Image

അയര്‍ലന്‍ഡില്‍ വിദ്യാരംഭവും മെറിറ്റ്‌ ഈവനിങ്ങും

രാജന്‍ ദേവസ്യ Published on 26 September, 2011
അയര്‍ലന്‍ഡില്‍ വിദ്യാരംഭവും മെറിറ്റ്‌ ഈവനിങ്ങും
അയര്‍ലന്‍ഡ്‌: അയര്‍ലന്‍ഡിലെ കലാ - സാംസ്‌കാരിക സംഘടനയായ `മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ ഒക്‌ടോബര്‍ ആറ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ വിദ്യാരംഭവും മെറിറ്റ്‌ ഈവനിങ്ങും നടത്തും. ഡബ്ലിന്‍ ലൂക്കനിലെ ഫോണ്ട്‌ ഹില്ലിലുള്ള യൂറേഷ്യാ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഡിറ്റോറിയത്തില്‍ ആയിരിക്കും ചടങ്ങുകള്‍ നടക്കുക. പരമ്പരാഗതമായ രീതിയിലായിരിക്കും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുക.

പ്രമുഖ ശാസ്‌ത്രജ്‌ഞനും യൂണിവേഴ്‌സിറ്റി കോളജ്‌ ഡബ്ലിനിലെ (യുസിഡി) കെമിക്കല്‍ ആന്‍ഡ്‌ ബയോ പ്രോസസിങ്‌ എന്‍ജിനീയറിങ്‌ പ്രഫസറുമായ ഡോ. രവീന്ദ്രനാഥന്‍ തമ്പിയായിരിക്കും കുരുന്നുകള്‍ക്ക്‌ ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുന്നത്‌.

കേരള സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും മദ്രാസ്‌ ഐഐടിയില്‍ നിന്ന്‌ പിഎച്ച്‌ഡിയും സമ്പാദിച്ച ഡോ. രവീന്ദ്രനാഥന്‍ തമ്പി സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെനെയിലുള്ള ലബോറട്ടറി ഓഫ്‌ ഫൊട്ടോഫോട്ടോണിക്‌സ്‌ ആന്‍ഡ്‌ ഇന്റര്‍ഫെയ്‌സസിലെ 23 വര്‍ഷത്തെ സേവനത്തിനുശേഷമാണ്‌ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജില്‍ എത്തുന്നത്‌. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി ഗവേഷണ പഠനത്തിനുള്ള മേല്‍നോട്ടം വഹിക്കുന്ന ഇദ്ദേഹം തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്റര്‍ നാഷനല്‍ ജേണല്‍ ഓഫ്‌ മെറ്റീരിയല്‍ സയന്‍സസിലെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗമായും ഡോ. രവീന്ദ്രനാഥന്‍ തമ്പി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഒക്‌ടോബര്‍ ആറിനു മുന്‍പായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌. 2009ല്‍ കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരനും ജ്‌ഞാനപീഠം ജേതാവുമായ പത്മഭൂഷണ്‍ എം.ടി. വാസുദേവന്‍ നായരും 2010ല്‍ കേരളത്തിന്റെ ജനകീയ കവി പ്രഫ. വി. മധുസൂദനന്‍ നായരും ആയിരുന്നു ഡബ്ലിനില്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്‌.

മെറിറ്റ്‌ ഈവനിങ്‌ മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും `മലയാളം മെറിറ്റ്‌ ഈവനിങ്‌ നടത്തും. ജൂനിയര്‍ സര്‍ട്ട്‌, ലിവിങ്‌ സര്‍ട്ട്‌, ഡിഗ്രി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങി പാസായ കുട്ടികള്‍ക്ക്‌ ട്രോഫികള്‍ നല്‍കി `മലയാളം ആദരിക്കുന്നു.

ജൂനിയര്‍ സര്‍ട്ടിന്‌ ഏഴോ അതിലധികമോ വിഷയങ്ങള്‍ക്ക്‌ ഹയര്‍ ലെവലില്‍ എ ഗ്രേഡും ലിവിങ്‌ സര്‍ട്ടിന്‌ അഞ്ഞൂറില്‍ കൂടുതല്‍ പോയിന്റും ഡിഗ്രിക്ക്‌ ഫസ്‌റ്റ്‌ ക്ലാസ്‌ ഹോണേഴ്‌സും നേടിയ കുട്ടികളെയാണ്‌ ആദരിക്കുന്നത്‌. അര്‍ഹരായ കുട്ടികള്‍ക്ക്‌ ഒക്‌ടോബര്‍ ആറിനു നടക്കുന്ന വിദ്യാരംഭ ചടങ്ങിനുശേഷം മെറിറ്റ്‌ ഈവനിങ്ങില്‍ ഡോ. രവീന്ദ്രനാഥന്‍ തമ്പി ട്രോഫികള്‍ വിതരണം ചെയ്യുന്നതാണ്‌.

താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടതിനുശേഷം മാര്‍ക്ക്‌ ലിസ്‌റ്റിന്റെ കോപ്പി അയച്ചു തരേണ്ടതാണ്‌. വി.ഡി. രാജന്‍: 0870573885, ആര്‍. ബാലചന്ദ്രന്‍: 0870652325, സജി ജേക്കബ്‌: 0872642528, കെ. അജിത്‌: 0876565449.
അയര്‍ലന്‍ഡില്‍ വിദ്യാരംഭവും മെറിറ്റ്‌ ഈവനിങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക