Image

ദാ വന്നു, ദേ പോയി (നര്‍മ്മഭാവന: ജോസ്‌ചെരിപുറം)

ജോസ്‌ചെരിപുറം (josecheripuram@gmail.com) Published on 23 May, 2013
ദാ വന്നു, ദേ പോയി (നര്‍മ്മഭാവന: ജോസ്‌ചെരിപുറം)
`പേരറിയാത്തൊരുനൊമ്പരത്തെ പ്രേമമെന്നാരോവിളിച്ചു,' `വിരഹദുഃഖമെന്തെന്നറിയാനെങ്കിലും ഒരു വട്ടം പ്രേമിക്കണം' എന്നൊക്കെ കവികള്‍ എഴുതിയത്‌ വായിച്ച്‌ പ്രേമിക്കാന്‍ പോകുന്നവരുടെ ശ്രദ്ധക്ക്‌ഃ മേലുദ്ധരിച്ച വരികളില്‍ മനസ്സിന്റെ നൊമ്പരങ്ങളെ ആലേഖനം ചെയ്‌തിട്ടുള്ളു; ശരീരത്തിനേല്‍ക്കുന്ന കേടുപാടുകള്‍, ഹേമദണ്‌ഡങ്ങള്‍വേറേ. പ്രേമം ദിവ്യമാണ്‌്‌, ജീവിതത്തില്‍ പ്രേമിക്കാത്തവന്‍ വിഡ്‌ഡിയാണ്‌എന്നൊക്കെ പ്രേമിച്ചവര്‍ക്ക്‌ തോന്നാം. എന്നാല്‍ പ്രേമിച്ചവര്‍ വിഡ്‌ഡികളാണെന്നാണ്‌ അനുഭവസ്‌ഥര്‍പറയുന്നത്‌.

ഏന്റെ ഒരു സുഹ്രുത്ത്‌ പ്രേമം മൂത്ത്‌ കാമുകിയെ കാണാന്‍ അവളുടെ ഇടവകപ്പള്ളിയില്‍ പെരുന്നാളിനുപോയി. അവള്‍ക്ക്‌ ഘടോല്‍ക്കചനെപ്പോലുള്ള രണ്ട്‌ ആങ്ങളമാരുണ്ടായിരുന്നു. അവരവനെ ചവുട്ടിപ്പിടിച്ചടിച്ചു. അതോടെ ആ പ്രേമത്തിനു തിരശ്ശീലവീണു. അവനൊരു ഗുണപാഠവും പഠിച്ചു. തന്റേടികളായ ആങ്ങളമാരുള്ള പെണ്‍പിള്ളേരെകരാട്ടെ പഠിക്കാതെപ്രേമിക്കാന്‍ പോകരുത്‌.
ഇങ്ങനെ എത്രയെത്ര കൗമാരപ്രായസ്‌മരണകള്‍ എനിക്കില്ല! അന്നൊക്കെ (അറുപതുകളില്‍) ബന്ധത്തില്‍പ്പെട്ട പെണ്ണുങ്ങളോടുമാത്രമേ സംസാരിക്കാന്‍ സമൂഹം അനുമതിനല്‍കിയിരുന്നുള്ളു. ഒരു കത്ത്‌ സ്‌കൂളിലെ അഡ്രസ്സില്‍ വന്നാല്‍ അത്‌ തുറന്ന്‌വായിച്ച ശേഷമേ ഹെഡ്‌മസ്‌റ്റര്‍ അതിന്റെ മേല്‍വിലാസക്കാരനു നല്‍കിയിരുന്നുള്ളു. അത്രമേല്‍ നിഷിദ്ധമായിരുന്നു ഇന്ന്‌ പാടി പുകഴ്‌ത്തുന്ന അനുരാഗം. അതിന്റെബലിക്കല്ലില്‍ വീണുടഞ്ഞത്‌ എത്രയെത്ര ജീവിതങ്ങള്‍. അതൊക്കെ ഓര്‍ക്കുമ്പോള്‍ പ്രേമിക്കാതിരിക്കുന്നതാണു ബുദ്ധി എന്ന്‌ തോന്നിപ്പോകും. കേരളത്തിനുപുറത്ത്‌ ജോലിയുണ്ടായിരുന്ന ഒരുത്തന്‍ അപ്പനും കാമുകിക്കും കത്തെഴുതി ഒട്ടിച്ച്‌ അഡ്രസ്സെഴുതിയപ്പോള്‍ പരസ്‌പരം മാറിപ്പോയി. പിന്നത്തെ പുകില്‍ ഞാനെഴുതാതെ നിങ്ങള്‍ക്കൂഹിക്കാമല്ലോ? അതോ അവനത്‌ മനഃപ്പൂര്‍വ്വം ചെയ്‌തതോ? തന്ത ഒന്നറിഞ്ഞോട്ടെ, തനിക്ക്‌ കല്യാണപ്രായമായെന്ന്‌. പ്രേമം ചൂയിംഗ്‌ ഗം പോലെയാണ്‌. ആദ്യത്തെ കുറച്ചുനേരം മധുരം കാണും. പിന്നെപ്പിന്നെ മധുരമില്ലെങ്കിലും വെറുതെ ചവച്ചുകൊണ്ടിരിക്കും.

ഏന്റെ അയല്‍വാസി `ജോജറുകുട്ടി'ക്ക്‌ ഒരു പ്രേമം ഉണ്ടായിരുന്നു. പേര്‌ അങ്ങനെയായതിനുകാരണമുണ്ട്‌. കുട്ടിക്കാലത്ത്‌ മുന്‍വശത്തെപല്ലുകൊഴിഞ്ഞപ്പോള്‍ എന്താ നിന്റെ പേര്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ വായിലൂടെ കാറ്റ്‌ നിയന്ത്രണമില്ലാതെപുറത്തേക്ക്‌ പോയിരുന്നതിനാല്‍ `ജോജറുകുട്ടി' എന്നേ അവനുപറയാന്‍ കഴിഞ്ഞിരുന്നുള്ളു. ആങ്ങനെ എല്ലാവരും അവനെ ജോജറുക്കുട്ടി എന്നുവിളിക്കാന്‍ തുടങ്ങി. കാലചക്രം ഉരുണ്ടു. ആവന്‍ കൗമാരത്തിലെത്തി.

കൃത്യം പറഞ്ഞാല്‍ പതിനഞ്ച്‌വയസ്സ്‌. ശബ്‌ദത്തിനു കനം വച്ചു. മൂക്കിനുതാഴെ ചെമ്പന്‍രോമങ്ങള്‍, അതവന്‍ തീപ്പെട്ടിക്കൊള്ളൈകൊണ്ട്‌ കറുപ്പിച്ചു. കുരുവികൂട്‌ ഹെയര്‍സ്‌റ്റയില്‍, ഷര്‍ട്ടിന്റെ രണ്ടുമൂന്നു ബട്ടണ്‍സ്‌ തുറന്നിട്ടാണ്‌ നടപ്പ്‌, ആരേയും പ്രേമിക്കാന്‍തയ്യാറായി. അവന്റെ മട്ടും നടപ്പുമൊന്നും തന്തപ്പടി കുഞ്ഞപ്പന്‍ ചേട്ടനു അത്രപിടിക്കുന്നില്ല.സാമാന്യം തരക്കേടില്ലാത്തൊരു നാട്ടൂമ്പുറകര്‍ഷകനാണയാള്‍. സ്‌ത്രീകളെ കണ്ണെടുത്താല്‍ കണ്ടുകൂട. തരം കിട്ടുമ്പോഴൊക്കെ പെണ്ണുങ്ങളുടെ കുറ്റം പറയുന്നസ്വഭാവം. വീട്ടില്‍വലിയ കര്‍ശനക്കാരന്‍. പക്ഷേ ഭാര്യ ആണ്ടുതോരും പ്രസവിക്കും. എന്റെചെറുപ്പത്തില്‍ എനിക്ക്‌ ഒട്ടും മനസ്സിലാകാത്ത കാര്യമായിരുന്നു അത്‌. സ്‌ത്രീകളെ ഇത്രവെറുക്കുന്ന കുഞ്ഞപ്പന്‍ചേട്ടനു ഇത്രയും മക്കള്‍ എങ്ങനെ ഉണ്ടായ്യിയെന്ന്‌. അത്‌ പോകട്ടെ.പല ചേട്ടന്മാരും അങ്ങനാണല്ലോ. ജോജറുകുട്ടി കുളിക്കാന്‍ പോയപ്പോള്‍ കടവില്‍ തുണിയലക്കുന്ന ഇത്തമ്മ എന്ന അയല്‍ക്കാരിയെ കാണുന്നു. അവനെക്കാള്‍ അഞ്ചുവയസ്സിനുമൂത്തതാണു ഇത്തമ്മ. പക്ഷെ അവളുടെ ശരീരപുഷ്‌ടിയില്‍ നമ്മുടെ ടീനേജര്‍ മയങ്ങി. ആരും മയങ്ങും. നിറഞ്ഞമാറും തുള്ളിത്തുളുമ്പും നിതംബവും വശ്യമാം പുഞ്ചിരിയും ആരേയും ആകര്‍ഷിക്കുന്നൊരു സര്‍പ്പസൗന്ദര്യം. ജോജറുകുട്ടിയെ കണ്ടപ്പോള്‍ അവള്‍ പാവാടയുടെ അറ്റം ഒന്നുകൂടെ മുട്ടിനുമുകളിലേക്ക്‌ എടുത്തുകുത്തി എന്നിട്ട്‌ ഒന്നുമറിയാത്തപോലെ പുഞ്ചിരിച്ചോണ്ടൊരുചോദ്യം. കുളിക്കാന്‍വന്നതായിരിക്കും അല്ലേ? ജോജറുകുട്ടി ആ ചോദ്യത്തില്‍ ബേജാറായി ബദ്ധപ്പെട്ട്‌ പറഞ്ഞു. `അതെ' എങ്ങനെമനസ്സിലായി.

അവന്റെ ഹൃദയത്തില്‍ പ്രേമത്തിന്റെ സുനാമി.അവിടെ എന്തൊക്കെയോ കടപുഴകി. ആന്നുരാത്രി അവനു ഉറക്കം വന്നില്ല. കണ്ണടയ്‌ക്കുമ്പോള്‍ ഇത്തമ്മ മുന്നില്‍.പ്രേമപരവശനായ അവന്‍ രാത്രി കഴിച്ചുകൂട്ടാന്‍ ഒത്തിരി പാടുപ്പെട്ടു. ഏന്തൊരു ചിന്ത. ഇത്രഗൗരവമായും ഗാഢമായും അവന്‍ അന്നുവരെ ചിന്തിച്ചിട്ടില്ല.ജീവിതത്തെപ്പറ്റി, ബന്ധങ്ങളെപ്പറ്റി, എല്ലാം എല്ലാം. ഇത്തമ്മയില്ലാത്തൊരു ജീവിതത്തെപ്പറ്റി സങ്കല്‍പ്പിക്കാന്‍ കൂടെ വയ്യാതായി. അവളെ കല്യാണം കഴിക്കുക തനെ. അതിനുള്ള ഏര്‍പ്പാട്‌ ഉടന്‍ ഉണ്ടാക്കണം. പക്ഷേമുരടനായ അപ്പനോട്‌ എങ്ങനത്‌പറയും.? അപ്പോഴാണു ജോജറുകുട്ടിക്ക്‌ ഗാന്ധിയുടെ തന്ത്രം ഓര്‍മ്മ വന്നത്‌. ഒരു കത്തെഴുതുക. എഴുതി. അങ്ങനെ ഒരു വിധത്തില്‍നേരം പുലരാന്‍ കാത്ത്‌നിന്നു.ല്‌പകുഞ്ഞപ്പന്‍ചേട്ടന്‍ രാവിലെപള്ളിയില്‍ പോകും. തിരിച്ചുവന്നു കാപ്പി കുടിക്കാനിരിക്കും. അപ്പോഴേക്കും സ്‌കൂളില്‍ പോകേണ്ടമക്കളൊക്കെ റെഡിയായിരിക്കണം. അതാണുകീഴ്‌വഴക്കം. അപ്പന്‍വന്ന്‌ കൈ കഴുകിപ്രാതല്‍ കഴിക്കാന്‍തുടങ്ങി. കപ്പപ്പുഴുക്കും മത്തിക്കറിയും കുഴച്ച്‌ സ്വാദോടെ വെട്ടിവിഴുങ്ങുകയായി. നമ്മുടെ ജോജറുകുട്ടി പതിയെ അടുത്ത്‌ ചെന്ന്‌ കത്ത്‌മേശപ്പുറത്ത്‌ വച്ചു. അത്‌ ഇടത്ത്‌ കൈ കൊണ്ട്‌നിവര്‍ത്തി കുഞ്ഞപ്പന്‍ ചേട്ടന്‍വായിച്ചു. `പ്രിയ അപ്പച്ചാ, എനിക്ക്‌ വളവനാലെ ഇത്തമ്മയെ ഭയങ്കര ഇഷ്‌ടമാണ്‌്‌. ഉടനെ കല്യാണം കഴിപ്പിച്ചു തരണം. അവളില്ലാതെ ഒരു നിമിഷം ജീവിക്കാന്‍ വയ്യ. മറുപടി ഉടന്‍ ഒട്ടും താമസിയാതെ തരണം.എന്ന്‌്‌ മകന്‍ ജോര്‍ജ്‌കുട്ടി, ഒപ്പ്‌.

കുഞ്ഞപ്പന്‍ ചേട്ടന്റെ മുഖത്ത്‌ നവരസങ്ങളില്‍ കരുണവും, ശാന്തവും ശ്രുംഗാരവും ഒഴിച്ചുള്ളതെല്ലാം മാറിമാറി പ്രത്യക്ഷപ്പെട്ടു. അദേഹം ചോദിച്ചു `ജോര്‍ജ്‌കുട്ടി` - `നിനക്ക്‌ മറുപടി ഉടനെവേണോ, അതോ കാപ്പികുടി കഴിഞ്ഞ്‌മതിയോ?' വിരഹത്തിന്റെ നെരിപ്പോടില്‍ എരിഞ്ഞ്‌ കൊണ്ടിരുന്ന ജോര്‍ജ്‌കുട്ടി പറഞ്ഞു. ഇപ്പം തന്നെ വേണം. പിന്നെ കാപ്പി കുടിച്ചാമതി'. കുഞ്ഞപ്പന്‍ചേട്ടന്‍ എഴുന്നേറ്റ്‌ എച്ചില്‍ കൈ നിവര്‍ത്തി അവന്റെ മുഖമടച്ച്‌ ഒരടി. വെട്ടിയിട്ട ചക്കപോലെ കിടക്കുന്നു വിരഹാര്‍ത്തനായ കാമുകന്‍.

കുഞ്ഞപ്പന്‍ ചേട്ടന്‍പിറുപിറുത്തു. `കൈ കഴുകീട്ട്‌ ഒരെണ്ണം കൊടുക്കാമെന്നോര്‍ത്ത്‌താ. പക്ഷെ എക്ലില്‍കൈ കൊണ്ട്‌തനെ വേണമെന്ന്‌ അവന്‍ നിര്‍ബന്ധം പിടിച്ചാല്‍ ഞാനെന്തു ചെയ്യും. വീഴ്‌ചയില്‍മുന്‍വശത്തെ രണ്ടുപല്ലുപോയി. അഞ്ചാം വയസ്സില്‍പല്ലു പോയതു പോലെയായ്‌ അവന്‍.ഇടക്കാലത്ത്‌ പല്ലുവന്നപ്പോള്‍ `ജോര്‍ജ്‌ക്കുട്ടി' എന്ന്‌ സ്‌ഫുടമായി പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ആയുഷ്‌ക്കാലത്തേക്കാ പേരും അവനും ജോജറുകുട്ടിയായിതീര്‍ന്നു. ഒറ്റയടിയോടെ പ്രേമം പോയവഴി ഏതാണെന്ന്‌ ഇപ്പോഴും ജോജറുകുട്ടിയും നാട്ടുകാരും അന്വേഷിക്കാറില്ല. അന്വേഷിച്ചിട്ട്‌ ഒട്ടു കാര്യവുമില്ല.ജോജറുകുട്ടിയുടെ നഷ്‌ടപ്പെട്ടപക്ലിന്റെവിടവിലൂടെ സാക്ഷാത്‌കരിക്കാത്തല്‌പപ്രേമം ഇടയ്‌ക്കൊക്കെ ലീക്ക്‌ചെയ്‌ത്‌കൊണ്ടിരുന്നു. ദാ വരുന്നു ഒരു ഉഗ്രന്‍പീസ്‌, ഒന്ന്‌ മുട്ടിയാലൊ? അവനിലെ കാമുകന്‍മോഹിച്ചു. പക്ഷെ അക്ഷരങ്ങളെല്ലാം നിയന്ത്രണമില്ലാത്ത കാറ്റില്‍പറന്ന്‌ പൊയ്‌ക്കൊണ്ടിരുന്നു. പ്രേമത്തിന്റെ വിജയത്തിനു പല്ലുകള്‍ ആവശ്യമാണെന്ന്‌ അവന്‍ കണ്ടെത്തി.. ദേപോയി..സുന്ദരിമാര്‍ അവന്റെ മുന്നിലൂടെ പോയികൊണ്ടിരുന്നു.

****************
ദാ വന്നു, ദേ പോയി (നര്‍മ്മഭാവന: ജോസ്‌ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക