Image

പ്രവാസികള്‍ ഇന്ത്യയിലെ സ്വതന്ത്ര വിപണി സാധ്യത പ്രയോജനപ്പെടുത്തണം: മന്ത്രി രവി

Published on 26 September, 2011
പ്രവാസികള്‍ ഇന്ത്യയിലെ സ്വതന്ത്ര വിപണി സാധ്യത പ്രയോജനപ്പെടുത്തണം: മന്ത്രി രവി
ഹേഗ്‌ (നെതര്‍ലന്‍ഡ്‌സ്‌): ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, സ്വതന്ത്ര വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഇവിടെ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇന്ത്യ ഏറ്റവും വളര്‍ച്ചാനിരക്കുള്ള സ്വതന്ത്ര സമ്പദ്‌വ്യവസ്‌ഥ കൂടിയാണ്‌. ഇന്ത്യയിലെ ഹ്രസ്വകാല, ദീര്‍ഘകാല അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ നാടിനും പ്രവാസി സമൂഹത്തിനും നേട്ടമുണ്ടാകും.

അടുത്തകാലത്തു കൈക്കൊണ്ട നയനടപടികള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയ്‌ക്കു തെളിവ്‌. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന നയരൂപീകരണ സമിതി പ്രധാനമന്ത്രിയുടെ ആഗോള ഉപദേശകസമിതിയാണ്‌. ഇതില്‍ ഒട്ടേറെ പ്രവാസി പ്രമുഖര്‍ അംഗങ്ങളായുണ്ട്‌.

മാതൃരാജ്യത്തു കാരുണ്യപ്രവര്‍ത്തനം നടത്താനാഗ്രഹിക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ വികസന കേന്ദ്രം (ഐഡിഎഫ്‌) ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കുന്നു. നിക്ഷേപങ്ങളിലും ബിസിനസിലും താല്‍പര്യമുള്ളവര്‍ ഓവര്‍സീസ്‌ ഇന്ത്യന്‍ ഫസിലിറ്റേഷന്‍ സെന്ററിനെ മാത്രം സമീപിച്ചാല്‍ മതി.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു വോട്ടവകാശം നല്‍കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്‌തതു പ്രവാസി സമൂഹത്തോടു മാതൃരാജ്യത്തിനുള്ള കരുതലിന്‌ ഉദാഹരണമാണെന്നു രവി പറഞ്ഞു.

നെതര്‍ലന്‍ഡ്‌സ്‌ പ്രധാനമന്ത്രി മാര്‍ക്‌ റൂത്ത്‌, ഹേഗ്‌ മേയര്‍ ജെ. വാന്‍ ആര്‍ട്‌സന്‍, സ്‌ഥാനപതിമാരായ ഭസ്‌വതി മുഖര്‍ജി, ബോബ്‌ ഹെന്‍ഷ്‌ തുടങ്ങിയവരും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക