Image

രമേശ്‌ മന്ത്രി ആകരുത്‌: ഡോ ഡി. ബാബുപോള്‍ ഐ.എ.എസ്‌

Published on 22 May, 2013
രമേശ്‌ മന്ത്രി ആകരുത്‌: ഡോ ഡി. ബാബുപോള്‍ ഐ.എ.എസ്‌
1. മന്ത്രിസഭക്ക്‌ രണ്ടു വയസ്സായി. കോണ്‍ഗ്രസുകാര്‍ക്ക്‌ ഇരിക്കപ്പൊറുതി ഇല്ലാതായി. മന്ത്രിസഭ പുന:സംഘടിപ്പിക്കണം. നമ്മുടെ ലീഡര്‍ ഒരു മന്ത്രിസഭയെ പണ്ട്‌ ഇങ്ങനെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. പരശുരാമനെ ഇറക്കുക, ബലരാമനെ കയറ്റുക; മത്തായിയെ മാറ്റുക, മാര്‍ക്കോസിന്‍െറ സുവിശേഷം പഠിക്കുക; ഹസനെ മാറ്റുക, ഹുസൈനെ വിളിക്കുക. തെരഞ്ഞെടുപ്പായപ്പോള്‍ ജനം ലീഡറെ തന്നെ മാറ്റി.

2. അഞ്ചുവര്‍ഷത്തേക്കാണ്‌ മന്ത്രിമാരെ ആക്കുന്നത്‌. അതിനിടെ അവിചാരിതമായി ഒഴിവുകളുണ്ടാകാം. ആരോപണവിധേയരായവരെ മാറ്റേണ്ടി വരാം. കൊമ്പനെ എഴുന്നള്ളിക്കുന്നതിനിടെ പിടി പിടിമുറുക്കിയാല്‍ തളയ്‌ക്കേണ്ടി വരാം. എങ്കിലും പൊതുവെ ജനം പ്രതീക്ഷിക്കുന്നത്‌ ഭരണമാണ്‌, ഇടക്കിടെയുള്ള ഭരണമാറ്റം അല്ല.

3. ഉമ്മന്‍ചാണ്ടി നല്ല മുഖ്യമന്ത്രിയാണ്‌. ജനങ്ങള്‍ക്ക്‌ തൊട്ടറിയാം. സ്വാഗതപ്രസംഗങ്ങള്‍ നടക്കുമ്പോഴല്ലാതെ ഉറക്കം പോലും ഇല്ല; അത്രക്ക്‌ കഠിനമായി ജോലി ചെയ്യും. കൈക്കൂലി വാങ്ങിച്ചെന്നോ വകയിലൊരനന്തരവന്‌ ഭൂമിദാനം ചെയ്‌തെന്നോ ഒന്നും ആരും പറയുകയില്ല. തീരുമാനങ്ങള്‍ വേഗം എടുക്കും. പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ വിമുഖതയോ ഭയമോ ഇല്ല. രണ്ടുകൊല്ലം കൊണ്ട്‌ സുതാര്യകേരളം എന്ന ടി.വി പരിപാടി ഒന്നുകൊണ്ടുമാത്രം ജനഹൃദയങ്ങളില്‍ കൊട്ടാരം കെട്ടി ഈ മുഖ്യമന്ത്രി. ഇദ്ദേഹത്തെ കാലാവധിക്കുമുമ്പ്‌ ഇറക്കി വിടണമെന്ന്‌ പറയാതിരിക്കുന്നവരാണ്‌ വി.എസ്സും പിണറായിയും. അവര്‍ക്ക്‌ അഭിപ്രായ ഐക്യമുള്ള ഒരേയൊരു സംഗതി ക്‌ളിഫ്‌ഹൗസില്‍ ഉ.ച. തുടരണം എന്നതാണ്‌. അതിനിടെ വെറുതെ രമേശിനെ വലിച്ചിഴച്ച്‌ സര്‍ക്കാറിനെ അലോസരപ്പെടുത്തുകയും കോണ്‍ഗ്രസിലെ അനൈക്യവും ഗ്രൂപ്പിസവും ആവര്‍ത്തിച്ച്‌ വിളംബരം ചെയ്യുകയും, പണ്ട്‌ മുരളി പോയ വഴി തന്നെ രമേശിനും ആധാരമാക്കുകയും ചെയ്യുന്നതിനെ കലികാലവൈഭവം എന്ന പദം കൊണ്ടല്ലാതെ വിവരിപ്പാനെളുതല്ല മേല്‍.

4. രമേശ്‌ എന്നും എന്നെ സ്വന്തം അമ്മ പെറ്റ ജ്യേഷ്‌ഠനായാണ്‌ കരുതിയിട്ടുള്ളത്‌. മന്ത്രിയാവുന്നതിന്‌ മുമ്പും മന്ത്രിക്കസേര ഇളകി തെരഞ്ഞെടുപ്പ്‌ സൂനാമിയില്‍ വീണതിന്‌ പിമ്പും ഒരുപോലെ. ലോക്‌സഭാംഗം ആയിരിക്കുമ്പോഴും തേരാപാരാ നടക്കുമ്പോഴും വ്യത്യാസംഇല്ല. ഈയിടെ കണ്ടിട്ട്‌ കുറെക്കാലമായെങ്കിലും ഞങ്ങളുടെ ഭ്രാതൃഭാവത്തിന്‍െറ ഊഷ്‌മളത ഞാന്‍ തിരിച്ചറിയുന്നതുപോലെ രമേശും തിരിച്ചറിയുന്നുണ്ട്‌ എന്നാണ്‌ എന്‍െറ വിശ്വാസം. ഭൂതകാലമാണല്‌ളോ ഭാവിയുടെ അടയാള ചിഹ്നം.

5. രമേശ്‌ ഒരു കരിസ്‌മാറ്റിക്‌ ലീഡറാണ്‌. കരിസ്‌മ എന്ന പദത്തിന്‌ വരപ്രസാദം, സദ്വരം, അന്തര്‍ലീനമായ ശോഭ എന്നൊക്കെ അര്‍ഥം പറയാം. പൊതുവെ ജനസംഖ്യ കുറഞ്ഞ ജാതിയാണ്‌ കരിസ്‌മാറ്റിസം ഉള്ള നേതാക്കള്‍. അതില്ലാത്തവര്‍ക്ക്‌ എന്തെങ്കിലും പോരായ്‌മയോ കുറവോ ഉണ്ടെന്നല്ല. ഉദാഹരണത്തിന്‌ സര്‍ദാര്‍ പട്ടേല്‍, ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി തുടങ്ങിയ ദേശീയ നേതാക്കളോ എ.കെ. ആന്‍റണി, വി.എസ്‌. അച്യുതാനന്ദന്‍ തുടങ്ങിയ നമ്മുടെ `സ്വന്തം' നേതാക്കളോ കുറഞ്ഞവരല്ല നേതൃത്വസിദ്ധിയില്‍. എന്നാല്‍, അവര്‍ കരിസ്‌മാറ്റിസംകൊണ്ട്‌ ശ്രദ്ധ നേടിയവരല്ല. കുറെക്കൂടെ ദുര്‍ഘടം പിടിച്ച വഴി താണ്ടിയാണ്‌ ഇത്തരം പ്രഗല്‌ഭര്‍ നേതൃത്വത്തില്‍ എത്തുന്നത്‌. കരിസ്‌മകൊണ്ട്‌ ജനങ്ങളെ കീഴടക്കിയ ആളായിരുന്നു നെഹ്‌റു. ഇന്ദിരഗാന്ധിയുടെ വ്യക്തിത്വം ആകര്‍ഷകമായിരുന്നെങ്കിലും അവര്‍ക്കോ മകന്‍ സഞ്‌ജയിനോ ആ കരിസ്‌മ കിട്ടിയില്ല. കിട്ടിയത്‌ രാജീവിനാണ്‌. അകാലത്തില്‍ പൊലിഞ്ഞെങ്കിലും അതിനിടെ വെറും അഞ്ചുകൊല്ലം കൊണ്ട്‌ രാഷ്ട്രീയത്തിന്‌ പുതിയ ദിശാബോധം നല്‍കാന്‍ ചെറുപ്പക്കാരനായിരിക്കെ സാദാ വിമാന െ്രെഡവറായി ഒതുങ്ങിയിട്ടും ആ ഭാഗ്യസ്‌മരണാര്‍ഹന്‌ കഴിഞ്ഞത്‌ ഈ കരിസ്‌മ കൊണ്ടാണ്‌.

കരിസ്‌മ ഒരു ദൈവദത്താനുഗ്രഹമാണ്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ ജ്യോതിബസുവിന്‌ നൃപന്‍െറ ഗതി വരുത്താതിരുന്നത്‌ ബസുവിന്‍െറ കരിസ്‌മയാണ്‌. ഇ.എം.എസിന്‍െറ കരിസ്‌മയാണ്‌ കേരളത്തിലെ ഏറ്റവും വലിയ `ക്രൗഡ്‌പുള്ളര്‍' ആയി വിക്കുള്ള തിരുമേനിയെ ഉയര്‍ത്തിയത്‌. നായനാര്‍ എന്ത്‌ ദോഷത്തം എഴുന്നള്ളിച്ചാലും അത്‌ നന്മയുടെയും നര്‍മത്തിന്‍െറയും കണക്കില്‍ വകവെച്ചുകൊടുക്കാന്‍ സംസ്‌കൃത കേരളം തയാറായതും നായനാരുടെ കരിസ്‌മ കൊണ്ടാണ്‌. സി.പി.ഐ രക്ഷപ്പെടാത്തത്‌ കരിസ്‌മക്കാരെ ഒതുക്കുന്നതിനാലാണ്‌. ഏറ്റവും പ്രകടമായ ഉദാഹരണം ടി.വി. തോമസ്‌.

6. രമേശിനും ഉമ്മന്‍ചാണ്ടിക്കുമുണ്ട്‌ കരിസ്‌മ. ഉള്ള കരിസ്‌മ കളഞ്ഞുകുളിക്കാം. ഉദാഹരണം ലീഡര്‍.തനിക്കുണ്ടായിരുന്ന കരിസ്‌മ മകനുവേണ്ടി ത്യജിച്ച ധൃതരാഷ്ട്രരായി ലീഡര്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ വാഴ്‌ത്തപ്പെടും. അത്‌ ലീഡര്‍ നഷ്ടപ്പെടുത്തിയതുപോലെ രമേശ്‌ നഷ്ടപ്പെടുത്തരുത്‌.

7. രമേശ്‌ ഇപ്പോള്‍ മന്ത്രിയാകരുത്‌. മുരളിയുടെ ഗതിയാവും. എന്നല്ല, ഇപ്പോള്‍ രമേശ്‌ മന്ത്രിയായാല്‍ അടുത്ത കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി മുരളീധരന്‍ ആയിരിക്കും. കൈയിലിരിക്കുന്നത്‌ പഞ്ചവര്‍ണക്കിളിയാണ്‌. അതിനെ പറത്തിവിട്ടിട്ട്‌ മാരീചന്‍െറ പിറകെ ഇറങ്ങരുത്‌.

രമേശിന്‌ ഇതൊക്കെ അറിയാം. മലകളിളകിലും മനസ്സിളകാത്ത മഹാനാണെന്ന്‌ തെളിയിക്കാന്‍ രമേശിന്‌ കഴിയട്ടെ. അടുത്ത തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി ചാണ്ടി ഉമ്മന്‍ ആവും. കോണ്‍ഗ്രസിന്‍െറ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്‌ രമേശും ആവും. കുളം കലക്കി പരുന്തിന്‌ കൊടുക്കാതിരുന്നാല്‍ മതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക