Image

രഞ്‌ജിനിമാര്‍ക്കും കലാചൂഷകര്‍ക്കും കടിഞ്ഞാണിടണം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2013
രഞ്‌ജിനിമാര്‍ക്കും കലാചൂഷകര്‍ക്കും കടിഞ്ഞാണിടണം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌
ന്യൂയോര്‍ക്ക്‌: ഹതഭാഗ്യനായ പ്രവാസി അമേരിക്കന്‍ മലയാളി ബിനോയി ചെറിയാനെ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അപമാനിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്‌ത പക്വതയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ `നിയമപാലകര്‍' എന്നറിയപ്പെടുന്ന ഏറാന്‍മൂളികളായ പോലീസുകാരുടേയും നടപടി വിവാദമായിരിക്കുകയാണല്ലോ. സെലിബ്രിറ്റി ജ്വരം തലയ്‌ക്കുപിടിച്ച്‌ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ നമ്മുടെ നാട്ടിലല്ലാതെ വേറെങ്ങും നടപ്പിലാകില്ലെന്ന്‌ ഓരോ മലയാളിക്കുമറിയാം. മലയാളത്തിലെ പ്രശസ്‌തമായ ഒരു ചാനലിന്റെ സ്‌ക്രീനില്‍ ഏതാനും വര്‍ഷങ്ങളായി മലയാള ഭാഷയേയും സംസ്‌കാരത്തേയും വികലമാക്കിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടി ബിനോയി പീഢനത്തിലൂടെ സ്‌ത്രീ സുരക്ഷിതത്വ നിയമങ്ങളേയും, സ്‌ത്രീ സ്വാതന്ത്ര്യത്തേയും ദുരുപയോഗം ചെയ്‌തു എന്നുള്ളതാണ്‌ ഇതിലൊളിഞ്ഞിരിക്കുന്ന വലിയ അപകടകരമായ വസ്‌തുത. അതിക്രമം കാട്ടിക്കൂട്ടിയിട്ട്‌ തടിതപ്പാനും മനപ്പൂര്‍വ്വമായി പ്രശ്‌നമുണ്ടാക്കി സ്ഥിതി വഷളാക്കുവാനുമാണ്‌ ഉന്നത പോലീസ്‌ അധികാരികളുമായി ഫോണിലൂടെ ബന്ധപ്പെട്ടത്‌. വിമാനത്താവളത്തിനുള്ളില്‍ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ വേണ്ട പോലീസുകാര്‍ 24 മണിക്കൂറുമുള്ള സ്ഥലംതന്നെയാണ്‌ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളം. ബിനോയി ചെറിയാന്‍ സ്വന്തം ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും മുന്നില്‍ വെച്ച്‌ തന്നെ കടന്നാക്രമിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്‌തു എന്നൊക്കെയായിരിക്കും ആ പെണ്‍കുട്ടി പോലീസിനു നല്‍കിയ പരാതി. ഉന്നതോദ്യോഗസ്ഥന്റെ ഉത്തരവ്‌ നടപ്പാക്കാന്‍ ബാധ്യതയുള്ള സാദാ പോലീസിന്‌ അറസ്റ്റ്‌ ഒഴിവാക്കാനാവില്ലല്ലോ.

പരാതിക്കാരി ആരുമായിക്കൊള്ളട്ടെ. സിനിമാ-സീരിയല്‍ നടിയോ അവതാരകയോ, രാഷ്‌ട്രീയക്കാരിയോ ആരായാലും തങ്ങളുടെ ദുര്‍വാശിയും വാദവും ജയിക്കുവാനായി പീഢന ആരോപണം ഉന്നയിക്കുന്ന പ്രവണത അംഗീകരിച്ചുകൂടാ. സ്‌ത്രീ-ബാല-പുരുഷ പീഢന വിരുതര്‍ക്ക്‌ തക്കതായ ശിക്ഷ കൊടുക്കുമ്പോള്‍ തന്നെ പീഢനവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക്‌ നല്ല ശിക്ഷ നല്‍കുവാനും നിരപരാധികള്‍ ശിക്ഷിക്കപ്പെടില്ല എന്നുറപ്പുവരുത്തുവാനും നിയമപാലകര്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. ഇതൊക്കെ നടപ്പിലാകുമ്പോള്‍ രഞ്‌ജിനിമാരുടെ വിളയാട്ടങ്ങള്‍ താനെ നില്‍ക്കും.

കള്ളക്കേസ്‌ കെട്ടിച്ചമച്ചതിനും മാനസീക സംഘര്‍ഷവും അപമാനവും നേരിട്ടതിനും കോടതിയില്‍ കേസ്‌ നല്‍കുക തന്നെയാണ്‌ ബിനോയി ചെയ്യേണ്ടത്‌. ഇക്കാര്യം കാട്ടി വനിതാ കമ്മീഷനും പരാതി നല്‍കി സത്വര നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടണം. നാടിന്റെ സമ്പദ്‌ഘടനയില്‍ മുഖ്യ പങ്കുവഹിക്കുന്ന വിദേശ മലയാളിക്ക്‌ അകാരണമായി നേരിടേണ്ടിവരുന്ന ദുരവസ്ഥയെപ്പറ്റി മുഖ്യമന്ത്രി, ആഭ്യന്തര-പ്രവാസി മന്ത്രിമാര്‍, ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കുവാന്‍ നാം ഓരോരുത്തരും തയാറാവണം.

നിയമലംഘനങ്ങളും പ്രവാസികളെ അപമാനിക്കുകയും ചെയ്യുന്ന `സെലിബ്രിറ്റി'കള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇത്തരക്കാരുടെ പരിപാടികള്‍ കൂട്ടമായി ബഹിഷ്‌കരിക്കാന്‍ നാം ആര്‍ജ്ജവം കാണിക്കണം. ആണ്ടുതോറും ചില്ലറ നേരമ്പോക്കുകളുമായി നാട്ടില്‍നിന്നുമെത്തുന്ന സിനിമ-സാരിയല്‍-കലാ പ്രവര്‍ത്തകരെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ്‌ എന്നും അമേരിക്കന്‍ മലയാളികള്‍. ഈ കലാപ്രവര്‍ത്തകരേയും സംഘാടകരേയും മുതലെടുത്ത്‌ പണം തട്ടുന്ന ഒരു ചെറിയ സമൂഹം ഇന്ന്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ടെന്ന കാര്യം മറച്ചുവെയ്‌ക്കാനാവില്ല. രണ്ടും മൂന്നും മാസം പരിശീലനം നടത്തി വരുന്നവരാണ്‌ മിക്ക സംഘങ്ങളും. അതോടൊപ്പം ഏതാണ്ട്‌ ഒരു വര്‍ഷത്തെ പരിശ്രമത്തിന്റേയും ആഗ്രഹത്തിന്റേയും ഫലമായാണ്‌ കലാസ്‌നേഹികളായ സംഘാടകര്‍ ഇവരുടെ സ്‌പോണ്‍സര്‍മാരാകുന്നത്‌. അമേരിക്കയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ആതിഥ്യമരുളുന്നവരാകട്ടെ സാംസ്‌കാരിക-മത സംഘടനകളോ, ആരാധനാലയങ്ങളോ ആവും. ഇവരുടെ മധ്യേ ബ്രോക്കര്‍മാരായി കടന്നുകൂടി വന്‍തുക പോക്കറ്റിലാക്കുന്ന വിരുതന്മാര്‍ അവഹേളിക്കുന്നത്‌ കലാപ്രവര്‍ത്തകരേയും, കലയോട്‌ പ്രതിപത്തിയുള്ള സംഘാടകരേയും, ആതിഥ്യമരുളുന്നവരേയും, എല്ലാറ്റിലുമുപരി സഹൃദയരായ മലയാളി പ്രേക്ഷകരേയുമാണ്‌. സാമൂഹ്യ-സാംസ്‌കാരിക-മത സംഘടനകളുടെ ലേബലില്‍ അറിയപ്പെടുന്ന ചുരുക്കം ചില വിരുതന്മാര്‍ ഒന്നിച്ചുകൂടി സംഘടനയുടെ പേരിലെന്ന്‌ തോന്നിക്കത്തക്കവിധം പരിപാടികള്‍ നടത്തി പണം പിടുങ്ങുന്നതും ലജ്ജാകരം തന്നെ.
രഞ്‌ജിനിമാര്‍ക്കും കലാചൂഷകര്‍ക്കും കടിഞ്ഞാണിടണം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌
Join WhatsApp News
George Jacob 2013-05-23 23:20:22
Raju, you are absolutely right. Thoughtful article. Good luck.  GJ
Tom 2013-05-24 16:53:35
Please show us what yours' and other similar associations could do to prevent future problems like this. in creative actions not propaganda statements. So far NO Malayalee associations did nothings. Now we don't hear about OCI; it may fade just like that when other similar issues come.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക