ബ്രേക്ക് ഫാസ്റ്റിനിരിക്കുമ്പോള്‍ ബോബി വന്ന് ബീനയുടെ അടുത്ത് സ്ഥാനം പിടിച്ചു.
ഗുഡ് മോര്‍ണിംഗ്. ഇന്നലെ സുഖമായി ഉറങ്ങിയോ?
ഇല്ല അവള്‍ പതുക്കെ പറഞ്ഞു.

ഞാനും.

അവള്‍ പുഞ്ചിരിച്ചു.

അന്നു മുഴുവന്‍ സൂസന്‍ തിക്കിലായിരുന്നു. പിറന്നാള്‍ പാര്‍ട്ടിക്കു വേണ്ടതെല്ലാം ക്രമീകരിക്കണം. ഫ്‌ളവര്‍ അറേഞ്ച്‌മെന്റും കേറ്ററിംഗും അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്യുന്നത്.

ഏതെങ്കിലും കാര്യത്തില്‍ എന്റെ സഹായം വേണമെങ്കില്‍ പറയണം. ബീന നിര്‍ബന്ധിച്ചു.
നോ താങ്ക്‌സ്. നീ ഇവിടത്തെ താമസം ആസ്വദിക്കുക മാത്രമേ വേണ്ടൂ.

ഉച്ചക്കു ഭക്ഷണം കഴിക്കുന്ന സമയത്തും ബോബി, ബീനയുടെ അടുത്താണ് ഇരുന്നത്.
നിനക്കിഷ്ടമാണെങ്കില്‍ നമുക്കൊരു മൂവിക്കു പോകാം. നാലുമണിക്ക് ഒരു ഷോയുണ്ട്.

അവളുടെ ഹൃദയം വല്ലാതെ മിടിച്ചു. കൂട്ടുകാരുമായി സിനിമ കാണാന്‍ എത്രയോ തവണ പോയിരിക്കുന്നു. പക്ഷേ അപ്പോഴൊന്നും തോന്നാത്ത ഒരു മധുരിപ്പിക്കുന്ന വികാരം….ലജ്ജ…
'ഇറ്റ് ഈസ് ഓകെ.' ബീന ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. എനിക്ക് സൂസനെ ഹെല്‍പ്പ് ചെയ്യണം. മൂവി പിന്നീടൊരിക്കലാവാം.'

സൂസന്‍ അതുകേട്ടു.

നോ… യു ആര്‍ ഹീയര്‍ ടു എന്‍ജോയ്.. അവള്‍ ബീനയോടു പറഞ്ഞു. നോട്ട് ടു വര്‍ക്ക്. ബോബിയോടൊപ്പം പോകൂ. എന്നാലേ എനിക്കു സന്തോഷമാവൂ.

സമ്മതിക്കാതിരിക്കാന്‍ ബീനക്കു കഴിഞ്ഞില്ല.

അടുത്ത ദിവസങ്ങളിലെല്ലാം ബീന ബോബിയോടൊപ്പം ഏറെ സമയം ചെലവഴിച്ചു. അവര്‍ മൂവികള്‍ക്കു പോയി. കാര്‍ണിവലുകള്‍ കണ്ടു. വൈല്‍ഡ് റൈഡുകള്‍ നടത്തി. ഗെയിംസ് കളിച്ചു. സ്‌കേറ്റിംഗിനു പോയി. ഫൈന്‍ റസ്റ്റോറണ്ടുകളില്‍ ഡിന്നര്‍ കഴിച്ചു.

ഒരിക്കല്‍ പോലും അപമര്യാദയായി ബീനയോടവന്‍ പെരുമാറുകയോ എന്തിനെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്തില്ല.

'എ പെര്‍ഫെക്ട് ജന്റില്‍മാന്‍.' അവള്‍ക്ക് ബോബിയോട് മതിപ്പായി.

ലണ്ടനില്‍ വരാന്‍ ഇഷ്ടമാണോ? അവന്‍ ചോദിച്ചു. “തീര്‍ച്ചയായും എനിക്ക് ലണ്ടനില്‍ വരാന്‍ ഇഷ്ടമാണ്.” “ഞാന്‍ ബീനയെ ലണ്ടന്‍ മുഴുവന്‍ കാണിക്കാം. ഐ വില്‍ എന്‍ജോയ് യുവര്‍ കമ്പനി ഇമ്മെന്‍സ് ലി”

ലണ്ടനില്‍ പോകണമെന്ന ചിന്തയായി ബീനയുടെ മനസ്സില്‍ മുഴുവന്‍.

ഐ ലവ് യൂ എന്ന് ബോബി ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. പക്ഷെ എന്തിനു പറയണം. അവന്‍ തന്നെ പ്രേമിക്കുന്നു എന്ന് അവന്റെ പ്രവൃത്തികള്‍ കണ്ടാല്‍ മനസ്സിലാവില്ലേ. താനും ജീവിതത്തിലാദ്യമായി പ്രേമത്തില്‍ വീണിരിക്കുന്നു.

മനസ്സില്‍ ഇപ്പോള്‍ ബോബി മാത്രമേ ഉള്ളൂ. സകലസമയത്തും അവന്റെ സാമീപ്യം കൊതിക്കുന്നു.
ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ബോബിയുടെ ഒരു സഹപാഠി ലണ്ടനില്‍നിന്നും പറന്നെത്തി. അതിസുന്ദരമായ ഒരു ചെറുപ്പക്കാരന്‍.

ബീനാ ദിസീസ് മൈ ഡിയര്‍ ഫ്രണ്ട് അലക്‌സ് ബോബി ബീനിയ്ക്കവനെ പരിചയപ്പെടുത്തി.

'ഹായ്.'

അലക്‌സ് വളരെ ഷൈ ആണെന്ന് അവന്റെ ചിരി കണ്ടപ്പോള്‍ ബീനക്കു തോന്നി.

'അലക്‌സ്, ദിസീസ് ബീന, സൂസന്‍സ് ഫ്രണ്ട്.'

ബീനയെ അവനും പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക് അലക്‌സിനെ ഇഷ്ടമായി . ബോബിയുടെ കൂട്ടുകാരനെ ഇഷ്ടപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയും.

ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് സൂസന്റെ വീട് അംിഞ്ഞൊരുങ്ങി. നിറമുള്ള ബള്‍ബുകള്‍ മിന്നിക്കത്തി. മ്യൂസിക്ക് ഒഴുകി. മുന്തിയതരം കാറുകളില്‍ അതിഥികള്‍ എത്തി. സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍. സല്‍ക്കരിക്കാന്‍ യൂണിഫോറമിട്ട പരിചാരകര്‍.

പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഫാമിലി ഫ്രണ്ട്‌സിന് ബീനയെ സൂസന്‍ പരിചയപ്പെടുത്തി.
രാത്രി ഒരു മണിയായിട്ടും പാര്‍ട്ടി കഴിഞ്ഞില്ല. ബീനക്ക് വല്ലാത്ത ക്ഷീണം തോന്നി. സുസനോട് ഗുഡ്‌നൈറ്റ് പറഞ്ഞിട്ട് അവള്‍ മുറിയിലേക്കു പോയി.

ബാത്ത്‌റൂമില്‍ ചെന്ന് ദേഹം ശുചിയാക്കി ഡ്രസ് മാറി അവള്‍ ലൈറ്റണച്ച് ഉറങ്ങാന്‍ കിടന്നു. പാട്ടിന്റേയും പൊട്ടിച്ചിരികളുടേയും ഒച്ചകള്‍ കണ്ണുകള്‍ അടച്ചുകിടക്കുമ്പോള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു.

അല്പനേരം കഴിഞ്ഞപ്പോള്‍ കതകില്‍ ആരോ മുട്ടുന്ന ശബ്ദം, 'ഹു ഈസ് ഇറ്റ്?'
'ബോബി. ക്യാന്‍ ഐ കമിന്‍ പ്ലീസ്. പുറത്തുനിന്നു മറുപടി കിട്ടി. ചാടിയെണീറ്റ് അവള്‍ ലൈറ്റിട്ടു. വാതില്‍ തുറക്കുന്നതിനു മുന്‍പ് നൈറ്റ് ഗൗണ്‍ നേരെയാക്കാനും മുടിയൊന്നൊതുക്കാനും അവള്‍ മറന്നില്ല.'

ഉറങ്ങാന്‍ കിടന്നോ?

'ഉം'

സോറി. ഉറങ്ങിക്കൊള്ളൂ. ഐ വില്‍ സീ യൂ ടുമോറോ. ക്ഷമാപണത്തോടെ അവന്‍ പറഞ്ഞു.
പെട്ടെന്നു തിരിഞ്ഞു നടന്നു.

'ഇറ്റ് ഈസ് ഓകെ ബോബി. ഡോണ്‍ട് ഗോ.'

ബോബി കസേരയില്‍ ഇരുന്നു. അപ്പോഴാണ് അവന്റെ കൈയിലിരുന്ന വൈന്‍കുപ്പിയും ഗ്ലാസുകളും അവള്‍ ശ്രദ്ധിച്ചത്.

'ലൈക്ക് ടു ഹാവ് എ ഡ്രിങ്ക്?'

'നോ, താങ്ക്‌സ്.'

ഇന്ന് സൂസന്റെ ബെര്‍ത്ത്‌ഡേയല്ലേ. ടേസ്റ്റ് ചെയ്യാന്‍വേണ്ടി മാത്രം അല്പം വൈന്‍ കഴിക്കൂ പ്ലീസ്.
അവന്റെ മുഖത്തേക്കു നോക്കി വേണ്ട എന്നു പറയാനവള്‍ക്കു കഴിഞ്ഞില്ല. ഞാനൊരു വലിയ പെണ്ണല്ലേ. അര ഔണ്‍സ് വൈന്‍ കുടിക്കുന്നതില്‍ എന്ത് അപാകതയാണുള്ളത്?
'ഓകെ. ബോബി. ടേസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം അല്പം തരൂ.'

രണ്ടു ഗ്ലാസുകളിലേക്ക് അവന്‍ വൈന്‍ പകര്‍ന്നു. ഒന്നു ബീനക്കു കൊടുത്തു. രണ്ടുപേരും ഗ്ലാസ് മുട്ടിച്ചു.
“ഫോര്‍ സൂസന്‍. മെനി മെനി ഹാപ്പി റിട്ടേണ്‍സ്.”

അവര്‍ അതുമിതുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. ബീനയുടെ ഗ്ലാസിലെ വൈന്‍ തീര്‍ന്നപ്പോഴൊക്കെ അര ഔണ്‍സ് വീതം അവന്‍ ഒഴിച്ചുകൊണ്ടിരുന്നു.

'പാര്‍ട്ടി സമയത്ത് എല്ലാവരുടേയും കണ്ണുകള്‍ നിന്നിലായിരുന്നു ബീനാ. യു ആര്‍ സോ ബ്യൂട്ടിഫുള്‍.'
ബീന കുണുങ്ങിച്ചിരിക്കാന്‍ തുടങ്ങി. ചിരി അടക്കാന്‍ കഴിയുന്നില്ല. കാല്‍മുട്ടുകള്‍ ആടുന്നതുപോലെ.

'ഐ ഫീല്‍ ഹണി'അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

നീ എത്ര സുന്ദരിയാണെന്ന് നിനക്ക് വല്ല ഐഡിയയുമുണ്ടോ ബീന? അവളെ തന്നോട് ചേര്‍ത്തുകൊണ്ടു ബോബി ചോദിച്ചു. അവള്‍ വീണ്ടും കുണുങ്ങിച്ചിരിച്ചു.

'ഐ ലവ് യു ബീനാ…'

അവള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍!

ഐ ലവ് യൂ ടൂ… അവള്‍ മന്ത്രിച്ചു.

ബീനയുടെ കൈയില്‍നിന്നും വൈന്‍ഗ്ലാസ് വാങ്ങിമേശപ്പുറത്തു വെച്ചിട്ട് അവന്‍ അവളെ കോരിയെടുത്തു കട്ടിലില്‍ കിടത്തി.

ബെര്‍ത്ത്‌ഡേ പാര്‍ട്ടി അപ്പോഴും അവസാനിപ്പിച്ചിരുന്നില്ല. താഴെനിന്ന് പൊട്ടിച്ചിരികളും സംഗീതവും ഒഴുകി വരുന്നുണ്ടായിരുന്നു.

ബീന ഒന്നും കേട്ടില്ല. ഒന്നും അറിഞ്ഞുമില്ല.
സ്വപ്നാടനം(നോവല്‍ ഭാഗം-16)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക