Image

മുഖമടച്ച്‌ അടി സമം പ്രവാസി (പോളി വര്‍ഗീസ്‌)

Published on 21 May, 2013
മുഖമടച്ച്‌ അടി സമം പ്രവാസി (പോളി വര്‍ഗീസ്‌)
സിനിമ., ടി.വി , മിമിക്രി, താരങ്ങള്‍ എന്നൊക്കെ കേട്ടാല്‍ എല്ലാം തികഞ്ഞവര്‍ എന്ന്‌ ധരിച്ച പ്രവാസികള്‍ക്ക്‌ ഒരു താരം മുഖമടച്ചു കൊടുത്തപ്പോള്‍ ആണ്‌ മനസിലായത്‌, സത്യത്തില്‍ ഫ്‌ലൈറ്റ്‌ കയറുന്നത്‌ വരേയുള്ളു ഇവരുടൊക്കെ പ്രവാസി സ്‌നേഹം എന്ന്‌.

മരുഭൂമിയില്‍ വെന്തുരുകുന്നവരുടെ വേദനകളില്‍, പ്രവാസി ദളിതുകള്‍ എന്ന്‌ വിളിക്കാവുന്ന കൂട്ടിയിടപെട്ട , ആരും അറിയാത്ത ലേബര്‍ ക്യാമ്പുകള്‍ താരങ്ങള്‍ക്ക്‌ കേട്ട്‌ കേള്‍വി പോലും ഉണ്ടാവില്ല. എന്തിനു കേരളത്തിലെ സകല സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഇക്കുട്ടര്‍ മൗനികളാണ്‌. സത്യം പറഞ്ഞാല്‍ പുര കത്തുമ്പോള്‍ വഴ വെട്ടുക, കഴുകോല്‍ ഊരുക എന്നീ കലകളില്‍ ഇവര്‍ തികഞ്ഞ പ്രാവീണ്യമുള്ളവരാണ്‌ താനും.

താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ വെറും കറവപ്പശുക്കള്‍ മാത്രമാണ്‌. ഒന്നുകില്‍ തന്റെ പരിവേഷത്തില്‍ മരിച്ചു പോകുന്ന ഈയ്യാമ്പാറ്റകള്‍, അല്ലെങ്കില്‍ തങ്ങളുടെ പേക്കൂത്തുകള്‍ പരീക്ഷിക്കപെടാനുള്ള ഗിനി പന്നികള്‍. ചിലപ്പോള്‍ നിര്‍മ്മാതാവൊ , സ്‌പോണ്‍സറോ ആക്കി ഒരു കുമിളയില്‍ ഉയര്‍ത്തി നിര്‍ത്തി അവസാന രക്തം വറ്റുന്നത്‌ വരെ പിഴിഞ്ഞെടുക്കുക്കയും ചെയ്യും. താരങ്ങള്‍ ഒരു സിനിമയില്‍ സമ്മത പത്രം രേഖപെടുത്തുമ്പോള്‍ തന്റെ പരിവേഷത്തിന്റെ വിദേശ വില്‍പ്പനയും ചേര്‍ത്താണ്‌ വില്‍ക്കപെടുന്നത്‌ അതും പ്രവാസികളുടെ പോക്കറ്റിന്റെ ഭാരത്തെ ആശ്രയിച്ചു തന്നെ, അതിന്നു പുറമേ ആണ്‌ 'സ്റ്റാര്‍ ഷോ' പോലെ ഉള്ള പേക്കൂത്തുകളും. ഇതെല്ലാം കോടിക്കണക്കിനു രൂപയ്‌ക്കു ടി വി ചാനലുകള്‍ക്ക്‌ വില്‍ക്കപെടുകയും ഇവര്‍ വീണ്ടും പ്രവാസികളുടെ സ്വീകരണ മുറികളില്‍ കയറി അലോസരപെടുത്തുകയും ചെയ്യും. അങ്ങിനെ അവസാനം വരെ പ്രവാസികളുടെ വിയര്‍പ്പ്‌ ഊറ്റിയെടുക്കപ്പെട്ടിട്ട്‌ തിരസ്‌കരിക്കപെടും.

താരങ്ങളോടും, താര പരിവേഷങ്ങളോടുമുള്ള പ്രവാസികളുടെ ആര്‍ത്തി അവരുടെ കുടുംബ ബജറ്റ്‌ തന്നെ തകര്‍ത്ത്‌ അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി നിര്‍മ്മിച്ച കൊട്ടാരവും കൂരയും വിറ്റ്‌ കടം തീര്‍ത്ത ചരിത്രം ഉണ്ട്‌. ഇതിന്നിടയില്‍ ഭാര്യ ഭര്‍ത്തൃ ബന്ധം തന്നെ പിരിയുന്നതിലേക്ക്‌ എത്തിച്ചേര്‍ന്ന കഥകള്‍ വേറെ.

അപ്പോഴോക്കെ ഈ അവതാരങ്ങള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു. ഒരു സഹായ ഹസ്‌തം നീട്ടും എന്ന്‌ ആശി ക്കുന്നു എങ്കില്‍ ഓരോ പ്രവാസിയും വിഡ്‌ഢികളുടെ ലോകത്തില്‍ ആണ്‌ ജീവിക്കുന്നത്‌ എന്ന്‌ പറയേണ്ടി വരും..

ലോകത്ത്‌ എവിടെയും പുത്തന്‍ കോളനി പുനസൃഷ്ട്‌ടിക്കുന്ന സാമ്രാജ്യത്വ സമ്പത്ത്‌ വ്യവസ്ഥ പ്രതി സന്ധികളിലേക്കാണ്‌ നീങ്ങുന്നത്‌. പണം കൊണ്ട്‌ പണം ഉണ്ടാക്കാം എന്ന മനുഷ്യത്വ രഹിതമായ ഷൈലോക്കിയന്‍ തീയറിയുടെ പ്രതിബിംബങ്ങള്‍ ആര്‍ത്തിയുടെ ലോകമാണ്‌ നിര്‍മ്മിക്കുന്നത്‌. ഇത്തരമൊരു വ്യവസ്ഥയെ ആലിംഗനം ചെയ്യുന്ന ഇന്ത്യന്‍ വ്യവസ്ഥ വെറും ഒരു കുമിളയായി മരിക്കുമ്പോള്‍ കേരളത്തിനു പ്രവസികളുടെ രക്തവും വിയര്‍പ്പും മൂലക്കല്ലായി രൂപാന്തരം സംഭവിച്ചിരിക്കുന്നു. ഇതാണ്‌ പ്രവാസികളുടെ ശക്തമായ സംഭാവന. മുതലാളിത്വം മനുഷ്യനും മനുഷ്യനും തമ്മില്‍ രൊക്കം പണത്തിന്റെ ബന്ധം ഒഴികെ ഒന്നും ബാക്കി വെക്കില്ല എന്ന സത്യം നാം മറന്നു പോകുന്നത്‌ തന്നെ മനുഷ്യ ദൈവങ്ങളും, താരങ്ങളുടെ പരിവേഷങ്ങളും ഒരു ജനതയെ വിഴുങ്ങി കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്‌.

ജനത അതിന്റെ പ്രയാണം ആരംഭിക്കുന്നത്‌ ഒരു പ്രഭാതത്തില്‍ അല്ല. അതിനു രാഷ്ട്രീയവും, ഭൂമി ശാസ്‌ത്ര പരവുമായ കടമ്പകള്‍ ഉണ്ട്‌. ഭാഷയുണ്ടാവുന്നതിനു മുന്‌പ്‌ കലാ രൂപകങ്ങള്‍ ജനങ്ങളുടെ ആയാസരഹിതമായ നിത്യ വൃത്തികള്‍ക്ക്‌ വേണ്ടി രൂപം കൊണ്ടതാണ്‌, അതായത്‌ തനതു ക്ലാസിക്കല്‍ കലാരൂപങ്ങള്‍ മണ്ണിനും മനുഷ്യനും തമിലുള്ള സംവാദമാണ്‌ എന്ന്‌ അര്‍ത്ഥം. അതില്‍ ചരിത്രം ഉറങ്ങുന്നുണ്ട്‌, കണ്ണുനീര്‍ ഉണ്ട്‌, അന്വേഷണം ഉണ്ട്‌, ഒരു സ്വാതന്ത്ര്യ സമരത്തിന്റെ പ്രഖ്യാപനം ഉണ്ട്‌.

പ്രവാസികളുടെ കുട്ടികള്‍ മലയാളം പഠിക്കണം, ഇന്ത്യന്‍ സംസ്‌ക്കാരത്തെ തൊട്ടു അറിയണം എന്ന്‌ ഒരു ഭാഗത്ത്‌ വിളിച്ചു പറയുകയും മറുഭാഗത്ത്‌ പരിചയപെടുത്തുന്നത്‌ സിനിമാറ്റിക്‌ നൃത്തരൂപവും താരങ്ങളുടെ കോമാളി കളികളും മാത്രമാണ്‌, എന്താണാവോ ഈ സിനിമാറ്റിക്‌ രൂപങ്ങളില്‍ നിന്നും, പൊട്ടികരഞ്ഞു പോകുന്ന മിമിക്രി പോക്കൂത്തുകളില്‍ നിന്നു പ്രവാസി തലമുറകള്‍ക്ക്‌ ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച്‌ പഠിക്കാന്‍ ഉതകുന്നത്‌ എന്ന്‌ എത്ര ഓര്‍ത്തിട്ടും മനസിലാവുന്നില്ല.

ഒരിക്കല്‍ ഒരു അമേരിക്കന്‍ വീട്ടമ്മ സംസരിചത്‌ ഇങ്ങനെ ആണ്‌ ``എന്റെ മക്കള്‍ മലയാളിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നതില്‍ അഭിമാനിക്കുന്നു , അവര്‍ ഇപ്പോള്‍ മലയാളം സിനിമകള്‍ ധാരാളം കാണുന്നു വൈകീട്ട്‌ സിനിമാറ്റിക്‌ ഡാന്‍സ്‌ പിന്നെ കാരത്തെ ``

ഇതില്‍ എവിടെ ആണ്‌ മലയാളവും സംസ്‌കാരവും എന്നു മനസിലാകുന്നില്ല. അതായതു സിനിമ മിമിക്രി താരങ്ങളുടെ അസ്വസ്ഥ ജനകമായ ഈ പരിവേഷമാണ്‌ തനതു കലരൂപകങ്ങള്‍ എന്ന്‌ തെറ്റ്‌ ധരിപ്പിക്കപെട്ടിരിക്കുന്നു. എന്നാല്‍ അപൂര്‍വ്വം പ്രവാസികളുടെ സാഹിത്യ സംഗീത രംഗത്തും ഉള്ള സംഭാവനകള്‍ ശ്ലാഘനീയമാണ്‌. പേര്‌ എടുത്തു പറഞ്ഞാല്‍ തീരുകയില്ല അത്ര വലുതാണ്‌ ആ പട്ടിക.

എത്ര മലയാളി സംഘടനകള്‍ ക്ലാസിക്കല്‍ തനതു രൂപങ്ങള്‍ പ്രവാസികള്‍ക്ക്‌ പരിചയപെടുത്തു ഉണ്ട്‌ എന്നു ചോദിചാല്‍ അപമാനം ഏറെ ആണ്‌ മറുപടി. കഴിഞ്ഞ ദിവസം ഒരു കത്തോലീക്ക ദേവാലയം സംഘടിപ്പിക്കുന്ന `` മിമിക്രി റിമി ടോമി ഷോ'` പരസ്യം കണ്ടു അറിയാതെ ഞാനും പറഞ്ഞു പോയി, യു ടൂ ബ്രൂട്ടസ്‌ എന്റെ ആലയം കച്ചവട കേന്ദ്രമാക്കരുത്‌ ....``

കേരളത്തിന്റെ കഥകളിയും, തെയ്യവും, തിറയും, കാക്കാരശിയും, കൂത്തും, കൂടിയാട്ടവും, അത്‌ പോലെ കര്‍ണാട്ടിക്‌ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവുമൊക്കെ ഒക്കെ ചേര്‍ന്നതാണ്‌ ഇന്ത്യയുടെ ഹൃദയം എന്ന്‌ പറയുന്നത്‌. അത്തരം കലാകാരന്മാരെ കുറിച്ചും അവര്‍ അനുഭവിക്കുന ദാരിദ്ര്യത്തെ കുറിച്ചും അന്യമായി പോകുന്ന കലകളെയും ഒക്കെ ആണ്‌ പ്രവാസികള്‍ പരിചയപെടേണ്ടത്‌. ഒരു ജീവിതം തന്നെ ഉപാസനയായി മാറ്റിയ ഇത്തരം കലാകാരന്മാര്‍ക്കും കലകള്‍ക്കും ജീവശ്വാസമായി അത്‌ പരിണമിക്കും. അത്‌ താര വൈകൃതങ്ങള്‍ക്ക്‌ എത്രയോ മുകളിലുള്ള സാമൂഹികവും സര്‍ഗ്ഗാതമകവുമായ സന്നദ്ധ പ്രവര്‍ത്തനവും കൂടി ആണ്‌ എന്ന്‌ അറിയുക.

കേരളത്തിന്റെ ആശാനും, തുഞ്ചനും, കുഞ്ചനും, വള്ളത്തോളും, ഉള്ളൂരും, ചെറുശ്ശേരിയും, ഇടശേരിയും, ഇടപ്പിള്ളിയും, സി വി രാമന്‍ പിള്ളയും, ചന്ദു മേനോനും,സജ്ജയനും, ബഷീറും, തകഴിയും,കോവിലനും കാക്കനാടനും ഒക്കെ അടങ്ങുന്ന മഹത്തായ ചരിത്രവുമടങ്ങുന്ന ഒരു അക്ഷര ലോകമാണ്‌ യഥാര്‍ത്ഥത്തില്‍ പ്രവാസി തലമുറകള്‍ തിരിച്ചറിയേണ്ടത്‌.

മലയാളികളുടെ ഉന്നമനത്തിനു വേണ്ടി രൂപം കൊണ്ട ഫോമയും ഫൊക്കാനയും മറ്റിതര സംഘടനകള്‍ പോലും സിനിമ താരങ്ങളുടെ സംഘാടക സമിതികള്‍ ആയി മുരടിച്ചു പോയോ എന്ന്‌ സംശയിക്കുന്നതില്‍ തെറ്റ്‌ ഉണ്ടാകുകയില്ല.

പ്രവാസികളുടെ തലമുറകള്‍ക്ക്‌ ആസ്വദിക്കാനും കേള്‍ക്കാനും പരിചയപെടാനും യഥാര്‍ത്ഥ ഇന്ത്യന്‍ കലാരൂപങ്ങള്‍ തന്നെ ആണ്‌ വേണ്ടത്‌. അതിലൂടെ മാത്രമേ സാംസ്‌കാരികവും ചരിത്രപരവുമായ ബോധ നിലവാരത്തില്‍ ചിന്തിക്കുന്ന തലമുറകള്‍ പിറക്കുകയുള്ളൂ. കാരണം ഒരു ഭാഷക്ക്‌ പിറകില്‍ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ നൂറ്റാണ്ടുകളുടെ സമര ചരിത്രങ്ങള്‍ ഉണ്ട്‌, ഇനിയെങ്കിലും അത്‌ പ്രവാസികള്‍ തിരിച്ചറിഞ്ഞില്ലായെങ്കില്‍ `` മുഖമടച്ചു അടി സമം പ്രവാസി`` എന്ന അര്‍ത്ഥം എഴുതി ചേര്‍ക്കപെടും. അത്‌ തീര്‍ത്തും ദുഖകരമാണ്‌, വിലപിച്ചിട്ട്‌ കാര്യമില്ല! ഇനി പ്രവര്‍ത്തി ആണ്‌ ആവിശ്യം.

പ്രവാസികളുടെ സ്‌നേഹവും സഹകരണവും ഞാന്‍ ആവോളം അനുഭവിച്ചിട്ടുണ്ട്‌ , അവരുടെ വിയര്‍പ്പിന്റെ വില ആണ്‌ പലപ്പോഴും എനിക്ക്‌ ഭക്ഷണമായത്‌ എന്റെ സംഗീത യാത്രകള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌ എന്ന സത്യം തന്നെ ആണ്‌ ഇത്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌!

നിങ്ങളുടെ സ്വന്തം പോളി വര്‍ഗീസ്‌
മുഖമടച്ച്‌ അടി സമം പ്രവാസി (പോളി വര്‍ഗീസ്‌)
Join WhatsApp News
Thomas K.Varghese 2013-05-23 08:33:41
ഇന്ന് മലയാളി സമൂഹം ചിന്തിക്കാനും പ്രതീകരിക്കാനും മടി ഉള്ള അലസ്സിഅവും  ഉന്മാദവും  കൈ മുതലുള്ള  ഒരു സമൂഹമായി മാറി കൊണ്ടിരിക്കുന്നു .    
           ഗന്ഭിര ആർട്ടിക്കിൾ.    കൂടുതൽ  കേള്കാൻ ആഗ്രഹം ഉണ്ട്.
                                                  ടി.കെ.വി.  
RAJAN MATHEW DALLAS 2013-06-07 10:17:49
കൂടുതൽ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്തു, എല്ലാം നശിപ്പിച്ചു, വിദ്യാഭ്യാസവും നല്ലവണ്ണം മുഴുമിപ്പിക്കാതെ,(ഞാനടക്കം) പ്രവാസി ജീവിതത്തിലേക്ക് ഒളിച്ചോടി, ഒരു വിദം കരപറ്റിയവരല്ലെ മിക്കവരും ? ചിരി മറന്നുപോയ ഈ പാവങ്ങൾ നാട്ടിലെ കോമാളികളുടെ കോപ്രായങ്ങൾ കണ്ടെഗ്ഗിലും ഒന്ന് ചിരിച്ചു പോയാൽഅവരെ കുറ്റം പറയാൻ ആകുമോ ? 
ചേലക്കര നമ്പൂതിരി 2013-06-07 17:12:14
അമേരിക്കയിലെ നേതാക്കൾ ചമഞ്ഞു നടക്കുന്ന കോമാളികൾ കണ്ടു നോം കുമ്പ കുലുക്കി ചിരിക്കാറുണ്ട്. എന്താ കഥ ഓരോ അവന്മാരുടെ ആട്ടം കണ്ടാൽ ചിരിക്കാതിരിക്കാൻ പറ്റോ . ഇവന്മാരെ എല്ലാം പിടിച്ചു ഒരു കൂട്ടിലിട്ടു എല്ലാ പട്ടണങ്ങളിലും കൊണ്ട്  ചുറ്റി, ഇടയ്ക്കിടയ്ക്ക് അല്പം പൊക്കി, വായിന്നു വരണ വിഡ്ഢിത്വം കേട്ടാൽ ദുഖിചിരിക്കണ നിങ്ങളെ പോലുള്ളവർക്ക് ഒന്ന് ചിരിക്കാൻ പറ്റൊലോ. നാട്ടിന്നു ഈ മുഷുക്കു പിടിച്ച പെണ്ണുങ്ങളെ കൊണ്ടുവന്നു അവരുടെ വായിലിരിക്കണ കേക്കേം വേണ്ട, എന്നാ നമ്മക്ക് അങ്ങോടു തൊടങ്ങി കളയാം അല്ലെ 


ഉടക്ക് വാസു 2013-06-07 19:38:38
രാവണൻ വായിച്ചോണ്ടിരിന്ന ഗിത്താർ ആയിരിക്കും  അല്ലെ  ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക