Image

യുവഹൃദയങ്ങളുടെ `ഹോളി ഷിറ്റ്‌'

Published on 23 May, 2013
യുവഹൃദയങ്ങളുടെ `ഹോളി ഷിറ്റ്‌'
നവാഗതനായ ജോണ്‍സണ്‍ വി. ദേവസി സംവിധാനംചെയ്യുന്ന ഹോളി ഷിറ്റ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായി.

പുതുമുഖങ്ങളായ അസ്‌കര്‍ അലി, വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, സുമിത്‌ സമുദ്ര, അജയ്‌ ഘോഷ്‌ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാണ്‌. മാളവിക ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ്‌ കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സ്വാതി, ലിന്റാ തോമസ്‌ എന്നിവരാണ്‌ നായികമാര്‍. ജയരാജ്‌ സെഞ്ച്വറി, സിനാജ്‌ ചങ്ങനാശേരി, അഞ്‌ജലി അനീഷ്‌, ഗീതാ മാത്തന്‍, ദീപിക എന്നിവരാണ്‌ മറ്റു താരങ്ങള്‍.

കാമറ- അനീഷ്‌ ബാബു. സംവിധായകന്‍ ജോണ്‍സണ്‍ വി. ദേവസിയോടൊപ്പം ഫഹദ്‌, ഷെഫീഖ്‌ എന്നിവര്‍ ചേര്‍ന്ന്‌ തിരക്കഥ, സംഭാഷണം എഴുതുന്നു.

കൊച്ചിയിലെ ഹൃദയഭാഗത്തുതന്നെയുള്ള പ്രശസ്‌ ത ഫ്‌ളാറ്റില്‍ ഒരുമിച്ചു താമസിക്കുന്ന നാലു ചെറുപ്പക്കാര്‍. ഇവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ തീവ്രമായ ബന്ധമുണ്‌ട്‌. യൗവനത്തിന്റെയും കാലത്തിന്റെയും മാന്ത്രികത മനസില്‍ തുളുമ്പിനില്‍ക്കുന്ന ഈ നാല്‍വര്‍ സംഘത്തില്‍ അല്‍പം കുസൃതിത്തരങ്ങളുമുണ്‌ട്‌. പരസ്‌പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും കെട്ടുറപ്പില്‍ കഴിയുന്ന ഇവര്‍ക്കിടയില്‍ ഒരൊറ്റ മനസേയുള്ളു.

ഒരിക്കല്‍ കടലില്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യന്‍ മറയുന്ന നേരത്ത്‌ ഇവര്‍ ആരംഭിച്ചിരുന്നു ഒരു ചെറിയ മദ്യപാന കൂട്ടായ്‌മ. ലഹരിയില്‍ അലിഞ്ഞുചേര്‍ന്ന ചിത്രങ്ങളില്‍നിന്നും തുടര്‍ന്നു പുറത്തേയ്‌ക്കുവന്ന ബുദ്ധിക്ക്‌ കൂടുതല്‍ ആവേശം. അന്നേരം അവര്‍ ഒരുമിച്ച്‌ ഒരു തീരുമാനമെടുത്തു. വളരെ യാദൃശ്ചികമായി എടുത്ത ആ തീരുമാനത്തിന്‌ അവരുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്‌ടായിരുന്നു.

പക്ഷേ, പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോഴാണ്‌ അവര്‍ എടുത്ത തീരുമാനത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത്‌. നാലുപേരുംകൂടി എടുത്ത ആ തീരുമാനത്തില്‍നിന്നും ഓരോരുത്തരും പരസ്‌പരം അറിയാതെ സ്വയം രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു. അതിനായി ഒറ്റയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള അവരുടെ ശ്രമങ്ങള്‍ക്കിടയില്‍ അവര്‍ തിരിച്ചറിയുകയാണ്‌ ആ തീരുാനം വളരെ മഹനീയമാണെന്ന്‌. ലോകത്തില്‍ മറ്റൊരു ചെറുപ്പക്കാരനും എടുക്കാത്ത ഒരു തീരുമാനമാണ്‌ അവര്‍ അന്നെടുത്തത്‌. അത്‌ അവരെ സന്തോഷിപ്പിക്കുന്നു. അവര്‍ വീണ്‌ടും സൗഹൃദസന്ധ്യകള്‍ ആസ്വദിക്കുന്നു.

എന്നാല്‍, ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു പ്രതിസന്ധി രൂപപ്പെട്ടുവരുകയായിരുന്നു. തുടര്‍ന്ന്‌ അവരുടെ ജീവിതത്തിലുണ്‌ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ്‌ ഹോളി ഷിറ്റ്‌ എന്ന ചിത്രത്തില്‍ ദൃശ്യവത്‌കരിക്കുന്നത്‌. - എ.എസ്‌. ദിനേശ്‌
യുവഹൃദയങ്ങളുടെ `ഹോളി ഷിറ്റ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക